എന്തിന് പേടിക്കണം എന്നെ? ; സണ്ണി ലിയോൺ

സണ്ണി ലിയോൺ

പലതും കേട്ടിട്ടുണ്ട് ഈ താരത്തെക്കുറിച്ച്. കേട്ട കഥകൾക്കും കെട്ടുകഥകൾക്കും സണ്ണി ലിയോൺ മറുപടി പറയുന്നു.

കരംജിത് കൗർ വേറ എന്ന യഥാർഥ പേരു പറഞ്ഞാൽ ഒരാൾക്കും പിടികിട്ടില്ല. പക്ഷേ, ഇപ്പോഴത്തെ പേരു കേട്ടാൽ പുരുഷന്മാരുടെ മാത്രമല്ല, സ്ത്രീകളുടെയും ഹൃദയമിടിപ്പ് പതിന്മടങ്ങു കൂടും. പോയ വർഷം അമിതാഭ്ബച്ചനെക്കാളും പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കാളും ഗൂഗിളിൽ ആൾക്കാർ തിരഞ്ഞത് ഈ പഞ്ചാബി സുന്ദരിയെയാണ്. കൊച്ചു കേരളത്തിൽ വരെ ആരാ ധകർ ഏറെ.

കാനഡയിൽ ജനിച്ചു വളർന്ന് ഇന്ത്യയിലെത്തിയപ്പോൾ മുതൽ വിവാദങ്ങളും കൂട്ടിനുണ്ട്. ഭാരതത്തിന്റെ സാംസ്കാരിക മൂല്യങ്ങളെല്ലാം ഇവർ തകർത്തെറിയുമെന്നാണു ചിലർക്കു പേടി. വീട്ടമ്മമാർ മുതൽ രാഷ്ട്രീയക്കാർ വരെ ശാപവചസ്സുകളുമായി പിന്നാലെ. സോഷ്യൽ മീഡിയയിലൂടെയും അല്ലാതെയും ഉളള വേട്ടയാടലുകൾ....

പക്ഷേ, ഇതൊന്നും കണ്ടു സണ്ണിലിയോൺ കുലുങ്ങുന്നില്ല. വനിത ഫിലിം അവാർഡ് വേദിയിൽ നൃത്തമാടാനെത്തിയ സണ്ണിയുടെ മുഖത്ത് എപ്പോഴും മായാത്ത പുഞ്ചിരി. എല്ലാവരോടും സൗഹൃദം കലർന്ന ഇടപെടലുകൾ. ചലനങ്ങളിൽ പോലും ടീനേജിന്റെ പ്രസരിപ്പ്.

ഗ്രീൻ റൂമിൽ വച്ചു സണ്ണിലിയോണെ കണ്ട കാര്യം ജയസൂര്യ തന്റെ ഫെയ്സ്ബുക് പോസ്റ്റിൽ എഴുതി. ‘അപ്പോൾ സണ്ണിലിയോൺ അതു വഴി പാസ് ചെയ്തു. ഞങ്ങളവരോടു സംസാരിച്ചു, ഫോട്ടോയും എടുത്തു. രണ്ടു മിനിറ്റു കൊണ്ട് ‍ഞങ്ങൾക്ക് അവരെക്കുറിച്ചുണ്ടായിരുന്ന കൺസപ്റ്റ് ഒക്കെ മാറിപ്പോയി. ഒരു നിമിഷം കൊണ്ട് ഞങ്ങളുടെ മനസ്സിലെ കളങ്കം മായ്ക്കാൻ അവർക്കു സാധിച്ചെങ്കിൽ ഞാൻ പറയും ഏറ്റവും ക്വാളിറ്റി ഉളള സ്ത്രീ അവരാണെന്ന്....’

ഒരു സ്ത്രീക്ക് താങ്ങാവുന്നതിലധികം അധിക്ഷേപങ്ങൾ പല തരത്തിൽ ഞാൻ കേട്ടിട്ടുണ്ട്.’’ തിരക്കൊഴിഞ്ഞ സായാഹ്നത്തിലും ഫോട്ടോ ഷൂട്ടിന്റെ ഇടവേളയിലും സണ്ണി ലിയോൺ മനസ്സ് തുറന്നു. കനേഡിയൻ ചുവകലർന്ന ഇംഗ്ലീഷും ഒഴുക്കില്ലാത്ത ഹിന്ദിയും ഇടകലർത്തിയാണു സംസാരം. ‘‘നിങ്ങൾക്ക് ശരിയെന്ന് തോന്നുന്നത് എനിക്ക് ശരിയായിരിക്കണമെന്നില്ല. തിരിച്ചും അങ്ങനെ തന്നെ. മറ്റുളളവരെ ഉപദ്രവിക്കാത്ത വിധം നമ്മുടെ സ്വാതന്ത്ര്യവും ഇഷ്ടവും അനുസരിച്ചു പ്രവർത്തിക്കുന്നതിൽ എന്താണ് തെറ്റ്. പെൺകുട്ടി എന്ന നിലയിൽ ഇതുവരെ ദുരനുഭവങ്ങൾ ഒന്നും എനിക്ക് ഉണ്ടായിട്ടില്ല. എന്നെ ആരും ചൂഷണം ചെയ്തിട്ടുമില്ല. ഞാൻ ഒരു യഥാർഥ വ്യക്തിയാണ്. ഞാൻ എന്താണോ അതിനെ അംഗീകരിക്കുന്ന വ്യക്തി.’’

ഇന്ത്യൻ ഭാര്യമാരുടെ പേടി സ്വപ്നമാണ് സണ്ണി ലിയോൺ എന്നാണു പലരുടേയും വിലയിരുത്തൽ....

‘ആണോ....അതെനിക്കൊരു പുതിയ അറിവാണ്.’ വലിയ തമാശ കേട്ട പോലെ സണ്ണി ഉറക്കെ ചിരിച്ചു. തൊട്ടടുത്തിരുന്ന ഭർത്താവ് ഡാനിയൽ വെബ്ബറുടെ ചുമലിൽ തൊട്ട് സണ്ണി പറഞ്ഞു. ‘സുന്ദരനും സ്മാർട്ടും ടാലന്റഡുമായ ഒരു ഭർത്താവ് എനിക്കുണ്ട്. അതിനാൽ മറ്റാരുടെയും ഭർത്താക്കന്മാരെ ആവശ്യമില്ല. എനിക്ക് അറിയില്ല എന്തിനാണ് എന്നെ ഇത്ര പേടിക്കുന്നതെന്ന്. ബന്ധത്തിന്റെ സുരക്ഷിതത്വം ദമ്പതികളുടെ ഇടയിലാണ് ഉണ്ടാവുന്നത്. നിങ്ങൾ അവരുടെ ജീവിതത്തിൽ എത്ര വിലപ്പെട്ടതാണെന്ന് പങ്കാളിയെ തോന്നിപ്പിച്ചാൽ ഭയത്തിന് അടിസ്ഥാനമില്ല. എന്റെ ഭർത്താവ് സുന്ദരിയായ ഒരു യുവതിയുമായി അടുത്താലോ സംസാരിച്ചാലോ യാത്ര പോയാലോ ഒന്നും എനിക്ക് ഭയം തോന്നില്ല. ഞാൻ മറ്റൊരാളുമൊത്ത് വർക്ക് ചെയ്യുമ്പോൾ അദ്ദേഹത്തിനും തോന്നില്ല. ഞങ്ങളുടെ ബന്ധം ദൃഢമാണ്.

ഞാൻ കോംപ്രമൈസ് ചെയ്യാത്ത രണ്ട് കാര്യങ്ങളിലൊന്ന് കുടുംബമാണ്. മറ്റൊന്ന് എന്റെ വ്യക്തിത്വവും. നമുക്ക് സുന്ദരി അല്ലെങ്കിൽ സുന്ദരൻ എന്ന് ഒറ്റ നോട്ടത്തിൽ തോന്നുന്ന ആളുകൾ അല്പനേരത്തിനുളളിൽ തന്നെ അങ്ങനെയല്ല എന്ന് മനസ്സിലാകും. സ്വന്തം ആത്മവിശ്വാസമാണ് നമ്മുടെ സൗന്ദര്യം എന്നു കേട്ടിട്ടില്ലേ....ആത്മവിശ്വാസമുണ്ടെങ്കിൽ മറ്റുളളവരുടെ സൗന്ദര്യമോ സെക്സ് അപ്പീലോ നിങ്ങളെ അലോസരപ്പെടുത്തേണ്ട കാര്യമില്ല.

സണ്ണി ലിയോൺ

ഇന്റർനാഷനൽ ലൈഫ് സ്റ്റൈൽ മാഗസിനുകളായ പെൻത് ഹൗസ്, മാക്സിം എന്നിവരുടെ കവർ ഗേളായി പ്രത്യക്ഷപ്പെട്ടതോടെ സണ്ണി ലിയോൺ പ്രശസ്തയായി. പല കടമ്പകൾക്കു ശേഷം മാത്രം ലഭിക്കുന്ന ‘പെൻത്ഹൗസ് പെറ്റ് ഓഫ് ദി ഇയർ’ ആയി തിരഞ്ഞെടുക്കപ്പെട്ടു. അമേരിക്കയിൽ മാത്രമല്ല, ലോകമെങ്ങും ആരാധകർ. റിയാലിറ്റി ഷോ, എംടിവി അവതാരക ....തുടങ്ങി പല പല റോളുകൾ, ഒടുവിൽ ബോളിവുഡ് സിനിമകളിലേക്ക്.....

ബോളിവുഡ് ലക്ഷ്യമില്ലാതിരുന്നിട്ടും സണ്ണി ഒടുവിൽ അവിടെത്തന്നെ എത്തി?

ഹിന്ദി സിനിമകൾ എനിക്ക് ഇഷ്ടമായിരുന്നു. പക്ഷേ, ഇവിടെ അഭിനയിക്കാനാകുമെന്നു സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല. കളേഴ്സ് എന്ന ചാനലിൽ ‘ബിഗ്ബോസ്’ എന്ന പരിപാടിയിൽ പങ്കെടുക്കുക, അതിൽ നിന്നു കിട്ടുന്ന പണം കൊണ്ട് അമേരിക്കയിലെ വീടിന്റെ ഡൗൺ പേയ്മെന്റ് അടയ്ക്കുക. ഇതായിരുന്നു ഉദ്ദേശ്യം. പക്ഷേ, എന്റെ വ്യത്യസ്തമായ ഒരു മുഖം റിയാലിറ്റി ഷോയിലൂടെ കണ്ടത് പലരെയും അദ്ഭുതപ്പെടുത്തി. എനിക്ക് പൊസിറ്റീവ് കമന്റ്സ് കിട്ടിത്തുടങ്ങി. ആ മാറ്റമാണ് ഇതാ ഇവിടെ ഈ കേരളത്തിലെ വേദി വരെ എന്നെ എത്തിച്ചത്.

ബോളിവുഡിലേക്ക് സണ്ണിയെ ആകർഷിച്ചത് എന്താണ്?

ഇനി എന്ത് എന്നൊരു നില ചിലപ്പോൾ നമുക്കുണ്ടാകും. ‘ബിഗ് ബോസ്’ ഷോയ്ക്കു മുൻപ് തന്നെ അത്തരമൊരു അവസ്ഥ ഉണ്ടായിരുന്നു. ജീവിതത്തിൽ വഴിത്തിരിവുകൾ സംഭവിക്കുന്നത് അവിചാരിതമായാണ്. അവസരങ്ങൾക്കനുസരിച്ച് നമ്മൾ തീരുമാനങ്ങളെടുക്കുന്നു. ബിഗ് ബോസ് ഷോ ചെയ്യാൻ തുടക്കത്തിൽ ഞാൻ തീരുമാനിച്ചിരുന്നില്ല. ഇന്ത്യയിൽ നിന്ന് വിമർശനങ്ങളും വെറുപ്പും കലർന്ന മെയിലുകൾ ധാരാളം കിട്ടിയിരുന്നു. വീണ്ടും അവ ക്ഷണിച്ചു വരുത്തേണ്ടതില്ല എന്ന് കരുതി. പക്ഷേ, ഈ അവസരം ഉപയോഗപ്പെടുത്താതിരിക്കുന്നത് ശരിയായില്ല എന്നു പിന്നീട് തോന്നുമോ എന്ന് ഞാൻ ഭയപ്പെട്ടു. അതാണ് ബിഗ് ബോസിലേക്ക് നയിച്ചത്. അതൊരു വൻ മാറ്റത്തിന് വഴി വച്ചു. അമേരിക്കൻ കാൻസർ സൊസൈറ്റിക്കായി നടത്തിയ ലോസ് ഏൻജൽസ് ഹാഫ് മാരത്തൺ, മൃഗസംരക്ഷണത്തിനായി പ്രവർത്തിക്കുന്ന ‘പീപ്പിൾ ഫോർ എത്തിക്കൽ ട്രീറ്റ്മെന്റ് ഓഫ് ആനിമൽസ്’ (PETA) ഇവയ്ക്കു വേണ്ടി മോഡലിങ് ചെയ്തു.

ബിഗ് ബോസ് ഹൗസിനു ശേഷമാണ് മഹേഷ് ഭട്ട് സിനിമയിലേക്ക് വിളിക്കുന്നത്. ജിസം 2 വിലെ ലീഡ് റോൾ. അതു ശ്രദ്ധിക്കപ്പെട്ടതോടെ ജാക്ക് പോട്ട്, രാഗിണി എംഎംഎസ് 2 ഏക് പഹേലി ലീലാ, മസ്തി സാദേ എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. അഭിനയം എനിക്ക് പാഷൻ ആണ്. രാഗിണി എംഎംഎസിൽ ഗോസ്റ്റ് ആയാണ് അഭിനയിച്ചത്. അതൊരു ത്രില്ലിങ് എക്സ്പീരിയൻസ് ആയിരുന്നു. എനിക്കു ഗോസ്റ്റുകളെ പേടിയില്ല. അത്തരം അനുഭവങ്ങളുമില്ല. സത്യത്തിൽ എനിക്കു പേടി ക്ഷുദ്രജീവികളെയാണ്. ’’ സണ്ണി മതിമറന്നു ചിരിച്ചു.

ബോളിവുഡ് സിനിമകളിലും സണ്ണി ഹോട്ട് ആയാണ് പ്രത്യക്ഷപ്പെട്ടത്?

ഞാൻ എന്തായിരുന്നോ അതല്ലാതെ അഭിനയിക്കണം എന്ന് എനിക്കില്ല. കഴുത്തു മുതൽ വിരൽ വരെ മൂടുന്ന വസ്ത്രമണിഞ്ഞ് എത്തിയാൽ ആരും എന്നെ തിരിച്ചറിയുക പോലുമില്ല. ആളുകൾക്ക് നമ്മളെക്കുറിച്ചുളള ധാരണ മാറി വരാൻ സമയമെടുക്കും. ബോളിവുഡിൽ എത്തിയിട്ട് നാല് വർഷമേ ആയുളളൂ. പുതിയ സിനിമകളായ വൺ നൈറ്റ് സാറ്റാൻഡ്’ പേരു കൊണ്ട് അഡൽറ്റു സിനിമയാണെന്നു തോന്നുമെങ്കിലും അങ്ങനെയല്ല. നല്ല കഥയുളള സിനിമകളിൽ അഭിനയിക്കാനാണ് എനിക്കിഷ്ടം. സ്ക്രിപ്റ്റ് വായിച്ചാണ് ഒരു സിനിമ സ്വീകരിക്കണോ വേണ്ടയോ എന്നു തീരുമാനിക്കുക.

സണ്ണി ലിയോൺ

സണ്ണിക്കെതിരേ മുംബൈയിലെ ഒരു വീട്ടമ്മ കേസ് കൊടുത്തല്ലോ. എതിർപ്പുകൾക്കിടയിലും ബോളിവുഡ് തുടരാൻ തന്നെയാണോ പ്ലാൻ....?

എതിർപ്പുകൾ ഇന്ത്യയിൽ മാത്രമല്ല, ലോകത്ത് എല്ലായിടത്തും ഉണ്ട്. തെറ്റായ ഒരു കാര്യവും ഞാൻ ചെയ്തിട്ടില്ല. പക്ഷേ മറ്റുളളവരെല്ലാം അത് അതേ അർഥത്തിൽ എടുക്കണമെന്നില്ല. കേസ് കൊടുത്തതിനെക്കുറിച്ച് എനിക്ക് അതിശയമാണ്. എന്താണ് അതു കൊണ്ടുളള പ്രയോജനമെന്ന് അറിയില്ല. എന്തിനാണ് അത് ചെയ്തതെന്നും.

രമ്പരാഗത പഞ്ചാബി ചുറ്റുപാടിൽ ജനിച്ച ഒരാൾ എങ്ങനെയാണ് ‘അഡൽറ്റ് എന്റർടെയിനർ’ എന്ന റോളിലേക്ക് എത്തിയത്....?

ഇന്ത്യയിലെ മറ്റേത് പെൺകുട്ടിയെയും പോലെയാണ് അച്ഛനമ്മമാർ എന്നെ വളർത്തിയത് പഞ്ചാബി സിഖ് രീതികളിൽ. എല്ലാ ശനിയും ഞായറും ഗുരുദ്വാരയിൽ പോകും, അമ്പലങ്ങളിൽ പോകും. കാത്തലിക് പുരോഹിതന്മാർ നടത്തുന്ന ഒരു സ്കൂളിലായിരുന്നു വിദ്യാഭ്യാസം. പിന്നീട് കാലിഫോർണിയയിലേക്ക് കുടുംബസമേതം മാറി. കുട്ടികളെ എനിക്കു വലിയ ഇഷ്ടമാണ്. അതുകൊണ്ടു പീഡിയാട്രിക് നഴ്സിങ് പഠിച്ച് ആ മേഖലയിൽ ജോലി നേടണം എന്നായിരുന്നു മോഹം.

കുട്ടിക്കാലത്ത് ആൺകുട്ടികളുടേതു പോലുളള സ്വഭാവമായിരുന്നു എനിക്ക്. ഫുട്ബോൾ കളിയിലും സ്ട്രീറ്റ് ഹോക്കിയിലുമായിരുന്നു താത്പര്യം. അമ്മ ഭക്ഷണം ചെയ്യാൻ പ്രേരിപ്പി ക്കും, ഞാനത് കുറേയൊക്കെ ചെയ്യുമെങ്കിലും പെട്ടെന്ന് ഫു‍ട്ബോളും എടുത്ത് ഇറങ്ങും.

അച്ഛൻ എന്നോടും സഹോദരനോടും എപ്പോഴും പറയുമായിരുന്നു ജീവിതത്തിൽ സ്വന്തം കാലിൽ നിൽക്കാൻ കഴിയണം എന്ന്. ആ ചിന്ത ചെറുപ്രായത്തിലേ എന്റെ വ്യക്തിത്വത്തിൽ ഉണ്ടായിരുന്നു. പതിനേഴ് വയസ്സിൽ ഞാൻ ജോലിക്കു പോയിത്തുടങ്ങി. സൂക്ക് ആന്റ് അസോസിയേറ്റ്സ് എന്ന സ്ഥാപനത്തിൽ. ലിൻഡ സൂക്ക് എന്ന സ്ത്രീയായിരുന്നു അത് നടത്തിയിരുന്നത്. വളരെ പവർഫുളും സക്സസ് ഫുളും ആയ ഒരു വ്യക്തി. അവർ ഓഫിസിലേക്ക് കയറി വരുന്ന രീതി പോലും എന്നെ വല്ലാതെ സ്വാധീനിച്ചു. അവരെപ്പോലെ ഒരാളാകുക, ഞാൻ തന്നെ എന്റെ ബോസ് ആകുക, അതായിരുന്നു ലക്ഷ്യം.

എന്റെ ചില താത്പര്യങ്ങളും തീരുമാനങ്ങളും വീട്ടുകാർക്ക് അംഗീകരിക്കാൻ സാധിക്കില്ല എന്നു പിന്നീടു തോന്നി. പതിനെട്ടാമത്തെ വയസ്സു മുതൽ ഒറ്റയ്ക്കായി ജീവിതം. പിന്നീട് സ്വന്തം കാലിൽ നിന്ന് എല്ലാം കെട്ടിപ്പടുക്കാനുളള ശ്രമം ആരംഭിച്ചു. എന്നെക്കാൾ, അച്ഛനമ്മമാരെയാണ് അത് ബാധിച്ചത്. വളരെ മോശമായാണ് ചില ബന്ധുക്കൾ അവരോടു പെരുമാറിയത്. 2008 ൽ അമ്മ മരിക്കുമ്പോഴും ആറു വർഷം മുൻപ് അച്ഛൻ കാൻസർ ബാധിച്ച് മരിക്കുമ്പോൾ പോലും പലരും ബന്ധം പുലർത്തിയിരുന്നില്ല. എന്റെ തീരുമാനങ്ങൾ കുടുംബത്തിന്റെ സന്തോഷത്തെ ബാധിച്ചു എന്നത് വലിയ വിഷമമാണ്. അച്ഛനും അമ്മയും നഷ്ടപ്പെട്ട് വിഷമിച്ചിരിക്കുന്ന എന്റെയരികിലേക്ക് ദൈവം അയച്ച മാലാഖയാണ് ഡാനിയൽ വെബ്ബർ. ഇപ്പോൾ എന്റെ കുടുംബം ‍ഡാനിയലും അദ്ദേഹത്തിന്റെ അച്ഛനമ്മമാരും, എന്റെ സഹോദരനുമാണ്.

കുഞ്ഞുങ്ങളെയും സ്വപ്നം കാണാറുണ്ട്. ഡാനിയലിന് പെൺകുട്ടികളെയാണ് ഇഷ്ടം. എനിക്ക് ആൺകുട്ടികളെയും. ആണായാലും പെണ്ണായാലും ആരോഗ്യമുളള കുട്ടി ആയാൽ മതി എന്നേ എനിക്കുള്ളൂ.

പല സുന്ദരികളിൽ നിന്ന് വ്യത്യസ്തമായി വളരെ ആലോചിച്ചെടുത്തവയാണ് സണ്ണിയുടെ ഓരോ തീരുമാനവും....?

ഓരോ ചുവടിനു മുൻപും ഞാൻ പല കാര്യങ്ങൾ ആലോചിക്കും. എടുക്കുന്ന ഓരോ തീരുമാനത്തിന്റെയും ബിസിനസ് സാധ്യതകൾ വരെ വിലയിരുത്തും. എന്റെ ചിത്രങ്ങൾ എന്റെ പേരിൽ മാത്രം വിറ്റഴിഞ്ഞു തുടങ്ങിയപ്പോഴാണ് സണ്ണി ലിയോൺ എന്ന പേര് സ്വീകരിക്കുന്നത്. ഓരോന്നിനും വ്യക്തമായ പ്ലാനിങ് ഉണ്ടായിരുന്നു. എന്റെ അഡൽറ്റ് എന്റർടൈനർ മൂവികൾ വില്ക്കപ്പെടുന്നതിന്റെ റിപ്പോർട്ടുകൾ ശരിക്കും പഠിച്ച ശേഷമാണ് വിവിഡ് എന്റർടെയ്ൻമെന്റ്സ് എന്ന കമ്പനിയുമായി കരാറിലാകുന്നത്. എനിക്ക് സൗകര്യപ്രദമായത്, എന്റെ തീരുമാനങ്ങൾക്കനുസരിച്ച് ചെയ്യാനുളള സ്വാതന്ത്ര്യം ഉറപ്പാക്കിക്കൊണ്ടായിരുന്നു ആ കരാർ.

ഇന്നത്തെ ജീവിതത്തിലേക്കുളള മാറ്റം?

സണ്ണി ലിയോൺ

എല്ലാവരും ഉപേക്ഷിച്ച ഒരു കുഞ്ഞിനെ എന്ന പോലെ, അച്ഛനും അമ്മയും എന്നെ നോക്കിയിരിക്കുന്നുണ്ട് എന്നാണു വിശ്വാസം. ജീവിതത്തിലുണ്ടായ എല്ലാ നല്ല കാര്യങ്ങളും അവരുമായി പങ്കുവയ്ക്കുകയാണ് എന്റെ ഏറ്റവും വലിയ സന്തോഷം. എന്റേതായ രീതിയിൽ ഞാനത് ചെയ്യുന്നുമുണ്ട്.

ഒരു തരത്തിലുളള നെഗറ്റിവിറ്റിയും എന്നെ ബാധിക്കില്ല. അത് എന്റെ ജീവിതത്തിൽ ഉണ്ടാകുന്നതും ഇഷ്ടമല്ല.