നർമസംഭാഷണത്താലും നയചാതുര്യത്താലും തിളങ്ങുന്നവരാണ് തിരുവാതിര നക്ഷത്രജാതർ. പല വിഷയങ്ങളിൽ പാണ്ഡിത്യമുള്ളവരാണെങ്കിലും സ്ഥിരതയില്ലായ്മ ഇവരുടെ മുഖമുദ്രയാണ്. ധനസമ്പാദനത്തിൽ ഏറെ ശ്രദ്ധപുലർത്തുമെങ്കിലും ദുർവാശിയും ദുരഭിമാനവും അർഹിക്കുന്ന കീർത്തി നേടുന്നതിനു തടസ്സമാകുമെന്ന് മനസ്സിലാക്കണം. ദോഷകാലങ്ങളിൽ യഥാവിധി പരിഹാരം ചെയ്യേണ്ടതുമാണ്.
ജന്മനക്ഷത്ര ദിവസം സർപ്പ ക്ഷേത്രദർശനം നടത്തുകയും യഥാശക്തി വഴിപാട് നടത്തുകയും വേണം. ശനി, കേതു, സൂര്യൻ എന്നീ ദശകളിൽ വിദഗ്ധ ജ്യോതിഷ നിർദേശപ്രകാരം വിധിപ്രകാരമുള്ള ദോഷപരിഹാരങ്ങൾ ചെയ്യുക. തിരുവാതിര, ചോതി, ചതയം നാളുകളിൽ രാഹുപ്രീതികരമായ കർമങ്ങൾ നടത്താം. ശുഭകർമങ്ങൾക്കും ഭാഗ്യാനുകൂല്യം ആവശ്യമായി വരുന്ന സന്ദർഭങ്ങളിലും കറുപ്പും കടും നീലയും വസ്ത്രം ധരിക്കാം.
തിരുവാതിരയുടെ രാശ്യാധിപൻ ബുധനും നക്ഷത്രദേവത ശിവനുമാണ്. ശിവനെയും ബുധനെയും പ്രീതിപ്പെടുത്തുന്ന പ്രാർഥനകൾ പതിവാക്കുന്നത് ദോഷാധിക്യം കുറയ്ക്കുമെന്നാണ് വിശ്വാസം.
നക്ഷത്രദേവത -ശിവൻ
നക്ഷത്രമൃഗം - പെൺ നായ
വൃക്ഷം - കരിമരം
ഗണം - മാനുഷ
യോനി - സ്ത്രീ
പക്ഷി - ചകോരം
ഭൂതം -ജലം