Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നടപടികളുടെ നൂലാമാലയുമായി ജൂറി; ഗോവയിൽ എസ് ദുർഗയുടെ വഴിയടയുന്നു

S Durga

പനജി∙ ഗോവ രാജ്യാന്തര ചലച്ചിത്ര മേള സമാപിക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കേ, മലയാളചിത്രം എസ് ദുര്‍ഗയുടെ പ്രദർശനം അനിശ്ചിതത്വത്തിൽ. സനൽകുമാർ ശശിധരൻ സംവിധാനം ചെയ്ത എസ് ദുർഗയുടെ കാര്യം കോടതിയുടെ പരിഗണനയിലാണെന്നു ജൂറി ചെയര്‍മാന്‍ രാഹുല്‍ റാവല്‍ പറഞ്ഞു. കേരള ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് ജൂറി അംഗങ്ങള്‍ തിങ്കളാഴ്ച ചിത്രം കണ്ടതിനുശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ജൂറിയുടെ തീരുമാനം കേന്ദ്രത്തെ അറിയിക്കും. തുടര്‍ന്ന് വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം കോടതിക്കു റിപ്പോര്‍ട്ട് നല്‍കും. അതിനുശേഷമേ ചിത്രം പ്രദര്‍ശിപ്പിക്കുന്നതു സംബന്ധിച്ചു മറ്റു കാര്യങ്ങള്‍ പറയാനാകൂവെന്നും രാഹുൽ‌ വ്യക്തമാക്കി. ചൊവ്വാഴ്ച മേള തീരുമെന്നിരിക്കേ, ഇത്രയും നടപടികൾ മണിക്കൂറുകൾക്കകം നടക്കാനുള്ള സാധ്യത വിരളമാണ്. സംവിധായകൻ ഉൾപ്പെടെയുള്ള അണിയറ പ്രവർ‌ത്തകർ പ്രദർശനം കാത്ത് ഗോവയിലുണ്ട്.

തിങ്കളാഴ്ച വൈകിട്ടാണു ജൂറി അംഗങ്ങള്‍ക്കുവേണ്ടി ചിത്രം പ്രദര്‍ശിപ്പിച്ചത്. തുടർന്ന് ജൂറി അംഗങ്ങളും ഐഎഫ്‌എഫ്‌ഐ ഡയറക്ടറും അടച്ചിട്ട മുറിയില്‍ 6.30 മുതല്‍ 9.30 വരെ ചര്‍ച്ച നടത്തി. ഈ യോഗത്തിലാണു ജൂറിയുടെ നിലപാട് കേന്ദ്രത്തെ അറിയിക്കാൻ തീരുമാനിച്ചത്. ജൂറി തീരുമാനം മറികടന്ന് കേന്ദ്ര സർക്കാർ എസ് ദുർഗ, ന്യൂഡ് എന്നീ ചിത്രങ്ങൾ ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് നേരത്തേ ജൂറി ചെയര്‍മാന്‍ സുജോയ് ഘോഷ് അടക്കം മൂന്നു ജൂറി അംഗങ്ങള്‍ രാജിവച്ചിരുന്നു.

കേന്ദ്ര നടപടിക്കെതിരെ സംവിധായകൻ നൽകിയ ഹര്‍ജിയില്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ചും ഡിവിഷന്‍ ബെഞ്ചും സിനിമ പ്രദര്‍ശിപ്പിക്കണമെന്ന് ഉത്തരവിട്ടു. ഹൈക്കോടതി ഉത്തരവിന്റെ പകര്‍പ്പും സെന്‍സര്‍ സര്‍ട്ടിഫിക്കറ്റും സിനിമയും സഹിതം മേളയുടെ അധികൃതര്‍ക്ക് നേരട്ടെത്തി സമര്‍പ്പിച്ചു. പക്ഷേ, ഏതുവിധേനയും തടസ്സങ്ങളുന്നയിക്കാനാണ് അധികൃതർ ശ്രമിക്കുന്നതെന്ന് ആക്ഷേപമുണ്ട്. ഒട്ടേറെ രാജ്യാന്തര ചലച്ചിത്ര മേളകളിൽ ഏറെ അംഗീകാരങ്ങൾ നേടിക്കൊണ്ടിരിക്കുന്ന ചിത്രമാണ് എസ് ദുർഗ.