സിനിമാ മേഖലയിലെ ലൈംഗിക ചൂഷണത്തെക്കുറിച്ച് നടിമാർ തുറന്നു പറയാൻ തയാറായതിനെത്തുടർന്ന് നിരവധി വാർത്തകളാണ് ദിനംപ്രതി പുറത്തു വന്നുകൊണ്ടിരിക്കുന്നത്. ഇത്തരം മോശം പ്രവണതകൾ ഇപ്പോൾ തുടങ്ങിയതല്ല. പണ്ടും സിനിമയിൽ ഇത്തരം ദുരനുഭവങ്ങൾ പലർക്കുമുണ്ടായിട്ടുണ്ട്. അതു തുറന്നു പറയാനുള്ള അവസരം ലഭിക്കാത്തതുകൊണ്ടാണ് അത്തരം വാർത്തകളൊന്നും പുറംലോകമറിയാതെ പോയതെന്നും പറഞ്ഞുകൊണ്ടാണ് തനിക്കു സംഭവിച്ച മോശം അനുഭവത്തെക്കുറിച്ച് കെ.പി.എ.സി ലളിത തുറന്നു പറഞ്ഞത്.
മലയാളസിനിമ അടക്കിവാണ ഹാസ്യസാമ്രാട്ടായ അടൂർഭാസിയിൽ നിന്ന് ദുരനുഭവമുണ്ടായിട്ടുണ്ട്. പരാതിപ്പെട്ടിട്ടും അദ്ദേഹത്തിനെതിരെ ഒരു ചെറുവിരലനക്കാൻ പോലും ആരും തയാറായില്ലെന്നും അദ്ദേഹം കാരണം ഒരുപാട് ചിത്രങ്ങളിൽ അവസരം നഷ്ടപ്പെട്ടിട്ടുണ്ടെന്നും കെ.പിഎസി ലളിത വെളിപ്പെടുത്തുന്നു.
അന്നു സിനിമാമേഖലയിൽ ഇത്തരം കാര്യങ്ങളെക്കുറിച്ച് തുറന്നു പറയാൻ അവസരമോ സംഘടനകളോ ഇല്ലായിരുന്നു. ഉപദ്രവം സഹിക്കാതെ വന്നപ്പോഴാണ് അദ്ദേഹത്തിനെതിരെ പരാതിപ്പെട്ടതെന്നും കെ.പി എ സി ലളിത പറയുന്നു. അക്കാലത്ത് പ്രേം നസീർ സാറിനെക്കാളും ശക്തമായ സാന്നിധ്യമായിരുന്നു അടൂർ ഭാസി. അതുകൊണ്ട് അദ്ദേഹത്തെ ചോദ്യം ചെയ്യാൻ ആരും തയാറായില്ലെന്നും അവർ പറയുന്നു.
ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് കെപിഎസി ലളിത ഇതു സംബന്ധിച്ച കാര്യങ്ങൾ വെളിപ്പെടുത്തിയത്. ഒരിക്കൽ വീട്ടിലെത്തിയ അടൂർ ഭാസി അവിടെയിരുന്ന് മദ്യപിക്കാൻ തുടങ്ങി. ആ സമയത്ത് താനും വീട്ടിലെ ജോലിക്കാരിയായ പെൺകുട്ടിയും സഹോദരനുമാണ് ഉണ്ടായിരുന്നത്. മദ്യപിക്കുന്നതിനിടയിൽ കഞ്ഞിയും ചമ്മന്തിയുമുൾപ്പടെയുള്ള ആഹാരസാധനങ്ങളൊക്കെ ഉണ്ടാക്കിക്കൊടുക്കാൻ ജോലിക്കാരി പെൺകുട്ടിയോട് അദ്ദേഹം പറയുന്നുണ്ടായിരുന്നു. ചീത്തവിളിയും ഛർദ്ദിലുമൊക്കെയായി വീടുനുള്ളിൽ ബഹളം സൃഷ്ടിച്ച അദ്ദേഹം പുലർച്ചെയായിട്ടും വീടുവിട്ടു പോകാൻ കൂട്ടാക്കിയില്ലെന്നും അവർ വെളിപ്പെടുത്തുന്നു.
സഹിക്കാതെയായപ്പോൾ കരഞ്ഞു തളർന്ന് ബഹദൂറിന്റെയടുത്തെത്തി സങ്കടം പറഞ്ഞു. അദ്ദേഹം കാറുമായെത്തിയാണ് അടൂർ ഭാസിയെ വീട്ടിൽ നിന്ന് കൊണ്ടുപോയതെന്നും അവർ പറയുന്നു. അടൂർ ഭാസിയുടെ ഭാഗത്തു നിന്നുള്ള ബുദ്ധിമുട്ടുകൾ സഹിക്കാൻ വയ്യാതായതോടെ അന്നത്തെ സിനിമാ സംഘടനയായ സിനിമാ പരിഷത്തിന് ഇതു സംബന്ധിച്ച് പരാതി നൽകി. അടൂർ ഭാസിക്കെതിരെ പരാതി കൊടുക്കാൻ നീ ആരാണ് എന്ന് സംഘടനയുടെ അധ്യക്ഷനായ ഉമ്മർ തന്നോടു ചോദിച്ചതായും കെ പിഎസി ലളിത പറയുന്നു.
തന്നോടു ക്ഷോഭിച്ച ഉമ്മറിനോട് സഹികെട്ടു ചെയ്തു പോയതാണ്, ഇക്കാര്യത്തിൽ എന്തെങ്കിലും ചെയ്യാൻ പറ്റുമോയെന്നു ചോദിച്ചു. പറ്റില്ലെന്ന് അദ്ദേഹം മറുപടി പറഞ്ഞപ്പോൾ കയർത്തു സംസാരിച്ചുവെന്നും കെപിഎസി ലളിത പറയുന്നു. 'നട്ടെല്ലുള്ളവർ ഈ സ്ഥാനത്തിരുന്നാൽ ഇങ്ങനെയൊന്നും നടക്കില്ല, എന്നാലാവുന്നത് ഞാൻ ചെയ്തോളാം എന്ന് പറയാനുള്ള ധൈര്യം അന്നു താൻ കാണിച്ചുവെന്നും അവർ പറയുന്നു. പിന്നീട് അടൂർഭാസി അസുഖം ബാധിച്ച് ആശുപത്രിയിൽ കിടന്ന സമയത്ത് അദ്ദേഹത്തെ കാണാൻ പോയിരുന്നു. എന്തിനാ വന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം - കെ.പി.എസി ലളിത പറയുന്നു.