Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യയിലെ ലേഡി ഷെർലക് ഹോംസിന്റെ കഥ

rajani-pandit-01

ദുരൂഹ സംഭവങ്ങളുടെ ചുരുളഴിക്കുന്നതിൽ പ്രത്യേക താൽപര്യം തോന്നിയിരുന്നെങ്കിലും രാജ്യത്തെ ആദ്യത്തെ സ്വകാര്യ കുറ്റാന്വേഷക രജനി പണ്ഡിറ്റിന് ആദ്യത്തെ അവസരം ലഭിക്കുന്നത് കോളജ് വിദ്യാർഥിയായിരിക്കെ. പഠനത്തിനൊപ്പം ഒരു ഓഫിസിൽ പാർട്ട് ടൈം ക്ലാർക്ക് ആയും രജനി ജോലി ചെയ്യുന്നുണ്ടായിരുന്നു. ഓഫീസിലെ സഹപ്രവർത്തകയാണ് ആദ്യത്തെ സഹായ അഭ്യർഥന നടത്തിയത്. അവരുടെ വീട്ടിൽ ചില മോഷണങ്ങൾ നടന്നു. വീട്ടിൽ പുതുതായി എത്തിയ മരുമകളെയായിരുന്നു സംശയം. പക്ഷേ, തെളിവുകളില്ല. സംഭവം അറിഞ്ഞതോടെ രജനി കേസ് ഏറ്റെടുത്തു. അന്നവർക്ക് 22 വയസ്സു മാത്രം. രണ്ടുമൂന്നു ദിവസം വീട് നിരീക്ഷിച്ചു. പരാതി പറഞ്ഞ സ്ത്രിയുടെ മകനാണു മോഷണത്തിനു പിന്നിൽ എന്നു കണ്ടെത്തി. 

ചോദ്യം ചെയ്തപ്പോൾ അയാൾ കുറ്റം സമ്മതിച്ചു. വനിതാ പ്രൈവറ്റ് ഡിറ്റക്റ്റീവ് എന്നതു കേട്ടുകേൾവിപോലുമില്ലാത്ത കാലമായിരുന്നു അത്. എങ്കിലും രജനി കേസുകൾ ഏറ്റെടുക്കാനും തെളിവുകൾ സമാഹരിക്കാനും കീഴ്‍വഴക്കമോ പാരമ്പര്യമോ ഇല്ലാത്ത ജോലി ഏറ്റെടുക്കാനും തീരുമാനിച്ചു. അങ്ങനെ മഹാരാഷ്ട്ര സംസ്ഥാനത്തെയും രാജ്യത്തെയും  ആദ്യത്തെ വനിതാ സ്വകാര്യ കുറ്റാന്വേഷകയുടെ പ്രഫഷണൽ ജീവിതം തുടങ്ങുന്നു. ഇന്ത്യയുടെ സ്വന്തം ഷെർലക് ഹോംസ് എന്ന വിശേഷണത്തിലേക്കുള്ള വളർച്ച. ആദ്യത്തെ കേസ് ചുരുളഴിച്ചതോടെ വാർത്തയ്ക്കു നല്ല പബ്ലിസിറ്റി ലഭിച്ചു. ഒരോരുത്തരും മറ്റുള്ളവരോടു പറഞ്ഞ് അയൽക്കാരും നാട്ടുകാരും രജനിയുടെ കഴിവുകളെക്കുറിച്ച് അറിഞ്ഞു. ആപത് ഘട്ടങ്ങളിൽ രജനിയുടെ അപൂർവ പാടവം ഉപയോഗപ്പെടുത്തി. 

കുറ്റാന്വേഷണത്തിൽ രജനിക്ക് ആകെയുള്ള പാരമ്പര്യം അച്ഛൻ സിഐഡിയിൽ ആയിരുന്നു എന്ന വസ്തുത മാത്രം. പിന്നെ കുട്ടിക്കാലം മുതലേ കുറ്റാന്വേഷണത്തിലുള്ള അവസാനിക്കാത്ത താൽപര്യവും. അപകടം പിടിച്ചതാണെങ്കിലും വെല്ലുവിളികൾ ഏറെയുണ്ടെങ്കിലും ആദ്യത്തെ കേസ് തെളിയിച്ചതുമുതൽ പിന്നോട്ടു നോക്കിയിട്ടില്ല രജനി. സാധ്യമായ എല്ലാ തെളിവുകളും സമാഹരിച്ചു കേസിന്റെ ചുരുളഴിക്കുന്ന ഈ വനിതയുടെ സഹായം മാധ്യമ സ്ഥാപനങ്ങളും വ്യക്തികളും ഉൾപ്പെടെയുള്ളവർ ഉപയോഗപ്പെടുത്തി. 

കുറ്റാന്വേഷക എന്ന നിലയിൽ രജനി ഏറ്റവും കൂടുതൽ കഷ്ടപ്പെട്ടതും ചുരുളഴിക്കാൻ ശ്രമിച്ചതുമായ ഒരു കേസുണ്ട്. ഒരു ഇരട്ടക്കൊലപാതകം. സ്വന്തം വേഷം മറച്ചുവച്ച്  വേലക്കാരിയായി ജീവിച്ചാണ് അവർ യഥാർഥ പ്രതികളെ നിയമത്തിനു മുന്നിൽ കൊണ്ടുവന്നത്. കൊലപാതകി എന്നു സംശയിക്കപ്പെട്ട സ്ത്രീയോടൊപ്പം അക്കാലത്ത് ആറുമാസം രജനി വേലക്കാരിയായി ജീവിച്ചു. 

ഒരു വീട്ടിലെ ഭർത്താവും മകനും കൊല്ലപ്പെട്ടു. കൊലപാതകം ആരാണ് ചെയ്തതെന്നതിനെക്കുറിച്ച് ഒരു തെളിവുപോലുമില്ല. ഇക്കാലത്താണ് സംശയിക്കപ്പെട്ട സ്ത്രീയോടൊപ്പം രജനി വേലക്കാരിയായി ജീവിച്ചത്. സ്ത്രീ അസുഖബാധിതയായപ്പോൾ അവരെ ശുശ്രുഷിച്ചതു രജനി. അങ്ങനെ അവരുടെ വിശ്വാസം നേടിയെടുത്തു. പക്ഷേ, ഒരിക്കൽ നിശ്ശബ്ദതയിൽ രജനിയുടെ റെക്കോർഡർ ശബ്ദമുണ്ടാക്കി. അതോടെ ആ സ്ത്രീക്ക് സംശയവും തോന്നിത്തുടങ്ങി.

രജനിയെ അവർ പിന്നീട് പുറത്തേക്കുപോകാൻ അനുവദിച്ചുമില്ല. ഒരുദിവസം സംശയിക്കപ്പെട്ട സ്ത്രീ വാടകയ്ക്കെടുത്ത കൊലയാളി വീട്ടിൽ വന്നു. തന്റെ അവസരം എത്തി എന്നു രജനിക്കു മനസ്സിലായി. പുറത്തുപോകാൻ ഒരു മാർഗവും കാണാതെ വന്നപ്പോൾ അവർ സ്വന്തം കാലിൽ കത്തി ഉപയോഗിച്ച് മുറിവുണ്ടാക്കി. വേഗം ആശുപത്രിയിൽപ്പോയി മുറിവു കെട്ടണം എന്നു പറഞ്ഞുകൊണ്ട് പുറത്തേക്കുപോയി.  എസ്റ്റിഡി ബൂത്തിൽനിന്ന് പരാതിക്കാരനെയും പൊലീസിനെയും ഫോൺ ചെയ്തു വിളിപ്പിച്ചു. സ്ത്രീയേയും സഹായിയേയും അന്നുതന്നെ അറസ്റ്റ് ചെയ്തു. 

22–ാം വയസ്സിൽ തുടങ്ങിയ കുറ്റാന്വേഷണ ജീവിതത്തിൽ ആയിരക്കണക്കിന് ഉത്തരമില്ലാത്ത ചോദ്യങ്ങളുടെ ഉത്തരങ്ങൾ രജനി കണ്ടെത്തി. തന്റെ രഹസ്യാന്വേഷണങ്ങളെക്കുറിച്ച് രണ്ടു പുസ്തകങ്ങൾ എഴുതി. പുരസ്കാരങ്ങളും നേടി. ഭീഷണികൾ ഇല്ലെന്നല്ല. പക്ഷേ, അവയെ ഗൗനിക്കാതെ ജോലിയിൽ മുഴുവൻ സമയവും മനസ്സർപ്പിച്ചു.

കുറ്റാന്വേഷക എന്ന ജോലിയോട് പൂർണമായും പ്രതിബദ്ധത പുലർത്തിയ രജനി വിവാഹം കഴിക്കാൻപോലും സമയം കണ്ടെത്താതെ മുഴുവൻ സമയവും ജോലിക്കുവേണ്ടി വിനിയോഗിച്ചു. ജീവിതത്തിൽ രഹസ്യാത്മകത നിലനിർത്തി. സ്വന്തം വീട്ടുകാർപോലും അവരുടെ ജോലിയെക്കുറിച്ച് അറിയുന്നത് വൈകിമാത്രം. രജനിയുടെ ജീവിതകഥ ഇപ്പോൾ ഫെയ്സ്ബുക്കിൽ വൈറലാണ്. രജനി തന്നെയെഴുതിയ ആത്മകഥ. ഒരു വനിത ഒരിക്കലും ആരുടെയും പിന്നിലല്ലെന്ന വലിയ പാഠം പകരുന്ന അപൂർവ ജീവിതം.