വയസ് 23, സിവിൽ സർവീസിൽ റാങ്ക് 13

അതുൽ ജനാർദനൻ (23),

എം.വി. ഹൗസ്,

പരിയാരം, കണ്ണൂർ

നന്നായി ഉറങ്ങും. ഹിന്ദി പാട്ടുകളും ഇംഗ്ലിഷ് ടിവി ഷോകളും കാണും. പൂരക്കളി കളിക്കും. തെയ്യപ്പറമ്പുകളിലെ പതിവു കാഴ്ചക്കാരൻ. പഠനത്തിനു പ്രത്യേകിച്ചു സമയക്രമമില്ല. മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബിടെക്. സിവിൽ സർവീസ് പരീക്ഷയിൽ പതിമൂന്നാം റാങ്ക്; മലയാളികളിൽ ഒന്നാമൻ. ലക്ഷ്യം ഇന്ത്യൻ ഫോറിൻ സർവീസ്. താൽപര്യം വിദേശ–നയതന്ത്ര ബന്ധങ്ങളിൽ.

സിവിൽ സർവീസ് ആദ്യ ഊഴം
2015ൽ ബിടെക് തീർന്നയുടൻ പരിശീലനമില്ലാതെ എഴുതി. പ്രിലിമിനറി കടന്നില്ല.

പരിശീലനത്തോടെ രണ്ടാമൂഴം
തിരുവനന്തപുരത്തു സംസ്ഥാന സർക്കാരിന്റെ സിവിൽ സർവീസ് അക്കാദമിയിൽ ആറു മാസം പരിശീലനം. ഒപ്പം മറ്റു രണ്ട് ഇൻസ്റ്റിറ്റ്യൂട്ടുകളിലും പോയി. ഐച്ഛികവിഷയമായെടുത്തത് ഭൂമിശാസ്ത്രം.

കെണിയൊരുക്കി പ്രിലിം, മെയിൻ
പ്രിലിമിനറിയും മെയിനും കുറച്ചു കടുപ്പമായിരുന്നു. പ്രതീക്ഷിക്കാത്ത തരത്തിലുള്ള ചോദ്യങ്ങളുണ്ടായി. മെയിനിൽ, ഐച്ഛികവിഷയത്തിലെ അറിവു പരിശോധിക്കുന്ന ചോദ്യങ്ങളേക്കാളേറെ പൊതുവായ ചോദ്യങ്ങളാണു വന്നത്. വിഷയത്തിലുള്ള അറിവിനേക്കാൾ, കാഴ്ചപ്പാടും പരസ്പരബന്ധവും വ്യക്തമാക്കേണ്ട ചോദ്യങ്ങൾ. ഇന്ത്യയിലാകെ സ്മാർട് സിറ്റി പദ്ധതി നടപ്പാക്കിയാൽ എന്താകുമെന്നായിരുന്നു ഒരു ചോദ്യം. ഇന്ത്യയുടെ ഭൂപ്രകൃതിയും സ്മാർട് സിറ്റിയും ബന്ധപ്പെടുത്തുന്നതെങ്ങനെയെന്നു പരീക്ഷിക്കുകയായിരുന്നു.

ഇന്റർവ്യൂവിലെ തെയ്യവും ബ്രെക്സിറ്റും
ചെറിയ ടെൻഷൻ ഉണ്ടായിരുന്നു. മറ്റുള്ളവരോടു മിണ്ടാനൊന്നും പോയില്ല. പരിശീലന കാലത്തെ മോക് ഇന്റർവ്യൂകളായിരുന്നു ബലം. കണ്ണൂരിലെ കക്ഷിരാഷ്ട്രീയ സംഘർഷങ്ങൾ, തെയ്യം, പൂരക്കളി, ജുഡീഷ്യറിയുടെ ഇടപെടലുകൾ, ബ്രെക്സിറ്റ്, രാജ്യാന്തര നയതന്ത്ര ബന്ധങ്ങൾ, ഇന്ത്യൻ മഹാസമുദ്ര മേഖലയാകെ ഇന്ത്യൻ നാവികസേനയുടെ സാന്നിധ്യത്തിന്റെ പ്രസക്തിയെന്ത്, ഹൈസ്പീഡ് റെയിൽ ടെക്നോളജി, കേരളത്തിന്റെ ഭൂപ്രകൃതിയും സാമ്പത്തിക വളർച്ചയും തമ്മിലുള്ള ബന്ധം, വികസനത്തിലെ കേരള മാതൃക തുടങ്ങിയ ചോദ്യങ്ങളുണ്ടായി. ചിലതിനു രണ്ടു വശവും വ്യക്തമാക്കുന്ന ഉത്തരങ്ങളാണു നൽകിയത്.

ഉത്തരം തെറ്റിയപ്പോൾ:
സ്വകാര്യ സ്ഥാപനങ്ങളിൽ നിലവാരമുള്ള വിദ്യാഭ്യാസം നൽകുന്നില്ലെങ്കിൽ ഉപഭോക്തൃകോടതിയെ സമീപിക്കാമോ എന്നു ചോദ്യം. സമീപിക്കാവുന്നതാണെന്നു മറുപടി നൽകി. അങ്ങനെ പാടില്ലെന്നു ഹൈക്കോടതി ഉത്തരവുള്ള കാര്യം ഇന്റർവ്യൂ ബോർഡ് പറഞ്ഞുതന്നു.

ഉത്തരം മുട്ടിയത്:
അലങ്ങിനെക്കുറിച്ചു ചോദ്യം വന്നു. ഗുജറാത്തിലെ ഭാവ്നഗർ ജില്ലയിലെ തീരദേശ നഗരമാണ് അലങ്. കപ്പലുകൾ പൊളിക്കുന്നതിന്റെ പ്രധാന കേന്ദ്രമെന്ന നിലയിൽ പ്രശസ്തം. പക്ഷേ, ഓർമ വന്നില്ല.

പ്രചോദനം:
ബിടെക്കിനിടെയാണു സിവിൽ സർവീസിൽ താൽപര്യം തോന്നിയത്. അക്കാദമിയിൽ സിവിൽ സർവീസിലെ മുൻ റാങ്കുകാർ, വിരമിച്ച പ്രശസ്ത സിവിൽ സർവീസ് ഉദ്യോഗസ്ഥർ തുടങ്ങിയവരുടെ അനുഭവ വിവരണത്തോടെയുള്ള ക്ലാസുകൾ പ്രചോദനം പകർന്നു. മുതിർന്നവരുടെ ഉപദേശങ്ങൾ വഴികാട്ടിയായി.

പഠന രീതി:
പ്രത്യേകിച്ചു ക്രമമൊന്നുമില്ല. രാത്രി 11 മുതൽ രാവിലെ ഏഴര–എട്ടു വരെ ഉറങ്ങും. സിവിൽ സർവീസ് തയാറെടുപ്പു കാലത്ത് നാട്ടിലെ കല്യാണം പോലെയുള്ള ചടങ്ങുകൾ ഒഴിവാക്കി. അപ്പോഴും തെയ്യവും പൂരക്കളിയും ഉത്സവങ്ങളും ഒഴിവാക്കിയില്ല. ഇപ്പോഴും പൂരക്കളി കളിക്കും.

എളുപ്പ വഴി:
ഇല്ല. അക്കാദമിയിലെയും ഇൻസ്റ്റിറ്റ്യൂട്ടുകളിലെയും പഠനം ഒരു ചട്ടക്കൂട് നൽകി. പക്ഷേ, ഓരോ വിഷയവും ആഴത്തിൽ പഠിച്ചതു പുസ്തകങ്ങളുടെയും പത്രങ്ങളുടെയും വെബ്സൈറ്റുകളുടെയും സമൂഹമാധ്യമങ്ങളുടെയും സഹായത്തോടെയാണ്.

കൂട്ടുകെട്ട്:
കൂട്ടുകാരുടെ ഗ്രൂപ്പുകൾ ഏറെ പ്രയോജനം ചെയ്തു. ഓരോ വിഷയത്തിന്റെയും വിവിധ വശങ്ങൾ കൂട്ടുകാരുടെ ഗ്രൂപ്പുകളിലെ ചർച്ചകളിൽനിന്നാണു മനസ്സിലാക്കിയത്.

ഇനി:
ഐഎഫ്എസിനാണ് ഓപ്ഷൻ നൽകിയത്. ഉയർന്ന റാങ്ക് ആയതിനാൽ അതു ലഭിക്കുമെന്നുറപ്പാണ്. രാജ്യാന്തര നയതന്ത്രബന്ധങ്ങളിൽ താൽപര്യമുണ്ട്. വിദേശബന്ധങ്ങൾ ഇന്ത്യയുടെ വളർച്ചയിൽ നിർണായക ഘടകമാണ്. അതുകൊണ്ടു തന്നെ, ജോലി ഒരു വെല്ലുവിളിയായി കാണുന്നു.

കുടുംബം: കരസേനയിൽ നിന്നു വിരമിച്ച എം.വി. ജനാർദനന്റെയും ലതയുടെയും മകൻ. സഹോദരി നീതു വൈഭവ്.

വിനോദം: ഇംഗ്ലിഷ് ടിവി ഷോ, ഹിന്ദി സിനിമാപ്പാട്ടുകളുടെ വിഡിയോ, ടെന്നിസ് മത്സരങ്ങൾ, അൽപം വായന.

കായികാഭിരുചി: കാര്യമായിട്ടില്ല.

ടിപ്സ്:

∙പഠനത്തിനു സ്വന്തം രീതികൾ വളർത്തിയെടുക്കുക. മറ്റുള്ളവരുടേത് അനുകരിക്കാതിരിക്കുന്നതാണു നല്ലത്.

∙നന്നായി ശ്രമിക്കുക.

∙എല്ലാം ഹൃദിസ്ഥമാക്കാൻ ശ്രമിക്കാതിരിക്കുക.

∙നോട്ടുകൾ കുറിച്ചെടുക്കുക. ക്ലാസിൽ ലഭിക്കുന്ന വിവരങ്ങളുടെ കൂടുതൽ കാര്യങ്ങൾ ഇന്റർനെറ്റിലൂടെയും പുസ്തകങ്ങളിലൂടെയും മറ്റും അന്നന്നു തന്നെ അറി‍ഞ്ഞുവയ്ക്കുക.

∙ഗൗരവത്തോടെ പഠിക്കുക.

∙സർക്കാരിന്റെ വിവിധ പദ്ധതികൾ, നയങ്ങൾ എന്നിവ അപ്പപ്പോൾ അറിയാൻ സമൂഹമാധ്യമങ്ങൾ പ്രയോജനപ്രദമാണ്.

 ആർക്കും സിവിൽ സർവീസ് നേടാം. ഐഐടി, എൻഐഐടി എന്നിവിടങ്ങളിൽ നിന്നുള്ളവരോടാണു ഞാൻ മത്സരിച്ചത്. ഇതിലും മത്സരം വർധിക്കുകയാണ്.

തെയ്യത്തിന്റെയും പൂരക്കളിയുടെയും കാഴ്ചകൾ അതുലിന് ഇനി അധികമുണ്ടാകില്ല. പക്ഷേ, കാഴ്ചകളിൽ നിന്നു കാഴ്ചപ്പാടുകളിലേക്കു വളരുന്ന നയതന്ത്രപ്രതിനിധി നാടിനുണ്ടാകും, അതുലിന് ഉറപ്പാണ്.