Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നീറ്റ്: വീണ്ടും ഹാട്രിക് ചിരി

Author Details
rank-holders ഡോ. ഫറാജ് മുഹമ്മദ്, ഡോ. അന്ന ഐലിൻ, ഡോ. നിവേദിത പ്രകാശ്

മെഡിക്കൽ പിജി പ്രവേശനത്തിനുള്ള ‘നീറ്റ്’ പരീക്ഷയിൽ ആദ്യ മൂന്നു റാങ്കും കേരളത്തിനു തന്നെ കിട്ടിയപ്പോൾ മറ്റു സംസ്ഥാനങ്ങൾ അമ്പരന്നുകാണും. എങ്കിൽ അവർക്കെല്ലാം അസൂയതന്നെ തോന്നാവുന്ന മറ്റൊരു വാർത്ത ഇതാ– ഡെന്റൽ പിജി പ്രവേശനത്തിനുള്ള ‘നീറ്റി’ലും രാജ്യത്തെ ആദ്യ മൂന്നു റാങ്കും കേരളത്തിനു തന്നെ. ഡോ. ഫറാജ് മുഹമ്മദ്, ഡോ. അന്ന ഐലിൻ, ഡോ. നിവേദിത പ്രകാശ് എന്നിവരാണു കേരളത്തിന്റെ അഭിമാനം വീണ്ടും ഉയർത്തിപ്പിടിച്ചത്. വരൂ, ആ മിടുക്കരെ പരിചയപ്പെടാം.

ആദ്യ ഇരുനൂറിലെത്താൻ ശ്രമിച്ചു; ഒന്നാമനായി
സർക്കാർ സീറ്റിൽ പിജി പ്രവേശനം എന്നതായിരുന്നു ആലുവ സ്വദേശി ഫറാജ് മുഹമ്മദിന്റെ ലക്ഷ്യം. അതിനു റാങ്ക് ഇരുനൂറിൽ താഴെയായേ പറ്റൂ. ആ വാശിയോടെ പഠിച്ചപ്പോൾ കിട്ടിയതാണീ ഒന്നാം റാങ്ക്. കോതമംഗലം മാർ ബസേലിയോസ് ഡെന്റൽ കോളജിൽനിന്ന് 2013ൽ പഠനം പൂർത്തിയാക്കിയ ഉടൻ പരീക്ഷ എഴുതിയിരുന്നെങ്കിലും മികച്ച റാങ്ക് ലഭിച്ചിരുന്നില്ല. തുടർന്ന് രണ്ടര വർഷത്തോളം വിവിധ ആശുപത്രികളിലായി ജോലി ചെയ്തു; ഇപ്പോൾ പറവൂരിൽ. അവസാന ഒരു വർഷം പ്രാക്ടീസിനൊപ്പം തീവ്രപരിശീലനവും.

മികച്ച റാങ്ക് ലഭിക്കുമെന്നു കണക്കുകൂട്ടിയിരുന്നെങ്കിലും ഒന്നാം റാങ്ക് പ്രതീക്ഷിച്ചിരുന്നില്ലെന്നു ഫറാജ് പറയുന്നു. കഴിഞ്ഞ വർഷംവരെ എയിംസാണു പരീക്ഷ നടത്തിയിരുന്നതെങ്കിൽ ഇത്തവണ നാഷനൽ ബോർഡ്സ് ഓഫ് എക്സാമിനേഷനായിരുന്നു ചുമതല. അതിനാൽ എങ്ങനെയാകും പരീക്ഷയെന്ന ആശങ്കയുണ്ടായിരുന്നു. കുടുംബത്തിന്റെ പിന്തുണ വിലപ്പെട്ടതായിരുന്നു. ഭാര്യയും ബിഡിഎസിനു ശേഷം ഹൗസ് സർജൻസിയുടെ തിരക്കിലായിരിക്കെ ഒന്നരവയസ്സുകാരൻ മകൻ സഫാനെ നോക്കിയിരുന്നത് ഇരുവരുടെയും മാതാപിതാക്കളാണ്.

ആലുവ കമ്പനിപ്പടി ബംഗ്ലാവുപറമ്പിൽ എ. മുഹമ്മദ് സാലിയുടെയും സീനത്തിന്റെയും മകനാണു ഫറാജ്. ന്യൂഡൽഹി മൗലാനാ ആസാദ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെന്റൽ സയൻസസിൽ ഓർത്തോഡോണ്ടിക്സിൽ ഉപരിപഠനമാണ് ഇനി ലക്ഷ്യം.

ഒന്നിൽ പിഴച്ചാൽ മൂന്ന്
പിജി എൻട്രൻസ് എഴുതിയതു മൂന്നു തവണ. ആദ്യ തവണ നിരാശ. രണ്ടാം തവണ 400–ാം റാങ്ക്. പക്ഷേ സർക്കാർ സീറ്റ് കിട്ടില്ല. മൂന്നാം തവണ രാജ്യത്തെ രണ്ടാം റാങ്കിന്റെ തിളക്കം. ഇതാണ് എറണാകുളം കാക്കനാട് സ്വദേശി അന്ന ഐലിന്റെ അനുഭവം. ഏറ്റവും കൂളായി പരീക്ഷയെഴുതിയതും ഇത്തവണയാണെന്ന് അന്ന പറയുന്നു. തിരുവനന്തപുരം ഡെന്റൽ കോളജിൽ നിന്നു ബിഡിഎസ് പൂർത്തിയാക്കിയ അന്ന ഹൗസ് സർജൻസി കാലത്താണ് ആദ്യം എൻട്രൻസ് എഴുതിയത്, 2013ൽ. പിന്നീട് ഏതാനും മാസം ജോലി ചെയ്ത ശേഷം എൻട്രൻസ് പരിശീലനം. എങ്കിലും വിവാഹത്തിരക്കുകൾക്കിടയിലായിപ്പോയി രണ്ടാം പരീക്ഷ.

വിവാഹശേഷം ഭർത്താവിനൊപ്പം ഹൈദരാബാദിലേക്കു താമസം മാറ്റിയ ശേഷം ഏതാനും മാസം ജോലി ചെയ്തു. തുടർന്നു പഠനത്തിനു വേണ്ടി മുഴുവൻ സമയവും മാറ്റിവച്ചു. കുടുംബത്തിന്റെയും ഭർത്താവിന്റെയും പിന്തുണയാണു മികച്ച റാങ്ക് നേടാൻ കരുത്തായതെന്ന് അന്ന പറയുന്നു. ബെംഗളൂരു ഗവ. ഡെന്റൽ മെഡിക്കൽ കോളജിൽ പിജി ഓർത്തോഡോണ്ടിക്സിനു ചേരാനുള്ള തയാറെടുപ്പിലാണ് ഇപ്പോൾ.

ഐഐടി റൂർക്കിയിൽ നിന്ന് എംടെക് നേടിയ ഭർത്താവ് ശ്രീകാന്ത് ചിപ്പ് ഡിസൈൻ കമ്പനിയിലാണു ജോലി ചെയ്യുന്നത്. ഫാക്ടിൽ നിന്നു വിരമിച്ച കാക്കനാട് വാരിയത്ത് വി.എ. അൽഫോൻസിന്റെയും ജല അതോറിറ്റിയിൽ അസി. എൻജിനീയർ കെ.എക്സ്. മേരിയുടെയും മകളാണ് അന്ന ഐലിൻ.

നന്നായി പഠിച്ചവരെ തുണച്ച് പാറ്റേൺ മാറ്റം
ഡിസംബറിൽ നടക്കുന്ന പരീക്ഷയുടെ പാറ്റേൺ മാറിയെന്ന് ‘നീറ്റ്’ മൂന്നാം റാങ്കുകാരിയായ തൃശൂർ ചേലക്കര സ്വദേശി നിവേദിത പ്രകാശ് അറിഞ്ഞതു തന്നെ സെപ്റ്റംബറിലാണ്. നാഷനൽ ബോർഡ് ഓഫ് എക്സാമിനേഷന്റെ കീഴിലുള്ള ആദ്യ പരീക്ഷയിൽ മാറ്റങ്ങൾ പലതായിരുന്നു. ഓരോ വിഷയത്തിനുമുള്ള വെയിറ്റേജിൽ വ്യത്യാസം വന്നു. മുൻവർഷ ചോദ്യക്കടലാസുകളിൽ നിന്നു കാര്യമായ ചോദ്യങ്ങളുണ്ടായില്ല.

മലയാളികൾക്കു നേട്ടമുണ്ടാക്കാൻ ഇതൊക്കെ കാരണമായിട്ടുണ്ടാകാമെന്നു നിവേദിത പറയുന്നു. നന്നായി പഠിച്ചവർക്കു റാങ്ക് നേടാനുള്ള സാധ്യത കൂടുതലുണ്ടായിരുന്നു. അടിസ്ഥാനപരമായ ചോദ്യങ്ങളായിരുന്നു കൂടുതലും. എന്നാൽ അതു മനസ്സിലാക്കി ഉത്തരം നൽകുകയായിരുന്നു പ്രയാസം.

തിരുവനന്തപുരം ഡെന്റൽ കോളജിൽനിന്നു 2016ൽ പഠനം പൂർത്തിയാക്കിയ നിവേദിതയുടെ രണ്ടാം ശ്രമത്തിലാണ് ഈ റാങ്ക്. നാല്, ആറ്, ഏഴ് റാങ്കുകൾ നേടിയതു തിരുവനന്തപുരം ഡെന്റൽ കോളജിലെ സഹപാഠികൾ തന്നെ എന്നതു കൂടുതൽ സന്തോഷം പകരുന്നു. ഓർത്തോഡോണ്ടിക്സിൽ ഉപരിപഠനം നടത്താനുള്ള തയാറെടുപ്പിലാണിപ്പോൾ. കോളജ് തീരുമാനിച്ചിട്ടില്ല. കേരളത്തിനു പുറത്തു പഠിക്കണമെന്നു താൽപര്യമുണ്ട്. കർഷകനായ ജയപ്രകാശിന്റെയും മീര പ്രകാശിന്റെയും മകളാണു നിവേദിത.

Your Rating: