മോഹിനി ഏകാദശി, ആചരിച്ചാൽ അനേകം ഗുണങ്ങൾ!

ഒരു വർഷത്തിൽ 24 ഏകാദശി ഉണ്ട്. ചിലപ്പോൾ 26 ഏകാദശി വരാറുണ്ട്. ഏപ്രിൽ 26 വ്യാഴാഴ്ച ശുക്ലപക്ഷ ഏകാദശിയായ മോഹിനി ഏകാദശിയാണ്. സൂര്യപുരാണത്തിൽ മോഹിനി ഏകാദശിവ്രതത്തിന്റെ മാഹാത്മ്യത്തെക്കുറിച്ച് പറയുന്നുണ്ട്. ഈ വ്രതം അനുഷ്ഠിക്കുന്നവരുടെ പാപങ്ങളെയും ദുഃഖങ്ങളെയും ഇല്ലാതാക്കി സന്തോഷവും സമാധാനവും നൽകുന്നു. ഈ ഏകാദശി വ്രതം നോൽക്കുന്ന ഭക്തർ മോഹമെന്ന മായാജാലത്തിൽ നിന്ന് മുക്തരാകുന്നു. വനവാസ സമയത്ത് സീതയുടെ വിയോഗത്തിൽ ദുഃഖിച്ചിരുന്ന ശ്രീരാമൻ വസിഷ്ഠ മഹർഷിയുടെ ഉപദേശപ്രകാരം മോഹിനി ഏകാദശി വ്രതം അനുഷ്ഠിച്ചിരുന്നു. ശ്രീകൃഷ്ണന്റെ നിർദ്ദേശപ്രകാരം യുധിഷ്ഠിരനും മോഹിനി ഏകാദശി നോറ്റിരുന്നു. മറ്റെല്ലാ ഏകാദശിയേയും പോലെ നെല്ലരി ചോറും അരി കൊണ്ടുള്ള പദാർത്ഥങ്ങളും ഉപേക്ഷിക്കേണ്ടതാണ്.

ദശമി ദിവസം കുളിച്ച് ഒരുനേരം ആഹാരം കഴിച്ച് ഏകാദശി ദിവസം പൂർണ്ണ ഉപവാസം അനുഷ്ഠിക്കേണ്ടതാണ്. (പൂർണ്ണ ഉപവാസം സാധ്യമല്ലാത്തവർക്ക് പാലും പഴങ്ങളും കഴിക്കാവുന്നതാണ്) പിറ്റേദിവസം വിഷ്ണുക്ഷേത്രത്തിൽ പോയി പ്രാർത്ഥിച്ച് വ്രതം അവസാനിപ്പിക്കാവുന്നതാണ്. മോഹിനി ഏകാദശി ദിവസം തുളസി ഇലകളാൽ വിഷ്ണു ഭഗവാന് അർച്ചന നടത്തുന്നത് വളരെ നല്ലതാണ്. ഈ ദിവസം പാവപ്പെട്ടവർക്ക് വസ്ത്രവും ഭക്ഷണവും ദാനം കൊടുക്കുന്നത് നല്ലതാണ്. എല്ലാ ഏകാദശിക്കും മൗനാചരണം നല്ലതാണ്. 

ഈ ഏകാദശി ദിനത്തിലാണ് മഹാവിഷ്ണു മോഹിനിരൂപം ധരിച്ചത്. അതിനാൽ ഈ ദിവസം മോഹിനി ഏകാദശിയായി അറിയപ്പെടുന്നു. അസുരന്മാരെ മോഹിപ്പിച്ച് മോഹിനി രൂപം ധരിച്ച് വിഷ്ണുഭഗവാൻ അമൃതകലശത്തെ തട്ടിയെടുത്ത അസുരന്മാരിൽ നിന്ന് തന്ത്രപൂർവ്വം അത് തിരികെ വാങ്ങി ദേവന്മാർക്ക് നൽകി. മോഹിനി ഏകാദശി വ്രതം അനുഷ്ഠിക്കുന്ന ഭക്തരുടെ എല്ലാ ദുഃഖങ്ങളെയും അകറ്റി അവർക്ക് മാനസികമായ സന്തോഷവും സമാധാനവും നൽകി അവരെ അനുഗ്രഹിക്കുന്നു.