വിമാനം ലാന്‍ഡ് ചെയ്തയുടന്‍ സീറ്റില്‍നിന്ന് എഴുന്നേല്‍ക്കുകപോലും ചെയ്യുന്നതിനുമുമ്പു ലിസ ചെയതത് ഫോണ്‍ ചെവിയില്‍ ചേര്‍ക്കുകയായിരുന്നു. വോയ്സ് മെയില്‍ സശ്രദ്ധം കേട്ടു.അപ്പോഴേ പരിഭ്രാന്തി തുടങ്ങി.
സൈന്യത്തില്‍ നിന്നു പിരിഞ്ഞ സഹോദരന്‍ ഗ്രെഗ് ഹോള്‍മാന്റെ വോയ്സ് മെസേജ് ആയിരുന്നു അത്. നടുവേദനയെത്തുടര്‍ന്നുള്ള ശസ്ത്രക്രിയയ്ക്കുശേഷം വിശ്രമിക്കുന്ന ഹോള്‍മാനെ സന്ദര്‍ശിച്ചിട്ടു വീട്ടിലേക്കു തിരിച്ചുവരികയായിരുന്നു ലിസ. കടുത്ത വേദന അനുഭവിക്കുന്നു എന്നായിരുന്നു ഹോള്‍മാന്റെ മെസേജ്. എവിടെയോ എന്തോ തെറ്റുപറ്റിയിരിക്കുന്നു. മരുന്നുകള്‍ ഉദ്ദേശിച്ച ഫലമല്ല ചെയ്യുന്നത്. തന്റെ ഇടത്തേകാല്‍ നഷ്ടപ്പെട്ടുവെന്നാണു തോന്നുന്നതെന്നും ഹോള്‍മാന്‍ ഫോണില്‍ പറഞ്ഞു. അയാള്‍ മുറിയില്‍ തനിച്ചാണ്. ആരെയാണ് സഹായത്തിനു വിളിക്കേണ്ടതെന്നും അറിയില്ല. എന്തു ചെയ്യണമെന്നും. ടാക്സി വിളിക്കാന്‍ പോലും നിര്‍വാഹമില്ലാത്ത അവസ്ഥയിലാണു ഹോള്‍മാന്‍.
കടുത്ത വേദനയുണ്ടെങ്കിലും ഞാന്‍ തന്നെ ആശുപത്രിയിലേക്കു ഡ്രൈവ് ചെയ്താലോ എന്നാലോചിക്കുകയാണ്.. 48 വയസ്സുകരനായ ഹോള്‍മാന്‍ വിറച്ചുകൊണ്ടു പറഞ്ഞു. സാഹചര്യം മനസ്സിലായ ലിസ ഹോള്‍മാനെ ആശ്വസിപ്പിച്ചു. തനിയെ ഡ്രൈവ് ചെയ്യേണ്ടതില്ലെന്ന് ഓര്‍മിപ്പിച്ചു. അതപകടകരമാണ്. പരിചചയമുള്ള ഒരു സോഷ്യല്‍ വര്‍ക്കറിന്റെ നമ്പര്‍ തരൂ. വേഗം അവിടെയെത്താന്‍ ഞാന്‍ അവരോടു പറയാം. ലിസ ഹോള്‍മാനോടു പറഞ്ഞു.
ഹോള്‍മാന്‍ നമ്പര്‍ പറഞ്ഞുകൊടുത്തു. ലിസ കയ്യിലുണ്ടായിരുന്ന നാപ്കിനില്‍ നമ്പര്‍ എഴുതിയെടുത്തു. വിമാനത്താവളത്തില്‍നിന്നു പുറത്തേക്കു കടക്കുമ്പോള്‍, ചുറ്റും ഉയരുന്ന ബഹളത്തിനിടയിലൂടെ ലിസ തനിക്കു ലഭിച്ച നമ്പര്‍ ഡയല്‍ ചെയ്തു. തന്റെ സഹോദരന്‍ അര്‍ജന്റായ അവസ്ഥയിലാണെന്നും ടാക്സി പിടിക്കാനുള്ള പണം അദ്ദേഹത്തിന്റെ കയ്യിലില്ലെന്നും വേഗം ആശുപത്രിയിലെത്തിക്കാന്‍ സഹായിക്കണമെന്നും ലിസ അപേക്ഷിച്ചു.
ഞാന്‍ ഫോണ്‍ മാനേജറുടെ കയ്യില്‍ കൊടുക്കാമെന്നായിരുന്നു മറുപടി. മാനേജര്‍ ഫോണ്‍ എടുത്തപ്പോള്‍ ലീസ ആവശ്യം ആവര്‍ത്തിച്ചു.
വേഗം ഒരു ഡ്രൈവറെ സഹോദരന്റെ അടുത്തേക്കു വിടാമെന്നു മാനേജര്‍ പറഞ്ഞു. 15 മിനിറ്റു കഴിഞ്ഞ് തിരിച്ചുവിളിക്കാമെന്നും അദ്ദേഹം ഉറപ്പുകൊടുത്തു. ഐടി കണ്‍സള്‍ട്ടന്റായി ജോലി ചെയ്യുന്ന ലിസ അപ്പേഴേക്കും വിമാനത്താവളത്തിനു പുറത്തു കാത്തുകിടന്ന ഭര്‍ത്താവിന്റെ കാറിന് അടുത്തെത്തിയിരുന്നു.
ഏതാനും നിമിഷം കഴിഞ്ഞപ്പോള്‍ ലീസയുടെ ഫോണില്‍ കോള്‍ വന്നു. സഹോദന്റെ പേരും അഡ്രസും വേണം എന്നായിരുന്നു ആവശ്യം. ഫയലില്‍ എല്ലാ വിവരങ്ങളും ഉണ്ടല്ലോ എന്നായിരുന്നു ലിസയുടെ മറുപടി. ഇവിടെ ഫയല്‍ ഇല്ലെന്നും നിങ്ങള്‍ വിളിച്ചതു സാന്‍ഡ് വിച്ച് കട നടത്തുന്ന ജിമ്മി ജോണ്‍സില്‍ ആണെന്നുമായിരുന്നു ലിസയ്ക്കു ലഭിച്ച മറുപടി.
അപ്പോഴാണ് അവര്‍ക്ക് അബദ്ധം മനസ്സിലായത്. തിരക്കിനിടെ അവര്‍ വിളിച്ചതു സോഷ്യല്‍ വര്‍ക്കറെ ആയിരുന്നില്ല. സാന്‍ഡ്‍വിച്ച് കടയിലായിരുന്നു.
ലിസ സോറി പറഞ്ഞു. പ്രശ്നമില്ലെന്നും തങ്ങള്‍ ലിസയുടെ സഹോദരനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ തയാറാണെന്നും കൂടി അവര്‍ പറഞ്ഞതോടെ ലീസയ്ക്ക് ആശ്വാസമായി.
30 മിനിറ്റ് കഴിഞ്ഞു വിളിക്കുമ്പോള്‍ ഹോള്‍മാന്‍ സുരക്ഷിതനായി ആശുപത്രിയില്‍ എത്തിയിരുന്നു. ബാന്‍ഡേജ് ഇട്ടതിലെ പ്രശ്നം മൂലമാണ് അദ്ദേഹത്തിനു വേദന അനുഭവപ്പെട്ടത്. ചില മരുന്നുകള്‍ മാറ്റി നല്‍കുകയും ചെയ്തു. ആശുപത്രിക്കാര്‍തന്നെ വൈകിട്ടോടെ ഹോള്‍മാന്‍ വീട്ടില്‍ തിരിച്ചെത്തിച്ചു.
കഥ ശുഭമായി പര്യവസാനിച്ചപ്പോള്‍ താരമായതു 19 വയസ്സുകാരനായ ജാസന്‍ വോസ്. കടയില്‍ നില്‍ക്കുമ്പോള്‍ കാമുകിയാണ് ആരോ വിളിക്കുന്നെന്നു പറഞ്ഞു തനിക്കു ഫോണ്‍ തന്നെതെന്ന വോസ് പറയുന്നു. ലിസ പറയുന്നതു കേട്ടപ്പോള്‍, തന്നെയല്ല വിളിച്ചതെങ്കിലും സഹായിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഒരാള്‍ക്കു സഹായം വേണമെന്നു മനസ്സിലായി. സഹായിക്കാന്‍ കഴിയുന്ന അവസ്ഥയിലാണു താന്‍. അതുകൊണ്ടു വേഗം തന്നെ വേണ്ടതു ചെയ്തു-വോസ് പറയുന്നു. സംഭവം വൈറലായതിനെത്തുടര്‍ന്ന് വോസ് താരമായി. പ്രാദേശിക മാധ്യമങ്ങള്‍ വോസിന്റെ അഭിമുഖത്തിനൊപ്പം വാര്‍ത്ത പ്രസിദ്ധീകരിക്കുകയും ചെയ്തു.