അഭിനന്ദനം ലഭിക്കുന്നെങ്കിൽ ഇങ്ങനെതന്നെ വേണം; അതും ഒരു വിദേശവനിതയിൽനിന്ന്. ഹൃദയം നിറഞ്ഞ്. ഇന്ത്യയുടെ അഭിമാനമായ വനിതകൾക്ക്.
അമേരിക്കയിലെ ഗവേഷകയും ടെക്സസ് സർവകലാശാലയിലെ ശസ്ത്രജ്ഞയുമായ ഡോ.ക്രിസ്റ്റിൻ ലെഗറിന്റെ ആത്മാർഥമായ അഭിനന്ദനമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായിരിക്കുന്നത്. അമേരിക്കയിൽനിന്നു ഡൽഹിയിലേക്കുള്ള വിമാനയാത്രയ്ക്കുശേഷം. താൻ സഞ്ചരിച്ച വിമാനം പറത്തിയ സ്ത്രീ പൈലറ്റുമാർക്കും വിമാനത്തിലുണ്ടായിരുന്ന മറ്റു സ്ത്രീജീവനക്കാർക്കുമാണ് ലെഗറിന്റെ അഭിനന്ദനം. സ്ത്രീകളെ ചില ജോലികൾക്കു കൊള്ളില്ലെന്ന പാരമ്പര്യവിശ്വാസത്തിന്റെ കടയ്ക്കൽ കത്തിവയ്ക്കുക കൂടിയാണ് വിദേശവനിതയുടെ അഭിനന്ദനം.
ലോകത്ത് ഏറ്റവും കൂടുതൽ വനിതാ പൈലറ്റുമാർ ഇന്ത്യയിലാണുള്ളത്. ലെഗർ ന്യൂയോർക്കിൽനിന്ന് ട്വിറ്ററിൽ എഴുതി. അതേ, ഞങ്ങൾ ലക്ഷ്യസ്ഥാനത്ത് കുറച്ചു നേരത്തെതന്നെ എത്തി. സുഖകരമായ യാത്രയ്ക്കു ശേഷം. ലാൻഡിങ്ങിലും ഒരു പ്രശ്നവും ഉണ്ടായില്ല. ജയ്ഹിന്ദ്...
പ്രശംസയ്ക്കൊപ്പം രണ്ടു വനിതാ പൈലറ്റുമാരുടെ കോക് പിറ്റിൽനിന്നുള്ള ചിത്രവും ലെഗർ ഉൾപ്പെടുത്തിയിട്ടുണ്ട്. പോസ്റ്റ് പെട്ടെന്നുതന്നെ വൈറലായി. കുറഞ്ഞസമയം കൊണ്ട് 25,000 ലൈക്കുകളും നേടി. താൻ സഞ്ചരിച്ച വിമാനത്തിൽവച്ചെടുത്ത ചിത്രമല്ല, എയർ ഇന്ത്യയുടെ ശേഖരത്തിൽനിന്നുള്ള ചിത്രമാണ് ഉപയോഗിച്ചിരിക്കുന്നതെന്ന് ലെഗർ പിന്നീടു വ്യക്തമാക്കി. കോക് പിറ്റിൽനിന്നുള്ള ചിത്രം പ്രസിദ്ധീകരിക്കാൻ അനുമതിയില്ലെന്ന് അറിയാവുന്നതുകൊണ്ടാണ് താൻ ഫയൽ ചിത്രം പോസ്റ്റിനൊപ്പം ചേർത്തതെന്നും ലെഗർ വിശദീകരിച്ചു.
വനിതാ പൈലറ്റുമാരെക്കുറിച്ച് ലെഗർ എന്തിനാണ് ഇത്രമാത്രം അഭിമാനിക്കുന്നതെന്നാണു ചോദ്യമെങ്കിൽ ഉത്തരമുണ്ട്. വനിതകൾ പറത്തുന്ന വിമാനത്തിൽ സഞ്ചരിക്കുന്നതു സുരക്ഷിതമല്ലെന്നു കരുതുന്ന കുറെയധികം പേരുണ്ട്. പുരുഷൻമാർ. അവരുടെ അന്ധവിശ്വാസത്തെയും യുക്തിരാഹിത്യത്തെയുമാണ് ലെഗർ ചോദ്യം ചെയ്തിരിക്കുന്നത്.
സ്ത്രീ പൈലറ്റുമാരെ വിശ്വസിക്കാൻ പറ്റില്ല. വനിതകളാണ് വിമാനം പറത്തുന്നതെന്നു കണ്ടാൽ ഞാൻ സീറ്റിൽതന്നെ ഇരുന്നു മരിച്ചുപോകും––ഒരു യാത്രക്കാരൻ എഴുതി. ഒരിക്കൽ ലാൻഡിങ്ങിനുവേണ്ടി ഒരു വനിതാ പൈലറ്റ് 47 തവണ ശ്രമം നടത്തിയെന്നു മറ്റൊരാളും എഴുതി. ഇത്തരം അന്ധവിശ്വാസങ്ങളെയെല്ലാം ഒരൊറ്റ പോസിറ്റീവ് പോസ്റ്റിലൂടെ തകർത്തിരിക്കുകയാണ് ലെഗർ എന്ന വിദേശവനിത. തീർച്ചയായും ഇന്ത്യക്കാർക്ക് അഭിമാനിക്കാം; പ്രത്യേകിച്ചും ഇന്ത്യൻ വനിതകൾക്ക്.
ലോകത്തെ മൊത്തം കണക്കു നോക്കിയാൽ പൈലറ്റുമാരിൽ അഞ്ചുശതമാനം പേർ മാത്രമാണു വനിതകൾ. അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളിലും ഇതാണു സ്ഥിതി. ഇന്ത്യയിലാകട്ടെ പൈലറ്റുമാരിൽ 12 ശതമാനം പേർ വനിതകളാണ്.