മൊബൈൽ ഫോണുമായി ചുരുണ്ടു കൂടുന്ന കുട്ടികൾ
മൊബൈൽ ഫോൺ കുട്ടികളുടെ ജീവിതത്തെ എങ്ങനെ എത്രത്തോളം ബാധിക്കുന്നു എന്നാലോചിച്ചപ്പോൾ ഞാൻ പെട്ടെന്ന് പോയത് എന്റെ കുട്ടിക്കാലത്തേക്കാണ്. അതേക്കുറിച്ചോർക്കുമ്പോൾ ഞങ്ങളുടെ പ്രായത്തിൽ ഉള്ളവർക്കൊക്കെ മനസിലേക്ക് ഓടി വരുന്നത് സ്‌കൂൾ വിട്ടു വന്നാൽ ബാഗ് ദൂരെ എറിഞ്ഞ ശേഷം അടുത്തുള്ള പറമ്പിലേക്ക് കയറി ഇരുട്ടുന്നതു
മൊബൈൽ ഫോൺ കുട്ടികളുടെ ജീവിതത്തെ എങ്ങനെ എത്രത്തോളം ബാധിക്കുന്നു എന്നാലോചിച്ചപ്പോൾ ഞാൻ പെട്ടെന്ന് പോയത് എന്റെ കുട്ടിക്കാലത്തേക്കാണ്. അതേക്കുറിച്ചോർക്കുമ്പോൾ ഞങ്ങളുടെ പ്രായത്തിൽ ഉള്ളവർക്കൊക്കെ മനസിലേക്ക് ഓടി വരുന്നത് സ്‌കൂൾ വിട്ടു വന്നാൽ ബാഗ് ദൂരെ എറിഞ്ഞ ശേഷം അടുത്തുള്ള പറമ്പിലേക്ക് കയറി ഇരുട്ടുന്നതു
മൊബൈൽ ഫോൺ കുട്ടികളുടെ ജീവിതത്തെ എങ്ങനെ എത്രത്തോളം ബാധിക്കുന്നു എന്നാലോചിച്ചപ്പോൾ ഞാൻ പെട്ടെന്ന് പോയത് എന്റെ കുട്ടിക്കാലത്തേക്കാണ്. അതേക്കുറിച്ചോർക്കുമ്പോൾ ഞങ്ങളുടെ പ്രായത്തിൽ ഉള്ളവർക്കൊക്കെ മനസിലേക്ക് ഓടി വരുന്നത് സ്‌കൂൾ വിട്ടു വന്നാൽ ബാഗ് ദൂരെ എറിഞ്ഞ ശേഷം അടുത്തുള്ള പറമ്പിലേക്ക് കയറി ഇരുട്ടുന്നതു
മൊബൈൽ ഫോൺ കുട്ടികളുടെ ജീവിതത്തെ എങ്ങനെ എത്രത്തോളം ബാധിക്കുന്നു എന്നാലോചിച്ചപ്പോൾ ഞാൻ പെട്ടെന്ന് പോയത് എന്റെ കുട്ടിക്കാലത്തേക്കാണ്. അതേക്കുറിച്ചോർക്കുമ്പോൾ ഞങ്ങളുടെ പ്രായത്തിൽ ഉള്ളവർക്കൊക്കെ മനസിലേക്ക് ഓടി വരുന്നത് സ്‌കൂൾ വിട്ടു വന്നാൽ ബാഗ് ദൂരെ എറിഞ്ഞ ശേഷം അടുത്തുള്ള പറമ്പിലേക്ക് കയറി ഇരുട്ടുന്നതു വരെ കൂട്ടുകാരുമൊത്തുള്ള കളികളും, അതിനു ശേഷം കയ്യും കാലും കഴുകി നാമം ജപിച്ച ശേഷം പഠിക്കാൻ പോകുന്നതൊക്കെ ആയിരിക്കും, അതിനപ്പുറമുള്ള വിനോദങ്ങൾ, അമ്പിളി അമ്മാവൻ, ബാലരമ പോലുള്ള പുസ്തകങ്ങളുടെ വായന, കണ്ണുമടച്ചിരുന്നു കേട്ടിരുന്ന ബാലലോകം പോലുള്ള റേഡിയോ പരിപാടികൾ, ഇടക്കൊക്കെ കാണാറുള്ള സിനിമ, അപൂർവമായി കിട്ടിയിരുന്ന ഹോട്ടൽ ആഹാരം, ഐസ് ക്രീം .കഴിഞ്ഞു, ഇതിൽ കൂടുതൽ ഓർത്തെടുക്കാൻ ഒന്നും കിട്ടുന്നില്ല.അതായിരുന്നു ആ കാലം
ഈ തലമുറയിൽ ഏതെങ്കിലും കുട്ടികൾ ഇതിൽ ഏതെങ്കിലും ചെയ്യുന്നുണ്ടാവുമോ? അപൂർവം ചിലർ പറമ്പിൽ അല്ലെങ്കിൽ ഗ്രൗണ്ടിൽ കളിക്കുന്നുണ്ടാവും, അതിനപ്പുറം ഒന്നിലും ഒരു കുട്ടിക്കും താല്പര്യമില്ലയെന്നു തന്നെ പറയാം, ഇതു പൊതുവായ ഒരു അവലോകനമാണ്. ഇതിൽപ്പെടാത്ത കുഞ്ഞുങ്ങൾ കണ്ടേക്കാം. പക്ഷെ ഭൂരിപക്ഷവും സ്‌കൂൾ വിട്ട് വന്നാലുടനേ മൊബൈൽ ഫോണുമായി ഒരു മൂലയിൽ ചുരുണ്ടു കൂടുന്ന കുട്ടികൾ ആവാനാണ് സാധ്യത. സിനിമ, ഐസ്ക്രീം, ഫാസ്റ്റ് ഫുഡ് ഒക്കെ വിരൽത്തുമ്പിൽ കിട്ടുന്ന ഈ കാലത്തു അതിലൊന്നും യാതൊരു കൗതുകമോ താല്പര്യമോ സ്വാഭാവികമായും അവർക്ക് ഉണ്ടാക്കാൻ സാധ്യതയുമില്ല. അത്രത്തോളമുണ്ട് മൊബൈൽ ഫോൺ എന്ന ഉപകരണത്തിന്റെ സ്വാധീനം .
കഷ്ട്ടിച്ച് ഒരു ഇരുപത് വർഷം മുന്നേ നമ്മുടെ ജീവിതത്തിലേക്ക് കടന്നു വരുകയും അടുത്തിടെയായി വളരെ പ്രചുരപ്രചാരം നേടുകയും ചെയ്ത മൊബൈൽ ഫോൺ, സത്യം പറഞ്ഞാൽ മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ ജീവിതത്തിലെ അവിഭാജ്യ ഘടകമായി മാറിയിരിക്കുന്നു .ഒരു അര മണിക്കൂർ മൊബൈൽ ഫോൺ എടുത്തു മാറ്റി വെച്ചാൽ കരയിൽ പിടിച്ചിട്ട മീനിന്റെ അവസ്ഥയിൽ ആവുന്ന മാതാപിതാക്കൾക്ക് എങ്ങനെയാണ് അതേ അവസ്ഥയിൽ തന്നെയുള്ള മക്കളെ കുറ്റം പറയാൻ പറ്റുക? പ്രശ്നം എന്താണെന്നു വെച്ചാൽ മുതിർന്നവരേക്കാൾ ഈ അഡിക്ഷൻ കൂടുതൽ ബാധിക്കുന്നതും, അതു മൂലം വഴി തെറ്റിക്കുന്നതും മുതിർന്നവരേക്കാൾ കുട്ടികളെ ആണെന്നുള്ള വസ്തുതയാണ്. അതിൽ നിന്നും എങ്ങനെ രക്ഷപ്പെടാം എന്നാണ് ആലോചിക്കേണ്ടത്.
മൊബൈൽ ഫോണുകൾ ഒഴിവാക്കി ഒരു ജീവിതം ഇനിയുള്ള കാലം അസാധ്യമാണ് എന്നുള്ള വസ്തുത മനസിലാക്കുകയാണ് ആദ്യം വേണ്ടത്. പകരം ക്രിയേറ്റിവ് ആയി കുട്ടികളുടെ നല്ലൊരു സുഹൃത്തായി അതിനെ എങ്ങനെ മാറ്റിയെടുക്കാം എന്നുളളതാവണം നമ്മൾ ആലോചിക്കേണ്ടത്. കുട്ടികളെ അഡിക്ഷനിലൂടെ വഴി തെറ്റിക്കാൻ മാത്രമല്ല നന്നായി ഉപയോഗിച്ചാൽ അവരെ പഠനത്തിൽ ഉൾപ്പടെ സഹായിക്കാനും പല ആക്റ്റിവിറ്റിസ് ചെയ്യാൻ സഹായിക്കാനുമൊക്കെ മൊബൈൽ ഫോണുകൾ സഹായിക്കും.അതിനു അവരെ പ്രാപ്തരാക്കുക എന്നതാണ് നമ്മുടെ ടാസ്ക്ക്.
എന്തിനോടും നോ പറഞ്ഞാൽ, അതെങ്ങനെ എങ്കിലും ചെയ്യണം എന്നൊരു തോന്നൽ എല്ലാ മനുഷ്യർക്കുമുണ്ട്. കുട്ടികൾക്ക് പ്രത്യേകിച്ചും മൊബൈൽ നാളെ മുതൽ ഞാൻ പിടിച്ചു വെക്കും, ഇനി നീ മൊബൈൽ കാണില്ല എന്നൊക്കെ ഉള്ള ഭീഷണിയും പ്രവൃത്തിയും യഥാർത്ഥത്തിൽ പ്രയോജനം ചെയ്യില്ലയെന്നു മാത്രമല്ല വിപരീത ഫലം ഉണ്ടാക്കുകയും ചെയ്യും.
ആവശ്യത്തിനുള്ള മൊബൈൽ ഉപയോഗം അവരെ പരിശീലിപ്പിക്കുക, എന്നുവെച്ചാൽ മാതാപിതാക്കൾ കൂടെ ഇരുന്ന് മക്കൾ പഠനാവശ്യങ്ങൾക്കോ അല്ലെങ്കിൽ അനുവദിക്കപ്പെട്ട സമയപരിധിയിൽ ഗെയിം കളിക്കാനോ ഒക്കെ ഉപയോഗിക്കുന്നതിനെ സൂപ്പർവൈസ് ചെയ്യുക .ഇനി അഥവാ ഇപ്പോഴും അങ്ങനെ കൂടെ ഇരിക്കുക എന്നുള്ളത് പ്രായോഗികം അല്ലെങ്കിൽ അവർ എന്തിനൊക്കെ ആണ് മൊബൈൽ ഉപയോഗിക്കുന്നത് എന്നറിയാനുള്ള സുരക്ഷാ മാർഗങ്ങൾ ഉപയോഗിക്കാവുന്നതാണ്. അങ്ങനെ നിങ്ങൾ എല്ലാം അറിയുന്നുണ്ടെന്നു അവരും അറിയണം.ഈ കാലഘട്ടത്തിൽ അത്തരം സുരക്ഷയെ ഒക്കെ മറികടക്കാൻ ഉള്ള വഴികൾ ഉണ്ടെങ്കിലും ബഹുഭൂരിപക്ഷവും അങ്ങനെ ചെയ്യാൻ സാധ്യത കുറവാണ്.അങ്ങനെ അവരെ അക്കൗണ്ടബിൾ ആക്കി മാറ്റുക ആണ് ഒരു വഴി. പല സൈറ്റുകളും മൊബൈലിൽ കിട്ടാതെ ചൈൽഡ് ലോക്ക് ചെയ്യുന്നതും നല്ലതാണ്.
ആഹാരം കഴിക്കുമ്പോഴും എല്ലാവരും കൂടി ഇരുന്നു സംസാരിക്കുന്ന സമയത്തും ഒക്കെ മൊബൈൽ ഉപയോഗിക്കാതെ നിങ്ങളും അവർക്ക് മാതൃകയാവുക, മുഴുവൻ സമയവും മൊബൈലിൽ കുത്തികൊണ്ടിരിക്കുന്ന മാതാപിതാക്കൾ എന്ത് മാതൃകയാണ് കുട്ടികൾക്ക് കൊടുക്കുന്നതെന്ന് ആലോചിക്കുക. ഒരു ഫാമിലി ടൈം ഉണ്ടാക്കുക. മൊബൈൽ അനുവദിക്കപ്പെട്ട സമയത്തു മാത്രം നൽകുക.
ഇന്നത്തെ സാഹചര്യത്തിൽ സ്‌കൂളിലും ട്യൂഷനും ഒക്കെ പോകുന്ന കുട്ടികൾ എവിടെ ആണ്? സുരക്ഷിതർ ആണോ? എന്നൊക്കെ അറിയാൻ നമുക്ക് ആകാംഷ ഉണ്ടാവും. അതിന് ഏറ്റവും നല്ല ഒരു ഉപാധി അവരുടെ കയ്യിലുള്ള മൊബൈൽ തന്നെയാണ്.അങ്ങനെയുള്ള ആവശ്യങ്ങൾക്ക് ഫോൺ കോളുകൾ മാത്രം ചെയ്യാവുന്ന ചെറിയ മൊബൈൽ വാങ്ങിക്കൊടുക്കുക. മറ്റാവശ്യങ്ങൾക്ക് വീട്ടിൽ വേണമെങ്കിൽ ഒരു സ്മാർട്ട് ഫോൺ സൂക്ഷിക്കാം, അല്ലെങ്കിൽ നിങ്ങളുടെ മൊബൈൽ താൽക്കാലികമായി കൊടുക്കാം
മൊബൈൽ ഉപയോഗിക്കാൻ അനുവദനീയമായ സമയം കഴിഞ്ഞാൽ ബാക്കി സമയം അവരുടെ ശ്രദ്ധ മറ്റു കാര്യങ്ങളിലേക്ക് തിരിക്കുക എന്നത് വളരെ അത്യാവശ്യമാണ്. അല്ലെങ്കിൽ ഇനി ഒന്നും ചെയ്യാനില്ല, ബോർ അടിക്കുന്നു എന്നൊരു പതിവ് പല്ലവിയിലേക്ക് പല കുട്ടികളും പോകാറുണ്ട് .മൊബൈൽ എന്നല്ല അഡിക്ഷൻ എന്തിനോട് തോന്നിയാലും അത്തരം ഒരു അവസ്ഥയിലൂടെ നമ്മൾ കടന്നു പോകും. അതിലൊരു പരിഹാരം കാണണം.
വായന, വളരെ നല്ലൊരു ഹോബിയാണ്. വിചാരിക്കുന്നയത്ര പ്രയാസമില്ല കുട്ടികളെ വായനയിലേക്ക് കൂട്ടിക്കൊണ്ട് പോകാൻ. അവരെ നേർവഴിയിലേക്ക് നയിക്കാൻ നല്ല പുസ്തകങ്ങൾക്ക് സാധിക്കും. വായിച്ച കഥകൾ പറഞ്ഞു തരാൻ അവരോട് ആവശ്യപ്പെടുക, അത് നിങ്ങൾ താല്പര്യത്തോടെ കേൾക്കുക. അവരോട് കഥയിലെ സംശയങ്ങൾ ചോദിക്കുക. അവന്റെ അല്ലെങ്കിൽ അവളുടെ കഥ പറച്ചിൽ നിങ്ങളെ രസിപ്പിക്കുന്നുണ്ടെന്ന് തോന്നിയാൽ വായന അതുകൊണ്ട് തന്നെ അവർക്ക് ഇഷ്ട്ടമുള്ള ഒരു ഹോബിയായി മാറും,
പുറത്തു പോയുള്ള കളികൾ, അത് ശരിക്കും കുറഞ്ഞു വരുന്ന ഒരു കാലമാണ്, അവരെ പുറത്തിറങ്ങി പ്രകൃതിയുമായി ഇടപഴകാൻ പ്രേരിപ്പിക്കുക, അവർ കളിച്ചു വളരട്ടെ, ഈ പ്രായത്തിൽ ഓടുകയും ചാടുകയും ഒന്ന് വീണു മുട്ടൊന്നു മുറിയുകയും ഒക്കെ ചെയ്തില്ലെങ്കിൽ വളർന്നു വലുതായ ശേഷം തിരിഞ്ഞു നോക്കുമ്പോൾ ഓർത്തെടുക്കാൻ എന്തെങ്കിലുമൊക്കെ വേണ്ടേ?
ചിത്ര രചന, കുക്കിംഗ്, പാട്ട് ഡാൻസ്, അതൊക്കെ താല്പര്യമുള്ള കുട്ടികളെ മൊബൈൽ അഡിക്ഷനിൽ നിന്നും വഴി തിരിക്കാൻ ഉപയോഗിക്കാവുന്ന കാര്യങ്ങളാണ്. അവരുടെ പാചകം നിങ്ങൾ ആസ്വദിക്കുന്നുണ്ടെന്ന് അവർക്ക് ബോധ്യപ്പെടണം, അവർ വരയ്ക്കുന്ന പടങ്ങൾ, പാടുന്ന പാട്ട്, ശെരിക്കും കണ്ടോ കേട്ടോ നിങ്ങൾ വിലയിരുത്തുന്നു, പ്രോത്സാഹിപ്പിക്കുന്നു, അതിലുള്ള പിഴവുകൾ അവർക്ക് പറഞ്ഞു കൊടുക്കുന്നു എന്നൊക്കെ തോന്നിയാൽ അതിൽ താല്പര്യം ജനിപ്പിക്കാൻ വേറെ ഒന്നും വേണ്ട.ശ്രമിച്ചു നോക്കാവുന്നതാണ്.
എന്തിനും ഏതിനും അവർക്ക് ഒളിമറയില്ലാതെ കാര്യങ്ങൾ നിങ്ങളോട് പറയാനുള്ള ധൈര്യം കൊടുക്കണം എന്നുള്ളതാണ്, അച്ഛനോ അമ്മയോ നല്ലൊരു സുഹൃത്താണെന്ന് അവർക്ക് തോന്നണം, ചെറിയ കാര്യങ്ങൾ പോലും പറയാൻ ഭയന്ന് ഒളിച്ചു വെക്കുന്നത് പിൽക്കാലത്ത് കുട്ടികൾക്ക് വലിയ മാനസിക പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാം. കൂടെ നിന്ന് പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കുക.അങ്ങനെ ഒരു അടുപ്പം ഉണ്ടായാൽ, പ്രശ്നങ്ങൾ ഉണ്ടാവുമ്പോൾ തന്നെ നിങ്ങളോട് അവർ തുറന്നു പറഞ്ഞേക്കും.
ഇനി അഥവാ ഒരു കുട്ടി അതിൽ അഡിക്റ്റഡ് ആണെന്നോ , അവനോ അവൾക്കോ എന്തെങ്കിലും അബദ്ധം പറ്റി എന്നോ അറിഞ്ഞാൽ ഉറഞ്ഞു തുള്ളി എരിതീയിൽ എണ്ണ ഒഴിക്കുകയല്ല വേണ്ടത്, അവർക്കൊപ്പം നിന്ന് പിന്തുണ കൊടുത്ത് അവരെ അതിൽ നിന്നും പുറത്തു കൊണ്ട് വരാൻ സഹായിക്കുക, നിങ്ങൾക്ക് അതിനു സാധിക്കാത്ത ഒരു ലെവലിൽ സംഗതി എത്തിയിട്ടുണ്ടെങ്കിൽ ഉറപ്പായും ഒരു സൈക്കോളജിസ്റ്റിന്റെയോ സൈക്കിയാട്രിസ്റ്റിന്റെയോ സഹായം തേടാനും ഒട്ടും മടിക്കേണ്ടതില്ല,
തെറ്റ് ചെയ്ത മക്കളെ അരിഞ്ഞു വീഴ്ത്താൻ ഇറങ്ങിപ്പുറപ്പെടുന്ന അച്ഛനമ്മമാരുടെ കാലമൊക്കെ പോയി എന്ന് മനസിലാക്കുക .അവരുടെ പ്രശ്നം എന്തായാലും സ്നേഹത്തോടെ തോളിൽ ചേർത്ത് പിടിച്ചു വിഷമിക്കണ്ട, ഞങ്ങളില്ലേ നിന്റെ കൂടെ എന്ന് പറയുന്ന അച്ഛനമ്മമാരാണ് ഇന്നിന്റെ ആവശ്യം.സത്യത്തിൽ അവരല്ലേ യഥാർത്ഥ മാതാപിതാക്കൾ.
(ലേഖകൻ 2012 ലെ സംസ്ഥാന ബാലസാഹിത്യ അക്കാദമി അവാർഡ് ജേതാവാണ്. അഭിപ്രായം വ്യക്തിപരം)