Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അച്ചാർ, റഫാൽ; പ്രതിരോധത്തിന്റെ രുചിപാകം

nirmala.jpg.image.784.410

ബിജെപി വക്താവായിരിക്കെ ഒരിക്കൽ അച്ചാറുണ്ടാക്കാൻ പാർട്ടി പ്രസിഡന്റ് നിതിൻ ഗഡ്കരിയോട് അവധി ചോദിച്ചിട്ടുണ്ട് നിർമല സീതാരാമൻ. അദ്ഭുതപ്പെട്ട ഗഡ്കരിയോട്, തന്റെ കുടുംബത്തിന് അച്ചാർ നിർമാണം എത്ര പ്രധാനപ്പെട്ടതാണെന്ന് നിർമലയ്ക്കു വിശദീകരിച്ചുകൊടുക്കണ്ടിവന്നു. അച്ചാര്‍ ബിസിനസ് നടത്തുന്ന ഒരു കുടുംബത്തിലാണ് നിര്‍മല വിവാഹിതയായി എത്തിയത്. ഭര്‍ത്താവും അദ്ദേഹത്തിന്റെ സഹോദരന്‍മാരും വിജയകരമായി നടത്തുന്ന മാങ്ങാ അച്ചാര്‍ വ്യവസായം. വധുവായി വന്നുകയറിയ നാളുകളില്‍ത്തന്നെ അച്ചാറിനെക്കുറിച്ചും അതിനു മാങ്ങ തിരഞ്ഞെടുക്കുന്നതിനെക്കുറിച്ചുമെല്ലാം നിര്‍മല മനസ്സിലാക്കി. 

ഒരു മാങ്ങ കയ്യിലെടുക്കുന്നു. കത്തികൊണ്ട് പല കഷണങ്ങളായി മുറിക്കുന്നു. ഒരു കഷ്ണം വായിലിട്ടു രുചിക്കുന്നു.. കൊള്ളാം. ഇതു നല്ലതുതന്നെ. അടുത്തതിനെക്കുറിച്ചുള്ള കമന്റ് ചിലപ്പോള്‍ കുഴപ്പമില്ല എന്നായിരിക്കും. മറ്റൊരെണ്ണം.. ഇതു പോരാ എന്ന അഭിപ്രായമായിരിക്കും ഉണ്ടാക്കുന്നത്. ക്ഷമയോടെ, ഓരോ മാങ്ങയും എടുത്തും രുചിച്ചും നോക്കിയെടുത്താണ് അച്ചാര്‍ ഉണ്ടാക്കുന്നത്. ഒന്നോ രണ്ടോ കഷ്ണം മാങ്ങ വായിലിട്ടു ചവയ്ക്കുമ്പോള്‍ തന്നെ മടുക്കുന്നവര്‍ക്ക് ഒരിക്കലും യോജിക്കാത്ത വ്യവസായം. അച്ചാറിന്റെ രുചിപാകം നോക്കുന്ന അതേ വൈദഗ്ധ്യത്തോടെയാണ് നിർമല സീതാരാമൻ ഇപ്പോൾ രാജ്യത്തിന്റെ പ്രതിരോധമന്ത്രിപദം വഹിക്കുന്നത്.

കാരുണ്യത്തേക്കാള്‍ കരുത്ത് ആയിരിക്കും പ്രതിരോധമന്ത്രിയുടെ മുഖത്ത് ആരും പ്രതീക്ഷിക്കുന്നത്. അങ്ങനെയെങ്കില്‍ കരുത്തിന്റെ പര്യായമാണ് നിര്‍മല സീതാരാമന്‍. അപൂര്‍വമായി മാത്രം ചിരിക്കുന്ന, ചിന്തിച്ചുറപ്പിച്ചു മാത്രം സംസാരിക്കുന്ന, ഓരോ ചുവടിലും സൂക്ഷ്മതയും ശ്രദ്ധയും പുലര്‍ത്തുന്ന വ്യക്തിത്വം. എന്തുകൊണ്ടായിരിക്കാം നിര്‍മല സീതാരാമന്‍ അപൂര്‍വമായി മാത്രം ചിരിക്കുന്നത് ? 

ചിരിക്കാന്‍ എനിക്ക് ബോധപൂര്‍വം ശ്രമം നടത്തേണ്ടിയിരിക്കുന്നു. എന്റെ സ്വാഭാവവും വ്യക്തിത്വവും അങ്ങനെയാണ്. രാഷ്ട്രീയത്തില്‍ വന്നതിനു ശേഷമല്ല ഞാന്‍ ചിരിക്കാതായത്. പ്രതിരോധ മന്ത്രിയായപ്പോള്‍ ചിരി കുറഞ്ഞതുമല്ല. എന്നും ഞാന്‍ ഇങ്ങനെതന്നെയാണ്. എന്തുകൊണ്ടെന്നെനിക്കറിയില്ല. വീട്ടിലുള്ളവരും പറയാറുണ്ട് എന്റെ ചിരിക്കാത്ത മുഖത്തെക്കുറിച്ച്. ഞാന്‍ ഇങ്ങനെയാണ് എന്നേ എനിക്കു പറയാന്‍ പറ്റൂ.

nirmala-sitharaman.jpg.image.784.410

ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പലരും ചോദിക്കാന്‍ ആഗ്രഹിച്ച ചിരിയെക്കുറിച്ചും കുടുംബം നടത്തുന്ന അച്ചാര്‍ വ്യവസായത്തെക്കുറിച്ചും റഫാല്‍ ഇടപാടിനെക്കുറിച്ചുമെല്ലാം മന്ത്രി വിശദമായി സംസാരിച്ചു.

അധികാരത്തിന്റെ ഇടനാഴികളില്‍ ശക്തയായ, സ്വാധീനശേഷിയുള്ള വനിതയായി കാണപ്പെടുന്ന നിര്‍മല സീതാരാമന്‍ ഏതൊരു വീട്ടമ്മയേയും പോലെയാണ്. പ്രിയപ്പെട്ട കാപ്പി രുചിച്ചും, വീടിനു ചുറ്റുമുള്ള തോട്ടത്തില്‍ ചെടികളെ പരിപാലിച്ചും നടക്കുന്ന സാധാരണ വീട്ടമ്മ.

പ്രതിരോധ മന്ത്രി പദത്തിലെത്തിയപ്പോള്‍ നിര്‍മല താരതമ്യം ചെയ്യപ്പെട്ടത് മുമ്പ് ഇതേ വകുപ്പ് കൈകാര്യം ചെയ്ത ഇന്ത്യയുടെ ഉരുക്കുവനിത ഇന്ദിരാ ഗാന്ധിയുമായി. ആ താരതമ്യത്തില്‍ കാര്യമില്ലെന്നു പറയുന്നു നിര്‍മല. പ്രധാനമന്ത്രിയായിരിക്കെ അധികച്ചുമതലയായാണ് ഇന്ദിരാ ഗാന്ധി പ്രതിരോധം കൈകാര്യം ചെയ്തത്. 1971- ലെ യുദ്ധം അവര്‍ മുന്നില്‍നിന്നു നയിച്ചു. പിന്നീട് അടിയന്തരാവസ്ഥ. കരിയറിലെ വളരെ പ്രധാനപ്പെട്ട ഒരു കാലത്താണ് ഇന്ദിരാ ഗാന്ധി പ്രതിരോധ മന്ത്രാലയത്തിന്റെ ചുമതല വഹിച്ചതെന്നു സമ്മതിക്കുന്നുണ്ടെങ്കിലും താരതമ്യത്തില്‍ കഴമ്പില്ലെന്നാണ് നിര്‍മലയുടെ നിലപാട്. 

പക്ഷേ, ഓരോ ദിവസവും പ്രതിരോധ മന്ത്രിയുടെ ഓഫിസിലേക്കു കാലെടുത്തുവയ്ക്കുമ്പോള്‍ യാഥാര്‍ഥ്യത്തെക്കുറിച്ചു ബോധവതിയാകാറുണ്ടെന്നു സമ്മതിക്കുന്നു മന്ത്രി. നരസിംഹറാവു, പിന്നീടു പ്രസിഡന്റ് പദവിയിലെത്തിയ പ്രണബ് മുഖര്‍ജി എന്നിവരൊക്കെ കൈകാര്യം ചെയ്ത വകുപ്പാണ് പ്രതിരോധം. ഒപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നിലര്‍പ്പിച്ച വിശ്വാസവുമുണ്ട്. സ്ത്രീകള്‍ക്കും ഈ വകുപ്പ് കൈകാര്യം ചെയ്യാന്‍ കഴിയുമെന്ന് തെളിയിക്കണമെന്ന വാശി. ഇത്തരം വിശ്വാസങ്ങളെല്ലാം നല്‍കുന്ന കരുത്തിലാണ് മന്ത്രിയുടെ ഓഫിസിലേക്കു തിരിക്കുന്നതും ജോലി ചെയ്യുന്നതും. ‘എന്നിലര്‍പ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കേണ്ടതുണ്ട്. പ്രതീക്ഷകള്‍ക്കൊത്ത് ഉയരേണ്ടതുണ്ട്. അതിനാണ് നിരന്തരമായി ശ്രമിക്കുന്നത്’ - നിര്‍മല പറയുന്നു. 

nirmala-sitaraman.jpg.image.784.410

പ്രതിരോധ മന്ത്രിയെന്ന ജോലിയില്‍ തനിക്ക് ഒരിക്കലും ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ലെന്നും മന്ത്രി പറയുന്നു. മന്ത്രാലയത്തിലുള്ളവരെല്ലാം പെരുമാറിയത് സഹകരണത്തോടെ. സ്നേഹത്തോടെ. മിക്ക ദിവസങ്ങളിലും തുടര്‍ച്ചയായ മീറ്റിങ്ങുകള്‍. പിന്നീടു വിശദീകരണങ്ങള്‍. മാധ്യമങ്ങളെ കാണുന്ന ചുമതല. ഇവയെല്ലാം നന്നായി കൊണ്ടുപോകാന്‍ സാധിക്കുന്നു.

ഓഫിസില്‍ മാത്രം ഇരിക്കുന്നതല്ല പ്രതിരോധ മന്ത്രിയുടെ ജോലി. അതിര്‍ത്തികളില്‍ സന്ദര്‍ശനം നടത്തേണ്ടിവരും. യുദ്ധവിമാനങ്ങളില്‍ സഞ്ചരിക്കേണ്ടിവരും. അപകടകരമായ സാഹചര്യങ്ങളില്‍ സാന്നിധ്യം അറിയിക്കേണ്ടിവരും. അപ്പോഴൊക്കെ ഞാന്‍ എന്നോടുതന്നെ പറയും, ‘തയാറാകൂ. ഇത് അപൂര്‍വമായ നിമിഷമാണ്’. അതോടെ ആത്മവിശ്വാസത്തോടെ ഞാന്‍ ഏതു സാഹചര്യത്തെയും നേരിടും. 

പ്രതിപക്ഷം ഇപ്പോള്‍ സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുന്ന റഫാല്‍ ഇടപാടിനെക്കുറിച്ചുള്ള ചോദ്യത്തിലും ചഞ്ചലയാകുന്നില്ല മന്ത്രി. റഫാല്‍ ഒരിക്കലും ബോഫോഴ്സ് ആയുധ ഇടപാടുമായി താരതമ്യം ചെയ്യാവുന്ന സംഭവമല്ലെന്ന് അവര്‍ ആവര്‍ത്തിക്കുന്നു.

ബോഫോഴ്സും റഫാലും തമ്മില്‍ താരതമ്യം ചെയ്യാനാവില്ല. ഇവിടെ മധ്യവര്‍ത്തികളില്ല. ക്വത്ത്റോക്കിയെപ്പോലെ സ്യൂട്ട്കേസും തൂക്കി പ്രധാനമന്ത്രിയുടെ വസതി തിരക്കി നടക്കുന്നവരും ഇപ്പോഴില്ല. റഫാല്‍ സുതാര്യമാണ്; അഴിമതിയില്ലാത്തത്. അഴിമതിയുടെ കഥകളൊക്കെ ബോഫോഴ്സ് കാലത്തേതാണ്. റഫാലില്‍ അഴിമതിയില്ല. ദേശീയ താല്‍പര്യം സംരക്ഷിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാരും ഒരു വിദേശ സര്‍ക്കാരും തമ്മില്‍ നടത്തിയ ഇടപാടു മാത്രമാണ് റഫാല്‍. ആരോപണം ഉന്നയിക്കുന്നതില്‍നിന്ന് പ്രതിപക്ഷത്തിന് ഒരു നേട്ടവും ഉണ്ടാകാന്‍ പോകുന്നില്ലെന്നും നിര്‍മല കരുത്തോടെ ഉറപ്പിച്ചുപറയുന്നു. 

പ്രതിരോധത്തിനു വളരെയേറെ പ്രാധാന്യമുണ്ട് ജീവിതത്തിൽ - വ്യക്തിയുടെ മാത്രമല്ല, രാജ്യത്തിന്റെയും. ഒരു രാജ്യത്തിന്റെ ദൗര്‍ബല്യവും ശക്തിയും വായിച്ചറിയാം പ്രതിരോധ മന്ത്രിയുടെ മുഖത്ത്, വാക്കുകളില്‍, ഭാവപ്രകടനങ്ങളില്‍. കോടിക്കണക്കിനുള്ള ജനത പ്രതിരോധ മന്ത്രിയുടെ ധീരതയില്‍ വിശ്വാസമര്‍പ്പിക്കുന്നു. ആത്മവിശ്വാസത്തില്‍നിന്ന് ഊര്‍ജം നേടുന്നു. ആത്മാഭിമാനത്തില്‍ ആവേശഭരിതരാകുന്നു. അതിര്‍ത്തി കാക്കുന്ന സൈനികരായാലും സാധാരണക്കാരായ വ്യക്തികളായായലും സമാധാനമുള്ള ജീവിതത്തിനും സന്തോഷത്തിലും അവര്‍ ആകാംക്ഷയോടെ ഉറ്റുനോക്കുന്നത് ആ മുഖത്തേക്കാണ്. അതു തിരിച്ചറിയുന്നുണ്ട് നിര്‍മല സീതാരാമന്‍. 

Nirmala-Sitharaman.jpg.image.784.410 (1)