Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

40 വയസ്സു കഴിഞ്ഞാൽ സ്ത്രീകളിൽ അവശേഷിക്കുക 4 രുചികൾ: ട്വിങ്കിൾ ഖന്ന

twinkle-khanna-01

അഭിനയത്തിന്റെ സുവര്‍ണകാലത്തിനു ശേഷം വിസ്മൃതരായിപ്പോകുന്ന നടിമാരുടെ കൂട്ടത്തിലല്ല ട്വിങ്കിള്‍ ഖന്നയുടെ സ്ഥാനം. എഴുത്തുകാരി, നിര്‍മാതാവ്, ഇന്റീരിയര്‍ ഡിസൈനര്‍ എന്നീ നിലകളിലും കഴിവു തെളിയിച്ച ട്വിങ്കിള്‍ അപ്രതീക്ഷിതവും രസകരവുമായ ഇന്‍സ്റ്റഗ്രാം പോസ്റ്റുകളിലൂടെയൂം ആരാധകരുടെ മനം കവരുന്ന താരമാണ്. മുന്‍താരം എന്ന ലേബലില്‍ ഒതുങ്ങിപ്പോകാതെ ഇപ്പോഴും വാര്‍ത്തകള്‍ സൃഷ്ടിക്കുന്ന താരത്തിന്റെ ഏറ്റവും പുതിയ പോസ്റ്റും ചര്‍ച്ചാവിഷയമായിരിക്കുന്നു. ഗംഭീരമായ ഒരു ചിത്രവും അതിനൊപ്പം കുറിക്കുകൊള്ളുന്ന അടിക്കുറിപ്പുമായാണ് ഇത്തവണ ട്വിങ്കിള്‍ ആരാധകരെ കയ്യിലെടുക്കുന്നത്. 

ഒരു വൈന്‍ ഷോപ്പില്‍ നില്‍ക്കുന്ന ട്വിങ്കിള്‍ ഖന്നയാണു ചിത്രത്തില്‍. വലിയ തൊപ്പിയും അയഞ്ഞ കുപ്പായവുമാണ് ചിത്രത്തില്‍ ട്വിങ്കിളിന്റെ വേഷം. വൈന്‍ ബോട്ടിലുകള്‍ പരിശോധിക്കുന്ന താരത്തിന്റെ ക്യാപ്ഷന്‍ ശരിക്കും ആയിരങ്ങളെ ലഹരിപിടിപ്പിച്ചു:  നാല്‍പതു വയസ്സായ സ്ത്രീകള്‍ക്കു ജീവിതത്തില്‍ നാലു രുചികള്‍ അവശേഷിക്കുന്നു. വോഡ്ക, വൈന്‍, ചീസ്, ചോക്ലേറ്റ്.

അടിക്കുറിപ്പിനൊപ്പം ‘ സുന്ദരമായ ദുശ്ശീലങ്ങള്‍ക്കൊപ്പം’  എന്നൊരു ഹാഷ്ടാഗും താരം ഉപയോഗിച്ചിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് വന്നതിനുതൊട്ടുപിന്നാലെ ഒരുലക്ഷം പേര്‍  ഇഷ്ടം രേഖപ്പെടുത്തി. അടിക്കുറിപ്പിനൊപ്പം പ്രസിദ്ധീകരിച്ച ചിത്രത്തിനും ട്വിങ്കിളിനു മാർക്ക് ലഭിച്ചു. അതിസുന്ദരം, ഗംഭീരം എന്നൊക്കെയാണ് ആരാധകരുടെ കമന്റുകള്‍. നാല്‍പതു വയസ്സിനുശേഷമുള്ള ഒരു സ്ത്രീയുടെ ജീവിതത്തെക്കുറിച്ചുള്ള നിഷ്കളങ്കമായ കമന്റും തനിക്കു പ്രായമായെന്നു സമ്മതിക്കാന്‍ മടിയില്ലാത്ത താരത്തിന്റെ സത്യസന്ധതയുമൊക്കെയാണ് ആരാധകരുടെ ഇഷ്ടം നേടുന്നത്. 

കഴിഞ്ഞയാഴ്ച മകള്‍ നിതാരയെക്കുറിച്ചായിരുന്നു ട്വിങ്കിളിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. 43 വയസ്സുള്ള ട്വിങ്കിളിന്റെ മകള്‍ക്ക് ആറു വയസ്സ്. ബുക്ക് ഷെല്‍ഫില്‍ പുസ്തകങ്ങള്‍ മറിച്ചുനോക്കുന്ന കുട്ടിയായിരുന്നു ചിത്രത്തില്‍. കുട്ടികളില്‍ വായനാശീലം എങ്ങനെ വളര്‍ത്തിയെടുക്കാം എന്നതിനെക്കുറിച്ചായിരുന്നു ചിത്രത്തിനൊപ്പമുള്ള അടിക്കുറിപ്പ്. നിങ്ങളുടെ കുട്ടിക്ക് വായനാശീലം ഉണ്ടെന്ന് എങ്ങനെ ഉറപ്പാക്കാം ? കുട്ടികളെ പുസ്തകക്കടകളിലും ലൈബ്രറികളിലും കൊണ്ടുപോകുക. ഇഷ്ടമുള്ള പുസ്തകങ്ങള്‍ അവര്‍ സ്വയം തിരഞ്ഞെടുക്കട്ടെ. സ്വയം ഒരു വായനക്കാരിയായിരിക്കാനും ശ്രദ്ധിക്കുക. 

ഭര്‍ത്താവ് അക്ഷയ് കുമാറിനും മകള്‍ നിതാരയ്ക്കും അമ്മ ഡിംപിള്‍ കപാഡിയയ്ക്കുമൊപ്പം അടുത്തിടെ ഇറ്റലി സന്ദര്‍ശിച്ച ട്വിങ്കിള്‍ സന്ദര്‍ശനത്തില്‍നിന്നുള്ള ഒരു വിഡിയോയും അടുത്തിടെ പോസ്റ്റ് ചെയ്തിരുന്നു. ഇറ്റലിയിലെ തെരുവില്‍ സ്വയം മറന്നു ന‍ൃത്തം ചെയ്യുന്ന ഡിംപിളിന്റെ ഡാന്‍സ്. ഒരു വിദേശരാജ്യത്തെ ചെറിയ ടൗണിലൂടെ നടക്കുമ്പോള്‍ അതാ കേള്‍ക്കുന്നു ബോബിയിലെ പാട്ട്. ചുവടു വയ്ക്കാതിരിക്കാന്‍ പറ്റുമോ എന്നായിരുന്നു വിഡിയോയ്ക്കൊപ്പമുള്ള പോസ്റ്റ്. 

കോളമിസ്റ്റും എഴുത്തുകാരിയും കൂടിയായ ട്വിങ്കിളിന്റെ ഒരോ പോസ്റ്റും ചര്‍ച്ചയാകുന്നതിനൊപ്പം പുതിയ പോസ്റ്റുകള്‍ക്കുവേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.