മക്കളുടെ അഭിവൃദ്ധിക്ക് ആയില്യം പൂജ

സർപ്പങ്ങളുടെ പ്രീതിയുണ്ടായാൽ സന്താനസൗഭാഗ്യവും മക്കൾക്ക് അഭിവൃദ്ധിയും ഉണ്ടാകുമെന്നു പുരാണങ്ങളും സർപ്പപ്രീതിയിലൂടെ സന്താനസൗഖ്യമുണ്ടാകുമെന്നു ജ്യോതിഷഗ്രന്ഥങ്ങളും പറയുന്നു.

സർപ്പപ്രീതിക്കായി ആരാധന നടത്താൻ ഏറ്റവും ഉത്തമമായ ദിവസമാണു കന്നിമാസത്തിലെ ആയില്യം. ഇക്കൊല്ലത്തെ (2018) കന്നിമാസ ആയില്യം വരുന്നത് ഒക്ടോബർ 5 വെള്ളിയാഴ്ചയാണ്. നാഗദേവതാപ്രാധാന്യമുള്ള ഒട്ടേറെ ക്ഷേത്രങ്ങളിൽ അന്ന് ആയില്യം പൂജ നടക്കും. പ്രസിദ്ധമായ മണ്ണാറശാല ആയില്യം ആചരിക്കുന്നത് തുലാമാസത്തിലെ ആയില്യം നാളിലാണ്.

ആയില്യം നക്ഷത്രം സർപ്പങ്ങളുമായി ബന്ധപ്പെട്ടതാണ്. നാഗരാജാവിന്റെ നക്ഷത്രം ആയില്യമാണെന്നാണു വിശ്വാസം. ജ്യോതിഷപ്രകാരം ആയില്യം നക്ഷത്രത്തിന്റെ ദേവത സർപ്പമാണ്.

നാഗാരാധനയുടെ കാര്യത്തിൽ എല്ലാ മാസത്തിലെയും ആയില്യം പ്രധാനമാണെങ്കിലും കന്നിമാസത്തിലെ ആയില്യത്തിനു കൂടുതൽ പ്രാധാന്യമുണ്ട്. സന്താനസൗഭാഗ്യത്തിനു പുറമേ കുടുംബൈശ്വര്യം, രോഗപീഡകളിൽ നിന്നു മോചനം, ഉദ്ദിഷ്ടകാര്യസിദ്ധി തുടങ്ങിയ ഫലങ്ങളും സർപ്പങ്ങളുടെ അനുഗ്രഹത്തിലൂടെ ലഭിക്കും എന്നാണു വിശ്വാസം.

പ്രകൃതിയെ ആരാധിക്കുന്നതിന്റെ ഭാഗമാണു നാഗാരാധന. സർപ്പങ്ങളെയും കാവുകളെയുമൊക്കെ ആരാധിക്കുക എന്നതിനർഥം പ്രകൃതി- പരിസ്ഥിതി സംരക്ഷണം തന്നെ.