തിരുവനന്തപുരം∙ ജീവിതത്തിൽ ഒന്നിനുപിറകെ ഒന്നായി ദുരന്തങ്ങൾ വേട്ടയാടിയപ്പോഴും അരങ്ങിൽ കലയോടുള്ള സമർപ്പണത്തിന്റെ പ്രതിരൂപമായി മാർഗി സതി. കൂടിയാട്ടത്തിനും നങ്ങ്യാർകൂത്തിനും രാജ്യാന്തരപ്രശസ്തി നേടിക്കൊടുക്കുന്നതിൽ മുഖ്യ പങ്കുവഹിച്ച കലാകാരിയെയാണ് സതിയുടെ വിയോഗത്തിലൂടെ നഷ്ടമാകുന്നത്. സതിയുടെ ജീവിതം തന്നെ കലയ്ക്കു വേണ്ടിയായിരുന്നു.
നങ്ങ്യാർകൂത്ത് പ്രമേയമായി ‘നോട്ടം’ എന്ന സിനിമയെടുക്കാൻ തീരുമാനിച്ച ശശി പറവൂർ കലാകാരിയായി അഭിനയിക്കാൻ സതിയെയാണ് സമീപിച്ചത്. സതിയുടെ ഭർത്താവ് സുബ്രഹ്മണ്യൻ പോറ്റിയാണ് സതിയെ നിർബന്ധിച്ച് അഭിനയിപ്പിക്കാൻ മുന്നിൽ നിന്നത്.
‘നോട്ട’ത്തിന്റെ ഷൂട്ടിങ് ആരംഭിക്കുന്നതിനു തൊട്ടുമുൻപ് സതിയുടെ അച്ഛൻ സുബ്രഹ്മണ്യൻ എമ്പ്രാന്തിരി മരിച്ചു. മരണാനന്തരച്ചടങ്ങുകൾ കഴിഞ്ഞയുടൻ സതി വീണ്ടും അരങ്ങത്തേക്കു വന്നു.
കോട്ടയ്ക്കകത്തെ മാർഗി കലാകേന്ദ്രത്തിൽ ‘നോട്ട’ത്തിന്റെ ഷൂട്ടിങ് റിഹേഴ്സലിനു സതിയെത്തി. അടുത്ത ദുരന്തം അവിടെ സതിയെ കാത്തിരിക്കുന്നുണ്ടായിരുന്നു. മിഴാവ് ചൂടാക്കാൻ ബൾബ് പ്രവർത്തിപ്പിക്കുന്നതിനിടെ ഷോക്കേറ്റ് സുബ്രഹ്മണ്യൻ പോറ്റി മരിച്ചു.
അപ്രതീക്ഷിതമായ വിയോഗം സതിയെ തളർത്തി. സുബ്രഹ്മണ്യൻ പോറ്റി സതിക്കു ഭർത്താവു മാത്രമായിരുന്നില്ല. സതി എന്ന കലാകാരിയെ ലോകത്തോളം വലുതാക്കിയത് പോറ്റിയുടെ പരിശ്രമങ്ങൾ കൂടിയായിരുന്നു. ഒരർഥത്തിൽ മാർഗി സതിയെന്ന കലാകാരിയുടെ ശിൽപിയായിരുന്നു അദ്ദേഹം.
ഭർത്താവിന്റെ അകാലവിയോഗത്തിൽ മനംനൊന്ത് കഴിയുകയായിരുന്ന സതിയെ വീണ്ടും അരങ്ങത്തേക്കു നയിച്ചത് സുബ്രഹ്മണ്യൻ പോറ്റിയുടെ പിതാവ് നാരായണൻ പോറ്റിയാണ്. സതി സിനിമയിൽ അഭിനയിക്കുന്നതു കാണാൻ ഏറ്റവും കൂടുതൽ ആഗ്രഹിച്ചിരുന്നത് സുബ്രഹ്മണ്യനായിരുന്നുവെന്നും അദ്ദേഹത്തിന്റെ ആഗ്രഹം നിറവേറ്റണമെന്നുമുള്ള നാരായണൻ പോറ്റിയുടെ വാക്കുകളാണ് അവരെ വീണ്ടും ക്യാമറയ്ക്കു മുന്നിലെത്തിച്ചത്.
പക്ഷേ, വിധി വീണ്ടും സതിയെ പരീക്ഷിച്ചു. ഷൂട്ടിങ് തുടങ്ങി അധികദിവസം കഴിയുന്നതിനു മുൻപ് നാരായണൻ പോറ്റിയും മരണത്തിനു കീഴടങ്ങി. ദുരന്തങ്ങളേറ്റുവാങ്ങി ശീലമായ മനസുമായി സതി ഷൂട്ടിങ് പൂർത്തിയാക്കി. കലയോടുള്ള അവരുടെ ആത്മാർഥതയുടെ നേർക്കാഴ്ച കൂടിയായിരുന്നു ആ വേഷം.
പതിനൊന്നാം വയസിലാണ് സതി കൂടിയാട്ടത്തിന്റെ ലോകത്തെത്തുന്നത്. കലാമണ്ഡലത്തിൽ പൈങ്കുളം രാമചാക്യാർ, മാണി മാധവ ചാക്യാർ, അമ്മന്നൂർ മാധവ ചാക്യാർ എന്നീ പ്രഗൽഭരായിരുന്നു ഗുരുക്കന്മാർ.
എട്ടുവർഷത്തെ പഠനത്തിനുശേഷമാണ് വിവാഹിതയായി തിരുവനന്തപുരത്തെത്തുന്നത്. മാർഗിയിൽ ഡി. അപ്പുക്കുട്ടൻ നായർ, ഡോ. കെ. അയ്യപ്പപ്പണിക്കർ എന്നിവരുടെ കീഴിൽ കൂടിയാട്ടത്തെ പരിഷ്കരിക്കാനുള്ള ശ്രമങ്ങൾക്കു നേതൃത്വം നൽകി.
ഇതിനിടെ പത്മശ്രീ പി.കെ. നമ്പ്യാരുടെ കീഴിൽ നങ്ങ്യാർകൂത്ത് പഠനം. 2001ൽ പാരിസിലെ യുനെസ്കോ ആസ്ഥാനമന്ദിരത്തിൽ കൂടിയാട്ടം അവതരിപ്പിക്കാനുള്ള അവസരം. കൂടിയാട്ടത്തിനു ലോകപൈതൃകകലാപദവി പ്രഖ്യാപിക്കുന്ന വേദി കൂടിയായിരുന്നു അത്.
2005ൽ സതിക്ക് സർക്കാർ കലാമണ്ഡലത്തിൽ കൂടിയാട്ടം അധ്യാപികയായി ജോലി നൽകി.നങ്ങ്യർകൂത്തിൽ ശ്രീരാമചരിതം, ഭക്തമീര, സീതായനം തുടങ്ങിയവയുടെ രചന നിർവഹിച്ചതും മാർഗി സതിയാണ്.
കലാദർപ്പണം, നാട്യരത്ന, തുഞ്ചൻ സ്മാരകപുരസ്കാരം തുടങ്ങി ഒട്ടേറെ അംഗീകാരങ്ങളും തേടിയെത്തി.സതിയുടെ മക്കളായ രേവതിയും ദേവനാരായണനും കലയുടെ ലോകത്തു തന്നെയുണ്ട്.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.