Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രമുഖ രാഷ്ട്രീയനേതാവിന്റെ മകൻ ട്രെയിനിൽ അപമാനിച്ചെന്ന് ജോസ് കെ. മാണിയുടെ ഭാര്യ

Nisha Jose K. Mani നിഷ ജോസ് കെ. മാണി

കോട്ടയം ∙ പ്രമുഖ രാഷ്ട്രീയനേതാവിന്റെ മകൻ ട്രെയിൻ യാത്രയിൽ തന്നെ അപമാനിച്ചിട്ടുണ്ടെന്നും ‘മീ ടൂ’ പ്രചാരണത്തിൽ താനും പങ്കുചേരുന്നുവന്നും ജോസ് കെ. മാണി എംപിയുടെ ഭാര്യ നിഷാ ജോസ്. നിഷ എഴുതിയ ജീവിതാനുഭവക്കുറിപ്പുകളുടെ സമാഹാരമായ ‘ദി അദർ സൈഡ് ഓഫ് ദിസ് ലൈഫ്’ എന്ന പുസ്തകത്തിലാണ് ഇക്കാര്യം പരാമർശിക്കുന്നത്.

Read In English

തിരുവനന്തപുരത്തുനിന്നു കോട്ടയത്തേക്കുള്ള ട്രെയിൻ യാത്രയ്ക്കിടെയായിരുന്നു സംഭവമെന്നു പറയുന്ന നിഷ വ്യക്തിയുടെ പേരു പറയുന്നില്ല. ചില സൂചനകൾ മാത്രം തരുന്നു. തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ രാത്രി വൈകി തനിയെ കോട്ടയത്തേക്കു ട്രെയിൻ കയറാൻ എത്തിയപ്പോഴാണ് അയാളെ കണ്ടത്. മെലിഞ്ഞ യുവാവ് രാഷ്ട്രീയനേതാവായ സ്വന്തം അച്ഛന്റെ പേരു പറഞ്ഞാണ് പരിചയപ്പെട്ടത്. അപകടത്തിൽപ്പെട്ട് തിരുവനന്തപുരത്ത് ആശുപത്രിയിൽ കിടക്കുന്ന ഭാര്യാപിതാവിനെ കാണാൻ വന്നതാണെന്നും പറഞ്ഞു. ട്രെയിനിൽ കയറിയ അയാൾ അടുത്തു വന്നിരുന്നു സംസാരം തുടർന്നു. സഹികെട്ടപ്പോൾ ടിടിആറിനോട് പരാതിപ്പെട്ടു. ടിടിആർ നിസ്സഹായനായി കൈമലർത്തി. യുവാവും അയാളുടെ അച്ഛനെപ്പോലെയാണെങ്കിൽ ഇടപെടാൻ എനിക്കു പേടിയാണ് എന്നായിരുന്നു ടിടിആറിന്റെ മറുപടി. ‘നിങ്ങൾ ഒരേ രാഷ്ട്രീയ മുന്നണിയിൽ ഉൾപ്പെട്ടവരായതിനാൽ ഇത് ഒടുവിൽ എന്റെ തലയിൽ വീഴും’– ഇങ്ങനെ പറഞ്ഞ് ടിടിആർ ഒഴിവായി. തിരികെ സീറ്റിലെത്തിയിട്ടും സഹയാത്രികൻ ശല്യപ്പെടുത്തൽ തുടർന്നു. മൂന്നോ നാലോ തവണ അനാവശ്യമായി തന്റെ കാൽപാദത്തിൽ സ്പർശിച്ചു. അതോടെ അടുത്തുനിന്നു പോകാൻ അയാളോട് കർശനമായി പറഞ്ഞെന്നും വീട്ടിൽ എത്തിയശേഷം ഇക്കാര്യം ഭർത്താവ് ജോസ് കെ. മാണിയെ അറിയിച്ചെന്നും പുസ്തകത്തിൽ പറയുന്നു.

കോട്ടയത്തെ ഒരു യുവ കോൺഗ്രസ് നേതാവിനെതിരെയും നിഷയുടെ പുസ്തകത്തിൽ പരാമർശമുണ്ട്. ഹീറോ എന്ന് പരിഹാസ രൂപത്തിലാണ് ആ നേതാവിന്റെ പേര് പുസ്തകത്തിൽ പറയുന്നത്. തന്നെക്കുറിച്ച് അപഖ്യാതി പറഞ്ഞുപരത്തിയത് ‘ഹീറോ’ആണെന്ന് നിഷ ആരോപിക്കുന്നു. സ്വന്തം നേതാവിനെ മോശപ്പെടുത്തി ഇയാൾ സംസാരിച്ചതിന്റെ ശബ്ദരേഖ പുറത്തു വന്നതിനെപ്പറ്റിയും പുസ്തകത്തിൽ സൂചനയുണ്ട്. പേരൊന്നും വെളിപ്പെടുത്തുന്നില്ലെങ്കിലും ആളെ മനസ്സിലാക്കാവുന്ന സൂചനകൾ പുസ്തകം നൽകുന്നുണ്ട്.

nisha-jose-book-release-function മുഖവുര ചിരി... നിഷ ജോസ് കെ.മാണിയുടെ പുസ്തകം ‘ദി അദർ സൈഡ് ഓഫ് ദിസ് ലൈഫ്’ പ്രകാശനം ചെയ്യാൻ കുമരകത്തെത്തിയ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി കെ.എം.മാണി എംഎൽഎ, ഭാര്യ കുട്ടിയമ്മ, നിഷ ജോസ് കെ.മാണി, ജോസ് കെ.മാണി എംപി എന്നിവർക്കൊപ്പം.

ബാർ കോഴവിവാദം, സോളർ, സരിത തുടങ്ങി കെ.എം. മാണിയുടെ കുടുംബം നേരിട്ട ആരോപണങ്ങളെപ്പറ്റിയും അതു കുടുംബത്തിലുണ്ടാക്കിയ വിഷമങ്ങളെപ്പറ്റിയും നിഷ എഴുതുന്നുണ്ട്. കുമരകത്തു നടന്ന ചടങ്ങിൽ ‘ദി അദർ സൈഡ് ഓഫ് ദിസ് ലൈഫ്’ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിബായി പ്രകാശനം ചെയ്തു. കെ.എം. മാണിയുടെ ഭാര്യ കുട്ടിയമ്മയും നിഷയുടെ മാതാവ് റോസി ജോണും ചേർന്ന് പുസ്തകം ഏറ്റുവാങ്ങി. കെ.എം. മാണി എംഎൽഎ, ജോസ് കെ. മാണി എംപി എന്നിവർ പങ്കെടുത്തു.

# മീ ടൂ: സ്ത്രീ മുന്നേറ്റ പ്രസ്ഥാനം

ഹോളിവുഡിലെ പ്രമുഖരുടെ ലൈംഗിക പീഡനങ്ങൾക്കെതിരെ നടിമാർ പരസ്യമായി രംഗത്തെത്തിയതോടെ ആഗോളതലത്തിൽ അലകളുണ്ടാക്കിയ സ്ത്രീപീഡനവിരുദ്ധ പ്രചാരണമാണു ‘മീ ടൂ.’ #metoo എന്ന ഹാഷ്ടാഗിലാണു സമൂഹമാധ്യമങ്ങളിലൂടെ ഇതു പടർന്നത്. ഹോളിവുഡിലെ പ്രമുഖ നിർമാതാവ് ഹാർവി വെയ്ൻസ്റ്റെയ്നെതിരെയുള്ള ലൈംഗികപീഡന പരാതികളുടെ പശ്ചാത്തലത്തിലാണു ‘മീ ടൂ’ (ഞാനും എന്നർഥം) പ്രസ്ഥാനം ഉടലെടുത്തത്. ടൈം വാരികയുടെ കഴിഞ്ഞ വർഷത്തെ ‘വാർഷിക വ്യക്തി പുരസ്കാരം’ ഈ പ്രസ്ഥാനത്തിനായിരുന്നു.