മാപ്പു പറഞ്ഞും കുടുംബത്തെ വിശ്വാസത്തിലെടുത്തും മീ ടൂ ആരോപണത്തില്‍നിന്നു രക്ഷപ്പെടാനുള്ള എഴുത്തുകാരന്‍ ചേതന്‍ ഭഗത്തിന്റെ ശ്രമങ്ങള്‍ വിജയിക്കുന്നില്ല. സംഭാഷണത്തിന്റെ സ്ക്രീന്‍ ഷോട്ടുകള്‍ തെളിവായികാണിച്ച് താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നു തെളിയിക്കാനുള്ള ഭഗത്തിന്റെ ശ്രമങ്ങള്‍ തിരിച്ചടിച്ചിരിക്കുകയാണ്. തന്റെ ആരോപണങ്ങളെ നിഷേധിച്ച ഭഗത്തിനെതിരെ വക്കീല്‍ നോട്ടീസ് അയച്ചു കേസ് മുന്നോട്ടുകൊണ്ടുപോകാന്‍തന്നെയാണ് ഇറയുടെ തീരുമാനം.
പീഡനത്തിനു മുതിര്‍ന്നിട്ടില്ലിന്നും തന്നെ വിവാദത്തിലേക്കു വലിച്ചിഴയ്ക്കാനാണ് ഇറ ശ്രമിക്കുന്നതെന്നുമുള്ള ഭഗത്തിന്റെ ആരോപണത്തിനു മറുപടിയായി ഇരുവരും തമ്മിലുള്ള മുഴുവന്‍ സംഭാഷണത്തിന്റെയും സ്ക്രീന്‍ ഷോട്ടും ഇറ പുറത്തുവിട്ടു. ദ് ടെന്‍ മിനിറ്റ് യോഗ സൊലൂഷന്‍ എന്ന പ്രശസ്ത പുസ്തകം ഇറയുടേതാണ്.
ഒക്ടോബര്‍ 15 ന് ആരോപണങ്ങള്‍ നിഷേധിച്ചുകൊണ്ടുള്ള ട്വീറ്റിലൂടെ തന്റെ ലക്ഷക്കണക്കിന് ആരാധകരെ ഭഗത്ത് വഞ്ചിച്ചിരിക്കുകയാണെന്നും ഇറ ത്രിവേദി പറയുന്നു. പച്ചക്കള്ളമാണ് ചേതൻ പറയുന്നതെന്നും ഇറ ആരോപിക്കുന്നു. മിസ് യു..കിസ് യു എന്നീ വാക്കുകളില്‍ അവസാനിക്കുന്ന ഒരു സംഭാഷണത്തിന്റെ സ്ക്രീന്‍ ഷോട്ട് മാത്രം പുറത്തുവിട്ടുകൊണ്ട് നിരപരാധി ചമയാനാണ് ചേതൻ ഭഗത്ത് ശ്രമിക്കുന്നത്. ആര് ആരെ ചുംബിക്കാനാണ് ആഗ്രഹിക്കുന്നത്. ആര്‍ക്കാണ് മറ്റേയാളുടെ അസാന്നിധ്യം അസഹനീയമായി തോന്നുന്നത് ? ഇറ ചോദിക്കുന്നു. ഭഗത്തിനെതിരെ താന്‍ വെറുതെ ആരോപണം ഉന്നയിക്കുകയല്ലെന്നും എല്ലാം തെളിവുകളും തന്റെ പക്കലുണ്ടെന്നും അറിയിച്ച ഇറ വിശദമായ സംഭാഷണങ്ങളുടെ സ്ക്രീന്‍ ഷോട്ടും പുറത്തുവിട്ടു.
അടുത്ത സുഹൃത്തുക്കളെപ്പോലെ ഇരുവരും സംഭാഷണത്തിലേര്‍പ്പെട്ട സ്ക്രീന്‍ഷോട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്. സന്ദേശം പെട്ടെന്ന് അയയ്ക്കാനുള്ള ശ്രമത്തില്‍ പതിവ് ഉപചാരമെന്ന നിലയിലാണ് താന്‍ മിസ് യു ..കിസ് യു എന്നീ വാക്കുകള്‍ ഉപയോഗിച്ചതെന്നും എന്നാല്‍ ചേതന്‍ അവയെ ദുര്‍വ്യാഖ്യാനം ചെയ്യുകയാണുണ്ടായതെന്നും കൂടി അവര്‍ വെളിപ്പെടുത്തുന്നു.
അവിവാഹിതയും ചെറുപ്പക്കാരിയുമായ ഒരു യുവതി വിവാഹിതനും പ്രശസ്തനുമായ ഒരു എഴുത്തുകാരനെ പിന്തുടര്‍ന്നു പ്രണയിക്കാന്‍ ശ്രമിക്കുന്നു എന്ന ധാരണ ഉണ്ടാക്കാനാണ് ഭഗത്ത് ശ്രമിക്കുന്നതെന്നു പറയുന്നു ഇറ ത്രിവേദി.
'എന്റെ അഭിമാനത്തെ അദ്ദേഹം ചോദ്യം ചെയ്യുകയാണ്. ഇതുവരെ ഞാന്‍ അധ്വാനിച്ചു കെട്ടിപ്പടുത്ത ഇമേജിനെ തകര്‍ക്കാനാണ് അദ്ദേഹത്തിന്റെ ശ്രമം. ഞാന്‍ അതനുവദിക്കില്ല'- നിശ്ചയദാർഢ്യത്തോടെ ഇറ ത്രിവേദി തീരുമാനം വെളിപ്പെടുത്തുന്നു. വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ് ഒരു വ്യക്തിക്കു ചെയ്യാവുന്ന ഏറ്റവും ചീത്തകാര്യമെന്നും അതിലൂടെ വ്യക്തിയെ മാത്രമല്ല കുടുംബത്തെയും കരിവാരിത്തേക്കാനാണു ചിലര്‍ ശ്രമിക്കുന്നതെന്നും ഇക്കഴിഞ്ഞ 15 ന് ചേതന്‍ ഭഗത്ത് ആരോപിച്ചിരുന്നു.
മീ ടൂ മുന്നേറ്റത്തിന്റെ വെളിച്ചത്തില്‍ പലരും ആരോപണങ്ങളുമായി രംഗത്തുവരാമെന്നും പലതും വിശ്വസനീയമല്ലെന്നും കൂടി അദ്ദേഹം പറഞ്ഞിരുന്നു.
നേരത്തെ പേര് വെളിപ്പെടുത്താത്ത ഒരു പത്രപ്രവര്‍ത്തക ചേതന്‍ തന്നെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചതായി ആരോപണം ഉന്നയിക്കുകയും ആരോപണം സത്യമാണെന്ന് എഴുത്തുകാരന്‍ സമ്മതിക്കുകയും ചെയ്തിരുന്നു. ആരോപണം ഉന്നയിച്ച വ്യക്തിയോടും ഭാര്യയോടും അന്നദ്ദേഹം മാപ്പു പറയുകയും ചെയ്തിരുന്നു. വിവാദം അടങ്ങി എന്നു കരുതുമ്പോഴാണ് പുതിയ ആരോപണവുമായി ഇറ ത്രിവേദി രംഗത്തുവന്നതും ചേതന്‍ ആരോപണം നിഷേധിക്കുകയും ചെയ്തത്. പക്ഷേ, വക്കീല്‍ നോട്ടീസ് അയച്ചതോടെ വിവാദം കോടതി കയറുമെന്ന് ഉറപ്പായിരിക്കുന്നു.
സുഹെല്‍ സേത്ത് എന്നയാള്‍ അഞ്ചു വര്‍ഷം മുമ്പ് തന്നെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന ആരോപണവും നേരത്തെ ഇറ ത്രിവേദി ഉന്നയിച്ചിരുന്നു.