Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജ്യോതിഷത്തിന്റെ സ്വീകാര്യത

ജ്യോതിഷം

മനുഷ്യൻ ഗ്രഹങ്ങളുടെ സ്വാധീനവലയത്തിനകത്താണു ജീവിക്കുന്നത് എന്നതാണ് ജ്യോതിഷത്തിന്റെ അടിസ്ഥാനം. ഈ സ്വാധീനം ശാരീരികം, മാനസികം, സാമ്പത്തികം തുടങ്ങി സമഗ്രമേഖലകളെയും സ്പര്‍ശിക്കുന്നു.

ഈ വസ്തുത അംഗീകരിക്കാതെ കണ്ണടച്ചിരുട്ടാക്കിയാണ് പലരും ജ്യോതിഷത്തിനെതിരെ നിലകൊള്ളുന്നത്. പലരും പ്രചരിപ്പിക്കാൻ ഉദ്ദേശിക്കുന്നത് ജ്യോതിഷം കള്ളശാസ്ത്രമാണ്, അത് ആൾക്കാരെ അന്ധവിശ്വാസിയാക്കും എന്നൊക്കെയാണ്. അവരാരും ജ്യോതിഷവും മനുഷ്യജീവിതത്തിന്റെ ഗതിവിഗതികളും ശരിയാംവണ്ണം പരസ്പരം ബന്ധിപ്പിച്ചു പഠിക്കാത്തവരാണ്. അകക്കണ്ണു പ്രകാശിച്ച മനുഷ്യസ്നേഹികൾ അവരുടെ നിരീക്ഷണത്തിലൂടെയും ലോകജീവിതാനുഭവത്തിലൂടെയും സ്വായത്തമാക്കിയ, അനുഭവത്തിൽ ചാലിച്ച സത്യങ്ങളാണ് ജ്യോതിഷചിന്തകൾ. ഗ്രഹങ്ങളുടെ സ്വാധീനമില്ലാത്ത തൂണും തുരുമ്പും പോലും ലോകത്തില്ല. പക്ഷേ ഗ്രഹങ്ങളുടെ ഈ അഗാധമായ സ്വാധീനത ഉൾക്കൊള്ളാൻ സാധാരണ ശ്രമം പോരാ, ശക്തമായ ഇച്ഛാശക്തിയും നിരീക്ഷണശേഷിയും വേണം.

ദിനരാത്രങ്ങളും മാസവർഷങ്ങളും ഋതുക്കളും വേലിയേറ്റവും മറ്റും സംഭവിക്കുന്നത് ഈ ഗ്രഹങ്ങളുമായി ബന്ധപ്പെട്ടാണ്. ഭൂമി സ്വന്തം അച്ചുതണ്ടിൽ സ്വയം ഒന്നു കറങ്ങുമ്പോൾ ഒരു ദിവസം. ഇങ്ങനെയുള്ള പ്രകൃതി പ്രതിഭാസവും ഗ്രഹങ്ങളുമായുള്ള ബന്ധം ഒരുവശത്ത് പൂർണമായും അംഗീകരിക്കുന്നു. ഭൂമിയെ ആവാസത്തിനും സൂര്യനെ വെയിലിനും ഊർജത്തിനും. ഇങ്ങനെ ഗ്രഹങ്ങളുടെ സ്വാധീനത്തിലെ ഒരു ഭാഗം അംഗീകരിക്കുകയും അതേസമയം ഗ്രഹങ്ങളുടെ പരോക്ഷമായ സ്വാധീനം ഇല്ലെന്നു സ്ഥാപിക്കാൻ ശ്രമിക്കുകയും ചെയ്യുന്നത് ഒരുതരം കാപട്യമാണ്. പ്രകൃതിയിലെ എല്ലാത്തിനും പ്രത്യക്ഷ പരോക്ഷ സ്വാധീനമുണ്ട്. ഒരു പാമ്പിന്റെ ആകൃതിയും അതിനെ കാണുമ്പോഴുള്ള പ്രേരണയും പ്രത്യക്ഷമെങ്കിൽ, അതിന്റെ ഉള്ളിലുള്ള വിഷശക്തിയും നമ്മെ സ്വാധീനിക്കുന്നുണ്ട്. അത് നാം ശ്രദ്ധിക്കുന്നുമുണ്ട്. നീർക്കോലി, ചേര തുടങ്ങിയവയോടുള്ള മനോഭാവമല്ലല്ലോ മൂർഖനോട്.

ഇതുപോലെ കാലചക്രം സമ്മാനിക്കുന്ന ഗ്രഹങ്ങൾ തന്നെ ഈ കാലത്തിന്റെ കരങ്ങളിലൂടെ സുഗമങ്ങളും ദുർഘടങ്ങളും വിനാശകരങ്ങളുമായ പലതും നമ്മിലേക്കു പ്രസരിപ്പിക്കുന്നുണ്ട്. കറന്റിനെ കണ്ടിട്ടില്ലെങ്കിലും അതിന്റെ ഗുണദോഷം അംഗീകരിച്ചതിൽ നിന്നാണ് വൈദ്യുതിരംഗത്ത് ഇത്രയും മുന്നോട്ട് പോയത്. അതുപോലെ, പുറംകണ്ണു കൊണ്ടോ അകം കണ്ണു കൊണ്ടോ നാം കണ്ടെത്തിയില്ലെങ്കിലും അദൃശ്യമായ ഒരു ബന്ധം മനുഷ്യനും ഗ്രഹങ്ങളും തമ്മിലുണ്ട് എന്ന പരമാർഥത്തെ ഉൾക്കൊണ്ടാൽ ജ്യോതിഷത്തെ രണ്ടും കൽപിച്ച് എതിർക്കുന്ന രീതി ഒഴിവാകും.

പ്രപഞ്ചത്തിലെ അദൃശ്യ ഊർജത്തിന്റെ സ്വാധീനം പ്രകൃതിയിലും മനുഷ്യരിലും ഉണ്ടാക്കാവുന്ന അനുഭവങ്ങളിലെ ഗതിവിഗതികളാണ് ജ്യോതിഷം കണ്ടെത്തുന്നത്.

നൂറ്റിഎൺപതിലധികം ഗ്രഹങ്ങൾ മാനവരാശി കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇവയുടെ സ്വാധീനം എടുത്തു പറയാവുന്ന രീതിയിൽ സ്ഥിരമായി ഭൂമിയെയും ജീവജാലങ്ങളെയും സ്വാധീനിക്കുന്ന ഗ്രഹങ്ങൾ ഏഴെണ്ണമാണ്. അന്വേഷണത്തിന്റെ ഒരു ഘട്ടത്തിൽ ഈ ഏഴിൽ ഉൾപ്പെടുത്താനാവില്ലെങ്കിലും സ്വാധീനം ചെലുത്താൻ ശേഷിയുള്ള രാഹു കേതുക്കളും ഉൾച്ചേർത്തു. അപ്പോൾ നവഗ്രഹം. കേരളത്തിലെ അന്വേഷണ കൗശലം കൊണ്ട് വീണ്ടും ഒരെണ്ണം- ഗുളികൻ കൂടി - വന്നു. അങ്ങനെ 9+1=10. ഒരു കാര്യം പരമാർഥമാണ്, ജ്യോതിഷം സത്യമാണ്. ജ്യോത്സ്യന്മാരിൽ കള്ളന്മാരും കാണാം.