Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബെംഗളൂരില്‍ ടീം ഇന്ത്യയൊരുങ്ങുന്നു

sp-dhoni-4col---sept-25 ബെംഗളൂരിൽ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ പരിശീലനത്തിൽ.

ബെംഗളൂരു ∙ വീണ്ടുമൊരു ക്രിക്കറ്റ് കാലം. ഇടവേളയ്ക്കുശേഷം ടീം ഇന്ത്യ വീണ്ടും ക്രീസിലേക്ക്. എതിരാളികൾ ദക്ഷിണാഫ്രിക്ക. ഒക്ടോബർ രണ്ടിനു ഗാന്ധിജയന്തി ദിനത്തിൽ ആദ്യമൽസരം. ഇന്ത്യയുടെ പരിശീലനക്യാംപ് ബെംഗളൂരു നാഷനൽ ക്രിക്കറ്റ് അക്കാദമിയിൽ സജീവം. രണ്ടു ക്യാപ്റ്റന്മാർക്കു കീഴിലാകും ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഈ പരമ്പര. ട്വന്റി20, ഏകദിന പരമ്പരകളിൽ മഹേന്ദ്രസിങ് ധോണിയും ടെസ്റ്റ് പരമ്പരയിൽ വിരാട് കോഹ്‌ലിയും. ശ്രീലങ്കയെ അവരുടെ നാട്ടിൽ പരാജയപ്പെടുത്തി ടെസ്റ്റ് പരമ്പര ജയിച്ചതിന്റെ ആഹ്ലാദത്തിൽ നിൽക്കുന്ന ഇന്ത്യയെ സംബന്ധിച്ചിടത്തോളം ദക്ഷിണാഫ്രിക്ക ഏറെ കടുത്ത എതിരാളികൾ.

നാട്ടിലും വിദേശത്തും ഒരു പോലെ തിളങ്ങുന്ന ദക്ഷിണാഫ്രിക്ക ഇന്ത്യയ്ക്കു വലിയ വെല്ലുവിളി ഉയർത്തുമെന്ന കാര്യത്തിൽ സംശയമില്ല. ഏതാണ്ട് രണ്ടു മാസത്തോളം നീളുന്ന പരമ്പരയാണിത്. ധർമശാലയിൽ ട്വന്റി20 മൽസരത്തോടെയാണു തുടക്കം. ദക്ഷിണാഫ്രിക്കയുടെ കരുത്തിനെ കുറച്ചുകാണാതെയാണ് ഇന്ത്യൻ ടീം ഡയറക്ടർ രവി ശാസ്ത്രി ടീമിനെ സജ്ജമാക്കുന്നത്. ജാക് കാലിസിനെപ്പോലുള്ള മുതിർന്ന താരങ്ങൾ വിരമിച്ചെങ്കിലും അവർ ടീമെന്ന നിലയിൽ ശക്തരാണെന്ന് ശാസ്ത്രി പറഞ്ഞു. അവർ ലോക ഒന്നാംനമ്പർ ടീമാണ്. അതുപോലെതന്നെയാണു കളിക്കുന്നതും. അതുകൊണ്ടുതന്നെ കരുതിയിരിക്കണം. വിജയത്തിന്റെ തുടർച്ച തേടിത്തന്നെയാണ് നമ്മൾ ഇറങ്ങുന്നത്– ശാസ്ത്രി കൂട്ടിച്ചേർത്തു.

ബാറ്റിങ് ഓർഡറിൽ ധോണി മുകളിലേക്കു കയറുമോ എന്ന ചോദ്യത്തിന് ധോണി ലോകം കണ്ട മികച്ച താരവും ക്യാപ്റ്റനുമാണെന്നും ശരിയായ സ്ഥലത്ത് ബാറ്റ് ചെയ്യാൻ അദ്ദേഹത്തിന് അറിയാമെന്നും ശാസ്ത്രി മറുപടി നൽകി. ടീമിലെ ഒരു ബാറ്റ്സ്മാനും ‘കംഫർട് സോണിൽ’ അല്ലെന്നും ശാസ്ത്രി വെളിപ്പെടുത്തി. ഏതു സ്ഥാനത്തും ബാറ്റ് ചെയ്യാൻ എല്ലാവരും സജ്ജരായിരിക്കണമെന്നും ടീം ഡയറക്ടർ സൂചിപ്പിച്ചു.

കോഹ്‌ലി തുടക്കമിട്ട അഞ്ചു ബോളർമാർ എന്ന തത്വം സ്ഥിരമല്ലെന്നും സാഹചര്യങ്ങൾക്കനുസരിച്ചു മാറ്റമുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. മൂന്നു മൽസര ട്വന്റി20 പരമ്പരയ്ക്കും ആദ്യ മൂന്ന് ഏകദിനങ്ങൾക്കുമുള്ള ടീമിനെ ഇന്ത്യ പ്രഖ്യാപിച്ചിട്ടുണ്ട്. പഞ്ചാബിന്റെ ഓൾറൗണ്ടർ ഗുർകീരത് സിങ്ങാണ് ഏകദിനടീമിലെ പുതുമുഖം. കർണാടകയുടെ ബോളർ എസ്. അരവിന്ദ് ട്വന്റി20 ടീമിലും ഇടംപിടിച്ചു. ‌

ഇന്ത്യൻ ബോർഡ് പ്രസിഡന്റ്സ് ഇലവനും ദക്ഷിണാഫ്രിക്കയുമായുള്ള സന്നാഹമൽസരം 29ന് ഡൽഹിയിൽ നടക്കും. ബാറ്റിങ്ങിൽ സഞ്ജയ് ബംഗാറും ബോളിങ്ങിൽ ബി. അരുണും ഫീൽഡിങ്ങിൽ ആർ. ശ്രീധറുമാണ് കോച്ചിങ്ങിൽ ശാസ്ത്രിയെ സഹായിക്കുന്നത്.

മൽസരക്രമം:

ഒക്ടോബർ 2– ആദ്യ ട്വന്റി20 (ധർമശാല) അഞ്ച്– രണ്ടാം ട്വന്റി20 (കട്ടക്ക്)  എട്ട്– മൂന്നാം ട്വന്റി20 (കൊൽക്കത്ത)

ഏകദിനങ്ങൾ:

ഒക്ടോബർ 11– കാൺപൂർ  14– ഇൻഡോർ 18– രാജ്കോട്ട് 22– ചെന്നൈ 25– മുംബൈ

ടെസ്റ്റുകൾ:

നവംബർ 5–11 – ഒന്നാം ടെസ്റ്റ് (ചണ്ഡീഗഡ്) നവംബർ 14–18: രണ്ടാം ടെസ്റ്റ് (ബെംഗളൂരു) നവംബർ 25–29: മൂന്നാം ടെസ്റ്റ് (നാഗ്പൂർ) ഡിസംബർ 3– 7: നാലാം ടെസ്റ്റ് (ഡൽഹി)

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.