പാല്യത്തുരുത്തിന്റെ ന്യൂസ് റീഡർ
പറവൂർ ∙ പാല്യത്തുരുത്തിലെ ‘പത്രവാണി’യ്ക്കു തൊണ്ണൂറുവയസായി. തൊലിയിൽ ചുളിവുകൾ വീണു.. വിരലിനിത്തിരി വിറയുണ്ട്. എങ്കിലും പത്രം കയ്യിലെടുക്കുമ്പോൾ വിറയില്ല. ഉച്ചത്തിൽ സ്ഫുടമായി അക്ഷരശുദ്ധിയോടെ നാലാൾ കേൾക്കെ വായിച്ചു തുടങ്ങും. ഈ ശീലം തുടങ്ങിയിട്ടു വർഷം പലതായി.
പാല്യത്തുരുത്തിലെ വാവക്കാടുള്ള പെട്ടിക്കടയുടെ മുന്നിലിരുന്ന് ഉറക്കെ പത്രംവായിക്കുന്നതു സത്യഭാമയാണ്. പെട്ടിക്കട നടത്തുന്ന േചച്ചിയുടെ പേരും സത്യഭാമ എന്നു തന്നെയാണ്. അതുകൊണ്ടു പത്രം വായിക്കുന്ന സത്യഭാമയെ അവർ ‘തങ്കമ്മച്ചേച്ചി എന്നു വിളിക്കാൻ തുടങ്ങി. ഇപ്പോൾ ഈ പേരു പറഞ്ഞാലേ നാട്ടുകാരറിയൂ. പുലർച്ചെ കുളിച്ചു കുറിതൊട്ടു വൃത്തിയുള്ള വേഷം ധരിച്ചു തങ്കമ്മച്ചേച്ചി കടയ്ക്കു മുന്നിലെത്തും. ഏഴുമണിയോടെ പത്രമെത്തും.
ആദ്യം താളുകൾ മറിച്ചുനോക്കിയൊരു വിലയിരുത്തൽ. പിന്നീട് ആദ്യപേജ് മുതൽ വായന തുടങ്ങും. കടയിൽ സാധനം വാങ്ങാനെത്തുന്ന പലരും പത്രവായനകേട്ടു നിൽക്കും. തങ്കമ്മച്ചേച്ചിയുടെ വായനകേട്ടു വാർത്തകൾ അറിയാമല്ലോ എന്നുകരുതി എത്തുന്നവരുമുണ്ട്. ഗ്രാമീണമേഖലയാണു വാവക്കാട്. അധികം കടകളില്ല. പരിസരവാസികളായ സത്രീകൾ ഒത്തുകൂടുന്ന സ്ഥലം കൂടിയാണിത്.
പത്രവായന കേൾക്കുന്നത് ഇവർക്കും സന്തോഷമാണ്. തങ്കമ്മച്ചേച്ചിയുടെ വായനകണ്ടു വായനാശീലം തുടങ്ങിയവരുമുണ്ട്. പത്രത്തിന്റെ തുടക്കം മുതൽ ഒടുക്കം വരെ വായിച്ചശേഷം മാത്രമേ ചേച്ചി വീട്ടിലേക്കു മടങ്ങൂ. പോകാൻ നേരം ആ കണ്ണട കൂടിയെടുത്തോ എന്നാരും ഇതുവരെ പറയാനിടയായിട്ടില്ല. കാരണം തൊണ്ണൂറാം വയസിലും വായിക്കാൻ ചേച്ചിക്കു കണ്ണട വേണ്ട. വാവക്കാട് വെൺമണിശ്ശേരി പാപ്പുട്ടിയുടെ ഭാര്യയായ തങ്കമ്മ മകൾ ഐഷയുടെ ഒപ്പമാണു താമസം.
റോസ് ജോണി റോക്ക്സ്
മൂവാറ്റുപുഴ ∙ പഴയ പാട്ടുകൾ കടമെടുത്തു മ്യൂസിക് ബാൻഡ് തട്ടികൂട്ടുന്ന പുതിയ തലമുറയിലെ പിള്ളേർ റോസ് ജോണിയെ ഒന്നു കാണണം. ഒന്നിനുമല്ല, വെറുതെ അനുഭവങ്ങൾ കേട്ടിരിക്കണം. 30 വർഷം മുൻപു ബ്രോക്കൺ സോവനീറും, അയാം ബോൺ ഓൺ ഗ്രൗണ്ട് സീറോയുമായി പാശ്ചാത്യ സംഗീതത്തിന്റെ ചടുലതയും വേഗവും മലയാളി സംഗീത പ്രേമികളിലേക്കെത്തിച്ച 13 എഡിയിലെ സ്വന്തം ഗായികയാണിവർ.
മൂവാറ്റുപുഴയിലെ ഐഇഎൽടിഎസ് ഇൻസ്ട്രക്ടറായി ജോലി ചെയ്യുന്ന റോസ് ജോണി ഇടയ്ക്കിടെ ചില ടിവി ഷോകളിൽ ഇപ്പോഴും പ്രത്യക്ഷപ്പെടാറുണ്ട്. റോക്കും മെറ്റലും കൊണ്ടു കൊച്ചിയിലെ ഫ്രീക്ക് പയ്യന്മാർ ‘തേർട്ടീൻ എഡി’ എന്ന പേരിൽ തുടങ്ങിയ മ്യൂസിക് ബാൻഡിലെ ആദ്യ ഗായിക റോസി നാൽപ്പത്താഞ്ചാമത്തെ വയസിലും സംഗീതത്തെ മറന്നിട്ടില്ല.
13എഡിയിലെ കരുത്തുള്ള മനോഹര ശബ്ദമായിരുന്നു റോസിന്റേത്. ഒപ്പം മൃദുത്വമുള്ള അനായാസ ശൈലിയിൽ സഹോദരി സെറീനയും വേദികളിൽ പാടാനെത്തി. 13 എഡി ഇടയ്ക്കെപ്പോഴോ നിശബ്ദമായെങ്കിലും റോസ് ജോണി സംഗീതവഴിയിലെ സഞ്ചാരം തുടരുകയാണ്. ഭർത്താവ് ജോണിയും കുട്ടികളും റോസിനു പിന്തുണയുമായി കൂടെയുണ്ട്.
ചരിത്രത്തിന്റെ ശേഖരം
പറവൂർ ∙ കാശു സൂക്ഷിക്കുന്ന ഈ ഹോബിക്ക് കാശുചെലവുണ്ടെന്നു പറയാൻ സുശീലയ്ക്കു മടിയില്ല. സമ്പന്നയായതുകൊണ്ടല്ല ഇത്. ചരിത്രവും കാലവും നാണ്യവ്യവസ്ഥയുമൊക്കെ അടയാളപ്പെടുത്താനുളള താൽപര്യവും ഇതിനു പിന്നിലുണ്ട്. പറവൂർ കണ്ണൻപറമ്പിൽ ഗോവിന്ദ ഷേണായിയുടെ ഭാര്യ സുശീലയ്ക്കു മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ തുടങ്ങിയതാണ് ഈ ശീലം. ഇന്നും അതു തുടരുന്നു.
നാണയങ്ങളുടെയും സ്റ്റാംപുകളുടെയും വിലമതിക്കാനാവാത്ത ശേഖരമാണ് ഈ വീട്ടമ്മയുടെ കയ്യിലുള്ളത്. ഇന്ത്യ പുറത്തിറക്കിയ വിവിധ നാണയങ്ങൾ ഇക്കൂട്ടത്തിലുണ്ട്. 1000, 500, 150, 60 രൂപയുടെ നാണയത്തുട്ടുകൾ, ഒരുകാശ്, ഒരു പണം തുടങ്ങിയ പഴയ നാണയങ്ങൾ. ഒരേ നാണയത്തിന്റ വിവിധ ഡിസൈനുകൾ, വിവിധ കാലഘട്ടങ്ങളിൽ ഇറങ്ങിയ നാണയങ്ങൾ എന്നിവയും കാണാം. അഞ്ചു രൂപയുടെ മാത്രം 45 വ്യത്യസ്ത ഡിനൈസുകളുണ്ട്. 10, 20, 50, 100, 500 രൂപയുടെ വിവിധ തരം കറൻസി നോട്ടുകളും കാണാം. ഒറ്റനോട്ടത്തിൽ ഒരു പോലെ തോന്നുമെങ്കിലും സൂക്ഷിച്ചു നോക്കിയാലെ വ്യത്യാസം തിരിച്ചറിയാനാകൂ.
വിദേശരാജ്യങ്ങളുടെ നാണയങ്ങളും കറൻസികളും സ്റ്റാംപുകളും ശേഖരത്തിലുണ്ട്. എന്നാൽ, ഇന്ത്യൻ നാണയങ്ങളും നോട്ടുകളും ശേഖരിക്കാനാണു കൂടുതൽ ഇഷ്ടമെന്നു സുശീല പറയുന്നു. പ്രമുഖ വ്യക്തികൾ, ക്ഷേത്രങ്ങൾ, കെട്ടിടങ്ങൾ തുടങ്ങിയവയുടെ ചിത്രങ്ങൾ ആലേഖനം ചെയ്ത സ്റ്റാംപുകൾ, പഞ്ചതന്ത്രം കഥയുമായി ബന്ധപ്പെട്ട സ്റ്റാംപുകൾ, വിവിധ ആകൃതിയിലുള്ള സ്റ്റാംപുകൾ എന്നിവ ശേഖരത്തിലെ അപൂർവനിധികളാണ്.
വിവാഹബന്ധങ്ങളുടെ ഇണക്കക്കാരി
കൊച്ചി ∙ സ്കൂട്ടറിൽ പാഞ്ഞു വരുന്ന രമണിച്ചേച്ചിയെ തടഞ്ഞുനിർത്തി പലരും ചോദിക്കും : ‘എന്തൊരു സ്പീഡാണു ചേച്ചി, ഒന്നു പതുക്കെ പൊയ്ക്കൂടെ.. ?’ ‘ഒരു ജീവിതപ്രശ്നമല്ലേ, സ്പീഡ് വേണ്ടേ ?’ ഇതായിരിക്കും മറുപടി.
വണ്ടി തടഞ്ഞു നിർത്തിയ ആളും പറയും : ‘ഇതുമൊരു ജീവിതപ്രശ്നം തന്നയാ. എന്റെ കൊച്ചിനൊരു നല്ല ജീവിതപങ്കാളിയെ കണ്ടുപിടിച്ചുതരണം..’
നഗരത്തിലെ ഏറ്റവും തിരക്കുള്ള വനിതാ കല്യാണ ബ്രോക്കർമാരിൽ ഒരാളാണു വെണ്ണല ഇഞ്ചിക്കാട്ടുപറമ്പിൽ ടി.ടി. രമണിയെന്ന അറുപത്തഞ്ചുകാരി. 35 വർഷമായി രമണി ഈ തൊഴിലെടുക്കുന്നു. ഇതുവരെ നടത്തിയ വിവാഹങ്ങൾ ആയിരം കവിയും.
‘നെഞ്ചത്തു കൈവച്ചു പറയാം. ഒന്നുപോലും തെറ്റിപ്പിരിഞ്ഞിട്ടില്ല. സത്യസന്ധമായി ചെയ്യുന്ന തൊഴിലാണ്. പെഴയ്ക്കത്തില്ല.’
കല്യാണപാർട്ടിക്കാർ കാശു തരാതിരിക്കാൻ പല അടവുകളും എടുക്കാറുണ്ടന്നു രമണി പറയുന്നു.
‘നല്ല ബന്ധം കൊണ്ടു ചെല്ലുന്നതുവരെയേ മൂന്നാത്തിക്കു സ്ഥാനം കാണൂ. പിന്നെ രണ്ടുകൂട്ടരും ഒക്കും. നമുക്കു തരേണ്ട കാശു കുറവു ചെയ്യാമല്ലോ. എല്ലാവരും ഇങ്ങനെയില്ല. കൃത്യമായ കാശു തരുന്നവരുമുണ്ട.് മൊബൈൽ ഫോണൊക്കെ വന്നേപ്പിന്നെ പഴേ കാലത്തെപ്പോലെ കളർഫോട്ടോയൊന്നും കൊണ്ടു നടക്കേണ്ട. പെണ്ണും ചെറുക്കനും വാട്സാപ്പിലൂടെ ഫോട്ടോ കൈമാറും. ഫെയ്സ് ബുക്കൊക്കെ ഉണ്ടല്ലോ. അതിൽ ചാറ്റും നടത്തും. ഇതൊക്കെ ചീറ്റിങ്ങാണെന്നു കരുതുന്ന ചില കാർന്നോന്മാരുണ്ട്. അവരു പറയും രമണീ കാര്യങ്ങൾ ശരിക്കൊന്നു തിരക്കി വരണേയെന്ന്. ’
വേദന നിറഞ്ഞതായിരുന്നു ബാല്യം. മൺപാത്രമുണ്ടാക്കി കിലോമീറ്ററുകൾ നടന്നു വിറ്റിട്ടുണ്ട്. വിവാഹബന്ധങ്ങളുടെ ഇണക്കക്കാരിയായി മാറിയപ്പോഴാണു ജീവിതം പച്ചപിടിച്ചത്. ഇപ്പോൾ സ്വന്തമായി വീടു വച്ചു. നടക്കാൻ പ്രയാസം വന്നപ്പോൾ സ്കൂട്ടർ വാങ്ങി.