Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അവിശ്വസനീയം ഈ ഇരുപതുകാരിയുടെ ജീവിതം

malu-sheikha-2 മാളു ഷെയ്ക്ക. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ

അച്ഛനും അമ്മയും വേർപിരിയുന്ന കോടതി മുറിയിൽ കരഞ്ഞുകൊണ്ടുനിന്ന കൊച്ചു പെൺകുട്ടി. മാതാപിതാക്കൾക്കു ഭാരമായി തോന്നിയ ഏഴുവയസ്സുകാരി മാളു 13 വർഷത്തിനുശേഷം വേമ്പനാട്ടു കായലിന്റെ ഏറ്റവും വീതിയേറിയ ഭാഗം കുറുകെ നീന്തി ചരിത്രംകുറിച്ചു. ആറുമാസംകൊണ്ടു നീന്തലിൽ വിസ്മയം കാട്ടിയ അവളുടെ ആത്മവിശ്വാസത്തിനു മുന്നിൽ പരിശീലകൻപോലും അത്ഭുതപ്പെട്ടു. എന്നാൽ, ഈ പെൺകു‌ട്ടിയെ അടുത്തറിയുന്നവർക്കു തെല്ലുമില്ല ഞെട്ടൽ. മാളു ഷെയ്‌ക്കയുടെ ഭൂതകാലം ഇതിലും എത്രയോ വെല്ലുവിളികൾ നിറഞ്ഞതാണ്. വീട്ടുവേലക്കാരി, ഹോട്ടൽ ജോലിക്കാരി, ഓട്ടോറിക്ഷാ ഡ്രൈവർ, കണ്ടെയ്‌നർ ഡ്രൈവർ, ഡ്രൈവിങ് പരിശീലക, ഇൻഷുറൻസ് അഡ്വൈസർ തുടങ്ങി ഹെവി ഗുഡ്‌സ് വാഹനങ്ങളുടെ ഡ്രൈവർ വരെയായി ഈ പെൺകുട്ടി ജീവിതത്തിന്റെ രണ്ടറ്റങ്ങളെ കൂട്ടിമുട്ടിക്കാൻ പാടുപെട്ടു. ഇപ്പോൾ സിവിൽ സർവീസ് എന്ന സ്വപ്‌നംമാത്രം കാണുന്ന മാളുവിനെ അടുത്തറിയുമ്പോൾ ആ ജീവിതം കെട്ടുകഥയാണോ എന്നു തോന്നും.

എല്ലാവരുമുള്ള അനാഥ

അമ്മയും അച്ഛനും ജീവിച്ചിരിക്കെത്തന്നെ അനാഥമായ ജന്മമാണ് മാളുവിന്റേത്. ഷക്കീലയെന്നായിരുന്നു ജനന സർട്ടിഫിക്കറ്റിൽ പേര്. ഷെയ്ക്കാ മോളെന്ന് അച്ഛൻ വിളിച്ചു. അമ്മ മാളുവെന്നു പേരുമാറ്റി. ഒപ്പം രണ്ടാനച്ഛന്റെ പേരും ചേർത്തു. ബെംഗളൂരുവിൽ അമ്മയ്ക്കും രണ്ടാനച്ഛനും ഒപ്പമായിരുന്നു ബാല്യം. ആ വീട്ടിൽ മാളു മകളായിരുന്നില്ല, വീട്ടുവേലക്കാരി മാത്രം. പത്താംക്ലാസ് വരെ ബെംഗളൂരുവിൽ പഠിച്ചു. പതിനാറാം വയസ്സിൽ ആലുവയിലെ അമ്മവീട്ടിലേക്കു തിരിച്ചെത്തി. മാളുവിനെ ഇനി പഠിപ്പിക്കേണ്ട എന്നു തീരുമാനിച്ചതിനാൽ ടിസിപോലും അവർ വാങ്ങിയില്ല!

കോടതിവിധിയനുസരിച്ച് മാളുവിനെ അമ്മ കൂടെ കൂട്ടിയെങ്കിലും മൂത്ത സഹോദരനെ അനാഥാലയത്തിലാക്കുകയാണു ചെയ്തത്. അന്നു യാത്ര പറഞ്ഞുപോയ സഹോദരനെ പിന്നെ കണ്ടിട്ടില്ല. ഓർമയിൽ ഒരു മിന്നായംപോലെ ഇന്നും സഹോദരന്റെ കരയുന്ന മുഖം മാളുവിന്റെ മനസ്സിലുണ്ട്. അവസാന കൂടിക്കാഴ്ചയിൽ വിട്ടുപോയ ആ കൊച്ചുകരത്തിന്റെ തണുപ്പ് ഇപ്പോഴും കൈകളിലുണ്ടെന്നു പറയുമ്പോൾ മാളുവിന്റെ കണ്ണുകളിൽ വേദനയുടെ രക്തം നിറമില്ലാതെ അരിച്ചിറങ്ങുന്നതു കാണാം. നിയമപരമായി വിവാഹമോചനം നേടിയ അച്ഛനും അമ്മയും വേറെ കല്യാണം കഴിച്ച് അവരവരുടെ ജീവിതം സുരക്ഷിതമാക്കി. അവർക്കു കുട്ടികൾ പിറന്നു. അമ്മയും അച്ഛനും സഹോദരങ്ങളുമെല്ലാം ജീവിച്ചിരിപ്പുണ്ടെങ്കിലും മാളുവിനറിയാം താൻ ഒറ്റയ്ക്കാണെന്ന്.

രണ്ടാം ജന്മം

ഡിസംബറിന്റെ തണുപ്പേറിയ ഒരു രാത്രിയിൽ മാളു മരിക്കാൻ തീരുമാനിച്ചു. ഒറ്റപ്പെടുത്തലുകൾക്കു പുറമെ താൽപര്യമില്ലാത്ത കല്യാണത്തിനു വീട്ടുകാർ നിർബന്ധിച്ചതായിരുന്നു കാരണം. തിരിച്ചു നാട്ടിലെത്തിയപ്പോൾ മുതൽ മാളുവിനെ വിവാഹം കഴിപ്പിക്കാനായി മാതാപിതാക്കളുടെ ശ്രമം. പക്ഷേ, മാളുവിനു പഠിക്കണമായിരുന്നു. അവളുടെ മോഹങ്ങൾക്കും സ്വപ്നങ്ങൾക്കും ആരും വില നൽകിയില്ല. ഉത്തരവാദിത്തബോധംകൊണ്ടല്ല, വിവാഹത്തിനു നിർബന്ധിച്ചത്, ആരുടെയെങ്കിലും തലയിൽ കെട്ടിവച്ച് ഒഴിവാക്കാൻ മാത്രം. ജീവിതത്തിൽ ഒരിക്കലും അംഗീകരിക്കാനാകാത്തൊരു വ്യക്തിയുമായിട്ടായിരുന്നു ആ പതിനാറുകാരിയുടെ കല്യാണം നിശ്ചയിക്കാനൊരുങ്ങിയത്. ആദ്യ കാഴ്ചയിൽ തന്നെ പേടിതോന്നി. കല്യാണാലോചനയെ ആവുംവിധം എതിർത്തു, ഒരു വഴിയും മുന്നിൽ തെളിഞ്ഞില്ല. അങ്ങനെയാണു മരിക്കാൻ തീരുമാനിക്കുന്നത്.

ആലുവാപ്പുഴയിൽ ജീവിതം ഒടുക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ കാലം അവളെ മരണത്തിനു വിട്ടുകൊടുക്കാൻ തയാറായില്ല. ജീവിതത്തിൽ ആകസ്മികതകൾ അത്ഭുതങ്ങൾ കാട്ടുമെന്നു മാളു തിരിച്ചറിഞ്ഞത് അവിടെവച്ചാണ്. മരണത്തിന്റെ കയങ്ങളിലേക്കു നടന്നടുത്ത മാളുവിന്റെ മുന്നിൽ ദൈവം മനുഷ്യനായി അവതരിച്ചു. അപരിചിതനായി അടുത്തെത്തിയ ആൾ ജീവിതത്തിന്റെ മഹനീയതയെക്കുറിച്ച് സംസാരിച്ചു പരിചിതനായി. ദൈവം മനുഷ്യരൂപം സ്വീകരിച്ചു വന്നതാണെന്നു വിശ്വസിക്കാനാണു മാളുവിനിഷ്ടം.

മരണത്തിൽനിന്നു ജീവിതത്തിലേക്കു നടക്കാൻ പറഞ്ഞുകൊടുത്ത ആളുടെ മുന്നിൽ താൻ നടന്നുതീർത്ത ദുരിതങ്ങളുടെ ഭാണ്ഡം അവൾ തുറന്നു. ഡോ. അബ്ദുൽ കലാം പറഞ്ഞപോലെ സ്വപ്‌നം കാണാനാണ് അദ്ദേഹം ഉപദേശിച്ചത്. മരിക്കാൻ തീരുമാനിച്ചവൾക്കെന്തു സ്വപ്‌നം എന്നു തിരിച്ചു ചോദിച്ചവളോട് സിവിൽ സർവീസ് എന്ന വലിയ സ്വപ്‌നം കാണാൻ പറഞ്ഞതും അതേ മനുഷ്യൻ. ജീവിതത്തിൽ സ്വപ്‌നത്തിന്റെ മരംനട്ട് അപരിചിതനായിത്തന്നെ അദ്ദേഹം കടന്നുപോയി. അന്നുമുതൽ സ്വപ്‌നം കണ്ടുതുടങ്ങിയ മാളുവിന് എത്തിപ്പിടിക്കാനുള്ളതും ഐഎഎസ് എന്ന മോഹമാണ്. മരിക്കാനുറച്ച പഴയ മാളുവിനെ പുഴയിലൊഴുക്കി വിജയിക്കാനായി കരയിലെത്തിച്ചതു തന്റെ രണ്ടാം ജന്മമെന്ന് ഈ പെൺകുട്ടി വിശ്വസിക്കുന്നത്. പിന്നെ വാശിയായി. തന്റെ ജീവിതത്തിന് ഒരുവിലയും കൽപിക്കാത്തവരുടെ മുന്നിൽ ജയിച്ചു കാണിക്കണം എന്ന വാശി.

അച്ഛമ്മയെ നിർബന്ധിച്ചു കൂടെക്കൂട്ടി മാളു ബെംഗളൂരുവിലേക്കു പോയി. പത്താംക്ലാസ് വരെ പഠിച്ച സ്‌കൂളിൽനിന്നു ടിസി വാങ്ങി. ആലുവയിലെ ഒരു പാരലൽ കോളജിൽ പ്ലസ് വണ്ണിനു ചേർന്നു. പിന്നെ പഠിക്കാനുള്ള തത്രപ്പാടായിരുന്നു. എന്നും പുലരുന്നതിനു മുൻപേ ഉണർന്നു. വീട്ടിലെ ജോലികൾ ചെയ്തു. ചായക്കടകളിൽ പാത്രം കഴുകാൻ പോയി. ഇടയ്ക്കു മാത്രം ക്ലാസിൽ പോയി. ലോകം മുഴുവൻ ഉറക്കത്തിലാകുന്ന രാത്രികളിൽ മാളു പുസ്തകങ്ങളോടു മല്ലിട്ടു. വീട്ടുകാർ വിവാഹം കഴിക്കാൻ നിർബന്ധിച്ചപ്പോഴൊക്കെയും പുസ്തകംകൊണ്ടു ചെവി മറച്ചു.

malu-sheikha-3

വളയം പിടിക്കുന്ന കൈകൾ

പതിനെട്ടു വയസ്സു തികഞ്ഞപ്പോൾ മാളുവിന് ആശ്വാസമായി. ഇനി ആരെയും പേടിക്കാതെ ജോലി ചെയ്യാമല്ലോ. ആദ്യം പഠിച്ചത് ഡ്രൈവിങ് ആണ്. ആദ്യം വഴങ്ങിയത് ഇരുചക്രം. പിന്നെ മുച്ചക്രം. പിന്നെ ചക്രങ്ങളുടെ എണ്ണം കൂടിവന്നപ്പോഴും വലിയ ലക്ഷ്യം യാത്ര അനായാസമാക്കി. പഠനത്തിനിടെയുള്ള സമയങ്ങളിൽ ഓട്ടോറിക്ഷ ചെറിയ വരുമാനം നൽകി. പിന്നെ നാലുവീൽ മുതൽ പതിനാറു വീലുള്ള ഹെവി ഗുഡ്‌സ് വാഹനങ്ങളും ഹെവി പാസഞ്ചർ വാഹനവും മാളുവിന്റെ കൈപ്പിടിയിൽ ഒതുങ്ങി. അന്നൊരു ദിവസം കൊച്ചിയിൽ നടന്ന ലൈസൻസ് ടെസ്റ്റിൽ ആദ്യറൗണ്ടിൽ തന്നെ ‘ടി’ എടുത്ത് ബസിന്റെയും ലൈസൻസ് നേടിയ പെൺകുട്ടി മാളു മാത്രമായിരുന്നു. ഇതിനിടെയാണ് ഡ്രൈവിങ് പരിശീലക എന്ന ജോലി മനസ്സിലെത്തുന്നത്. ഡ്രൈവിങ് സ്കൂളുകളിൽ പോയി ഡ്രൈവിങ് പഠിപ്പിച്ചോട്ടേയെന്ന് ചോദിച്ചുചെന്ന പതിനെട്ടുകാരിയെ കണ്ടുചിരിച്ച ‘ആശാൻമാർ’ രണ്ടാംദിവസം മാളുവിനെ അത്ഭുതത്തോടെ നോക്കി. ഈ കൊച്ചുപെണ്ണ് പഠിപ്പിക്കേണ്ടെന്നു പറഞ്ഞ് പുച്ഛിച്ചവരും ഉണ്ട് അക്കൂട്ടത്തിൽ.

പ്ലസ് ടു കഴിഞ്ഞപ്പോൾ ആലുവയിൽതന്നെ ബി.കോമിനു ചേർന്നു. വീട്ടുജോലികൾക്കു ശേഷം ഡ്രൈവിങ് ഗ്രൗണ്ടിലേക്കു പാഞ്ഞു. അതുകഴിഞ്ഞ് ഇംഗ്ലിഷ് ക്ലാസിലേക്കോടി. അവിടെനിന്ന് ഇൻഷുറൻസ് കമ്പനിയിലേക്ക്. പിന്നെ രണ്ടു മണിക്കൂർ കോളജിൽ. തിയറി വിഷയങ്ങൾ സഹപാഠികളുടെ നോട്ടുവാങ്ങി പഠിച്ചു. വൈകിട്ടും ജോലി. എന്നിട്ടും ആ കോളജിൽ മാളു ചെയർപഴ്സനായി! അവൾ വെളുപ്പിനുണർന്നു തയാറാക്കി അടച്ചുവച്ച ഭക്ഷണം ആരും അവൾക്കു വിളമ്പിക്കൊടുത്തില്ല. അവൾ ഉണ്ടോ എന്ന് ആരും ചോദിച്ചതുമില്ല. നെറ്റിയിലെ വിയർപ്പുകൊണ്ടു തന്നെയാണ് അന്നം കണ്ടെത്തിയതും പഠിച്ചതുമെന്നു പറയുമ്പോൾ പരിഭവമല്ല, അഭിമാനത്തിന്റെ തിളക്കമാണ് മാളുവിന്റെ കണ്ണുകളിൽ. പത്തൊൻപതാം വയസ്സിൽ സ്വന്തമായി ഒരു കാറും വാങ്ങി.

പെണ്ണിനു പറ്റാത്ത പണികൾ?

കണ്ടെയ്നർ ലോറിയുടെ വലിയ വളയം മാളുവിന്റെ കൈകളിലൊതുങ്ങിയപ്പോൾ പലരും പുച്ഛിച്ചു ചിരിച്ചു. ഇത് ആണുങ്ങൾക്കുള്ള പണിയാണെന്നു പറഞ്ഞു. പറ്റാവുന്ന പണിയെടുത്താൽ പോരേയെന്നു ചിലർ സ്നേഹത്തോടെ ഉപദേശിച്ചു. അങ്ങനെ ആണുങ്ങൾക്കുമാത്രം പറ്റുന്ന പണിയെന്നൊന്നില്ലെന്നും തനിക്കു ജീവിക്കണമെന്നും മാളു പറഞ്ഞു. പലരും കൂടെ കൂട്ടിയില്ല. ചിലർ വഷളൻ ചിരിയുമായി കൂടെക്കൂടാൻ ശ്രമിച്ചു. സഹതാപവുമായും ചില ഡ്രൈവർമാരെത്തി. പക്ഷേ, മാളു ഉറച്ചുനിന്നു. ഓൾ ഇന്ത്യ പെർമിറ്റുണ്ടെങ്കിലും കേരളത്തിനുള്ളിൽ മാത്രമേ മാളു കണ്ടെയ്നറുമായി പോയിട്ടുള്ളൂ.

പലപ്പോഴും ഒരു സ്ത്രീയെന്ന നിലയിൽ പലരും ശല്യപ്പെടുത്താൻ ശ്രമിച്ചു. ബിനാനിപുരം പൊലീസ് സ്റ്റേഷനിൽ പരാതിയുമായി പോയപ്പോൾ ആദ്യം മാളു സ്വന്തം കഥ പറഞ്ഞു. എനിക്ക് അഭിമാനത്തോടെ ജീവിക്കണമെന്നു പറഞ്ഞു. അന്നുമുതൽ ഇന്നുവരെ സ്റ്റെപ്റ്റോ ജോൺ എസ്ഐയും മറ്റ് ഉദ്യോഗസ്ഥരും മാളുവിനു പിന്തുണയുമായി ഒപ്പംനിന്നു.

മേൽവിലാസം തന്ന ഹോസ്റ്റൽ

ആരുടെയെങ്കിലും തലയിൽ കെട്ടിവച്ചു തലയൂരാനുള്ള ശ്രമങ്ങൾ വീട്ടുകാർ തുടർന്നുകൊണ്ടേയിരുന്നു. ബലപ്രയോഗത്തിലൂടെ റജിസ്റ്റർ വിവാഹം ചെയ്യിക്കുമെന്നു ഭീഷണിപ്പെടുത്തി. ശകാരം കേട്ടുമടുത്ത ഒരുദിവസം മാളു തന്റെ വസ്ത്രങ്ങൾ ബാഗിലാക്കി വീട്ടിൽനിന്നിറങ്ങി. പല ഹോസ്റ്റലുകളുടെയും വാതിലിൽ മുട്ടിനോക്കി. പക്ഷേ വീടുവിട്ടിറങ്ങിയ ഒരു പത്തൊൻപതുകാരിക്ക് ആരും അഭയം നൽകിയില്ല. അത്താണിയിലെ ഹോസ്റ്റലിനു സമീപമുള്ള പള്ളിമുറ്റത്ത് തളർന്നിരുന്ന മാളുവിന്റെ തോളിൽ ഒരുകരം വാൽസല്യത്തോടെ തൊട്ടു. തലയുയർത്തി നോക്കിയ മാളു കണ്ടത് ഡ്രൈവിങ് ക്ലാസിലെ ശിഷ്യൻ ഫാ. ജോസ് താന്നേപ്പിള്ളിയെയാണ്. ദൈവം രൂപംമാറി തന്റെ മുന്നിൽ വീണ്ടും പ്രത്യക്ഷപ്പെട്ടതാണെന്ന് മാളുവിനു തോന്നി. കാര്യങ്ങൾ അച്ചനോടു തുറന്നുപറഞ്ഞു.

അങ്ങനെ അത്താണിയിലെ ഹോസ്റ്റലിൽ നാലു പെൺകുട്ടികൾ താമസിക്കുന്ന മുറിയിലേക്ക് മാളുവിന്റെ വിലാസം മാറി. മുറിയടച്ചിരുന്നു പഠിക്കാനോ, കോച്ചിങ് ക്ലാസുകൾക്കു പോകാനോ തനിക്കു കഴിയില്ലെന്നു മാളുവിനറിയാം. ജോലിക്കിടെ പഠനത്തിനായി തന്റേതായ വഴികൾ കണ്ടെത്താൻ മാളു ശ്രമിച്ചു. ലോറി ഡ്രൈവർമാരോടു ചോദിച്ചും സംസാരിച്ചും വിവിധ സംസ്ഥാനങ്ങളിലെ ഭാഷകൾ പഠിച്ചു. മലയാളം ഉൾപ്പെടെ ഏഴു ഭാഷകൾ എഴുതാനും വായിക്കാനും സംസാരിക്കാനും മാളുവിന് ഇപ്പോൾ കഴിയും. വരുന്ന ജൂൺ മാസത്തിൽ എം. കോമിനു ചേരും. ഹോസ്റ്റലിലേക്കു മാറിയപ്പോൾ സമയം കിട്ടുന്നതിനാൽ സിവിൽ സർവീസ് പരീക്ഷയ്ക്കായി പുസ്തകങ്ങൾ വാങ്ങി പഠനം തുടങ്ങി.

നീന്തൽ സ്വപ്‌നമാകുന്നു

malu-sheikha-5

പത്രപ്പരസ്യത്തിൽ നിന്നാണ് മാളു സജി വാളശേരിൽ എന്ന നീന്തൽ പരിശീലകനെപ്പറ്റി അറിയുന്നത്. ഫോൺ വിളിച്ചു ചോദിച്ചപ്പോൾ 12 കിലോമീറ്റർ മാത്രം അകലെയുള്ള ആലുവാപ്പുഴയിലാണു പരിശീലനം. മത്സരിച്ചു വിജയിക്കാനായിരുന്നില്ല നീന്തൽ പഠിച്ചത്. മുന്നിലൊരാൾ അപകടത്തിൽ പെട്ടാൽ നിസ്സഹായയായി നിന്നു പോകരുതെന്ന ആഗ്രഹം. പഠിച്ചു തുടങ്ങിയപ്പോൾ കായലിനു കുറുകെ നീന്തണമെന്നു തോന്നി. എല്ലാവരും നടന്ന വഴിയേ നമ്മൾ നടക്കരുതല്ലോ.

രാവിലെ നാലുമണിക്കുണർന്നാണ് നീന്തൽ പരിശീലനത്തിനു പോയത്. പരിശീലനം തുടങ്ങി പതിനഞ്ചു ദിവസമായപ്പോഴേക്കും 30 അടി താഴ്ചയുള്ള പുഴയിൽ അഞ്ചു മണിക്കൂർ പൊങ്ങിക്കിടക്കുന്ന തരത്തിലേക്കു നീന്തൽ പഠിച്ചു. പരിശീലകൻപോലും തുടർച്ചയായി പത്തുകിലോമീറ്റർ ആദ്യമായി നീന്തുന്നത് മാളുവിനൊപ്പമാണ്. ആറര മണിക്കൂർ വരെ തുടർച്ചയായി നീന്തിയിട്ടും ഇതുവരെ ട്യൂബിനെപോലും ആശ്രയിക്കേണ്ടി വന്നിട്ടില്ല മാളുവിന്. ഒരുതവണ മാത്രം ട്രയൽ നടത്തിയാണ് വേമ്പനാട്ടു കായലിന്റെ ഏറ്റവും വീതിയേറിയ ഭാഗം (എട്ടു കിലോമീറ്റർ) നീന്തി ഈ വിഭാഗത്തിലെ ആദ്യ വനിതയെന്ന റെക്കോർഡ് സ്വന്തമാക്കുന്നത്. മാളുവിനെ സൗജന്യമായാണ് സജി നീന്തൽ പഠിപ്പിച്ചത്. പക്ഷേ, റെക്കോർഡ് പ്രകടനത്തിനായി ചെലവായ 30,000 രൂപ മാളു സ്വയംകണ്ടെത്തി. നാലര മണിക്കൂർ ആഞ്ഞു തുഴഞ്ഞപ്പോൾ ഒരിക്കൽപോലും കൈയോ, കാലോ മനസ്സോ തളർന്നില്ല. കായലിനെക്കാൾ എത്രയോ ആഴമുള്ള സങ്കടക്കടൽ ഒറ്റയ്ക്കു നീന്തിക്കയറിയ മാളുവിനെ കായലിന്റെ ആഴവും പരപ്പും ഒരു നിമിഷംപോലും ഭയപ്പെടുത്തിയില്ല.

പ്രതിരോധത്തിന്റെ മാർഗങ്ങൾ

പൊതുവഴിയിൽവച്ച് ആരെങ്കിലുംതന്നെ ഉപദ്രവിച്ചാൽപോലും ചോദിക്കാൻ ആരുമില്ലെന്നു മാളുവിനറിയാം. അതുകൊണ്ട് കരാട്ടെ, കളരി തുടങ്ങി സ്വയം പ്രതിരോധ മാർഗങ്ങളും മാളു പഠിച്ചിട്ടുണ്ട്. സ്‌കൂൾ കാലംമുതൽ കബഡി താരമായിരുന്നു. കോളജിലെത്തിയപ്പോൾ സംസ്ഥാന തലത്തിൽ വിജയിച്ചു. ഒരു ജീവിതസാഹചര്യവും അനുകൂലമല്ലാതിരുന്നിട്ടും തനിക്ക് ഇത്രയൊക്കെ സാധിച്ചെങ്കിൽ സ്ത്രീകൾക്കു പലതും ചെയ്യാനാകുമെന്നു മാളു പറയുന്നു. ഒരു കുഞ്ഞിനും തന്നെപ്പോലെ അനാഥത്വം പേറി ജീവിക്കേണ്ടി വരരുതെന്ന് അഗ്രഹിക്കുമ്പോഴും മാതാപിതാക്കളോടു മാളുവിനു പരിഭവമില്ല. ജന്മംതന്നതിന് ഓരോനിമിഷവും മനസ്സുകൊണ്ടു നന്ദിപറയും. ഒറ്റയ്ക്കായിപ്പോകുന്ന കുഞ്ഞുങ്ങൾക്കു തന്റെ ജീവിതംകൊണ്ടു സന്ദേശം നൽകണമെന്ന ആഗ്രഹമാണുള്ളത്. അവർക്കും പൊരുതി വിജയിക്കാനുള്ള ധൈര്യം തന്റെ ജീവിതംകൊണ്ടു നൽകണം.

malu-sheikha