മനസ്സ് പ്രകാശപൂരിതമാകാന്‍ ഇതാ ഒരു മന്ത്രം!

മനസ്സ് ശുദ്ധീകരിച്ച്, കര്‍മോത്സുകനായി മാറാന്‍ ഈ മന്ത്രം ആഹ്വാനം ചെയ്യുന്നു.

മനസ്സ് വെട്ടിത്തിളങ്ങി, പ്രശോഭിതമായി, പ്രകാശപൂര്‍ണമായി നില്‍ക്കുമ്പോള്‍ മാത്രമേ ഓരോ ദിനവും സന്തോഷത്തോടെ കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാന്‍ സാധിക്കൂ.

ജീവിതത്തില്‍ പല റോളുകളായിരിക്കും നമ്മള്‍ ഓരോരുത്തര്‍ക്കും. അമ്മ, അച്ഛന്‍, ഭാര്യ, ഭര്‍ത്താവ്, മക്കള്‍, സഹോദരി, സഹോദരന്‍ എന്നിങ്ങനെ പല സ്ഥാനങ്ങളില്‍ പലവിധ കര്‍മ്മങ്ങള്‍ ഓരോ ദിനവും നാമോരുരത്തരും ചെയ്യേണ്ടതുണ്ട്. അതിനു പുറമെയാണ് ജോലി സംബന്ധമായി നമ്മള്‍ ചെയ്യേണ്ട ഉത്തരവാദിത്തങ്ങള്‍.

വ്യക്തിപരമായി നാം ഓരോരുത്തര്‍ക്കും എന്തെല്ലാം പ്രശ്‌നങ്ങള്‍ മനസിലുണ്ടെങ്കിലും മുകളില്‍ പറഞ്ഞ റോളുകള്‍ക്കനുസരിച്ചുള്ള ഉത്തരവാദിത്തങ്ങള്‍ ചെയ്‌തേ മതിയാകൂ. എന്നാല്‍ മനസ്സ് ചഞ്ചലപ്പെട്ടുപോകുമ്പോള്‍, ഇരുളടയുമ്പോള്‍ നമുക്ക് ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാന്‍ പറ്റാറില്ല. അതില്‍ വീഴ്ച്ച വരുത്തുന്നു. 

അപ്പോള്‍ ആദ്യം വേണ്ടത് മനസ്സിനെ പ്രകാശപൂരിതമാക്കുകയാണ്. മനസ്സ് എപ്പോഴും പ്രകാശപൂര്‍ണമായാല്‍ പിന്നെ ടെന്‍ഷന്‍ ഒന്നുമില്ലാതെ നമ്മുടെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാം. മനസ്സിനെ അതിന് പാകപ്പെടുത്താന്‍ സഹായിക്കുന്നതാണ് ശിവസങ്കല്‍പ്പസൂക്തത്തിലെ മൂന്നാം മന്ത്രം. യജുര്‍വേദം 34ാം അധ്യായത്തില്‍ അടങ്ങിയിട്ടുള്ള ശിവസങ്കല്‍പ്പ സൂക്തത്തിലെ ആദ്യ രണ്ട് മന്ത്രങ്ങളുടെ വിശദമായ അര്‍ത്ഥം നമ്മള്‍ കഴിഞ്ഞ പംക്തികളിലൂടെ ്അറിഞ്ഞു കഴിഞ്ഞു. ഇതാണ് മൂന്നാം മന്ത്രം

ഓം യത് പ്രജ്ഞാനമുത ചേതോ ധൃതിശ്ച

യജ്ജ്യോതിരന്തരമൃതം പ്രജാസു

യസ്മാന്ന ഋതേ കിം ചന കര്‍മ ക്രിയതേ

തന്മേ മന: ശിവസങ്കല്‍പ്പമസ്തു.

ഉറക്കമാണ് എല്ലാത്തിന്റെയും നിദാനം. അതുകൊണ്ടുതന്നെ നല്ല ഉറക്കത്തിലൂടെ ശുഭചിന്തകളാല്‍ മനസിനെ നിറയ്ക്കാനാണ് ശിവസങ്കല്‍പ്പ സൂക്തം ഉറങ്ങുന്നതിന് തൊട്ട് മുമ്പ് ചൊല്ലുന്നത്. 

ഏത് മനസ്സാണോ ഉള്ളില്‍ പ്രകാസരൂപമായിട്ടുള്ളത് എന്റെ ബുദ്ധിയെ നിയന്ത്രിക്കുന്ന ആ മനസ്സ് ശുഭവിചാരമുള്ളതായി തീരട്ടെ എന്നാണ് ഈ മന്ത്രസാധനയിലൂടെ ഓരോരുത്തരും സ്വയം ബോധ്യപ്പെടുത്തുന്നത്. മനസ്സ് ശുദ്ധീകരിച്ച്, കര്‍മോത്സുകനായി മാറാന്‍ ഈ മന്ത്രം ആഹ്വാനം ചെയ്യുന്നു.