ഏതൊരു മംഗളകർമ്മത്തിനും ഭാരതീയര്‍ക്ക് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് വെറ്റില . മഹത്വമുള്ളതും മംഗളകരവുമായ വെറ്റിലയെ ഐശ്വര്യത്തിന്റെ പ്രതീകമായിട്ടാണ് കണ്ടുവരുന്നത്. വെറ്റിലയുടെ അഗ്രഭാഗത്ത് ലക്ഷ്മിദേവിയും മദ്ധ്യഭാഗത്ത് സരസ്വതിയും ഉള്ളില്‍ വിഷ്ണുവും പുറത്ത് ചന്ദ്രനും കോണുകളില്‍ ശിവനും ബ്രഹ്മാവും വസിക്കുന്നു എന്ന് പറയപ്പെടുന്നു. വെറ്റിലയുടെ ഞരമ്പുകളെല്ലാം വന്നു സംഗമിക്കുന്ന വാലറ്റത്ത് ജ്യേഷ്ഠാഭഗവതിയും വലതുഭാഗത്ത് പാർവതീദേവിയും ഇടതു ഭാഗത്ത് ഭൂമീദേവിയും ഉപരിഭാഗത്ത് ഇന്ദ്രനും ആദിത്യനും എല്ലാ ഭാഗങ്ങളിലും കാമ ദേവനും സ്ഥിതി ചെയ്യുന്നു. ചുരുക്കത്തിൽ ത്രിമൂര്‍ത്തീസ്വരൂപവും ലക്ഷ്‌മീ പ്രതീകവുമാണ് വെറ്റില.
ശിവപാർവ്വതിമാർ കൈലാസത്തിൽ മുളപ്പിച്ചെടുത്ത ഒരു സസ്യമാണ് വെറ്റില എന്നാണ് ഐതിഹ്യം. വെറ്റില പതിവായി കഴിക്കുന്നു എന്ന് സൂചിപ്പിച്ചുകൊണ്ട് ശ്രീലളിതാസഹസ്രനാമത്തില്‍ ദേവിയെ "താംബൂലപൂരിതമുഖി" എന്നു വിശേഷിപ്പിക്കുന്നു. മറ്റൊരു ഇലയ്ക്കുമില്ലാത്ത അനേകം പ്രത്യേകതകൾ വെറ്റിലയ്ക്കുണ്ട്. മംഗളകർമ്മങ്ങളിൽ വെറ്റിലയും പാക്കും നാണയത്തുട്ടും ദക്ഷിണയായി നൽകിയാൽ കുടുംബത്തിൽ ഐശ്വര്യവും സമൃദ്ധിയുമുണ്ടാകുമെന്നാണ് വിശ്വാസം. ലക്ഷ്മീദേവിയുടെ വാസസ്ഥലമായ വെറ്റിലയുടെ അഗ്രഭാഗം തെക്കോട്ടോ പടിഞ്ഞാറോട്ടോ തിരിച്ചു വയ്ക്കരുത്. മംഗളകർമ്മത്തിനായി കൊണ്ടുവരുന്ന വെറ്റില കെട്ടഴിച്ചു വയ്ക്കണം.വാടിയതും കീറിയതുമായ വെറ്റില ശുഭകാര്യങ്ങൾക്ക് നല്ലതല്ല.
വിവാഹമംഗളാവസരങ്ങളിൽ വധൂവരന്മാർ മുതിർന്നവർക്ക് വെറ്റിലയിൽ പാക്കും നാണയത്തുട്ടും വച്ച് ദക്ഷിണനൽകി അനുഗ്രഹം വാങ്ങുന്നത് ഒരു പ്രധാന ചടങ്ങാണ്.ഈശ്വരാധീനത്തോടെ ഐശ്വര്യപൂർണ്ണമായ ഒരു കുടുംബജീവിതം ലഭിക്കാൻ വേണ്ടിയാണ് ഈ ചടങ്ങ്. ദക്ഷിണ കൊടുക്കുമ്പോൾ വെറ്റിലയുടെ വാലറ്റം കൊടുക്കുന്നയാളുടെ നേരെവരത്തക്കവിധമായിരിക്കണം.
എല്ലാ മംഗളകര്‍മങ്ങള്‍ക്കും വെറ്റിലയും പാക്കും അനിവാര്യമാണ് . വിഷുദിനത്തിൽ ഒരുക്കുന്ന കണിയിൽ വെറ്റില പ്രധാനമാണ്. ഐശ്വര്യത്തിന്റെ പ്രതീകമായ വെറ്റില വീട്ടിൽ നട്ടുപരിപാലിക്കുന്നതും ഉത്തമമാണ് . പ്രധാനവാതിലിനു മുകളിൽ വെറ്റിലകൾ ചേർത്ത് മാലയാക്കി തോരണമിടുന്നത് വീട്ടിൽ പോസിറ്റീവ് എനർജി നിറയ്ക്കാൻ ഉത്തമമത്രേ.
ഹനുമാൻസ്വാമിക്ക് ഏറെ പ്രിയങ്കരമായ ഒന്നാണ് വെറ്റിലമാലകൾ. കാരണം രാമന്റെ വിജയം ആദ്യം സീതയെ അറിയിച്ചത് ഹനുമാനാണ്. ആ വാർത്ത കേട്ട് സന്തോഷത്തോടെ സീത അടുത്തുണ്ടായിരുന്ന വെറ്റിലകൾ പറിച്ച് ഹാരമാക്കി ഹനുമാനെ അണിയിച്ചു. ഹനുമാന് വെറ്റിലമാല സമർപ്പിച്ച് പ്രാർഥിക്കുന്നത് ശനിദോഷശാന്തിക്കും ആഗ്രഹസാഫല്യത്തിനും തൊഴില്‍ക്ലേശപരിഹാരത്തിനും ഉത്തമമാണ്.