ഐഎഫ്‌എസ്, ഐഎഎസ്, ഐപിഎസ് അടക്കം 24 സർവീസുകളിലേക്കുള്ള സിവിൽ സർവീസസ് പരീക്ഷയുടെ പ്രിലിമിനറിയിൽ പങ്കെടുക്കേണ്ടവർ മാർച്ച് ആറിന് അകം ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. പരീക്ഷ ജൂൺ മൂന്നിന്. 782 ഒഴിവുകളാണു പ്രതീക്ഷിക്കുന്നത്. അപേക്ഷാഫോമിന് വെബ്സൈറ്റ്: www.upsconline.nic.in
കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങൾ: തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്
യോഗ്യത: ബിരുദം/ തുല്യയോഗ്യത; മിനിമം മാർക്ക് നിബന്ധനയില്ല. അവസാന വർഷ ബിരുദവിദ്യാർഥികൾക്കും അപേക്ഷിക്കാം. മെഡിക്കൽ ബിരുദധാരികൾ ഇന്റേൺഷിപ് സർട്ടിഫിക്കറ്റ് ഇന്റർവ്യൂ നേരത്തു ഹാജരാക്കണം. സാങ്കേതികബിരുദത്തിനു തുല്യമായ പ്രഫഷനൽ യോഗ്യതയുള്ളവർക്കും പരീക്ഷയെഴുതാം.
പ്രായം: ഓഗസ്‌റ്റ് ഒന്നിന് 21 – 32 വയസ്സ്. പട്ടിക, പിന്നാക്ക, വിമുക്‌തഭട, ഭിന്നശേഷി, അന്ധ, ബധിര വിഭാഗക്കാർക്കു നിയമാനുസൃത ഇളവ്.
ആറു തവണ വരെ സിവിൽ സർവീസസ് പരീക്ഷ എഴുതാം. പ്രിലിമിനറിയിലെ ഒരു പേപ്പറിനെങ്കിലും ഇരിക്കുന്നത് ഇക്കാര്യത്തിൽ ചാൻസായി കണക്കാക്കും. പിന്നാക്കവിഭാഗക്കാർക്കും പൊതുവിഭാഗത്തിലെ ഭിന്നശേഷിക്കാർക്കും ഒൻപതു തവണവരെ എഴുതാം. പട്ടികവിഭാഗക്കാർക്കു പ്രായപരിധിക്കുള്ളിൽ എത്ര തവണ വേണമെങ്കിലുമെഴുതാം. വിവരങ്ങൾക്ക് ഫോൺ: 011 2338 5271
പരീക്ഷാഘടന
സിവിൽ സർവീസസ് പരീക്ഷയ്‌ക്ക് മൂന്നു ഭാഗങ്ങൾ: പ്രിലിമിനറി, മെയിൻ, ഇന്റർവ്യൂ. പ്രിലിമിനറിയിലെ മാർക്ക് അന്തിമറാങ്കിങ്ങിനു പരിഗണിക്കില്ല. അതിന് ആധാരം മെയിനിലെയും ഇന്റർവ്യൂവിലെയും ചേർത്തുള്ള 2025 മാർക്ക് മാത്രം.
പ്രിലിമിനറിയിൽ രണ്ടു മണിക്കൂർ വീതമുള്ള രണ്ട് ഒബ്ജെക്ടീവ് പേപ്പറുകൾ. ഓരോന്നിനും 200 മാർക്ക്. നെഗറ്റീവ് മാർക്കിങ് രീതിയുണ്ട്. ച്ഛികവിഷയമില്ലാത്തതിനാൽ ആർക്കും മുൻതുക്കമോ അസൗകര്യമോ ഇല്ല. പ്രിലിമിനറിയിലെ രണ്ടാം പേപ്പർ ക്വാളിഫൈയിങ് പേപ്പറാണ്. ഇതിൽ 33 % മാർക്ക് നേടിയവരുടെ ഒന്നാം പേപ്പറിലെ സ്‌കോർ മാത്രം പരിഗണിച്ചു റാങ്കിങ് നടത്തി, മെയിനിലേക്കു സിലക്‌ഷൻ നടത്തും.
മെയിൻ പരീക്ഷയിൽ വിവരണരീതിയിൽ മൂന്നു മണിക്കൂർ വീതമുള്ള പേപ്പറുകളിങ്ങനെ:
പേപ്പർ എ: മലയാളമടക്കം ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിലെ ഏതെങ്കിലുമൊരു ഇന്ത്യൻ ഭാഷ
പേപ്പർ ബി: ഇംഗ്ലിഷ്
ഈ ഭാഷാ പേപ്പറുകളിൽ യോഗ്യത തെളിയിക്കാനുള്ള മാർക്ക് മതി. റാങ്കിങ്ങിനു പരിഗണിക്കുകയില്ല. തുടർന്ന് 250 മാർക്ക് വീതമുള്ള ഏഴു പേപ്പറുകൾ.
പേപ്പർ ഒന്ന്: എസ്സേ
പേപ്പർ രണ്ട്: ജനറൽ സ്‌റ്റഡീസ് ഒന്ന് (ഭാരതീയ പൈതൃകവും സംസ്‌കാരവും; ലോകചരിത്രവും ഭൂമിശാസ്‌ത്രവും)
പേപ്പർ മൂന്ന്: ജനറൽ സ്‌റ്റഡീസ് രണ്ട് (ഗവേണൻസ്, ഭരണഘടന, സാമൂഹികനീതി, ഭരണക്രമം, രാജ്യാന്തരബന്ധങ്ങൾ)
പേപ്പർ നാല്: ജനറൽ സ്‌റ്റഡീസ് മൂന്ന് (ടെക്‌നോളജി, സമ്പദ്‌വികസനം, ജൈവവൈവിധ്യം, പരിസ്‌ഥിതി, സെക്യൂരിറ്റി, ഡിസാസ്‌റ്റർ മാനേജ്‌മെന്റ്)
പേപ്പർ അഞ്ച്: ജനറൽ സ്‌റ്റഡീസ് നാല് (ധർമശാസ്‌ത്രം, സത്യസന്ധത, അഭിരുചി)
പേപ്പർ ആറ്: ഐച്ഛികവിഷയം ഒന്നാം പേപ്പർ
പേപ്പർ ഏഴ്: ഐച്ഛികവിഷയം രണ്ടാം പേപ്പർ
റാങ്കിങ്ങിന് എഴുത്തുപരീക്ഷയ്‌ക്ക് ആകെ1750 മാർക്ക് (250 x 7). ഇന്റർവ്യൂവിന് 275 മാർക്ക്. റാങ്കിങ്ങിനു മൊത്തം മാർക്ക് 2025.
തയാറെടുക്കേണ്ട രീതി
തീരുമാനങ്ങളെടുക്കാനുള്ള കഴിവ്, ജീവിതമൂല്യങ്ങൾ, നല്ല പെരുമാറ്റരീതികൾ, തർക്കപരിഹാരശൈലികൾ, ഫലപ്രദമായ ആശയവിനിമയം, പ്രചോദകശീലങ്ങൾ, സാമൂഹികമനഃശാസ്‌ത്രം, മാനേജ്‌മെന്റിലെ അടിസ്‌ഥാനതത്വങ്ങൾ, പൊതുഭരണരീതികൾ, സാമ്പത്തികപ്രവർത്തനങ്ങൾ, നിയമസമാധാനം, ഐടി, സുരക്ഷാവ്യവസ്‌ഥകൾ, രാജ്യാന്തരബന്ധങ്ങൾ എന്നിവയിൽനിന്നു ചോദ്യങ്ങൾ വരാം. തീരുമാനങ്ങൾ യാന്ത്രികമായല്ല, മൂല്യങ്ങൾക്കു കൂടി സ്‌ഥാനം നൽകിയാകണം. പുസ്‌തകപ്പുഴുക്കളെയല്ല, നന്മയുടെ വഴിയിലൂടെ യുക്‌തിയും ബുദ്ധിയും പ്രയോഗിക്കാൻ കഴിവുള്ളവരെ തിരഞ്ഞെടുക്കുന്നതിനുതകുന്ന സിലബസാണു പരീക്ഷയ്‌ക്ക്.
പ്രിലിമിനറിയിലെ മികവു നോക്കി ഒഴിവുള്ളതിന്റെ 12 – 13 മടങ്ങോളം പേരെ മെയിനിനു ക്ഷണിക്കും. ഇതിൽ നല്ല പ്രകടനം കാഴ്‌ച വയ്‌ക്കുന്നവരെയാകും ഇന്റർവ്യൂവിനു ക്ഷണിക്കുക. ഒഴിവുകളുടെ ഇരട്ടിയോളം പേർക്കു ക്ഷണം കിട്ടും. പൊതുവിജ്‌ഞാനം, ഭാഷാശേഷി, അപഗ്രഥനശേഷി എന്നിവയുടെ പശ്‌ചാത്തലത്തോടെ ഒരു വർഷമെങ്കിലും ഏകാഗ്രതയോടെ തയാറെടുപ്പുണ്ടെങ്കിലേ സിവിൽ സർവീസസ് പരീക്ഷയിൽ വിജയിക്കാനാകൂ. വിജയിച്ചില്ലെങ്കിലും ചിട്ടയോടെയുള്ള ഈ തയാറെടുപ്പ് മറ്റ് ഏതു പരീക്ഷയിലും വിജയിക്കാനുള്ള സാധ്യത ഏറെ വർധിപ്പിക്കും. അതിനാൽ സിവിൽ സർവീസസ് തയാറെടുപ്പ് ഒരിക്കലും വ്യർഥമല്ല.
Job Tips >>