കട്ടിള സ്ഥാപനം ഗൃഹത്തിന്റെ ഭാവി നിർണ്ണയിക്കുമോ?

പ്രധാന വാതിലിനല്ലാതെ മറ്റൊരു വാതിലിനും ഈ കർമ്മങ്ങൾ ചെയ്യാറില്ല

വാസ്തുശാസ്ത്രം ഭവനത്തിന്റെ പ്രധാനവാതിലിന് അതിപ്രധാന സ്ഥാനമാണ് നൽകിയിരിക്കുന്നത്. ഗൃഹത്തിന്റെ ദര്‍ശനം വരുന്ന ഭാഗത്താണ് പ്രധാനവാതിൽ സ്ഥാപിക്കേണ്ടത്. ഇത് വീടിന്റെ മറ്റു വാതിലുകളെക്കാൾ വലുപ്പമുള്ളതായിരിക്കണം. ഗൃഹത്തിലേക്ക് ഊർജ്ജത്തിന്റെ മുഖ്യ ആഗമനമാർഗ്ഗവും പ്രധാന വാതിൽ ആണ്.

പ്രധാനവാതിൽ സ്ഥാപിക്കുന്നതിന് വാസ്തുശാസ്ത്രപരമായി ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. ശുഭദിനവും, സമയവും നിശ്ചയിച്ചിട്ടുവേണം പ്രധാനവാതിലിന്റെ കട്ടിള സ്ഥാപിക്കുവാൻ. അശ്വതി, രോഹിണി, തിരുവാതിര, പുണർതം, പൂയം, മകയിരം, അത്തം, ചോതി, ഉത്രം, അവിട്ടം, തിരുവോണം, ചതയം തുടങ്ങിയ നക്ഷത്രങ്ങൾ വരുന്ന ദിവസങ്ങള്‍ പ്രധാനവാതിലിന്റെ കട്ടിള സ്ഥാപിക്കുന്നതിന് അനുയോജ്യമാണ്.

കട്ടിള സ്ഥാപനത്തിനുള്ള കർമ്മങ്ങൾക്ക് സാധാരണയായി നേതൃത്വം കൊടുക്കുക മൂത്താശാരിയാണ്. സ്ഥാപിക്കുവാനായി തയ്യാറാക്കിയ കട്ടിള മൂത്താശാരിയുടെ നേതൃത്വത്തിൽ ഗൃഹവാസികൾ ചേർന്ന് കഴുകി വൃത്തിയാക്കുകയാണ് ആദ്യം ചെയ്യുന്നത്. തുടർന്ന് പുഷ്പങ്ങൾ കൊണ്ട് അലങ്കരിക്കുകയും, ചന്ദനവും, കുങ്കുമവും, മറ്റ് സുഗന്ധലേപനങ്ങളും പൂശുകയും ചെയ്യുന്നു. കട്ടിള സ്ഥാപിക്കുവാൻ തീരുമാനിച്ച ഭൂമിയുടെ മധ്യത്തായി വരുന്ന ഭാഗത്ത് ചെറിയ കുഴിയെടുക്കുകയാണ് അടുത്ത ഘട്ടം. അതില്‍ സ്വർണ്ണനാണയങ്ങൾ, പഞ്ചലോഹങ്ങൾ എന്നിവ നിക്ഷേപിച്ച ശേഷം അവ സുരക്ഷിതമായി അടയ്ക്കുന്നു. ഗൃഹവാസികൾക്ക് സമ്പൽസമൃദ്ധി വരുവാനാണിങ്ങനെ ചെയ്യുന്നത്. ഈ കർമ്മം കഴിഞ്ഞാലുടൻ മൂത്താശാരി കട്ടിളപ്പടിയെ പൂജിക്കുന്നു. കട്ടിളയ്ക്ക് തടി നൽകിയ വൃക്ഷത്തോട് ക്ഷമ ചോദിക്കുകയും സർവ്വ അഭിവൃദ്ധിയും നൽകി അനുഗ്രഹിക്കണമെന്ന് പ്രാർത്ഥിക്കുകയും ചെയ്ത ശേഷം പ്രധാന ഗൃഹനാഥന്റെയും, കുടുംബാംഗങ്ങളുടേയും സഹായത്തോടെ മുഖ്യവാതിലിന്റെ സ്ഥാനത്ത് കട്ടിളപ്പടി സ്ഥാപിക്കുന്നു.

പ്രധാനവാതിലിനുള്ള കട്ടിള സ്ഥാപനത്തിനു ശേഷം കുടുംബാംഗങ്ങൾ ആയ സ്ത്രീകൾ മൂന്നുപ്രാവശ്യം കുടത്തിൽ വെള്ളവുമായി പ്രധാനവാതിലിലൂടെ ഗൃഹത്തിന് അകത്തേയ്ക്ക് കടക്കും. ഗൃഹത്തിന്റെ ഐശ്വര്യത്തിനായി വാസ്തുദേവനോടും, കുലദൈവത്തിനോടും, ഇഷ്ടമൂർത്തികളോടും ഭക്തിപുരസ്സരം പ്രാർത്ഥിച്ചുകൊണ്ട് വ്രതശുദ്ധിയോടെ വേണം സ്ത്രീകൾ ഈ കർമ്മം ചെയ്യുവാന്‍. പ്രധാന വാതിലിന്റെ കട്ടിള സ്ഥാപിക്കുമ്പോള്‍ ഈ കർമ്മങ്ങൾ നടത്തുന്നത് വാസ്തുദേവന്റെ നിർലോഭമായ അനുഗ്രഹത്തിനും, ഗൃഹവാസികളുടെ അഭിവൃദ്ധിയ്ക്കും വേണ്ടിയാണ്. പ്രധാന വാതിലിനല്ലാതെ മറ്റൊരു വാതിലിനും ഈ കർമ്മങ്ങൾ ചെയ്യാറില്ല.

തേക്ക്, ഈട്ടി, പ്ലാവ് തുടങ്ങിയ വൃക്ഷങ്ങളുടെ കാതലായ ഭാഗമാണ് മുഖ്യവാതിലിന്റെ കട്ടിള നിർമ്മാണത്തിനായി തിരഞ്ഞെടുക്കുന്നത്. അതേ വൃക്ഷത്തിന്റെ തടി തന്നെയാണ് വാതിൽ നിർമ്മാണത്തിനും പിന്നീട് ഉപയോഗിക്കുക. ഗൃഹത്തിന്റെ ഭാവി നിർണ്ണയിക്കുന്നതില്‍ മുഖ്യസ്ഥാനമാണ് പ്രധാന വാതിലിനുള്ളത്. അത് കൃത്യസ്ഥാനത്ത് ആചാരവിധികളോടെ സ്ഥാപിച്ചാൽ ഗൃഹത്തിന് പൂർണ്ണതോതിലുള്ള അഭിവൃദ്ധി ഉണ്ടാകുമെന്നാണ് വിശ്വാസം.

Read more:  Download yearly horoscope, Soul mate, Malayalam Panchangam, Feng Shui Tips in Malayalam, Astrology Tips in Malayalam