Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗണ്ഡാന്തവും കൂറുദോഷങ്ങളും

Star

“അശ്വിമൂലമഘാദ്യംശാഃ പൌഷ്ണാഹീന്ദ്രാന്ത്യപാദകാഃ…” എന്ന നിയമപ്രകാരം അശ്വതി, മകം, മൂലം എന്നീ നക്ഷത്രങ്ങളുടെ ഒന്നാംപാദവും, അതായത് ആദ്യത്തെ 15 നാഴികയും, ആയില്യം, തൃക്കേട്ട, രേവതി എന്നീ നക്ഷത്രങ്ങളുടെ അവസാനത്തെ പാദവും അതായത് 45 നാഴികയ്ക്ക് ശേഷമുള്ള 15 നാഴികയുമാണു ഗണ്ഡാന്തം.  

നക്ഷത്രഗണ്ഡാന്തം പോലെ രാശിഗണ്ഡാന്തവും തിഥിഗണ്ഡാന്തവുമുണ്ട്. കർക്കടകം – ചിങ്ങം, വൃശ്ചികം – ധനു, മീനം – മേടം എന്നീ രാശികളുടെ സന്ധിയിലാണു രാശിഗണ്ഡാന്തം വരിക.  പഞ്ചമി – ഷഷ്ഠി, ദശമി – ഏകാദശി, വാവ് – പ്രതിപദം ഇവയുടെ സന്ധി തിഥിഗണ്ഡാന്ത കാലവുമാണ്. ഈ സമയങ്ങളെ എല്ലാ ശുഭകാര്യങ്ങൾക്കും ഒഴിവാക്കണം.  ഗണ്ഡാന്ത കാലമെന്നാൽ മുറിക്കപ്പെട്ട സമയം എന്നർഥം. ഗണ്ഡാന്തസമയങ്ങളിൽ ജനിക്കുന്നതും ദോഷസൂചകമാണ്. “ഗണ്ഡാന്തേ പിതൃമാതൃഹാ ശിശുമൃതിർജീവേദ്യദി ക്ഷ്മാപതിഃ.” എന്നാണു ഗണ്ഡാന്തത്തിന്റെ ഫലമായി പറഞ്ഞിരിക്കുന്നത്. ഗണ്ഡാന്തസമയത്തു ജനിച്ച കുട്ടി ദോഷഫലങ്ങളെ അതിജീവിച്ചാൽ രാജാവു തന്നെയാകും എന്നു പറയുന്നു. 

അശ്വതി, മകം, മൂലം ഈ നക്ഷത്രങ്ങളുടെ ആദ്യപാദത്തിൽ രാത്രി ജനിച്ചാൽ അമ്മയ്ക്കും ആയില്യം, തൃക്കേട്ട, രേവതി ഇവയുടെ അന്ത്യപാദത്തിൽ പകൽ ജനിച്ചാൽ പിതാവിനും ഈ പാദങ്ങളിൽ സന്ധ്യാസമയങ്ങളിൽ ജനിച്ചാൽ കുട്ടിക്കുമാണു  ദോഷഫലങ്ങൾ അനുഭവപ്പെടുക. 

തൃക്കേട്ട നാളിനെ ആറാറു നാഴികയാക്കി പത്തുഭാഗങ്ങളാക്കി വിഭജിക്കുക. 60 നാഴികയാണല്ലോ ഒരു നക്ഷത്രം. 10 x 6 = 60. അതിൽ 1–ാം ഭാഗത്തിൽ ജനിച്ചാൽ അമ്മയുടെ അമ്മയ്ക്കും, 2–ാമത്തേതിൽ അമ്മയുടെ അച്ഛനും, 3–ാമത്തേതിൽ അമ്മാവനും, 4–ാമത്തേതിൽ അമ്മയ്ക്കും, 5–ാമത്തേതിൽ കുട്ടിക്കും, 6–ാമത്തേതിൽ സന്താനത്തിനും, 7–ാമത്തേതിൽ അമ്മയുടേയും അച്ഛന്റേയും വംശത്തിനും, എട്ടാമത്തേതിൽ തന്റെ തന്നെ വംശത്തിനും, 9–ാമത്തേതിൽ ഭാര്യയുടെ അച്ഛനും, 10–ാമത്തേതിൽ എല്ലാവർക്കും ദോഷമാകുന്നു. 

ചൊവ്വാഴ്ചയും തൃക്കേട്ടയും കൂടിയ ദിവസം ജനിച്ചാൽ ജ്യേഷ്ഠസഹോദരനും, തൃക്കേട്ടയുടെ ആദ്യപാദത്തിൽ ജനിച്ചാൽ മേൽപ്പറഞ്ഞ ആൾക്കും, 2–ാം പാദത്തിൽ അനുജനും, 3–ാം പാദത്തിൽ അച്ഛനും, 4–ാം പാദത്തിൽ തനിക്കു തന്നെയും ദോഷമാകുന്നു. 

മൂലം നക്ഷത്രത്തിൽ പ്രഥമപാദത്തിൽ ജനിച്ചാൽ അച്ഛനും, 2–ാമത്തേതിൽ അമ്മയ്ക്കും, 3–ാമത്തേതിൽ സമ്പത്തിനും ദോഷമാകുന്നു. 4–ാം പാദത്തിൽ ജനിച്ചാൽ സർവ്വസൗഖ്യവുമുണ്ടാകും. 

മൂലം നക്ഷത്രത്തെ 15ൽ ഹരിച്ചാൽ നന്നാലു നാഴിക വീതം കിട്ടും. അതിൽ ആദ്യത്തെ നാലുനാഴികയിൽ ജനിച്ചാൽ അച്ഛനും, 2–ാമത്തേതിൽ അച്ഛന്റെ സഹോദരങ്ങൾക്കും, 3–ാമത്തേതിൽ സഹോദരിയുടെ ഭർത്താവിനും, 4–ാമത്തേതിൽ അച്ഛന്റെ അച്ഛനും, 5–ാമത്തേതിൽ അമ്മയ്ക്കും, 6–ാമത്തേതിൽ അമ്മയുടെ സഹോദരിക്കും, 7–ാമത്തേതിൽ അമ്മാവനും, 8–ാമത്തേതിൽ അച്ഛന്റെ സഹോദരങ്ങൾക്കും, 9–ാമത്തേതിൽ എല്ലാവർക്കും, 10–ാമത്തേതിൽ കാള, പശു എന്നീ സമ്പത്തുകൾക്കും, 11–ാമത്തേതിൽ ഭൃത്യജനങ്ങൾക്കും, 12–ാമത്തേതിൽ തനിക്കു തന്നെയും, 13–ാമത്തേതിൽ തന്റെ സഹോദരങ്ങൾക്കും, 14–ാമത്തേതിൽ സഹോദരിമാർക്കും, 15–ാമത്തേതിൽ അച്ഛനും അമ്മയ്ക്കും ദോഷമാകുന്നു. 

ഞായറാഴ്ചയും മൂലവും കൂടി ജനിക്കുന്ന പെൺകുട്ടിയുടെ അച്ഛന് ദോഷമാകുന്നു. തൃക്കേട്ടയുടേയും മൂലത്തിന്റേയും സന്ധിയിൽ ജനിക്കുന്നതിന് അഭുക്തസന്ധി എന്ന് പറയുന്നു. ഈ സന്ധിയിൽ ജനിക്കുന്ന സ്ത്രീകൾ ദരിദ്രകളായും ദാസികളായും വംശവിച്ഛേദിനികളായും തീരുമെന്ന് ആചാര്യമതം. 

പൂരാടം, പൂയം, അത്തം എന്നീ നക്ഷത്രങ്ങളിൽ ജനിച്ചാൽ കൂറ് ദോഷം ഭവിക്കുന്നു. പൂരാടം നക്ഷത്രവും ധനു ലഗ്നവും, പൂയം നക്ഷത്രവും കർക്കടക ലഗ്നവും ഇത്യാദികൾ വന്നാൽ പിതാവിന്  ദോഷമാകുന്നു. അത്തം നക്ഷത്രവും കന്നി ലഗ്നവും ഒത്തുവന്നാൽ ഇതേഫലം തന്നെ. 

പൂരാടത്തിന്റെയും പൂയത്തിന്റെയും പ്രഥമപാദത്തിൽ ജനിച്ചാൽ പിതാവിനും, 2–ാം പാദത്തിൽ അമ്മയ്ക്കും, 3–ാം പാദത്തിൽ ബാലനും, 4–ാം പാദത്തിൽ അമ്മാവനും ദോഷമാകുന്നു. അത്തം നക്ഷത്രത്തിന്റെ 1–ാം പാദത്തിൽ അച്ഛനും, 2–ാം പാദത്തിൽ അമ്മാവനും, 3–ാം പാദത്തിൽ കുട്ടിക്കും, 4–ാം പാദത്തിൽ അമ്മയ്ക്കുമാണു ദോഷം.

 ദോഷഫലങ്ങൾക്കു യോഗങ്ങളുണ്ടായാലും അരിഷ്ട ഭംഗയോഗങ്ങളുണ്ടെങ്കിൽ ദോഷം അനുഭവിക്കുന്നതല്ല. കൃത്യസമയം വച്ച് ഗണിച്ചെടുക്കുന്ന ജാതകങ്ങളിൽ കൂടിയേ ഇത്തരം ഫലങ്ങളറിയാനാകൂ. സമയവ്യത്യാസം ഫലങ്ങളിലും വ്യതിയാനങ്ങളുണ്ടാക്കുമെന്ന് പ്രത്യേകം ഓർക്കണം. ദോഷങ്ങളുണ്ടെങ്കിൽ വിധിയാംവണ്ണം പരിഹരിക്കണം. കറുകഹോമം, മൃത്യുഞ്ജയഹോമം, പഞ്ചാക്ഷര ജപം, ധാര, കഴിയുംവിധം ദാനം എന്നിവ പരിഹാരമായി ചെയ്യാവുന്നതാണ്. 

ലേഖകന്റെ വിലാസം:

ഒ.കെ. പ്രമോദ് പണിക്കർ  പെരിങ്ങോട് ,കൂറ്റനാട് (വഴി), പാലക്കാട് (ജില്ല).

Mob: 9846309646 , WhatsApp : 8547019646

Email: astronetpgd100@gmail.com