Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നാടകീയമായി സർട്ടിഫിക്കറ്റ് റദ്ദാക്കി; ‘എസ് ദുർഗ’ മേളയിൽനിന്ന് ‘പുറത്ത്’

S Durga

തിരുവനന്തപുരം/ പനജി ∙ ‘എസ് ദുർഗ’ എന്ന വിവാദ മലയാളസിനിമ പ്രദർശിപ്പിക്കാതെ ഗോവ രാജ്യാന്തര ചലച്ചിത്രമേളയ്ക്കു കൊടിയിറക്കം. ചിത്രത്തിന്റെ സെൻസർ സർട്ടിഫിക്കറ്റ് റീജനൽ സെൻസർ ബോർഡ് നാടകീയമായി റദ്ദാക്കിയതിനെ തുടർന്നാണിത്. ചിത്രം പ്രദർശിപ്പിക്കണമെന്ന ഹൈക്കോടതി നിർദേശം നടപ്പായില്ല. കോടതിയലക്ഷ്യമെന്നു സംവിധായകൻ. മേളയുടെ അവസാനദിവസമെങ്കിലും ചിത്രം പ്രദർശിപ്പിക്കുമെന്നു പ്രേക്ഷകർ പ്രതീക്ഷിച്ചിരിക്കെയാണ് ഇന്നലെ പുതിയ തീരുമാനം. ജൂറി തീരുമാനിക്കട്ടെയെന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം ജൂറി സിനിമ കണ്ടിരുന്നു. ഹൈക്കോടതി വിധി നടപ്പാക്കാൻ പരമാവധി ശ്രമിച്ചുവെന്നും എന്നാൽ സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കിയ സാഹചര്യത്തിൽ ചിത്രം പ്രദർശിപ്പിക്കാൻ നിർവാഹമില്ലെന്നും ഗോവ മേളയുടെ ഡയറക്ടർ സുനിത് ടണ്ഡൻ സംവിധായകനെ രേഖാമൂലം അറിയിച്ചു.

ചിഹ്നം പ്രശ്നം; വീണ്ടും സെൻസർ ചെയ്യണം: ബോര്‍ഡ്
റീജനൽ സെൻസർ ബോർഡ് ഓഫിസർ ചിത്രത്തിന്റെ നിർമാതാവ് ഷാജി മാത്യുവിനയച്ച കത്തിൽ പറയുന്നത്: ചിത്രത്തിന്റെ പേര് സെക്സി ദുർഗ എന്നതിനു പകരം എസ് ദുർഗ എന്ന് ആക്കാമെന്നും മൂന്നു തെറിവാക്കുകൾ നീക്കാമെന്നുമുള്ള ഉറപ്പിലാണു സെൻസർ സർട്ടിഫിക്കറ്റ് നൽകിയിരുന്നത്. എന്നാൽ ഗോവയിൽ സിനിമ കണ്ട ജൂറി അംഗങ്ങൾ, ചിത്രത്തിന്റെ പേര് എസ്### ദുർഗ (എസ് കഴിഞ്ഞ് ഹാഷ് ടാഗ് ചിഹ്നങ്ങൾ) എന്നാണ് ടൈറ്റിൽ കാർഡിൽ നൽകിയിരിക്കുന്നതെന്നു പരാതി നൽകുകയായിരുന്നു. ഇതു ചട്ടങ്ങളുടെ ലംഘനമാണ്. അതിനാൽ പ്രദർശനാനുമതി നിഷേധിക്കുന്നു. ചിത്രം വീണ്ടും സെൻസർ ചെയ്യുന്നതിനുള്ള തീയതി പിന്നീട് അറിയിക്കും. അതുവരെ പ്രദർശിപ്പിക്കരുത്.

കേരളമേളയിലും സാധ്യതയില്ല: കമൽ
കേരള രാജ്യാന്തര ചലച്ചിത്രമേള തുടങ്ങുന്നതിനു മുമ്പ് (ഡിസംബർ എട്ട്) സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ചാൽ മാത്രമേ ചിത്രം പ്രദർശിപ്പിക്കാനാവൂ എന്നു ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ. അല്ലെങ്കിൽ കേന്ദ്ര വാർത്താവിതരണ മന്ത്രാലയത്തിന്റെ പ്രത്യേകാനുമതി വേണം. ഇപ്പോഴത്തെ സാഹചര്യത്തിൽ അതു ലഭിക്കാനിടയില്ലെന്നു കമൽ ചൂണ്ടിക്കാട്ടി. കേന്ദ്ര സർക്കാർ എതിർക്കുന്ന സാഹചര്യത്തിൽ ഈ ചിത്രത്തിന്റെ പ്രത്യേക സ്ക്രീനിങ് കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ നടത്തുമെന്നു കമൽ നേരത്തെ അറിയിച്ചിരുന്നു.

∙ 'സർക്കാരിന് ഇഷ്ടപ്പെടാത്ത സിനിമയെടുത്താൽ അതു രാജ്യത്തെങ്ങും പ്രദർശിപ്പിക്കാൻ അനുവദിക്കില്ല എന്ന തീരുമാനത്തിന്റെ ഭാഗമാണിത്. കലാകാരന്റെ സ്വാതന്ത്ര്യത്തിനുമേലുള്ള കൈകടത്തലാണിത്. ചിത്രത്തെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ചു രാജിവച്ചവർക്കു പകരം മൂന്നുപേരെ കേന്ദ്ര സർക്കാർ ജൂറിയിൽ തിരുകിക്കയറ്റിയിരുന്നു. ഇവരും നേരത്തെയുള്ള ഒരാളും ചേർന്നാണു ജൂറി തീരുമാനം അട്ടിമറിച്ചത്.' – സനൽകുമാർ ശശിധരൻ (സംവിധായകൻ)