മീ ടൂ ആരോപണ വിധേയരായവർക്കൊപ്പം സിനിമ ചെയ്യില്ല എന്നു പ്രഖ്യാപിച്ച വനിതാ സംവിധായകരിൽ ഒരാളാണ് നടി നന്ദിതാദാസ്. പ്രഫഷനൽ ജീവിതത്തിൽ മാത്രമല്ല വ്യക്തിജീവിതത്തിലും തന്റെ നിലപാടിനു മാറ്റമില്ലെന്നു തെളിയിച്ചു കൊണ്ടാണ് നന്ദിത കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിലൂടെ ചില കാര്യങ്ങൾ തുറന്നു പറഞ്ഞത്.
പ്രശസ്ത ചിത്രകാരനും നന്ദിതയുടെ അച്ഛനുമായ ജതിൻ ദാസിനെതിരെ ലൈംഗിക പീഡന ആരോപണമുന്നയിച്ചുകൊണ്ട് ഒരു സ്ത്രീ രംഗത്തു വന്നതോടെയാണ് മീ ടൂവിനോടുള്ള തന്റെ വ്യക്തിപരമായ നിലപാടിനെക്കുറിച്ചും അച്ഛനെതിരെ ഉയർന്ന ആരോപണത്തെക്കുറിച്ചും നന്ദിത മനസ്സു തുറന്നത്. പേപ്പർ മേക്കിങ് കമ്പനിയുടെ സഹസ്ഥാപകയായ നിഷ ബോറയാണ് 14 വർഷം മുൻപ് ജതിൻ ദാസിൽനിന്ന് ദുരനുഭവമുണ്ടായിട്ടുണ്ടെന്ന് മീ ടൂ ക്യാംപെയ്നിൽ കൂടി വെളിപ്പെടുത്തിയത്.
ലൈംഗിക പീഡനത്തെക്കുറിച്ചും ദുരനുഭവങ്ങളെക്കുറിച്ചും മീ ടൂ വിലൂടെ തുറന്നു പറഞ്ഞ സ്ത്രീകളോടൊപ്പം തോളോടു തോൾ ചേരുന്നുവെന്നും ഒരാൾക്കെതിരെ ആരോപണമുന്നയിക്കുമ്പോൾ ആ കാര്യത്തെക്കുറിച്ച് അത്രമാത്രം ഉറപ്പു വേണമെന്നും നന്ദിത പറയുന്നു. ‘മീ ടൂ മൂവ്മെന്റിനെ ശക്തമായി പിന്തുണയ്ക്കുന്ന ഒരാൾ എന്ന നിലയിൽ ആവർത്തിച്ചു പറയുകയാണ്, എന്റെ ശബ്ദം ഇനിയും മീ ടൂവിനൊപ്പമായിരിക്കും. എന്റെ അച്ഛനു നേരെ ഉയർന്ന ആരോപണങ്ങൾ അദ്ദേഹം നിരുപാധികം നിഷേധിച്ചിട്ടുണ്ട്. സ്ത്രീകൾക്കും പുരുഷന്മാർക്കും സുരക്ഷിതമായി കാര്യങ്ങൾ തുറന്നു പറയാനുള്ള അവസരം ഒരുക്കണം, തുടക്കം മുതലേ നമ്മളവരെ കേൾക്കാൻ തയാറാവണം. അതേസമയം, ഉയർന്നു വരുന്ന ആരോപണങ്ങൾ ഈ മൂവ്മെന്റിന്റെ വീര്യം കെടുത്താതിരിക്കാൻ ശ്രദ്ധിക്കുകയും വേണം’. - നന്ദിത പറയുന്നു.
‘എന്നെ വിശ്വസിക്കുന്ന സുഹൃത്തുക്കളിൽനിന്നും അപരിചിതരിൽനിന്നും എനിക്ക് പിന്തുണ ലഭിക്കുന്നുണ്ട്. സത്യം ജയിക്കുക തന്നെ ചെയ്യും. ഈ വിഷയത്തിലും എനിക്കതു തന്നെയാണ് പറയാനുള്ളത്’.- നന്ദിത പറയുന്നു.
ജതിൻ ദാസിൽനിന്നുണ്ടായ മോശം അനുഭവത്തെപ്പറ്റി നിഷ ബോറ കുറിച്ചതിങ്ങനെ ;- ‘അന്നെനിക്ക് 28 വയസ്സായിരുന്നു. ഒരു അത്താഴവിരുന്നിൽ വച്ചാണ്, തന്നെ ജോലിയിൽ സഹായിക്കാമോ എന്നദ്ദേഹം ചോദിച്ചത്. സമ്മതിച്ചതിന്റെ പിറ്റേദിവസം കിദ്കി സ്റ്റുഡിയോയിൽ വച്ച് അദ്ദേഹം അപമാനിച്ചു.
അയാൾ എന്നെ ബലമായി പിടിച്ചു, അമ്പരന്നുപോയ ഞാൻ അയാളുടെ ആലിംഗനത്തിൽനിന്ന് പിടഞ്ഞുമാറി. എന്നിട്ടും അയാൾ പിന്മാറാതെ വന്നപ്പോൾ അയാളെ ശക്തിയായി തള്ളിയകറ്റി ഞാൻ ഒഴിഞ്ഞു മാറി. ‘വരൂ ഇതു നന്നായിരിക്കും’ എന്നോ മറ്റോ അയാൾ അപ്പോൾ പറഞ്ഞു. ഉടൻ തന്നെ ബാഗെടുത്തു ഞാൻ വീട്ടിലേക്കു മടങ്ങി. ഇപ്പോഴാണ് ആദ്യമായി ഇക്കാര്യത്തെക്കുറിച്ച് തുറന്നു പറയുന്നത്’.
എന്നാൽ ജതിൻദാസ് ഈ ആരോപണം നിഷേധിച്ചിരുന്നു. വെളിപ്പെടുത്തലിനെ, ആളുകൾക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്ന ഒരു തമാശക്കളി എന്നു വിളിച്ച അദ്ദേഹം, അതിനെ അശ്ലീലം എന്നാണു വിശേഷിപ്പിച്ചത്.
'' ഞാൻ ഞെട്ടിപ്പോയി. എന്തൊക്കെയാണ് ഇവിടെയിപ്പോൾ നടക്കുന്നത്. ചിലയാളുകൾ ചില കാര്യങ്ങൾ ചെയ്യുന്നു മറ്റു ചിലർ ആരോപണങ്ങൾ ഉന്നയിക്കുന്നു. എനിക്കവരെ അറിയില്ല, ഞാൻ അവരെ ഇതുവരെ കണ്ടിട്ടു പോലുമില്ല, ഞാൻ കണ്ടിട്ടുള്ള ആളുകളിൽ ഒരാളോടു പോലും ഞാനിങ്ങനെ പെരുമാറിയിട്ടില്ല... അശ്ലീലമാണിത്.''- ജതിൻ ദാസ് പറയുന്നു.