ടോപ്‌ലെസ് ഫോട്ടോഷൂട്ടിനു പിന്നിലെ യാഥാർഥ്യം

അനിയൻ ബാവയിൽ കസ്തൂരി, ജേഡ് ബേളിൻെറ മോഡലായി കസ്തൂരി

പണത്തിനോ പ്രശസ്തിക്കോ വേണ്ടി ആയിരുന്നില്ല ആ ഫോട്ടോ ഷൂട്ട് .... അനിയൻ ബാവയിലെ നായിക കസ്തൂരി വർഷങ്ങൾക്കു ശേഷം മനസ്സ് തുറക്കുന്നു.‌

അമ് മ് മ്മൂ......

അനിയൻ ബാവ ചേട്ടൻ ബാവ എന്ന സിനിമയിൽ നടൻ പ്രേംകുമാറിന്റെ പ്രണയത്തോടെയുളള വിളി മറക്കാൻ കഴിയില്ല. അമ്മു എന്നു കഥാപാത്രത്തിലൂ‍ടെ മലയാളികൾക്കു പ്രിയപ്പെട്ട നടിയായി മാറിയ കസ്തൂരി പിന്നീട് ഏറെ മലയാള സിനിമകളിൽ അഭിനയിച്ചിട്ടില്ല. സ്നേഹം, അഗ്രജൻ, പഞ്ചപാണ്ഡവർ തുടങ്ങി വിരലിലെണ്ണാവുന്ന ചിത്രങ്ങൾ മാത്രം. തമിഴിലും തെലുങ്കിലും തിരക്കുളള താരമായിരുന്ന കസ്തൂരിയെ പിന്നെ കാണുന്നത് അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായി പ്രചരിച്ച ഫോട്ടോകളിലാണ്. ടോപ് ലെസായി സ്വന്തം കുഞ്ഞിനെ മാറോടണച്ചു മുലയൂട്ടുന്ന ചിത്രങ്ങൾ കണ്ടവരെല്ലാം ഞെട്ടി.

കസ്തൂരി ബോൾഡായെന്നു ചിലർ പറഞ്ഞു. കോടികൾ പ്രതിഫലം വാങ്ങി ഫോട്ടോയ്ക്കു പോസ് ചെയ്തുവെന്ന് മറ്റു ചിലർ.....യാഥാർഥ്യം എന്താണ്......? ‘വനിത’ യുടെ അന്വേഷണം ചെന്നെത്തിയത് യു എസിലാണ്. അമേരിക്കയിൽ ടെന്നസി സംസ്ഥാനത്തിലെ നാഷ് വില്ലിലുളള വീട്ടിൽ ഭർത്താവ് ഡോ. കുമാറിനും രണ്ടു മക്കൾക്കും ഒപ്പമിരുന്നു കസ്തൂരി ‘വനിത’യോട് മനസ്സ് തുറന്നു.

‘‘യഥാർഥത്തിൽ മൂന്നു വർഷം മുൻപായിരുന്നു ഈ ഫോട്ടോ ഷൂട്ട്. ലോകപ്രശസ്ത വനിതാ ഫൊട്ടോഗ്രാഫറായ ജേഡ്ബേൾ, മാതൃത്വം എന്ന വിഷയം അടിസ്ഥാനപ്പെടുത്തിയുളള ഫോട്ടോയ്ക്കു മോഡലാകണമെന്ന് ആവശ്യപ്പെട്ട് എന്നെ സമീപിച്ചു.

മേക്കപ്പും കംപ്യൂട്ടർ ഗ്രാഫിക്സും ഇല്ലാതെ ‌അമ്മമാരുടെ നഗ്നശീരത്തിന്റെ സത്യസന്ധമായ ആവിഷ്കാരമായിരുന്നു ലക്ഷ്യം പ്രശ‌സ്തിയോ പണമോ മുൻ നിർത്തിയായിരുന്നില്ല, മറിച്ച്, മാതൃത്വം ആഘോഷിക്കേണ്ടതാണെന്ന സന്ദേശം പകരാനാണ് ഞങ്ങൾ ശ്രമിച്ചത്. ഈ ചിത്രങ്ങൾ ഉൾപ്പെടുത്തിയ പുസ്തകം മൂന്നു വർഷം വിപണിയിലുണ്ടായിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ ഇതിന് തെറ്റായ മാനം നൽകി പ്രചരിപ്പിക്കാൻ ആരോ ശ്രമിക്കുകയാണ്.

പണം വാങ്ങിയാണ് മോഡലായതെന്നും ചിലർ‌ ആരോപിക്കുന്നു?

അതു തെറ്റാണ്. ഒരു പൈസ പോലും പ്രതിഫലമായി വാങ്ങിയിട്ടില്ല. ഞാൻ മാത്രമല്ല, ഇതുമായി സഹകരിച്ച ആരും. പുസ്തകം ഇറക്കുന്നതിനും മറ്റുമായി സ്വന്തം പഴ്സിൽ നിന്നു പണം അങ്ങോട്ടു നൽകുകയായിരുന്നു. ഒരു വിപ്ലവത്തിന്റെ ഭാഗമാകുന്ന ആവേശമായിരുന്നു ഞങ്ങൾക്ക്. ലോകമെമ്പാടുമുളള അമ്മമാർക്കു പ്രസവശേഷം അവരുടെ ശരീര സൗന്ദര്യത്തിൽ ആത്മവിശ്വാസം പകരാനാണു ഞങ്ങൾ ശ്രമിച്ചത്. അതിൽ നഗ്നത കാണുന്നതു കാഴ്ചപ്പാടിന്റെ പ്രശ്നമാണ്.

കസ്തൂരി

ചിത്രങ്ങൾ തികച്ചും സ്വകര്യമായ ഒരു സംരഭത്തിന് എടുത്തതാണ്. അത് അനുവാദമില്ലാതെ പ്രസിദ്ധീകരിച്ച മാധ്യമങ്ങൾക്കെതിരെ ഞങ്ങൾ നിയമ നടപടിക്കൊരുങ്ങുകയാണ്. ചിത്രം പ്രസിദ്ധീകരിക്കാൻ ഞാൻ മറ്റാർക്കും അനുമതി നൽകിയിട്ടില്ല. നിയമപരമായി അതു കുറ്റകരവുമാണ്.

കസ്തൂരി സാമൂഹിക പ്രവർത്തകയാണോ?

എന്റെ മകൾ ഗുരുതരമായ രോഗം ബാധിച്ച് കഴിഞ്ഞ മൂന്നു വർഷമായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അതു കൊണ്ടു തന്നെ ഏതാണ്ട് മുഴുവൻ സമയവും ഞാൻ ആശുപത്രിയിലാണ് കഴിച്ചു കൂട്ടിയത്. അമേരിക്കയിലായതു കൊണ്ടു മാത്രമാണ് ആ വിഷമഘട്ടം വലിയ ബുദ്ധിമുട്ടില്ലാതെ ഞങ്ങൾ തരണം ചെയ്തത്. ധനികർക്കും ദരിദ്രർക്കും ഒരേ നിലവാരത്തിലുളള ചികിത്സയാണ് ഇവിടെ ലഭിക്കുന്നത്. പണം ഒരു മാനദണ്ഡമല്ല. യുഎസിൽ രോഗബാധിതരായ കുട്ടികളെ സഹായിക്കാൻ വിവിധ സംഘടനകളുണ്ട്.

ഗുരുതര രോഗം ബാധിച്ച കുട്ടികൾക്ക് അവരുടെ ജീവിതാഭിലാഷം സാധിച്ചു കൊടുക്കുക. സമ്മാനം നൽകുക, ഉല്ലാസ യാത്രകൾക്കു കൊണ്ടു പോവുക, പാർട്ടികൾ സംഘടിപ്പിക്കു ക, തുടങ്ങിയ പ്രവർത്തനങ്ങളാണ് ഇവർ സംഘടിപ്പിക്കുന്നത്. ഇന്ത്യയിൽ രോഗബാധിതരായ കുട്ടികളുടെ അവസ്ഥ പരിതാപകരമാണ്. കുടുംബത്തിന്റെ അവസ്ഥ അതിനേക്കാൾ കഷ്ടം. പ്രധാനമായും സാമ്പത്തിക ബുദ്ധിമുട്ടാകും നേരിടേണ്ടി വരിക.

അതുകൊണ്ടു യാത്രയും മറ്റു ചിന്തിക്കാൻ പോലും കഴിയില്ല. ഇത്തരം കുട്ടികൾക്കു വേണ്ടി ഞാനൊരു സംഘടന തുടങ്ങിയിട്ടുണ്ട്, മനു മിഷൻ. ആശുപത്രിയിൽ കഴിയുന്ന കുട്ടികൾക്കു വേണ്ടി എന്നെക്കൊണ്ടാവും പോലെ സന്തോഷം പകരാനാണ് ശ്രമം. എന്റെ വരുമാനത്തിൽ നിന്നാണ് പണം കണ്ടെത്തുന്നത്. അതിനായി ചിലപ്പോൾ‌ സൂപ്പർ മാർക്കറ്റിലും മറ്റും ജോലിക്കു പോകാറുണ്ട്. സിനിമിൽ നിന്നുളള വരുമ‌ാനത്തിന്റെ ഗണ്യമായ പങ്കും ഇതിനായി ചെലവഴിക്കുന്നു.

അടിസ്ഥാനപരമായി ഞാനൊരു സാമൂഹിക പ്രവർത്തകയാണ്. യുഎസിലെ ഇന്ത്യക്കാരിൽ ചിലർ മറ്റുളളവരേക്കാൾ ഉയർന്നവരാണെന്ന ചിന്താഗതിക്കാരാണ്. ദൈവാനുഗ്രഹത്താൽ നിത്യജീവിതത്തിൽ കാര്യമായ പ്രശ്നങ്ങൾ ഇല്ലാത്തവരാണവർ. അവരോട് ഞാൻ കലഹിക്കാറുണ്ട്. എന്റെ നിലപാടുകളാണ് എനിക്കു വലുത്.

കസ്തൂരിയുടെ കുടുംബം?

വിക്കിപീഡിയയിലും മറ്റും പറയും പോലെ രവികുമാറല്ല എന്റെ ഭർത്താവ്. വർഷങ്ങൾക്കു മുൻപ് ഒരു മലയാളം പ്രസിദ്ധീകരണത്തിന് അഭിമുഖം നൽകിയപ്പോൾ അവർ തെറ്റായി നൽകിയ വിവരമാണത്. എന്നെ കാണുമ്പോൾ ചിലർ രവികുമാറിനെ അന്വേഷിക്കും. ഇതിൽപ്പരം ദേഷ്യം മറ്റൊന്നില്ല. അതുകൊണ്ടു തന്നെ ഭർത്താവിനെയും കുട്ടികളെയും പറ്റി ഇക്കുറി ഞാൻ പറയുന്നില്ല. അവരും സ്വകാര്യത ആഗ്രഹിക്കുന്നു.

കസ്തൂരി മക്കൾക്കൊപ്പം

ഭർത്താവ് ഒരു ഹൃദ്രോഗ വിദഗ്ധനാണ്. രണ്ടു മക്കൾ. മൂത്തത് പെൺകുട്ടി. ഇളയത് നിങ്ങൾ ചിത്രത്തിൽ എനിക്കൊപ്പം കണ്ട ആൺകുട്ടി. അവനു മൂന്നു വയസ്സായി. ആളൊരു കുസൃതിയാണ്. ഈ പോക്കു പോയാൽ അവനൊരു സിനിമാ നടനാകും അല്ലെങ്കിൽ ഗുസ്തിക്കാരൻ. വിവാഹശേഷം ഞങ്ങൾ ജർമനിയിലായിരുന്നു. പിന്നീട് യുഎസിലേക്ക് കുടിയേറി. ഇവിടെ നാലു നഗരങ്ങളിൽ ഞങ്ങൾ തമാസിച്ചിട്ടുണ്ട്. ജർമനി വിട്ടു പോന്നത് എനിക്കു വലിയ വേദനയായിരുന്നു. അത്രമേൽ ആ രാജ്യത്തെ ഞാൻ സ്നേഹിച്ചിരുന്നു.

മകൾ മൂന്നു വർഷമായി ചികിത്സയിലായിരുന്നു എന്നു പറഞ്ഞു. എന്തായിരുന്നു രോഗം?

‌അതേക്കുറിച്ചു വിശദമായി സംസാരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. തന്റെ രോഗം മറ്റാരും അറിയുന്നതവൾ ഇഷ്ടപ്പെടുന്നില്ല. അവളുടെ സ്വകാര്യത സംരക്ഷിക്കാൻ വേണ്ടി മുമ്പ് പഠിച്ചിരുന്ന സ്കൂൾ പോലും മാറി. ഗുരുതരമായ രോഗമാണ് അവളെ ബാധിച്ചത്. ദൈവാനുഗ്രഹത്താൽ ഇപ്പോൾ പൂർണമായും സുഖം പ്രാപിച്ചു. ആശുപത്രിയിൽ കഴിഞ്ഞിരുന്നപ്പോൾ ഗുരുവായൂർ ക്ഷേത്രത്തിൽ തുലാഭാരം നേർന്നിരുന്നു. നാട്ടിൽ എത്തുമ്പോൾ തീർച്ചയായും കഴിപ്പിക്കണം. മകളുടെ പേരു പറയുന്നതിലും സ്കൂളിൽ നിന്നു വിലക്കുണ്ട്.

ഭർത്താവ് തിരക്കുളള ഡോക്ടർ, രണ്ടു കുട്ടികൾ, സിനിമാഭിനയം. എങ്ങനെ കൈകാര്യം ചെയ്യുന്നു ഇവയെല്ലാം?

യുഎസിൽ ജോലി ചെയ്യുന്നില്ല. തമിഴ് സിനിമയിൽ ഇപ്പോഴും സജീവമാണ്. കുടുംബവും സിനിമയും ഒരുമിച്ചു കൊണ്ടു പോകുന്നത് ആയാസമാണ്. ഭർത്ത‌ാവിന്റെ അകമഴിഞ്ഞ പിന്തുണയില്ലാതെ സാധ്യമല്ല. എനിക്കും എന്റെ താൽപര്യങ്ങൾക്കും വില കൽപ്പിക്കുന്നയാളാണ് അദ്ദേഹം. ഞങ്ങൾ കുടുംബ സമേതം ധാരാളം യാത്ര ചെയ്യും. കുട്ടികൾക്കും കുടുംബത്തിനുമൊപ്പം സമയം ചെലവിടാനാണ് എനിക്കിഷ്ടം. അദ്ദേഹം വളരെ തിരക്കുളള ഡോക്ടറാണ്. എന്റെ പാചകം ഭർത്താവിനും മക്കൾക്കും ഏറെ ഇഷ്ടമാണ്. പിന്നെ പ്ലംബിങ്ങിലും ഇലക്ട്രിക്കൽ ജോലികളിലും ഞാൻ മിടുക്കിയാണ്. വീട്ടിലെ റിപ്പയർ ജോലികളൊക്കെ ഞാൻ തനിച്ചാണ് ചെയ്യുക.

കസ്തൂരിയെ മോഡേൺ വേഷങ്ങളിൽ കാണുമ്പോൾ പലരും അദ്ഭുതപ്പെടുന്നു?

തുടക്കത്തിൽ എനിക്കു ലഭിച്ച കഥാപാത്രങ്ങൾ ഗ്രാമീണപ്പെൺകുട്ടികളുടേതായിരുന്നു. അത് അങ്ങനെ തന്നെ നിലനിന്നു. ഞാൻ എല്ലാ അർഥത്തിലും മോഡേണാണ്. മിസ് ഇന്ത്യ മത്സരത്തിൽ ഐശ്വര്യ റായിയും സുസ്മിത സെന്നും കിരീടം നേടിയ വർഷം അവർക്കൊപ്പം ഞാനും ഫൈനലിൽ എത്തിയിരുന്നു. പിന്നീട് സിനിമയിൽ വന്നപ്പോൾ എന്റ സ്വഭാവത്തിന് ഇണങ്ങുന്ന ചുറുചുറുക്കുളള സെക്സിയായ കഥാപാത്രത്തെ ഇപ്പോഴും ഞാൻ കാത്തിരിക്കുകയാണ്.

അനിയൻ ബാവ ചേട്ടൻ ബാവയ്ക്കു ശേഷം മലയാളം സിനിമയെ ഉപേക്ഷിച്ചോ?

തമിഴ് സിനിമയിൽ നല്ല തിരക്കുളള സമയത്തായിരുന്നു മലയാളത്തിൽ എന്റെ അരങ്ങേറ്റം. അതിനു മുമ്പും മമ്മൂട്ടിയുടെയും മോഹൻലാലിന്റെയുമൊക്കെ നായികയായി നിരവധി ഓഫറുകൾ വന്നിരുന്നു. പക്ഷേ, തിരക്ക് മൂലം ഒന്നും സ്വീകരിക്കാൻ കഴിഞ്ഞില്ല. അക്കാലത്ത് മുകേഷിന്റെ സിനിമകൾ ഞാൻ മനപ്പൂർവം ഒഴിവാക്കുന്നുവെന്നു പറഞ്ഞ് സരിതാജി എന്നോടു വഴക്കിട്ടിട്ടുണ്ട്. പിന്നീട് ഓഫർ വന്നെങ്കിലും തിരക്ക് മൂലം ഞാൻ അവയെല്ലാം ഒഴിവാക്കുകയായിരുന്നു.

അന്ന് നഷ്ടപ്പെട്ട ഏതെങ്കിലും അവസരം പിന്നീട് വിഷമിപ്പിച്ചിട്ടുണ്ടോ?

തീർച്ചയായും. ഭരതൻ സാറിനൊപ്പം ജോലി ചെയ്യുക എന്നത് എന്റെ സ്വപ്നമയിരുന്നു. അദ്ദേഹം മൂന്നു സിനിമകളിലേക്ക് നായികയായി എന്നെ ക്ഷണിച്ചു. നിർഭാഗ്യമെന്നു പറയട്ടെ അപ്പോഴൊക്കെ മറ്റു ഭാഷകളിൽ തിരക്കിലായിരുന്നു. അമൈതിപ്പടൈ എന്ന തമിഴ് സിനിമയുടെ ഷൂട്ടിങ് നടക്കുമ്പോഴാണ് ദേവരാഗത്തിലേക്കു വിളിക്കുന്നത്. ആ സിനിമയുടെ ഷൂട്ടിങ്ങും പൊളളാച്ചിയിലായിരുന്നു. രാവിലെ ദേവരാഗത്തിലും വൈകിട്ട് തമിഴ് സിനിമയിലും അഭിനയിക്കാമെന്ന് ഞാൻ അപേക്ഷിച്ചെങ്കിലും ഭരതൻ സാർ സമ്മതിച്ചില്ല. അദ്ദേഹത്തിന്റെ വിയോഗം ഇപ്പോഴും എനിക്ക് ഉൾക്കൊളളാൻ കഴിഞ്ഞിട്ടില്ല.

കേരളത്തെ ഏറെ ഇഷ്ടപ്പെടുന്നുവെന്നു പറഞ്ഞു. കേരളത്തിൽ വരാറുണ്ടോ?

കേരളവും ഗുരുവായൂരപ്പനും എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്. എന്റെ രണ്ടു മക്കളുടെയും ചോറൂണ് ഗുരുവായൂരാണ് നടത്തിയത്. നെടുമുടി വേണുച്ചേട്ടനെയാണ് അഭിനയരംഗത്ത് ഞാൻ ഏറെ ഇഷ്ടപ്പെടുന്നത്. പിന്നെ അമേരിക്കയിൽ എന്റെ ഏറ്റവും അടുത്ത സുഹ‍ൃത്തുക്കൾ മലയാളി ദമ്പതികളാണ്. അവരിലൂടെ ഞാൻ കേരളത്തെ കൂടുതൽ അറിഞ്ഞു. അവരെന്നെ കെ എന്നാണ് സ്നേഹത്തോടെ വിളിക്കുന്നത്.

രണ്ടാം വരവിൽ മലയാളത്തിലേക്കുണ്ടോ?

കഴിഞ്ഞ വർഷം ഒരു മലയാള സിനിമയിൽ അഭിനയിക്കാൻ വിളിച്ചു. ഒരു ദിവസം അഭിനയിക്കുകയും ചെയ്തു. പക്ഷേ, പെരുമാറ്റം വളരെ മോശമായിരുന്നു. ഇത്തരമൊരു അവഗണന മുമ്പ് നേരിടേണ്ടി വന്നിട്ടില്ല. അതുകൊണ്ടു തന്നെ കരാർ ഒഴിവാക്കി ഞാൻ മടങ്ങി. അതിന്റെ അണിയറക്കാരിൽ നിന്നുണ്ടായ മോശം പെരുമാറ്റം ഒരിക്കലും മറക്കില്ല. മലയാളത്തിൽ നിന്ന് നല്ല ഓഫറുകൾ ലഭിച്ചാൽ തീർച്ചയായും അഭിനയിക്കും.

സിനിമാ താരം കസ്തൂരിയെയാണ് എല്ലാവരും അറിയുന്നത്. അതിനു മുമ്പുളള കസ്തൂരി എന്തായിരുന്നു ?

സ്കൂളിലും കോളജിലും ഞാൻ ക്വിസ് മത്സരങ്ങളിൽ ഒന്നാമതായിരുന്നു. ദേശീയ മത്സരങ്ങളിലടക്കം സമ്മാനം വാങ്ങിയിട്ടുണ്ട്. ബിബിസി മാസ്റ്റർമൈൻഡ് ഫൈനലിസ്റ്റായിരുന്നു. പൊതുവിജ്ഞാനം ഞാൻ ഓർത്തിരിക്കും. പക്ഷേ, താക്കോലുകളും പഴ്സും മറ്റും എവിടെയെങ്കിലും വച്ചു മറക്കുന്നത് പതിവാണ്. ഒരിക്കൽ മൊബൈൽ ഫോൺ പരതി ഞാൻ നടന്നതു പറഞ്ഞ് ഇപ്പോഴും ഭർത്താവ് കളിയാക്കും. ഫോണിൽ സംസാരിച്ചു കൊണ്ടാണ് ഞാൻ അതു തപ്പി നടന്നത്.

എൻസിസിയിൽ ഗ്ലൈഡർ പൈലറ്റായിരുന്നു. ബങ്കീജംപിങ്, സ്കൂബ ഡൈവിങ് തുടങ്ങിയ സാഹസിക വിനോദങ്ങളും എനിക്ക് ഹരമാണ്. ഒരിക്കൽ ബാക്ക് പാക്കുമായി ആൽപ്സ് പർവതം കയറിയ ഞാൻ എല്ലാവരേയും ഞെട്ടിച്ചു. ഭർത്താവും മക്കളുമൊത്ത് നീന്തുന്നതാണ് മറ്റൊരു വിനോദം.

ജേഡ് ബേളും അമ്മമാരും

ശാലീന സുന്ദരിയായി മലയാളികളുടെ മനസ്സിൽ നിറഞ്ഞു നിന്നിരുന്ന കസ്തൂരിയുടെ ടോപ് ലെസ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമായതു പെട്ടെന്നാണ്. പല ഓൺലൈൻ മാധ്യമങ്ങളും പല വ്യാഖ്യാനങ്ങൾ നൽകിയാണ് റിപ്പോർട്ടുകൾ നൽകിയത്. കസ്തൂരിയെ വ്യക്തിപരമായി അവഹേളിക്കുന്ന പരാമർശങ്ങൾ പോലും ചില മാധ്യമങ്ങൾ നടത്തി.

ജേഡ് ബേളിൻെറ മോഡലായി കസ്തൂരി

യഥാർഥത്തിൽ ജേഡ് ബേൾ എന്ന അമേരിക്കൻ വനിതാ ഫോട്ടോഗ്രാഫറുടെ എ ബ്യൂട്ടിഫുൾ ബോഡി പ്രോജക്ട് ദി ബോഡി ഓഫ് മദേഴ്സ് എന്ന ആൽബത്തിനു വേണ്ടിയാണ് കസ്തൂരി അർധ നഗ്നയായി ക്യാമറയ്ക്കു മുന്നിൽ എത്തിയത്. കസ്തൂരിക്കു പുറമേ ഈ പദ്ധതിക്കു പിന്തുണയുമായി ലോകമെമ്പാടുമുളള വ്യത്യസ്തമേഖലയിലുളള എൺപതോളം അമ്മമാരും ജേഡിനു മുന്നിൽ പോസ് ചെയ്തിരുന്നു. ഗർഭധാരണത്തിനു മുമ്പും ശേഷവുമുളള സ്ത്രീ ശരീരമാണ് ജേഡ് ക്യാമറയിൽ പകർത്തിയത്. ഗർഭധാരണത്തിനും പ്രവസവത്തിനും ശേഷം സ്ത്രീകൾക്കുണ്ടാകുന്ന മാനസ്സിക പ്രശ്നങ്ങൾക്കെതിരേയുളള ക്യാംപെയിനായിരുന്നു പദ്ധതി.