ഞാനൊരു വീട്ടമ്മയാണ്. മൂന്നുകുട്ടികളുടെ അമ്മ. വീടിന്റെ നാലു ചുവരുകൾക്കുള്ളിലാണ് എന്റെ ലോകം. കുട്ടികളെ വളർത്തി വലുതാക്കുന്നതും വീട്ടുജോലിയുമാണ് എന്റെ ഹോബികൾ. ഇങ്ങനെയൊരു വേദിയിൽ ഞാൻ നിൽക്കുന്നതു ജീവിതത്തിലെ ആദ്യത്തെ അനുഭവമാണ്.
സൗന്ദര്യമൽസരവേദിയിൽ ഒരു മൽസരാർഥിയിൽനിന്ന് ഇങ്ങനെയുള്ള വാക്കുകൾ അപൂർവമായിരിക്കും. ഇല്ലാത്ത കഴിവുകൾ പോലും ഉണ്ടെന്നു നടിച്ചും സൗന്ദര്യത്തിനും ആകർഷണീയതയ്ക്കും കഴിയുന്നത്ര മാറ്റുകൂട്ടിയും വിധികർത്താക്കളുടെ ശ്രദ്ധ പിടിച്ചെടുക്കാൻ ശ്രമിക്കുന്ന വേദിയിൽ ജീവിതത്തെക്കുറിച്ചുള്ള സത്യം തുറന്നുപറയുക. ചതിക്കും വഞ്ചനയ്ക്കും എതിരെ ജീവിതത്തിൽ നിലപാടെടുത്ത നസ്രത്ത് പ്രവീണിന് സൗന്ദര്യമൽസര വേദിയിലും സത്യം മറച്ചുവയ്ക്കാൻ കഴിഞ്ഞില്ല. എന്നിട്ടും വിധികർത്താക്കൾ മാർക്കിട്ടത് സത്യസന്ധതയ്ക്ക്. ആത്മാർഥതയ്ക്ക്. ജീവിതത്തോടു പുലർത്തിയ ആത്മാർപ്പണത്തിന്. പ്രതിസന്ധികളിൽ തളരാത്ത പോരാട്ടവീര്യത്തിന്. മലേഷ്യയിൽ നടന്ന മിസിസ്സ് 2018 സൗന്ദര്യമൽസരവേദിയിൽനിന്നു മുപ്പത്തിയാറുകാരി നസ്രത്ത് തിരിച്ചുനാട്ടിലേക്കു വന്നത് വിജയശ്രീലാളിതയായി. ലോകവേദിയിൽ വിജയിക്കുന്ന ഇന്ത്യയിൽനിന്നുള്ള ആദ്യത്തെ മുസ്ലിം വനിതയും ആദ്യ കശ്മീരുകാരിയും.
സൗന്ദര്യമൽസരവേദിയിലേക്കുള്ള നസ്രത്തിന്റെ യാത്ര ഒട്ടും എളുപ്പമായിരുന്നില്ല;സന്തോഷപ്രദവും. വേദനകളെ നേരിട്ടും പ്രതിസന്ധികളെ അതിജീവിച്ചും ഒറ്റപ്പെടലിനെ പിന്നിലാക്കിയുമാണ് നസ്രത്ത് മലേഷ്യയിൽ എത്തിയത്. പ്രാദേശിക ഭാഷ മാത്രം അറിയുന്ന നസ്രത്ത് തന്നോട് ഇംഗ്ലിഷിൽ ചോദ്യങ്ങൾ ചോദിക്കരുത് എന്നുപോലും വിധികർത്താക്കളോട് അപേക്ഷിച്ചിരുന്നു. പക്ഷേ, ഭാഷാ പ്രാവീണ്യത്തേക്കാൾ, മുൻപരിചയത്തെക്കാൾ ധാർമികതയ്ക്കും മൂല്യങ്ങൾക്കും ഇച്ഛാശ്കിതിയുടെ കരുത്തിനുമാണ് മാർക്കു വീണത്. അങ്ങനെ അപ്രതീക്ഷിതമായി, വേദനകൾ മാത്രമുള്ള ജീവിതത്തിൽ നസ്രത്ത് സന്തോഷത്തിന്റെ നിമിഷം കണ്ടെത്തി. ഉപേക്ഷിച്ചവർക്കു ചുട്ടമറുപടിയും.
തെക്കൻ കശ്മീരിൽ കുൽഗാം ജില്ലയിലാണു നസ്രത്തിന്റെ വീട്. ഒരിക്കൽ നസ്രത്ത് ജീവിതത്തിലെ എല്ലാ സന്തോഷവും കണ്ടെത്തിയയതു വിവാഹത്തിൽ. പക്ഷേ, അതേ വിവാഹം വലിയ പരാജയമായി മാറിയപ്പോൾ തളർന്നുപോയി. പക്ഷേ, വേഗം തന്നെ തകർച്ചയിൽനിന്നു ഫീനിക്സ് പക്ഷിയെപ്പോലെ വിജയത്തിലേക്കു ചിരകടിക്കാനും കഴിഞ്ഞു. ആ യാത്രയുടെ പര്യവസാനമാണ് സൗന്ദര്യമൽസരത്തിലെ കിരീടനേട്ടം.
മഹാരാഷ്ട്രയിൽനിന്നുള്ള ഒരു ആർക്കിടെക്റ്റിനെയാണു നസ്രത്ത് വിവാഹം കഴിച്ചത്. ജോലിയിൽ വിജയങ്ങൾ വെട്ടിപ്പിടിച്ചതോടെ ഭർത്താവ് നസ്രത്തിൽനിന്നുമകന്നു; മക്കളിൽനിന്നും. എന്നിട്ടും സഹിച്ചും ക്ഷമിച്ചും വിവാഹബന്ധം ഉപേക്ഷിക്കാതെ കൊണ്ടുനടന്നു. വിധിയുമായി പൊരുത്തപ്പെടുകയാണു തന്റെ കടമയെന്ന് ഉറച്ചുവിശ്വസിച്ചു. പക്ഷേ, ഭർത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് അറിഞ്ഞതോടെ അവർ പ്രതിസന്ധിയിലായി.
അയാൾ രണ്ടാതും വിവാഹം കഴിച്ചിരിക്കുന്നു. നസ്രത്ത് അറിയാതെ, കുട്ടികൾ അറിയാതെ, രഹസ്യമായി. തന്നെയും മക്കളെയും ഉപേക്ഷിച്ച മനുഷ്യനോടൊത്ത് ഇനി ജീവിക്കേണ്ടതില്ലെന്ന് അതോടെ നസ്രത്ത് തീരുമാനിച്ചു. അതിനുശേഷമാണ് സ്വന്തം ജീവിതം സ്വയം പടുത്തുയർത്താൻ തീരുമാനിക്കുന്നതും മലേഷ്യയിലെ സൗന്ദര്യമൽസര വേദിയിൽ അവസാന റൗണ്ടിൽ എത്തുന്നതും. കരഞ്ഞുകൊണ്ടും വേദന കടിച്ചമർത്തിക്കൊണ്ടുമാണ് സൗന്ദര്യമൽസരത്തിനു പോയതെങ്കിൽ ചിരിച്ചുകൊണ്ടു തിരിച്ചുവരാൻ നസ്രത്തിനു കഴിഞ്ഞു. ജീവിതത്തിലെ വേദനകളോടുള്ള മധുരപ്രതികാരം.