രാഹുൽ ഗാന്ധി
Rahul Gandhi

കേരളത്തിലെ വയനാട് മണ്ഡലത്തിൽ നിന്നുള്ള ലോക്സഭാ എംപിയും ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ (ഐഎൻസി) മുതിർന്ന നേതാവുമാണ് രാഹുൽ ഗാന്ധി. 2017 ഡിസംബർ 16 മുതൽ 2019 ജൂലൈ 3 വരെ കോൺഗ്രസ് അധ്യക്ഷനായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

ജീവിതം

1970 ജൂൺ 19ന് ഡൽഹിയിലാണ് മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെയും ഇപ്പോഴത്തെ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെയും മകനായി രാഹുലിന്റെ ജനനം. സഹോദരി പ്രിയങ്ക ഗാന്ധി. പിതാവ് രാജീവ് ഗാന്ധിയെ കൂടാതെ മുത്തശ്ശി ഇന്ദിരാഗാന്ധി, മുതുമുത്തശ്ശൻ ജവഹർലാൽ നെഹ്‌റു എന്നിവരും ഇന്ത്യയുടെ പ്രധാനമന്ത്രി പദം അലങ്കരിച്ചിരുന്നു. 

രാഹുലിന് ബാല്യത്തിൽ സുരക്ഷാകാരണങ്ങളാൽ നിരന്തരം സ്കൂളുകൾ മാറേണ്ടി വന്നിരുന്നു. ന്യൂഡൽഹിയിലും ഡെറാഡൂണിലും പ്രാഥമിക വിദ്യാഭ്യാസം നേടി. ഡൽഹി സെന്റ് സ്റ്റീഫൻസ് കോളേജിൽ ബിരുദ പഠനം തുടങ്ങിയ അദ്ദേഹം പിതാവിന്റെ മരണത്തെത്തുടർന്ന്, സുരക്ഷാ കാരണങ്ങളാൽ ഫ്ലോറിഡയിലെ റോളിൻസ് കോളജിലേക്ക് മാറി. 1994 ൽ കേംബ്രിജിൽനിന്ന് എംഫിൽ നേടി.

പഠനത്തിനു ശേഷം ലണ്ടനിലെ മാനേജ്മെന്റ് കൺസൽറ്റിങ് സ്ഥാപനമായ മോണിറ്റർ ഗ്രൂപ്പിൽ ജോലി ചെയ്തു. താമസിയാതെ ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ രാഹുൽ ഗാന്ധി മുംബൈ ആസ്ഥാനമായി ബാക്കോപ്പ്സ് സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ടെക്‌നോളജി ഔട്ട്‌സോഴ്‌സിങ് സ്ഥാപനം തുടങ്ങി.

2004 മാർച്ചിൽ, ആ വർഷം മേയിൽ നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് രാഹുൽ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചു. ഉത്തർപ്രദേശിലെ അമേഠിയിൽനിന്നു മത്സരിച്ച് ജയിച്ചു. 2007 സെപ്റ്റംബറിൽ ഇന്ത്യൻ യൂത്ത് കോൺഗ്രസിന്റെയും (ഐവൈസി) നാഷനൽ സ്റ്റുഡന്റ്സ് യൂണിയന്റെയും (എൻഎസ്‌യുഐ) ജനറൽ സെക്രട്ടറിയായി.

2009 ലും 2014 ലും അമേഠിയിൽനിന്ന് വീണ്ടും ജയിച്ചു. 2013ൽ കോൺഗ്രസ് വൈസ് പ്രസിഡന്റായി ചുമതലയേറ്റു. 2017 ഡിസംബറിൽ കോൺഗ്രസ് അധ്യക്ഷനായി. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ അമേഠിയിൽ നിന്നും വയനാട്ടിൽ നിന്നും മത്സരിച്ചു. അമേഠിയിൽ ബിജെപിയുടെ സ‍്മൃതി ഇറാനിയോട് പരാജയപ്പെട്ട അദ്ദേഹം വയനാട്ടിൽ ജയിച്ചു. 2019 ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ തോൽവിയെ തുടർന്ന് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ചു.