അനന്തം അദ്ഭുതം ശ്രീപത്മനാഭ ക്ഷേത്രം!

കേരളത്തിന്റെ തലസ്ഥാന നഗരിയായ തിരുവനന്തപുരം ശ്രീപത്മനാഭന്റെ സ്വന്തം നാടാണ്. ആയിരം ഫണങ്ങളോടുകൂടിയ അനന്തൻ എന്ന സർപ്പത്തിന്മേൽ  ശയിക്കുന്ന  മഹാവിഷ്ണു ഇവിടെ പ്രധാന പ്രതിഷ്ഠയാകയാൽ അനന്തപുരി എന്നും അറിയപ്പെടുന്നു. ദണ്ഡകാരണ്യത്തിൽ തപസ്സനുഷ്ടിച്ചിരുന്ന ഋഷിവര്യന്മാർ ലോകത്തിലെ ഏറ്റവും പുരാതനമായ പുണ്യക്ഷേത്രമേതെന്ന് നാരദമഹർഷിയോട് സംശയം ചോദിച്ചു. അതിനുത്തരമായി അദ്ദേഹം അനന്തപുരിയിലെ  ശ്രീ പത്മനാഭസ്വാമീക്ഷേത്രം എന്നാണത്രെ പറഞ്ഞത്. നൂറ്റെട്ട് വൈഷ്ണവ ക്ഷേത്രങ്ങളിൽ പ്രധാനമായ ഈ ക്ഷേത്രത്തെ ഭൂലോക വൈകുണ്ഠമെന്നും വിശേഷിപ്പിക്കുന്നു.

ചുറ്റമ്പലത്തിന്റെ ഒത്തനടുക്കായി കിഴക്കോട്ട്  തിരിഞ്ഞ് ദീർഘചതുരാകൃതിയിലാണ് ശ്രീകോവിൽ. ഭഗവൽ രൂപം മൂന്നുവാതിലുകളിലൂടെ മൂന്നു ഭാഗങ്ങളായി മാത്രമേ ദർശിക്കാനാകൂ.12008 സാളഗ്രാമങ്ങൾ കൊണ്ട്‌  നിർമ്മിച്ച 20 അടി പൊക്കമുള്ള പത്മനാഭസ്വാമിയുടെ വിഗ്രഹം കടുശർക്കരയോഗക്കൂട്ടുകൊണ്ടാണ്‌ നിർമ്മിച്ചിരിക്കുന്നത്. അതിനാൽ മൂലവിഗ്രഹത്തിൽ അഭിഷേകം പതിവില്ല. പകരം ഒറ്റക്കൽമണ്ഡപത്തിലുള്ള അലങ്കാര വിഗ്രഹത്തിലാണ് അഭിഷേകം നടത്താറുള്ളത്. 

അനന്തൻ എന്ന നാഗത്തിന്റെ  മുകളിൽ യോഗനിദ്രയിൽ ശയിക്കുന്ന രൂപത്തിലുള്ള ഭഗവൽ വിഗ്രഹത്തിന് പതിനെട്ടടി നീളമുണ്ട്‌. ഭഗവാന്റെ ശിരോഭാഗം  അനന്തന്റെ ഫണത്താൽ  മൂടിയിരിക്കുന്നു. അനന്തതൽപത്തിനു സമീപം ചിന്മുദ്രയോടു കൂടിയ വലതുകൈക്ക്  താഴെ ശിവലിംഗ പ്രതിഷ്ഠയുണ്ട്‌. മഹാദേവനെ ഭഗവാൻ നിത്യവും പൂജിക്കുന്നു എന്നാണ് സങ്കല്പം .ശ്രീപത്മനാഭന്റെ നാഭിയിൽ നിന്നുള്ള  താമരയിൽ ചതുർമുഖനായ ബ്രഹ്മാവിന്റെ രൂപം കാണാം. ഒരേ ശ്രീകോവിലിൽ ത്രിമൂർത്തികളുടെ സാന്നിധ്യവും ചൈതന്യവും ഇവിടുത്തെ മാത്രം പ്രത്യേകതയാണ്.‌ ഭഗവാന്റെ അടുത്തായി ലക്ഷ്മീദേവിയെയും അൽപം മാറി ഭൂമീ ദേവിയെയും പ്രതിഷ്ഠിച്ചിട്ടുണ്ട്‌.

നിത്യേന അഞ്ചുപൂജകളും മൂന്ന്  ശീവേലികളുമുള്ള മഹാക്ഷേത്രമാണ് ശ്രീപത്മനാഭസ്വാമിക്ഷേത്രം. ആറുവർഷം കൂടുമ്പോൾ ക്ഷേത്രത്തിൽ നടക്കുന്ന “മുറജപം” ഏറെ പ്രത്യേകതയുള്ള ചടങ്ങാണ്‌. സ്വർഗവാതിൽ ഏകാദശിദിനം ഭഗവാന് പ്രധാനമാണ്. അന്നേദിവസം ക്ഷേത്ര ശ്രീകോവിലിനകത്തുളള ഒരു വാതിൽ സ്വർഗവാതിലായി കണക്കാക്കി പ്രത്യേക പൂജകൾ നടക്കും. തിരുവിതാകൂർ രാജകുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ രാത്രി നടക്കുന്ന ശീവേലിയിൽ ഭഗവാനെ ഇറക്കി എഴുന്നളളിക്കുകയും ചെയ്യും. ഈ ദിവസം ക്ഷേത്ര ദർശനം നടത്തുകയും ക്ഷേത്രത്തിലെ ഒരു നടയിലൂടെ കയറി മറ്റൊരു നടയിലൂടെ പുറത്തിറങ്ങുകയും ചെയ്യുന്നതു സ്വർഗത്തിൽ എത്തിയ പുണ്യം ലഭിക്കുമെന്നാണു വിശ്വാസം. 

സമ്പത്തിന്റെ കാര്യത്തിൽ ലോകത്തിനുമുന്നിൽ പോലും ഒരത്ഭുതമാണ് ശ്രീപത്മനാഭസ്വാമീ ക്ഷേത്രം .ഇനിയും എണ്ണിത്തിട്ടപ്പെടുത്താൻ കഴിയാത്തത്ര സമ്പത്ത് ശേഖരം ക്ഷേത്രത്തിലുണ്ട്. ഒരിക്കൽ പത്മതീർത്ഥത്തിൽ സ്നാനം ചെയ്ത ശേഷം ബലരാമൻ കുളക്കരയിൽ വച്ച് ഗോക്കളെ ദാനം ചെയ്തു. ബലരാമൻ ഗോദാനം ചെയ്ത ഭാഗം  ക്ഷേത്രത്തിലെ ചുറ്റമ്പലത്തിന്റെ തെക്കുപടിഞ്ഞാറാണ്. ഇവിടം മഹാഭാരതക്കോൺ എന്നാണ് അറിയപ്പെടുന്നത്. ഈ ഭാഗത്താണ് ക്ഷേത്രത്തിന്റെ എ നിലവറയും ബി നിലവറയും സ്ഥിതി ചെയ്യുന്നത്. ബലരാമൻ  ഗോദാനം ചെയ്ത ഭാഗത്ത്  ഐശ്വര്യം എപ്പോഴും നിലനിൽക്കുന്നതിനാലായിരിക്കണം  ക്ഷേത്ര സമ്പത്ത്  സൂക്ഷിക്കുന്ന നിലവറകൾ ഇവിടെ നിർമ്മിക്കപ്പെട്ടത്. ദേവചൈതന്യവുമായി ബന്ധമുള്ള ബി നിലവറ ഇതേ വരെ തുറന്നിട്ടില്ല. ഈ നിലവറയുടെ സംരക്ഷകൻ ശ്രീ നരസിംഹസ്വാമിയാണെന്നാണ് വിശ്വാസം.