‘സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട’, ‘ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതിരിക്കാൻ കരുതൽ കാണിക്കുകയാണ് ഉത്തമം’ ഈ രണ്ട് പ്രയോഗങ്ങളും എല്ലാവർക്കും അറിയാവുന്നതാണ്.
ജ്യോതിഷത്തിന്റെ പ്രയോജനവും ഈ ചൊല്ലുകളിൽ അടങ്ങിയിരിക്കുന്നു. അതിജീവനം ആണ് ജീവിതം മുന്നോട്ട് നയിക്കുന്നത്. തടസ്സങ്ങളെ, ശത്രുതയെ, വിപരീതങ്ങളെ ഇങ്ങനെ ഓരോ നിമിഷവും ഓരോ കാര്യത്തെ അതിജീവിച്ചു മുന്നോട്ടു പോകുന്നതാണ് ജീവിതം. ഈ ശേഷി ശരിയാംവണ്ണം ഇല്ലാത്തവരിൽ ജീവിതം മുരടിക്കുകയോ, മുള്ളായി മാറുകയോ മുഴുമിപ്പിക്കാനാകാതെയോ വരാം.
പരിസ്ഥിതിയെ പരമാവധി തനിക്ക് അനുകൂലമാക്കുകയാണല്ലോ സാധാരണ മനുഷ്യസ്വഭാവം. പരിസ്ഥിതിയെ അനുകൂലവും പ്രയോജനപ്രദവുമാക്കുമ്പോൾ ജീവിതം വിജയം. മറിച്ചാകുമ്പോൾ ജീവിതം പരാജയം.
കൊടുംതണുപ്പിൽ കമ്പിളിയും, വേനലിൽ തണുപ്പും തേടുന്നത് പരിസ്ഥിതിയെ അനുകൂലമാക്കാനാണ്. ഭൗതിക, ശാസ്ത്രീയ മേഖലകളിൽ പോലും വിപരീത സന്ദർഭങ്ങളെ മുൻകൂർ കണ്ടെത്താൻ ശ്രമിച്ചു അതിനെ തരണം ചെയ്തു ജീവിതം മുന്നോട്ട് നീക്കാൻ ശ്രമിക്കുക സാധാരണമാണല്ലോ.
ജ്യോതിഷവും ഇതുതന്നെയാണ് ചെയ്യുന്നത്. ഇന്ന വയസ്സു മുതൽ നിങ്ങൾക്ക് ചില വിപരീതാനുഭവങ്ങൾ വന്നെത്താം. ഗ്രഹങ്ങൾ അങ്ങനെ സൂചന നൽകുന്നു. അതിന് ഇന്ന ഇന്ന പ്രതിവിധി മാർഗ്ഗങ്ങൾ നിങ്ങൾ സ്വീകരിച്ചാൽ, ആ കാലം ജീവിതം അടിപതറാതെ കൊണ്ടുപോകാനും തുടർന്ന് ജീവിതം നല്ല രീതിയിൽ നിങ്ങൾക്ക് കഴിയും എന്ന ഒരു ദിശാമാർഗ്ഗമാണ് സത്യസന്ധനായ ജ്യോതിഷി തന്നെ സമീപിക്കുന്നവർക്ക് നൽകുന്നത്. ഈ സൂചന വിപരീതത്തെ കുറച്ചെടുക്കാനും അനുകൂലത്തെ പോഷിപ്പിക്കാനും ഒരുവനെ പ്രേരിപ്പിക്കുകയും, സജ്ജമാക്കുകയും ചെയ്യുന്നു. ഒരു കുഴിയിൽ യാദൃശ്ചികമായി വീഴുന്നതും അവിടെ വീഴാം എന്ന മുന്നറിയിപ്പോടെ ചെന്നു വീണു പോവുന്നതും രണ്ടു തലത്തിലുള്ള പ്രത്യാഘാതമായിരിക്കും ഉണ്ടാക്കുന്നത്. വീഴാൻ സാധ്യതയുണ്ടെന്നറിയുന്നതോടെ അതിനെതിരായ ഒരു പ്രതിരോധ പ്രവർത്തനവും നമ്മിൽ നടന്നുകൊണ്ടേയിരിക്കും. അറിഞ്ഞിട്ടു വീഴുമ്പോള്‍ വീഴ്ചയുടെ ആഘാതം കുറയാൻ കരയിലോ വശത്തോ ഉള്ള ഏതെങ്കിലും ഒന്നിലെ പിടിവള്ളിയായി സ്വീകരിക്കും. അതോടെ ആപത്തിന്റെ അളവിൽ വ്യത്യാസം വരും. അറിയാതെ വീഴുമ്പോൾ പിടിവള്ളി പലപ്പോഴും ലഭിയ്ക്കില്ല. ആഘാതവും കൂടുതൽ ശക്തമായിരിക്കും.
ഇത് പോലെ ഈ സമയം നന്നല്ല. ദശ മോശം, ഗോചരം മോശം എന്ന് മനസ്സിലാകുമ്പോൾ ഒരുവൻ സ്വയം ഒന്നൊതുങ്ങി കൂടുതൽ ജാഗ്രതയോടെ ജീവിതത്തെ നയിക്കും. ഈ മുന്നറിവും ജാഗ്രതയും അയാൾക്ക് എത്ര ശക്തമായ പതനത്തിലും, തകർന്നു പോകാതെ ഒരു രക്ഷാകവചമായി നിലനിൽക്കും.
നിസ്സാരമെന്ന് പ്രത്യക്ഷത്തിൽ തോന്നാമെങ്കിലും, വളരെ ഗുണകരമായ ഒരു മുന്നറിയിപ്പാണ് ജ്യോതിഷം നൽകുന്നത്. തിരയിൽ ഇറങ്ങാൻ സാധ്യതയുള്ള ഒരു കുഞ്ഞിനോട് ‘മോനേ പിറകോട്ട് നീങ്ങൂ, തിരയിൽ കാലു വയ്ക്കരുത്’ എന്ന് അമ്മ പറയുമ്പോൾ അത് കേൾക്കുന്ന ക്ഷണനേരം കുഞ്ഞിന്റെ ആവേശം അൽപം കുറയും. ഈ നേരം കൊണ്ട് അമ്മയ്ക്ക് കുഞ്ഞിനടുത്ത് എത്താം. അവിടുന്ന് മാറ്റി രക്ഷിയ്ക്കാം. കാല് വച്ചതിന് ശേഷം പറയാമെന്ന് ചിന്തിച്ചാൽ, ഈ അമാന്തത്തിലൂടെ കുഞ്ഞ് തിരയുടെ കൈയ്യിലാകാം.