Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നക്‌ഷത്രങ്ങളുടെ വീട്

Prem Prakash with family പ്രേം പ്രകാശ്, സ‍ഞ്ജയ്, ബോബി, ഡെ‌യ്സി, തങ്കം

പ്രേം നസീർ മുതൽ ആസിഫ് അലി വരെ പല തലമുറകൾക്ക് ഒപ്പം തിളങ്ങിയ പ്രേം പ്രകാശിന്റെ അരനൂറ്റാണ്ട് തൊടുന്ന സിനിമാ ജീവിതത്തിലേക്ക്.

നക്ഷത്രങ്ങളോടു ചേർന്നായിരുന്നു എന്നും പ്രേംപ്രകാശിന്റെ സഞ്ചാരം. ചെറുപ്പത്തിൽ സിനിമയിൽ ജ്വലിച്ചു നിന്ന ചേട്ടൻ ജോസ്പ്രകാശ്. പിന്നീട് നിർമാണത്തിലേക്കും അഭിനയത്തി ലേക്കും തിരിഞ്ഞപ്പോൾ സിനിമയിലെ സൂപ്പർ താരങ്ങൾ, ഇപ്പോൾ തിരക്കഥാരംഗത്തെ മിന്നും താരങ്ങളായ മക്കൾ ബോബിയും സ‍ഞ്ജയും.

നേട്ടങ്ങളുടെ തിളക്കം ഒരു പാട് പറയാനുണ്ടെങ്കിലും അതിനൊന്നും പുറപ്പെടാതെ കോട്ടയത്തെ വീട്ടിൽ ഒതുങ്ങിക്കഴിയുകയായിരുന്നു പ്രേംപ്രകാശ്. പക്ഷേ, അഭിനയത്തിന്റെ പ്രകാശം പര ത്താൻ വീണ്ടും ക്ഷണിച്ചത് മക്കളുടെ തൂലിക.

ആസിഫ് അലി നായകനായ ‘നിർണായകം’ എന്ന സിനിമയിലെ പ്രധാന കഥാപാത്രത്തെ തിരഞ്ഞെടുക്കാനുളള സ്വതന്ത്യ്രം സംവിധായകൻ വി.കെ.പ്രകാശ് തിരക്കഥാകൃത്തുക്കൾക്കു നൽകി. അതോടെ കലാമൂല്യമുളള ചിത്രങ്ങളുടെ നിർമാതാവ് എന്നതിനപ്പുറം പ്രതിഭയുളള തിളക്കമുളള നടൻ എന്ന പേരു കൂടി സ്വന്തമാക്കി പ്രേംപ്രകാശ്.

ഒട്ടേറെ സൂപ്പർഹിറ്റുകൾ ഒരുക്കിയ ബോബിയുടെയും സഞ്ജ യുടേയും തിരഞ്ഞെടുപ്പ് തെറ്റില്ലെന്ന് വി.കെ.പിക്കു ഉറപ്പായിരുന്നു. അങ്ങനെ പ്രേംപ്രകാശ് വീണ്ടും ക്യാമറയ്ക്കു മുന്നിലെ ത്തി. അറുപതു സിനിമകൾ പിന്നിട്ട പ്രേംപ്രകാശിന്റെ അഭിനയ ജീവിതത്തിലെ നക്ഷത്ര തിളക്കമുളള കഥാപാത്രം. ഇപ്പോഴിതാ അര നൂറ്റാണ്ട് കാലത്തെ സിനിമാ അനുഭവങ്ങൾക്കൊപ്പം പ്രേംപ്രകാശ് കോട്ടയത്തെ വീട്ടിൽ.

നല്ല തുടക്കം കിട്ടിയിട്ടും എന്താണ് നടനെന്ന നിലയിൽ തുടരാതിരുന്നത് ?

ജോസ് പ്രകാശിന്റെ അനിയൻ എന്ന സ്ഥാനം ഉളളതു കൊണ്ട് സിനിമാപ്രവേശം എനിക്ക് അത്ര ബുദ്ധിമുട്ടുളള കാര്യമായിരുന്നില്ല. പക്ഷേ, സിനിമയിൽ അഭിനയിക്കുക എന്ന ലക്ഷ്യമായിരുന്നില്ല ആദ്യം ഉണ്ടായിരുന്നത്. പാട്ടിലായിരുന്നു താൽപര്യം.

ഞാൻ സി.എം.എസ് കോളജിൽ പഠിക്കുമ്പോൾ ചേട്ടൻ സിനി മയിൽ സ്റ്റാറാണ്. വീട്ടിൽ എട്ടാമനായിരുന്നു ഞാൻ. ജോസ് പ്രകാശ് ആയിരുന്നു. ഏറ്റവും മൂത്തയാള്‍. ‍ഞാനും ചേട്ടനും തമ്മിൽ പതിനേഴു വയസ്സിന്റെ വ്യത്യാസം ഉണ്ട്. സിനിമയിൽ പാടണമെന്ന് ഒരിക്കൽ ചേട്ടനോട് പറഞ്ഞു. എന്റെ താല്‍പര്യം ചേട്ടൻ സംഗീത സംവിധായകൻ എംഎസ് ബാബുരാജിനെ അറിയിച്ചു. അങ്ങനെ കാർത്തിക എന്ന സിനിമയിൽ പാടാൻ ഞാൻ മദ്രാസിലെത്തി. ബാബുക്ക തന്നെ പാട്ട് പഠിപ്പി ച്ചു.‘പാവാടപ്രായത്തിൽ, നിന്നെ ഞാൻ കണ്ടപ്പോൾ’..

ഞാൻ ആകെ ത്രില്ലിലായി, പക്ഷേ, റെക്കോഡിങ്ങിനു രണ്ടു ദിവസം മുമ്പാണ് മറ്റൊരു ട്വിസ്റ്റ്. ഈ സിനിമയിലെ രണ്ടു പാട്ട് യേശുദാസ് പാടണമെന്നാണ് നേരത്തെയുളള ധാരണ. ആകെ രണ്ടു പാട്ടേ ഉളളൂ താനും. അങ്ങനെ ആ പാട്ട് യേശുദാസ് പാടി. ചിത്രത്തിൽ അശരീരി പോലെ ഒരു ആറു വരി ഗാനമുണ്ട്. അതു ബാബുക്ക എന്നെക്കൊണ്ട് പാടിച്ചു. അശരീരിയെങ്കിൽ അശരീരി. എനിക്കത് വലിയ സന്തോഷമായി. സിനിമയിലൂടെ എന്റെ ശബ്ദം എല്ലാവരും കേട്ടല്ലോ.

പിന്നെ, അഭിനയിക്കണം എന്ന മോഹമായി. അതിനും ചേട്ടൻ തന്നെയാണ് വഴിയൊരുക്കിയത്. കെ.എസ്. സേതുമാധവൻ സാർ സംവിധാനം ചെയ്ത ‘അരനാഴിക നേരം’ ആണ് ആദ്യ സിനിമ. നാലേ നാല് സീനേ ഉളളൂ. പക്ഷേ, അന്നനുഭവിച്ച സന്തോഷം ഒരു കാലത്തും മറക്കില്ല. കൊട്ടാരക്കര ശ്രീധരൻ നായർ, സത്യൻ. നസീർ, അടൂർ ഭാസി, ഉമ്മർ, ശങ്കരാടി, ഗോവിന്ദൻ കുട്ടി, ഷീല, രാഗിണി, അംബിക തുടങ്ങിയ അന്നത്തെ താര ദൈവങ്ങളോടൊപ്പമായിരുന്നു അഭിനയം.

രണ്ടു സിനിമകളിലൂടെ മുഖം കാണിച്ചു നാട്ടിലേക്കു മടങ്ങി. കോട്ടയത്ത് ഞങ്ങൾക്ക് തേയില മൊത്ത വ്യാപാരമുണ്ട്. ഏറ്റവും ഇളയ ആൾ എന്ന നിലയിൽ ബിസിനസ് നോക്കിനടത്താൻ എന്നെയാണ് അപ്പൻ ‌ഉദ്ദേശിച്ചിരുന്നത്. നാട്ടിൽ വന്ന് ചേട്ടന്റെ നാടക ട്രൂപ്പിൽ രഹസ്യമായി സജീവമായി. പക്ഷേ, നാടകം തട്ടേൽ കയറുന്നതിന്റെ തലേ ദിവസം അപ്പൻ വിവരം അറിഞ്ഞു. എന്നെ നാടകം കളിപ്പിക്കാൻ അനുവാദം ചോദിക്കാൻ ചെന്ന ചേട്ടനു നല്ല വഴക്ക് കിട്ടി.

‘നീയോ സിനിമയെന്നു പറഞ്ഞു നടക്കുന്നു, ബാക്കി എല്ലാവരും ഓരോ വഴിക്കായി. ഈ ബിസിനസ് പിന്നെ, കറിയാച്ചനല്ലാതെ ആരു നടത്തും?’ സിനിമയില്‍ നായകനെ വരെ വിറപ്പിച്ചിരുന്ന ചേട്ടനു പിന്നെ മിണ്ടാൻ കഴിഞ്ഞില്ല. അങ്ങനെ എന്റെ ജീവിതം തേയിലക്കുളളിലായി. കോട്ടയത്തെ പ്രകാശ് ടീ എന്ന ഞങ്ങളു ടെ സ്ഥാപനം നടത്തി ഒതുങ്ങിയിരിക്കുമ്പോഴും മനസ്സിൽ സിനിമ തന്നെയായിരുന്നു.

കറിയാച്ചന്‍ എപ്പോഴാണ് പ്രേംപ്രകാശായത് ?

അക്കാലത്ത് കോട്ടയം വൈഎംസിഎയിൽ എല്ല വർഷവും സംസ്ഥാനതലത്തിലുളള കലാമൽസരങ്ങൾ നടക്കും. തുടർച്ചയായി രണ്ടുവർഷം പാട്ടിന് എനിക്കായിരുന്നു ഒന്നാം സ്ഥാനം. വനിത ചീഫ് എഡിറ്ററായിരുന്ന മിസ്സിസ് കെ.എം.മാത്യു അന്ന് കലാമൽസരങ്ങളുടെ നടത്തിപ്പില്‍ സജീവമായി പങ്കെടുത്തി‌രുന്നു. അന്നമ്മ കൊച്ചമ്മയെന്നാണ് മിസിസ് കെ.എം.മാത്യു വിനെ ഞങ്ങൾ വിളിച്ചിരുന്നത്. രണ്ടാം വട്ടവും സമ്മാനം നേടിയപ്പോൾ അവർ എന്നെ ശ്രദ്ധിച്ചു. എന്നെക്കാളുപരി എന്റെ പേര്. ‘സംഗീതം ഒന്നാം സ്ഥാനം കറിയാച്ചൻ’ എന്നു കേൾക്കുമ്പോൾ ആർക്കുമൊരു ചിരി വരില്ലേ....

‘കലാരംഗത്ത് തുടരുമ്പോൾ ശ്രദ്ധ കിട്ടുന്ന ഒരു പേരല്ലേ നല്ലത്. അന്നമ്മ കൊച്ചമ്മ ചോദിച്ചു. പ്രേംനസീറാണ് അന്ന് തരംഗം. വലിയ രൂപഭംഗിയൊന്നും അവകാശപ്പെടാനില്ലെങ്കിലും പ്രേം നസീറിന്റെ പേരിലെ പ്രേം ചേര്‍ന്നൊരു പേര് എനിക്ക് നിർദേശിച്ചു. അങ്ങനെ കറിയാച്ചൻ പ്രേംപ്രകാശായി.

സിനിമയിലേക്കുളള രണ്ടാം വരവ് എങ്ങനെയാണ്?

Prem Prakash പ്രേം പ്രകാശ്

ഫുള്‍ടൈം ബിസിനസിലേക്കു കടന്നപ്പോൾ ചെറിയ വേഷങ്ങൾക്കു പോലും പോവാൻ പറ്റാതായി. വിവാഹം കഴിഞ്ഞു. ഭാര്യ ഡെ‌യ്സി കോട്ടയം ബിസിഎം കോളജിൽ ഇംഗ്ലീഷ് അധ്യാപികയായിരുന്നു. ഒരിക്കൽ റീഡേഴ്സ് ഡൈജസ്റ്റിൽ വന്ന ഒരു അനുഭവ കഥ സിനിമയാക്കിയാൽ നന്നാകുമോ എന്നു നോക്കാൻ അവള്‍ പറഞ്ഞു. എനിക്കും അത് ഇഷ്ടമായി. പത്മരാജൻ ആണ് അന്ന് തിളങ്ങി നിൽക്കുന്ന തിരക്കഥാകൃത്ത്. അദ്ദേഹത്തെക്കൊണ്ട് തിരക്കഥയെഴുതിച്ച് ഐവി.ശശിയെ ക്കൊണ്ട് സംവിധാനം ചെയ്യിക്കണമെന്നായിരുന്നു മോഹം. തിരുവനന്തപുരത്ത് പോയി പത്മരാജനെ കഥ കാണിച്ചു. കഥ വായിച്ച് താടി ഉഴിഞ്ഞു അൽപനേരം ഇരുന്ന ശേഷം അദ്ദേഹം പറഞ്ഞു. ‘ഈ കഥ സിനിമയാക്കിയാൽ അത് നേരത്തെ ആയി പ്പോകും. ഡ്രഗ് അഡിക്ടായ ഒരാളുടെ ജീവിതകഥ മനസ്സിലാക്കു ന്ന സാഹചര്യം ഇപ്പോള്‍ നമ്മുടെ നാട്ടിലില്ല. അതുകൊണ്ട് ഒഴിവാക്കുന്നതാകും നല്ലത്.’

ആ വാക്കുകൾ കേട്ട് എനിക്ക് നിരാശയായി. അതു മനസ്സിലാക്കിയിട്ടാകും അദ്ദേഹം പറഞ്ഞു.‘എന്റെയൊരു കഥ ഇപ്പോൾ ഒരു ആഴ്ചപ്പതിപ്പില്‍ വരുന്നുണ്ട്. അതു സിനിമയാക്കാം. പക്ഷേ, അത് മറ്റൊരാൾ ചെയ്യുന്നത് എനിക്കിഷ്ടമല്ല. ഏതെങ്കിലും കാലത്ത് സംവിധാനം ചെയ്താൽ അതിനുവേണ്ടി ഞാൻ മാറ്റിവച്ചിരിക്കുന്ന കഥ ആണത്.’

പത്മരാജൻ സംവിധാനം ചെയ്യുമെങ്കിൽ അത് നിർമിക്കാൻ എനിക്കു താൽപര്യമുണ്ട്. അങ്ങനെയൊരു മറുപടി എന്നിൽ നിന്ന് അദ്ദേഹം പ്രതീക്ഷിച്ചിരുന്നില്ല.

‘ആലോചിക്കണം. ഞാൻ വിളിക്കാം.’

ഞാൻ നാട്ടിലെത്തി മൂന്നാഴ്ച കഴിഞ്ഞപ്പോൾ വിളി വന്നു. ‘നമുക്ക് ഈ സിനിമ ചെയ്യാം’ അങ്ങനെയാണു 1978 ൽ ‘പെരുവഴിയമ്പലം’ എന്ന സിനിമ ഉണ്ടാകുന്നത്. സംവിധായകനായി പത്മരാജന്റെയും നടനായി അശോകന്റെയും നിർമാതാവായി എന്റെയും തുടക്കം.

ഒന്നേമുക്കാൽ ലക്ഷം രൂപയായിരുന്നു ആകെ ച‌െലവ്. ഏറ്റവും ഉയർന്ന പ്രതിഫലം നൽകിയത് ഭരത് ഗോപിക്ക്, ഏഴായിരം രൂപ. തിയറ്ററില്‍ നിന്നു വലിയ വരുമാനം ഒന്നും കിട്ടിയില്ല. പക്ഷേ, ചിത്രത്തിനു ദേശീയ അവാർഡ് കിട്ടി. ദൂരദർശൻ സിനിമ എടുത്തു. അതുകൊണ്ട് നിർമാതാവ് എന്ന നിലയിൽ സിനിമ എനിക്ക് ലാഭമായിരുന്നു. എന്റെ കന്നി നിർമാണ സംരഭത്തിനു പേരിട്ടതു പോലും പത്മരാജനാണ്. ഭദ്രാമൂവീസ്. അദ്ദേഹത്തിനു വളരെ ഇഷ്ടമുളള പേരായിരുന്നു ഭദ്ര.

അതോടെ സിനിമയില്‍ വീണ്ടും സജീവമായല്ലോ ?

പത്മരാജനുമായുളള സൗഹൃദം ജീവിതത്തിലെ അപൂർവ ഭാഗ്യമാണ്. വീണ്ടും ഞങ്ങളൊരുമിച്ചു സിനിമകൾ ചെയ്തു. ‘കൂടെവിടെ’ ഞാനും കുടുംബാംഗങ്ങളും കൂടി നിർമിച്ചതാണ്. അതുമുതലാണ് പ്രകാശ് മൂവി ടോൺ എന്ന ബാനറിലേക്കു മാറുന്നത്.

മമ്മൂട്ടി നായകനായ ആ സിനിമയിൽ എനിക്ക് നല്ലൊരു കഥാപാത്രവും കിട്ടി. ക്യാപ്റ്റൻ ജോർജജ്. പിന്നെയുളള പത്മരാജൻ സിനിമകളിലും എനിക്ക് കഥാപാത്രങ്ങൾ കിട്ടി.‘കളളൻ പവിത്ര നി’ലെ നെടുമുടിയുടെ ഡ്രൈവർ കഥാപാത്രം, ‘ഒരിടത്ത് ഒരു ഫയൽവാ‌നി’ലെ വെടിക്കാരൻ ലൂക്ക്... അങ്ങനെ ബിസിനസി നൊപ്പം സിനിമയും കൊണ്ടുപോവാൻ തുടങ്ങി.

നഷ്ടങ്ങൾ സംഭവിക്കുമ്പോൾ കട പൂട്ടുന്നവൻ നല്ല നിര്‍മ്മാതാവല്ല. ഒന്ന് എറിഞ്ഞാൽ പത്ത് കിട്ടുന്ന കച്ചവടവുമല്ല സിനിമ. ഇരുമ്പ് വിറ്റാലും കാശുണ്ടാക്കാം. പക്ഷേ, കലയുടെ സ്പർശമില്ലാതെ പണം മാത്രം കൈയിലുളളവർ നിര്‍മാതാക്കളാകുമ്പോഴാണ് ഇത്തരം തോന്നലുകൾ ഉണ്ടാകുന്നത്. ഒരു പാട്ട് കേട്ടാലോ നല്ലൊരു അഭിനയം കണ്ടാലോ ആസ്വദിക്കാൻ കഴിയാത്ത വർ നിർമാതാക്കൾ ആകാതിരിക്കുന്നതാണ് നല്ലത്. ഒറ്റയ്ക്കും കൂട്ടായും ഞാൻ പതിനെട്ടു സിനിമകൾ നിർമിച്ചു. ഒരു കണക്കെടുപ്പ് നടത്തിയാൽ സിനിമയിൽ നിന്നുളള ലാഭവും നഷ്ടവും ഒപപ ത്തിനൊപ്പം. എല്ലാ നഷ്ടങ്ങളിലും ഓർക്കാൻ ഒരു ലാഭമുണ്ടാകും. ഞാൻ നിർമിച്ച പുത്രൻ എന്ന സിനിമ വലിയ സാമ്പത്തിക നഷ്ടമായിരുന്നു. പക്ഷേ, അതിലൂടെയാണ് ബിജുമേനോൻ എന്ന നടനെ നമുക്കു കിട്ടിയത്.

ബോബിയും സഞ്ജയും സിനിമയിലേക്കു വരുമെന്ന് തിരിച്ചറിയുന്നത് എപ്പോഴാണ് ?

Prem Prakash,  Bobby,  Sanjay പ്രേം പ്രകാശ്, ബോബി, സ‍ഞ്ജയ്

കോട്ടയത്ത് മേരി റോയിയുടെ പളളിക്കൂടം സ്കൂളിലാണ് മൂന്നു മക്കളും പഠിച്ചത്. സ്കൂൾ കാലം മുതലേ ബോബിയും സഞ്ജയും കഥ എഴുതുമായിരുന്നു. മകള്‍ തങ്കത്തിനു പാട്ടിലായിരുന്നു ഇഷ്ടം. ‘എന്റെ വീട് അപ്പൂന്റേം’ എന്ന സിനിമയിൽ അവൾ ഒരു പാട്ടു പാടിയിട്ടുണ്ട്.

അവരുടെ കുട്ടിക്കാലത്ത് ചേട്ടൻ ജോസ് പ്രകാശ് വീട്ടിൽ വരുമ്പോൾ ബോബിക്കും സഞ്ജയിനും അറിയേണ്ടതു സിനിമയെക്കുറിച്ചു മാത്രമാണ്. ജയൻ ഇടിക്കുന്ന ആക്ഷൻ കാണിച്ച് ചേട്ടനും അവരുടെ കൂടെ കൂടും. ഇവന്മാർ സിനിമയുടെ വഴിക്കുളള വരാണെന്ന് അന്നേ ചേട്ടൻ പറയുമായിരുന്നു.

ഞാൻ നിർമിച്ച അവസ്ഥാന്തരം എന്ന സീരിയലിനാണ് അവർ ആദ്യമായി തിരക്കഥ എഴുതുന്നത്. സിനിമ മനസ്സിൽ സൂക്ഷിച്ചു കൊണ്ട് തന്നെ ബോബി ഡോക്ടറുടെ ജോലി തിരഞ്ഞെടുത്തു. ഇംഗ്ലീഷ് അധ്യാപക ജോലി വേണ്ടെന്നു വച്ച് മുഴുവൻ സമയ സിനിമാക്കാരൻ ആവാനായിരുന്നു സഞ്ജുവിന്റെ താൽപര്യം. സംവിധായകൻ കമലിന്റെ അസിസ്റ്റന്റായി. കമൽ അന്നേ പറഞ്ഞിരുന്നു, ഇവരുടെ ഭാവി എഴുത്തിലാണെന്ന്.

സിനിമയിലെ അടുത്ത സുഹ‌ൃത്തുക്കൾ ?

ഒരു പാട് സൗഹൃദങ്ങളുണ്ട്. ഇന്നും എന്നെ നൊമ്പരപ്പെടുത്തുന്ന രണ്ട് പേരുകൾ പത്മരാജനും അമ്പിളി (ജഗതി ശ്രീകുമാർ) യുമാണ്. ഒരിക്കലും പിരിയേണ്ട നേരത്തായിരുന്നില്ല. പത്മ രാജൻ വിട പറഞ്ഞത്.

ഞാൻ അമ്പിളിയെ പരിചയപ്പെടുത്തുന്നത് സേലത്തു ‘സീമന്ത പുത്രൻ ’ എന്ന സിനിമയുടെ ലോക്കേഷനിലാണ്. ഒരു ദിവസം രാത്രി എന്റെ മുറിയിൽ കിടക്കാൻ ഒരാൾ കൂടി ഉണ്ടാകുമെന്നു പ്രൊഡക്ഷനിൽ നിന്നു പറഞ്ഞിരുന്നു. ഞാൻ കട്ടിലിൽ കിടന്നു. വന്നയാൾക്ക് നിലത്തൊരു ബെഡ് കൊടുത്തു. പിറ്റേന്ന് രാവിലെയാണ് ഞങ്ങൾ പരിചയപ്പെടുന്നത്. ‘ജഗതി ശ്രീകുമാർ’.

ഞാൻ നിർമിച്ച ‌ജോണിവാക്കർ സിനിമയുടെ ഷൂട്ടിങ്ങിനിടയിൽ ഒരു സീനിൽ പിറ്റേന്ന് ജഗതി ചേട്ടൻ വേണമെന്ന് ജയരാജ് പറഞ്ഞു.അദ്ദേഹം പാലക്കാട്ടാണ്. ഒരു ദിവസം കൊണ്ട് ബാംഗ്ലൂർ വരെ എങ്ങനെയെത്താനാണ് ഞാൻ ചോദിച്ചു. ഒടുവിൽ മനസ്സി ല്ലാമനസ്സോടെ അമ്പിളിയെ വിളിച്ചു. ടാക്സി എടുത്ത് എങ്ങനെ യെങ്കിലും വരാമോയെന്ന് ചോദിച്ചു. പിറ്റേന്ന് രാവിലെ എഴുന്നേൽക്കുന്നത് കതകിൽ ആരോ മുട്ടുന്നത് കേട്ടാണ്. വാതിൽ തുറന്നപ്പോൾ അമ്പിളി.

‘ടാക്സിക്കാരനു കാശ് കൊടുക്കേണ്ടേ?’ എന്ന് ഞാൻ ചോദിച്ചു. ഞാൻ ബസിനാടോ വന്നത് ആ മറുപടി കേട്ട് എനിക്കു വിഷമമായി. കാലാവസ്ഥ അനുകൂലമല്ലാതിരുന്നതിനാൽ പ്ലാൻ ചെയ്ത സീൻ അന്ന് എടുക്കാൻ പറ്റിയില്ല. രാവിലെ കണ്ട അതേ ചിരിയോടെ ഒരു പരാതിയും പറയാതെ വൈകിട്ടത്തെ ബസിനു അമ്പിളി പാലക്കാട്ടേയ്ക്കു പോയി. അങ്ങനെയുളള മനുഷ്യർ സിനിമയില്‍ കുറവാണ്.

ഇപ്പോഴെനിക്ക് സിനിമയുടെ കൂടെ ‌ജീവിക്കുക എന്ന മോഹമേയുളളൂ. ‘നിർണായകം’ സിനിമയിലേക്ക് എന്നെ തിരഞ്ഞെടുത്തു കഴിഞ്ഞ് ഒരു പ്രശ്നമുണ്ടായി. സിനിമയുടെ വിതരണം ആദ്യം എടുത്തിരുന്നവർ പറഞ്ഞു. കുറച്ചു കൂടി പരിചിതനായ നടൻ വേണം ആ റോളില്‍ അഭിനയിക്കാൻ എന്ന്. എനിക്കു വിരോധമില്ലെന്ന് ഞാൻ പറഞ്ഞു. പക്ഷേ, ബോബിയും സഞ്ജുവും നില പാടില്‍ ഉറച്ചു നിന്നു. ഒരു നടനെന്ന നിലയിൽ ഞാൻ അതിനു വേണ്ട തയാറെടുപ്പുകൾ തുടങ്ങിയിരുന്നു. അത് അവര്‍ക്കറിയാം.

ആ നിർമാതാവും വിതരണക്കാരനും മാറി. പുതിയ ആളുകൾ വന്നു. അത് അപ്പനോടുളള സ്നേഹം കൊണ്ട് എന്റെ മക്കൾ ചെയ്ത കാര്യമാണെന്നു തോന്നുന്നില്ല. ഒരു കലാകാരനോട് കാണിക്കേണ്ട മിനിമം മര്യാദയിൽ പെട്ട കാര്യങ്ങളാണ് അതൊക്കെ. ഇന്നത്തെ സിനിമാലോകത്തു പലർക്കും അറിയാത്ത മര്യാദകൾ.

അച്ചാച്ച തന്ന തുടക്കം

‘ഞങ്ങളുടെ ആദ്യ സീരിയലും സിനിമയും നിർമിച്ചത് അച്ചാച്ചയാണ്. സിരിയലിനു ശേഷമാണു ഞങ്ങളൊക്കൊണ്ടു സിനിമ എഴുതാൻ കഴിയുമെന്ന് അച്ചാച്ചയ്ക്കു വിശ്വാസം വന്നത്.’ എന്റെ വീട് അപ്പൂന്റേം എഴുതുന്നതിനു മുമ്പ് ഏഴു തിരക്കഥകൾ ഞങ്ങൾ എഴുതി. പക്ഷേ, ആ കഥയ്ക്കാണ് അച്ചാച്ച ഓകെ പറഞ്ഞത്. ആ നിരീക്ഷണം തെറ്റിയില്ല. സിനിമയിലെ സന്തോഷങ്ങളും സങ്കടങ്ങളും ഞങ്ങൾ കണ്ടിട്ടുണ്ട്. സിനിമ പരാജയപ്പെട്ടപ്പോൾ കാറ് വിറ്റ് വരെ കടം വീട്ടിയിട്ടുണ്ട്. പക്ഷേ, അതിന്റെ പേരിൽ ഒരിക്കൽ പോലും സംവിധായകനെയോ തിരക്കഥാ ക‍ൃത്തിനെയോ അച്ചാച്ച കുറ്റം പറയുന്നത് കേട്ടിട്ടില്ല’ സഞ്ജയ്.

‍‘45 വർഷം കടന്ന കരിയറില്‍ വളരെ കുറച്ച് നല്ല വേഷങ്ങളെ സിനിമയിൽ അച്ചാച്ചയ്ക്കു കിട്ടിയിട്ടുള്ളൂ. സിനിമയിൽ ഇതു വരെയുളള പെർഫോമൻസുകളിൽ ഏറ്റവും മികച്ചത് നിർണായകത്തിലെ അഡ്വ. സിദ്ദാർഥ് ശങ്കർ തന്നെ’ ബോബി.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.