പൊതുവെ എല്ലാവർക്കും ഭീതിയുണ്ടാക്കുന്ന വാക്കാണ് ഗ്രഹണം . ഗ്രഹണത്തെ സംബന്ധിച്ചു പല മിഥ്യാധാരണകളും സംശയങ്ങളും ഇന്നും സമൂഹത്തിൽ നിലനിൽക്കുന്നു. 2018 ജൂലൈ 27 നു വരുന്ന ചന്ദ്രഗ്രഹണത്തെ പേടിക്കേണ്ടതായുണ്ടോ? ഗ്രഹണത്തെ സംബന്ധിച്ചുള്ള സംശയങ്ങൾ,ചന്ദ്രഗ്രഹണം അനുഷ്ഠിക്കേണ്ടതെങ്ങിനെ? എന്നിവയെക്കുറിച്ചും പ്രശസ്ത ജ്യോതിഷൻ കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട് വിലയിരുത്തുന്നു.
2018 ജൂലൈ മാസം 27–ാം തിയതി (11 കർക്കടകം 1193) അർദ്ധരാത്രി 11 മണി 54–മിനിറ്റിനാണു ഗ്രഹണ സ്പർശം തുടങ്ങുന്നത്. മധ്യകാലം എന്ന് പറയുന്നത് 1 മണി 51 മിനിറ്റിനാണു വരുന്നത് . ജൂലൈ 28 നു ഉദയത്തിനു മുന്നേ 3 മണി 49 മിനിട്ടാകുമ്പോഴേക്കും ചന്ദ്രഗ്രഹണം പൂർണമാവും.
ചന്ദ്രഗ്രഹണത്തിന് മൂന്ന് യാമം മുന്നേ അതായത് ഏഴര മണിക്കൂർ മുന്നേ ഭക്ഷണം കഴിച്ചിരിക്കണം.ഗ്രഹണത്തിനു തൊട്ടുമുന്നെയും മധ്യകാലത്തും ഗ്രഹണ ശേഷവും കുളിക്കണമെന്നാണ് പഴയ ആചാര്യന്മാർ പറയുന്നത് . ഇന്നത്തെ കാലത്ത് അത് പ്രായോഗികമല്ലെന്ന് ഏവർക്കും അറിയാം . എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായുണ്ട് . ഗ്രഹണസമയത്ത് പരമാവധി ഭക്ഷണം കഴിക്കാതിരിക്കുകയും ഗ്രഹണ ശേഷം പിറ്റേന്ന് കുളിച്ചു ക്ഷേത്രദർശനം നടത്തി പൂജാരിക്ക് വസ്ത്രവും മറ്റും ദാനം ചെയ്യുന്നത് ഏറ്റവും ലളിതമായ മാർഗ്ഗമാണ്.