ക്ഷേത്രങ്ങളിൽ സൂര്യോദയത്തിനു മുന്നേ നടത്തപ്പെടുന്ന ഒരു പ്രധാന ചടങ്ങാണിത്. സ്നാനാദികർമങ്ങൾക്ക് ശേഷം ശാന്തിക്കാരൻ മന്ത്രജപങ്ങളോടെ ശ്രീകോവിൽ നടതുറക്കും. തലേന്ന് ചാർത്തിയ ഹാരങ്ങളും പുഷ്പങ്ങളും എടുത്തുമാറ്റുന്നതിനു മുന്നേയുള്ള പ്രഥമ ദർശനം അതിവിശിഷ്ടവും സര്‍വ്വാഭീഷ്ടപ്രദായകവുമാണ്.ഈ നേരം തൊട്ടാണ് നിർമാല്യദര്‍ശനം ആരംഭിക്കുന്നത്. ശേഷം തലേന്നത്തെ ആടയാഭരണങ്ങൾ ഭഗവൽ വിഗ്രഹത്തിൽ നിന്ന് മാറ്റി പൂർണ്ണബിംബ തേജസ്സ് കാണുന്നതിനെയാണ് നിർമാല്യദര്‍ശനം എന്നതുകൊണ്ട് അർഥമാക്കുന്നത്.
നിർമാല്യസമയത്ത് വിഗ്രഹത്തിൽ നിന്നുള്ള ഊര്‍ജപ്രസരണം പതിന്മടങ്ങാണ്.അതിനാൽ നിർമാല്യം തൊഴൽ പുണ്യദായകമാണ്. പിന്നീട് നല്ലെണ്ണകൊണ്ട് അഭിഷേകം ചെയ്തു വാകപ്പൊടിയോ പയറുപൊടിയോ ഉപയോഗിച്ച് എണ്ണമെഴുക്ക് ബിംബത്തിൽ നിന്ന് നീക്കം ചെയ്യുന്നു.ഈ സമയത്തുടനീളം നാമങ്ങൾ ജപിച്ചുകൊണ്ടുള്ള ഭഗവൽ ദർശനം സർവൈശ്വര്യങ്ങളും പ്രദാനം ചെയ്യും.
നിർമാല്യദര്‍ശനം പാടില്ലാത്ത ഒരു ക്ഷേത്രം കേരളത്തിലുണ്ട് . കണ്ണൂർ ജില്ലയിലെ തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രം .കംസവധത്തിനുശേഷമുള്ള കൃഷ്ണൻ ആണ് ഇവിടത്തെ പ്രധാന പ്രതിഷ്ഠ .കംസവധത്തിനുശേഷം രൗദ്രഭാവത്തിലുള്ള കൃഷ്ണനായതിനാൽ ശ്രീകോവിൽ നട തുറക്കും മുമ്പേ തിടപ്പള്ളി തുറന്ന് നിവേദ്യം തയ്യാക്കി കയ്യിൽ നേദ്യവും പിടിച്ചുവേണം മേൽശാന്തി നട തുറക്കേണ്ടത്.