‘ഭാഷ പിടിയില്ല, അല്ലേൽ പാർലമെന്റിൽ പയറ്റാരുന്നു’: നയം വ്യക്തമാക്കി മണിയാശാൻ
കുഞ്ചിത്തണ്ണി ∙ എൺപതാം പിറന്നാളാണ് എം.എം.മണിയെന്ന ഇടുക്കിയുടെ മണിയാശാന് ഈ വർഷം. 66 വർഷമായി സിപിഎമ്മിനൊപ്പം നടക്കുന്ന സഖാവ് പക്ഷേ, തിരഞ്ഞെടുപ്പ് നേരിട്ടത് വെറും 4 തവണ മാത്രമാണ്. എന്നാൽ, ഇടുക്കിയുടെ മനസ്സിലേറാൻ തിരഞ്ഞെടുപ്പ് കണക്ക് ആവശ്യമില്ലെന്നും ഇനിയഥവാ വോട്ടു കണക്കിലാണ് കാര്യമെങ്കിൽ കഴിഞ്ഞ
കുഞ്ചിത്തണ്ണി ∙ എൺപതാം പിറന്നാളാണ് എം.എം.മണിയെന്ന ഇടുക്കിയുടെ മണിയാശാന് ഈ വർഷം. 66 വർഷമായി സിപിഎമ്മിനൊപ്പം നടക്കുന്ന സഖാവ് പക്ഷേ, തിരഞ്ഞെടുപ്പ് നേരിട്ടത് വെറും 4 തവണ മാത്രമാണ്. എന്നാൽ, ഇടുക്കിയുടെ മനസ്സിലേറാൻ തിരഞ്ഞെടുപ്പ് കണക്ക് ആവശ്യമില്ലെന്നും ഇനിയഥവാ വോട്ടു കണക്കിലാണ് കാര്യമെങ്കിൽ കഴിഞ്ഞ
കുഞ്ചിത്തണ്ണി ∙ എൺപതാം പിറന്നാളാണ് എം.എം.മണിയെന്ന ഇടുക്കിയുടെ മണിയാശാന് ഈ വർഷം. 66 വർഷമായി സിപിഎമ്മിനൊപ്പം നടക്കുന്ന സഖാവ് പക്ഷേ, തിരഞ്ഞെടുപ്പ് നേരിട്ടത് വെറും 4 തവണ മാത്രമാണ്. എന്നാൽ, ഇടുക്കിയുടെ മനസ്സിലേറാൻ തിരഞ്ഞെടുപ്പ് കണക്ക് ആവശ്യമില്ലെന്നും ഇനിയഥവാ വോട്ടു കണക്കിലാണ് കാര്യമെങ്കിൽ കഴിഞ്ഞ
കുഞ്ചിത്തണ്ണി ∙ എൺപതാം പിറന്നാളാണ് എം.എം.മണിയെന്ന ഇടുക്കിയുടെ മണിയാശാന് ഈ വർഷം. 66 വർഷമായി സിപിഎമ്മിനൊപ്പം നടക്കുന്ന സഖാവ് പക്ഷേ, തിരഞ്ഞെടുപ്പ് നേരിട്ടത് വെറും 4 തവണ മാത്രമാണ്. എന്നാൽ, ഇടുക്കിയുടെ മനസ്സിലേറാൻ തിരഞ്ഞെടുപ്പ് കണക്ക് ആവശ്യമില്ലെന്നും ഇനിയഥവാ വോട്ടു കണക്കിലാണ് കാര്യമെങ്കിൽ കഴിഞ്ഞ തവണത്തെ ഉടുമ്പൻചോല മണ്ഡലത്തിലെ തന്റെ ഭൂരിപക്ഷമെടുത്ത് നോക്കിക്കോ എന്നും കൈ രണ്ടും കൂട്ടിത്തിരുമ്മി മണിയാശാൻ പറയും. തുടർച്ചയായി രണ്ടാംതവണയും ഉടുമ്പൻചോലയ്ക്ക് പ്രിയപ്പെട്ട എംഎൽഎയായി തിളങ്ങി നിൽക്കുന്ന എം.എം.മണിയാണ് എൽഡിഎഫിന്റെ ജില്ലയിലെ ‘സ്റ്റാർ ക്യാംപെയ്നർ’.
തോറ്റാലെന്നാ, വിറപ്പിച്ചില്ലേ!
ഒൻപതു തവണ സിപിഎം ജില്ലാ സെക്രട്ടറിയായതിന്റെ അപൂർവ റെക്കോർഡുള്ള മണിയാശാൻ പക്ഷേ, തന്റെ ആദ്യ രണ്ടു തിരഞ്ഞെടുപ്പിലും തോറ്റുപോയ കഥ ഒരു വിഷമവുമില്ലാതെ പറയും. ബൂത്ത് കമ്മിറ്റി മുതൽ ജില്ലാ കമ്മിറ്റി വരെയും പാർലമെന്റ് മണ്ഡലം കമ്മിറ്റി സെക്രട്ടറിയായും തിരഞ്ഞെടുപ്പുകളുടെ ചുക്കാൻ പിടിച്ചിട്ടുള്ള തന്നെ ആദ്യമായി പാർട്ടി സ്ഥാനാർഥിയായി നിയോഗിച്ചത് ജില്ലാ കൗൺസിൽ തിരഞ്ഞെടുപ്പിലേക്കായിരുന്നു. 1995ൽ ആദ്യത്തെ ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ അടിമാലി ഡിവിഷനിൽ കന്നിയങ്കം.
കോൺഗ്രസിലെ കെ.എസ്.മുഹമ്മദായിരുന്നു അന്ന് എതിരാളി. അന്ന് 4000 വോട്ടുകൾക്കാണ് പരാജയപ്പെട്ടത്. പിറ്റേ വർഷം ഉടുമ്പൻചോല നിയോജക മണ്ഡലത്തിൽ നിന്നു നിയമസഭയിലേക്കു മത്സരിച്ചു. കോൺഗ്രസിലെ ഇ.എം.ആഗസ്തിയായിരുന്നു എതിരാളി. തോൽവിയായിരുന്നു ഫലം. ‘നന്നായി പ്രവർത്തിച്ചെങ്കിലും പരാജയപ്പെട്ടു. എനിക്ക് വോട്ട് കുറഞ്ഞു. ആഗസ്തിയോടു പരാജയപ്പെട്ടപ്പോൾ അദ്ദേഹത്തിന് ഒരുഗ്രൻ ഷെയ്ക്ക് ഹാൻഡും നൽകി വോട്ടെണ്ണൽ കേന്ദ്രത്തിന്റെ പടിയിറങ്ങി’ – വാക്കുകളിൽ ചിരിയുടെ മണിമുഴക്കം.
പതിനാലുകാരന്റെ പ്രചാരണം
1958ലെ തിരഞ്ഞെടുപ്പ് പ്രചാരണം പോലെ വാശിയേറിയ ഒന്ന് ഇനിയുണ്ടാകുമോ എന്നറിയില്ലെന്ന് എം.എം.മണി പറയുന്നു. അന്ന് 14 വയസ്സാണ് മണിക്ക് പ്രായം. 1957ൽ ദേവികുളം എംഎൽഎ റോസമ്മ പുന്നൂസിന്റെ തിരഞ്ഞെടുപ്പ് ട്രൈബ്യൂണൽ റദ്ദാക്കിയതാണ് കേരളത്തിലെ ആദ്യ തിരഞ്ഞെടുപ്പ് കേസ്.
അന്നു നടന്ന ഉപതിരഞ്ഞെടുപ്പിൽ സിപിഐ സ്ഥാനാർഥിയായ റോസമ്മ പുന്നൂസിന്റെ വിജയത്തിനായി പ്രചാരണത്തിനിറങ്ങി. സംസ്ഥാനത്തെ പ്രമുഖരായ കാഥികന്മാർ പ്രചാരണ വേദികളിൽ രാഷ്ട്രീയ കഥാപ്രസംഗങ്ങൾ അവതരിപ്പിക്കും. കലാപരിപാടികളും തീപ്പൊരി പ്രസംഗങ്ങളും ഉണ്ടാകും.
ഇന്നത്തെ പീരുമേട്, ഉടുമ്പൻചോല മണ്ഡലങ്ങൾ ദേവികുളം മണ്ഡലത്തിന്റെ പരിധിയിലാണ്. മറുവശത്ത് കോൺഗ്രസിന്റെ സ്ഥാനാർഥി ബി.കെ.നായരാണ്. ബി.കെ.നായർക്കു വേണ്ടി സാക്ഷാൽ ഇന്ദിരാഗാന്ധി വരെ പ്രചാരണത്തിനു വന്നു. അന്ന് സംസ്ഥാനത്ത് ഇഎംഎസ് സർക്കാരായിരുന്നു ഭരണം. വി.എസ്.അച്യുതാനന്ദനെ പാർട്ടി തിരഞ്ഞെടുപ്പിന്റെ ചുമതല എൽപിച്ചു. സിപിഐ ദേശീയ നേതൃത്വം പ്രചാരണത്തിനിറങ്ങി.
അഞ്ചു വീടുകളുടെ ചുമതലയാണ് പാർട്ടി എം.എം.മണിയെ ഏൽപിച്ചിരുന്നത്. തിരഞ്ഞെടുപ്പ് ദിവസം രാവിലെ 3 മണിക്ക് ഈ വീട്ടുകാരെ വിളിച്ചുണർത്തി വോട്ട് ചെയ്യിക്കാൻ ബൂത്തിലെത്തിച്ച് വരി നിർത്തി. പിന്നീട് അവർ വോട്ട് ചെയ്ത് പുറത്തെത്തും വരെ കാവലായിരുന്നു. ആദ്യ സംഘടനാപ്രവർത്തനവും അതുതന്നെയായിരുന്നു. ശക്തമായ മത്സരത്തിനൊടുവിൽ 7,089 വോട്ടിനു റോസമ്മ പുന്നൂസ് വിജയിച്ചു. ആദ്യമായി തിരഞ്ഞെടുപ്പിനിറങ്ങിയ സമയത്ത് ഒരിക്കലും ഒരു മന്ത്രിയാകുമെന്നോ എംഎൽഎ ആകുമെന്നോ താൻ പ്രതീക്ഷിച്ചിരുന്നില്ലെന്ന് മണിയാശാൻ പറയുന്നു.
ജനങ്ങളെ നേരിട്ട് കാണാതെന്നാ വോട്ടുചോദ്യം!
നോട്ടിസും കോളാമ്പി അനൗൺസ്മെന്റും നിറഞ്ഞുനിന്ന ആദ്യകാലമാകട്ടെ, ഫെയ്സ്ബുക്കിലും വാട്സാപ്പിലും പ്രചാരണം നടക്കുന്ന ഇന്നത്തെക്കാലമാകട്ടെ, വോട്ടർമാരെ നേരിട്ടുകാണാതെ ഒരു പ്രചാരണമില്ല മണിയാശാന്. ‘നമ്മൾ അവരെ നേരിട്ടു കണ്ട് പാർട്ടിയുടെ കാര്യങ്ങളും സർക്കാരിന്റെ വികസന നേട്ടങ്ങളുമൊക്കെ വിശദീകരിച്ചുകൊടുത്ത് വോട്ട് ചോദിക്കുമ്പോളുള്ള ആത്മവിശ്വാസം വേറെ എവിടെയും കിട്ടില്ല.
അങ്ങനെ വോട്ട് ചോദിച്ചു ചെല്ലുമ്പോൾ ചിലപ്പോഴൊക്കെ ഇങ്ങോട്ടും ചോദ്യം ചോദിക്കാറുണ്ട്. നമ്മുടെ എതിർപാർട്ടിക്കാരൊക്കെ പലതും പറഞ്ഞെന്നിരിക്കും. അപ്പോഴും നല്ലൊരു ചിരിയൊക്കെ ചിരിച്ച് ഇങ്ങുപോരുകതന്നെ.’ തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ സ്ഥാനാർഥികളെക്കാൾ ‘ഓടുന്നത്’ മണിയാശാനാണ്.
വാർഡിലെത്തി രണ്ടു വാക്കു പ്രസംഗിക്കണമെന്ന് എൽഡിഎഫിലെ നേതാക്കൾ ആവശ്യപ്പെട്ടാൽ എങ്ങനെ നിരസിക്കുമെന്നു മണിയാശാൻ. രാവിലെ 7നു തുടങ്ങുന്ന പ്രയാണത്തിനു തിരശ്ശീല വീഴുന്നത് രാത്രി പത്തുമണിയോടെ. ഇടുക്കിയുടെ ഓരോ മുക്കും മൂലയും ആശാന് സുപരിചിതം. വോട്ടർമാരിൽ പലരെയും പേരെടുത്തു വിളിക്കാനുള്ള അടുപ്പം.
‘ഭാഷ പിടിയില്ല, അല്ലേൽ പാർലമെന്റിൽ പയറ്റാരുന്നു’
ഇടുക്കിയുടെ മനസ്സിനൊപ്പം ഇത്രകാലം നടന്നിട്ടും ഒരിക്കലെങ്കിലും മണ്ഡലത്തെ പ്രതിനിധീകരിച്ച് ലോക്സഭയിലെത്താൻ ആഗ്രഹമില്ലേ എന്നു ചോദിച്ചാൽ ഒറ്റ ചിരിയാണ് ആശാൻ. ‘അവിടെയൊക്കെ പോണേൽ ഭാഷ വല്യ പ്രശ്നവാ. എനിക്കാണേൽ മലയാളം മാത്രമേ അറിയൂ, പിന്നെക്കുറച്ച് തമിഴും. അതുതന്നെ മലയാളം കലർത്തിയാണ് പ്രസംഗം. പാർലമെന്റിൽ പിന്നെ ഏത് ഭാഷയിൽ വേണേലും പ്രസംഗിക്കാനൊള്ള സംവിധാനമൊക്കെയുണ്ട്. എന്നാലും അതൊന്നും വേണമെന്ന് തോന്നിയിട്ടില്ല. ഇപ്പോത്തന്നെ രണ്ടുതവണ എംഎൽഎയായി. നാലരവർഷം മന്ത്രിയായി. ജനങ്ങൾക്ക് വേണ്ടി എന്നാലാവുംവിധം എല്ലാം ചെയ്തു. ഇവിടെവരുന്ന ഒരാളെപ്പോലും നിരാശരാക്കി വിട്ടിട്ടില്ല. ഇനിയിപ്പം മറ്റൊരു തിരഞ്ഞെടുപ്പിന് ഞാനില്ല’ – മണിയാശാൻ നയം വ്യക്തമാക്കി.