ഷീലാ ടോമി
Sheela Tommy

വയനാട് ജില്ലയിലെ മാനന്തവാടിയില്‍ ജനനം. പിതാവ്: പരേതനായ എം.എ. ജോസഫ്. മാതാവ്: പി.ജെ. ഏലിക്കുട്ടി. ഇരുവരും അധ്യാപകരായിരുന്നു. പയ്യമ്പള്ളി സെയിന്റ് കാതറിന്‍സ് ഹൈസ്കൂള്‍, പ്രോവിഡന്‍സ് കോളജ് കോഴിക്കോട്, ഗവൺമെന്‍റ് എൻജിനീയറിങ് കോളജ് കണ്ണൂര്‍, അളഗപ്പ യൂണിവേഴ്സിറ്റി എന്നിവിടങ്ങളില്‍ പഠനം. ജേർണലിസം ആന്‍ഡ് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനില്‍ ഔദ്യോഗിക ജീവിതത്തിന്‍റെ തുടക്കം. മിഡിൽ ഈസ്റ്റില്‍ പല സ്ഥലങ്ങളിലും ജോലിചെയ്തു. ഏഷ്യാനെറ്റ് റേഡിയോയില്‍ പുസ്തക അവതാരകയായും സ്ക്രിപ്റ്റ് റൈറ്റര്‍ ആയും സാന്നിധ്യമറിയിച്ചു. ആദ്യ കഥാസമാഹാരം മെല്‍ക്വിയാഡിസിന്‍റെ പ്രളയ​പുസ്തകം. 2021-ലെ ചെറുകാട് അവാര്‍ഡിനര്‍ഹമായ ആദ്യ നോവല്‍ വല്ലി ഇംഗ്ലിഷിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടു. അബുദാബി അരങ്ങ് ചെറുകഥാ പുരസ്കാരം 2007, പുഴ.കോം ചെറുകഥാ പുരസ്കാരം 2008, ദോഹ സമന്വയം സാഹിതീപുരസ്കാരം 2012, ദോഹ സംസ്കൃതി കഥയരങ്ങ് പുരസ്കാരം 2012, PARK കമലാസുരയ്യ നീര്‍മാതളം പുരസ്കാരം UAE 2014, ഗള്‍ഫ് മാധ്യമം ഷിക്യൂ എക്സലന്‍സ് അവാര്‍ഡ് ഫോര്‍ ആര്‍ട്ട്‌ ആന്‍ഡ്‌ ലിറ്ററേച്ചര്‍ 2022 തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ക്ക് അര്‍ഹയായി. കിളിനോച്ചിയിലെ ശലഭങ്ങള്‍ എന്ന ചെറുകഥ തമിഴിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടു.