വിഷുവെത്തും മുമ്പ് പൂത്തുലഞ്ഞ കണിക്കൊന്ന മരങ്ങൾക്കിടയിൽ ഇനിയെന്നും അൽപം തലക്കനത്തോടെ പൂത്തുനിൽക്കും കൊച്ചി കലൂരിലെ പപ്പടവട എന്ന റസ്റ്റോറൻറിനു മുന്നിൽ നിൽക്കുന്ന നന്മമരം എന്ന കൊന്നമരം.
വിശക്കുന്നവന് സൗജന്യമായി ആഹാരം നൽകാൻ ഉള്ളുനിറയെ ഭക്ഷണവുമായി 24 മണിക്കൂറും പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഒരു ഫ്രിഡ്ജ് ഉണ്ട് ഈ നന്മമരത്തിൻെറ ചുവട്ടിൽ. പപ്പടവട എന്ന റസ്റ്റോറൻറിൻെറ രണ്ടാമത്തെ ഒൗട്ട്ലെറ്റിൻെറ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് റെസ്റ്റോറൻറിനു മുന്നിൽ ഭക്ഷണം സൂക്ഷിക്കാൻ ഒരു റെഫ്രിജറേറ്റർ കൂടയൊരുക്കാൻ റസ്റ്റോറൻറിൻെറ സാരഥിയായ മിനു പൗളിൻ തയാറായത്.
ഭക്ഷണം പാഴാക്കുവാനുള്ളതല്ല അത് വിശക്കുന്നവർക്ക് നൽകുകയാണ് വേണ്ടത്. അർഹതയുള്ളവർക്ക് അത് എങ്ങനെയെത്തിക്കാം എന്ന ചിന്തയാണ് ഈ നന്മ മരത്തിൻെറ പിറവിക്കു പിന്നിലെന്ന് മിനു പറയുന്നു. റസ്റ്റോറൻറിൽ നിന്ന് ദിവസം 50 പൊതി ഭക്ഷണമാണ് ഈ റെഫ്രിജറേറ്ററിൽ വയ്ക്കുന്നത്. അതുകൂടാതെ സമീപ പ്രദേശത്തെ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ഭക്ഷണം ഈ റഫ്രിജറേറ്ററിൽ വെയ്ക്കാനുള്ള അവസരവും ഒരുക്കുന്നുണ്ട്. പക്ഷെ ഒരു നിബന്ധന മാത്രം. ഭക്ഷണം എന്നാണ് തയാറാക്കിയതെന്ന് ഭക്ഷണപ്പൊതിയിൽ വ്യക്തമായി രേഖപ്പെടുത്തണം.
റഫ്രിജറേറ്റർ പ്രവർത്തിക്കുന്നതിനാവശ്യമായ വൈദ്യുതി ചിലവും ആഴ്ചയിൽ രണ്ടു പ്രാവശ്യം റഫ്രിജറേറ്റർ വൃത്തിയാക്കേണ്ട ഉത്തരവാദിത്തവും പപ്പടവടയ്ക്കാണ്.