Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിവിൽ സർവീസ് നേടാൻ പ്രഫഷനൽ കോഴ്സു വേണോ?

vineeth-ias

കൊല്ലം അഞ്ചൽ ലക്ഷ്മീവരത്തിൽ സുകുമാരപിള്ളയുടെയും എം.കെ.ലീലയുടെയും മകൻ. ബദിയടുക്ക പിഎച്ച്സിയിൽ മെഡിക്കൽ ഓഫിസറായിരുന്നു. 2012 സിവിൽ സർവീസ് പരീക്ഷയിലെ  56–ാം റാങ്കുകാരൻ. അഞ്ചൽ ശബരിഗിരി സ്കൂളിൽ ഹൈസ്കൂൾ, പ്ലസ്ടു. എസ്എ സ്എൽസിക്കും പ്ലസ്ടുവിനും 84 ശതമാനം മാർക്കോടെ വിജയം. എൻട്രൻസിൽ 145–ാം റാങ്കുമായി തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്ന് എംബിബിഎസ്.

ആലോചിച്ചു തല പെരുപ്പിക്കാതിരിക്കുക എന്നതാണ് സിവിൽ സർവീസിലേക്കുള്ള ഏറ്റവും എളുപ്പവഴി. മറ്റേതൊരു പരീക്ഷ യും പോലെ തന്നെ സിവിൽ സർവീസിനെയും കാണണം. പരീക്ഷയുടെയും അഭിമുഖത്തിന്റെയും ഘടന കൃത്യമായി മനസ്സിലാക്കുക എന്നതാണ് പ്രധാനം. ആ ഘടനയിൽ നല്ല പ്രകടനം നടത്താൻ കഴിയുമെന്ന് സ്വയം ഉറപ്പു തോന്നിയാൽ ധൈര്യമായി തയാറെടുപ്പു തുടങ്ങാം.

മറ്റു മൽസരപരീക്ഷകളെപ്പോലെ ബിരുദത്തിന് പ്രത്യേക വിഷയം പഠിക്കേണ്ടതില്ല. ബിരുദം നേടുന്ന ആർക്കും സിവിൽ സർ വീസ് പരീക്ഷയെഴുതാം. ആ തരത്തിൽ സിവിൽ സർവീസിന് എല്ലാവർക്കും തുല്യ അവസരമുണ്ട്. ഡിഗ്രിക്ക് പ്രഫഷനൽ കോഴ്സ് പഠിക്കുന്നതുകൊണ്ട് സിവിൽ സർവീസ് ലഭിക്കാനുള്ള സാധ്യത കൂടുകയോ കുറയുകയോ ചെയ്യുന്നില്ല. എന്റെ അഭിപ്രായത്തിൽ ആർട്സ് വിഷയങ്ങളിൽ ബിരുദം പഠിക്കുകയാണ് സിവിൽ സർവീസിനു തയാറെടുക്കാൻ നല്ലത്.

സിവിൽ സർവീസ് ബാലികേറാമലയാണെന്ന മട്ടിൽ കുട്ടികളെ പേടിപ്പിക്കരുത്. എട്ടാം ക്ലാസ് തൊട്ടു പത്രം വായിക്കണം. വാർത്ത കാണണം. നോട്ടുകൾ കുറിച്ചുവയ്ക്കണം എന്നൊക്കെ പറഞ്ഞ് അവരുടെ സമാധാനപരമായ പഠനകാലത്തെ പ്രശ്നകലുഷിതമാക്കരുത്. പത്രം വായനയും ടിവി വാർത്തകൾ കാണലുമൊക്കെ വേണം. അത് നമുക്കു ചുറ്റും നടക്കുന്ന കാര്യങ്ങൾ അറിയാനുളള വഴികൾ മാത്രമായി കണ്ടാൽ മതി. കാരണം, സിവിൽ സർവീസ് പരീക്ഷ കാലികമായി മാറിക്കൊണ്ടിരിക്കുകയാണ്. ഇപ്പോഴത്തെ വിഷയങ്ങളായിരിക്കില്ല അഞ്ചുവർഷം കഴിഞ്ഞുള്ള പരീക്ഷയുടെ കാലത്ത് ചർച്ച ചെയ്യേണ്ടിവരിക.

സ്കൂൾ വിദ്യാഭ്യാസ കാലം മുതൽക്കുതന്നെ നമ്മള്‍ പഠിക്കുന്ന വിഷയങ്ങളിൽ നല്ല അടിസ്ഥാനം ഉണ്ടാക്കിയെടുക്കാൻ ശ്രമിക്കണം. സിവിൽ സർവീസ് പരീക്ഷയുടെ സിലബസ് നോക്കിയാൽ ഒരു കാര്യം വ്യക്തമാകും– സ്കൂൾ തലം മുതൽ പഠിക്കുന്ന പുസ്തകങ്ങളാണ് സിലബസിന്റെ അടിസ്ഥാനം.

എൻസിഇആർടി പുസ്തകങ്ങളാണ് ഏറ്റവും നല്ലത്. അത്തരം ചോദ്യങ്ങളിൽ കൃത്യമായ ഉത്തരമെഴുതാൻ കഴിഞ്ഞില്ലെങ്കിൽ നിങ്ങൾക്ക് വിഷയത്തിൽ അടിസ്ഥാനപരമായ വിവരമില്ലെന്ന് വ്യക്തമാകും.

സിവിൽ സർവീസിന് തയാറെടുക്കാൻ എടുത്താൽ പൊങ്ങാത്ത പുസ്തകങ്ങളുടെ ആവശ്യമില്ല. വിഷയത്തെ ലളിതമായും ആഴത്തിലും സമീപിക്കുന്ന പുസ്തകങ്ങള്‍ തിരഞ്ഞെടുക്കണം. ഇക്കാര്യത്തിൽ മുൻവർഷങ്ങളിൽ ആ വിഷയം പഠിച്ച് സിവിൽ സർവീസ് നേടിയവരുടെ സഹായം തേടാം. എനിക്ക് ഏറെ പ്രയോജനകരമെന്നു തോന്നിയ ഒരു പുസ്തകം ജ്യോഗ്രഫിയിൽ മജീദ് ഹുസൈൻ എഴുതിയതാണ്.

പരിശീലനകേന്ദ്രങ്ങളിൽ പോകണോ വേണ്ടയോ എന്നത് സ്വന്തം തീരുമാനമാണ്. ആദ്യ തവണ ഞാൻ പരിശീലനമില്ലാതെയാണ് പരീക്ഷയെഴുതിയത്. ഇന്റര്‍വ്യൂവരെയെത്തി. ഇന്റർവ്യൂവിന് വേണ്ടത്ര പരിശീലനമില്ലാതെ പോയതുകൊണ്ട് നന്നായി ചെയ്യാനായില്ല. പിന്നീട് പരിശീലനകേന്ദ്രത്തിൽ മോക്ക് ഇന്റര്‍വ്യൂകളിൽ പങ്കെടുത്താണ് എന്റെ കുറവുകൾ കണ്ടെത്തിയതും തിരുത്തിയതും. കോച്ചിങ് സെന്ററുകൾ പഠിക്കാൻ കുറെ മെറ്റീരിയൽസ് കൊടുക്കും. പരീക്ഷ എഴുതിച്ചു പഠിപ്പിക്കുന്നതു കുറവാണ്.

സിവിൽ സർവീസ് പരീക്ഷയുടെ പാറ്റേൺ പരിശോധിച്ചാൽ ഒരു കാര്യം വ്യക്തമാകും. ഉത്തരം അറിഞ്ഞാൽ മാത്രം പോര. അത് എങ്ങനെ എഴുതി ഫലിപ്പിക്കുന്നു എന്നതു പ്രധാനമാണ്. അടുത്ത കാലത്തുണ്ടായ പ്രധാന മാറ്റം ചോദ്യങ്ങളുടെ ഘടനയിലാണ്.  ഈ വർഷത്തെ ചോദ്യങ്ങൾ പലതും സ്പെസിഫിക് ആയിരുന്നില്ല. അതിന്റെ അർഥം അത്തരം ചോദ്യങ്ങളിൽ വസ്തുതകൾ അല്ല അവർ ലക്ഷ്യമിടുന്നത്. നമ്മുടെ കാഴ്ചപ്പാടും അഭിപ്രായവുമാണ്. അത് എഴുതി ഫലിപ്പിക്കാൻ കഴിയണം.

ചോദ്യം എങ്ങനെയായാലും അതു നിറപ്പകിട്ടോടെ അവതരിപ്പിക്കാൻ  കഴിയണം. ഗ്രാഫുകൾ, ഡയഗ്രം എന്നിവയിലൂടെ നമുക്ക് പറയാനുള്ളത് അവതരിപ്പിക്കുന്നത് നല്ലതാണ്. പത്രങ്ങളിൽ ചില സംഭവങ്ങൾ അവതരിപ്പിക്കാൻ ഗ്രാഫിക്സ് ഉപയോഗിക്കുന്നത് ശ്രദ്ധിക്കുക. വായിക്കുന്നയാൾക്ക് എളുപ്പത്തിൽ മനസ്സിലാകണം.

ഇന്റര്‍വ്യൂവിനു ബയോഡാറ്റ തയാറാക്കുമ്പോൾ നന്നായി ശ്രദ്ധിക്കണം. എഴുതുന്ന കാര്യങ്ങളെക്കുറിച്ച് കൃത്യമായ ധാരണയുണ്ടാകണം. മറ്റുള്ളവർ പറയുന്നതു കേട്ട് ഇല്ലാത്ത കാര്യങ്ങൾ എഴുതിവിടരുത്. ചോദ്യങ്ങൾ ചോദിക്കുമ്പോൾ തന്നെ അവർക്കു സത്യം മനസ്സിലാകും. എഴുതിയതു തെറ്റാണെന്നു ബോധ്യപ്പെടുന്നത് നിങ്ങളുടെ സാധ്യതയെ ബാധിക്കും. 2011ൽ സിവിൽ സർവീസിൽ നാലാം റാങ്കു നേടിയ അഭിറാം ജി ശങ്കർ ഹോബിയായി പക്ഷി നിരീക്ഷണമാണ് എഴുതിയിരുന്നത്. ബോർഡിന്റെ ആദ്യ ചോദ്യം ബൈനോക്കുലറിന്റെ ലെൻസിനു പുറത്ത് എഴുതിയിരിക്കുന്ന വാചകം എന്താണെന്നതായിരുന്നു. പക്ഷികളെക്കുറിച്ചായിരുന്നില്ല. ആ ചോദ്യത്തിന് അഭിറാം കൃത്യമായി ഉത്തരം പറഞ്ഞപ്പോൾ തന്നെ അവർക്കു മനസ്സിലായി സംഗതി സത്യമാണെന്ന്.

പ്രിലിമിനറി പഴയ പാറ്റേണും പുതിയ പാറ്റേണും എഴുതിയ ആളാണു ഞാൻ. പുതിയ പാറ്റേൺ മലയാളികൾക്കു കുറച്ചു കൂടി നല്ല പ്രകടനം കാഴ്ച വയ്ക്കാൻ കഴിയുന്ന രീതിയിലാണ്. സിലബസ് നന്നായി മനസ്സിലാക്കി മനസ്സുവച്ചു പഠിച്ചാൽ പ്രിലിമിനറി ജയിക്കാൻ കഴിയും.

പ്രിലിമിനറി പാസായാൽ മെയിൻസിനുള്ള പരിശീലനം തുടങ്ങാം. മെയിൻസ് എഴുതുമ്പോൾ ഏറ്റവുമധികം ശ്രദ്ധിക്കേണ്ടത് സമയമാണ്. അതിനു പഴയ ചോദ്യപേപ്പറുകൾ വച്ച് മാതൃകാപരീക്ഷകൾ എഴുതി ശീലിക്കണം. എഴുത്തുപരീക്ഷയില്‍ പ്രഫഷനലിസം കൊണ്ടു വരാനും ശ്രമിക്കണം.

ഓപ്ഷൻ തിരഞ്ഞെടുക്കുമ്പോൾ നമുക്ക് ഏറ്റവും താൽപ്പര്യമുള്ള വിഷയങ്ങളാകുന്നതാണു നല്ലത്. പണ്ട് എളുപ്പം മാര്‍ക്ക് നേടാവുന്ന ചില വിഷയങ്ങൾ ഉണ്ടായിരുന്നു. ഞാൻ ജ്യോഗ്രഫി തിരഞ്ഞെടുത്തത് അക്കാരണത്താലായിരുന്നു. ഇപ്പോൾ എളുപ്പം മാർക്ക് നേടാവുന്ന ഒരു ഓപ്ഷനും ഇല്ല. ബിരുദ വിഷയം തന്നെ ഓപ്ഷൻ ആയി എടുക്കുകയായിരിക്കും ഇനിയുള്ള കാലത്ത് നല്ലത്.

മൂന്നാം തവണയാണ് എനിക്കു സിവിൽ സർവീസിൽ 56–ാം റാങ്ക് ലഭിച്ചത്. 2010 ൽ ആദ്യശ്രമത്തിൽ പ്രിലിമിനറിയും മെയിൻസും പാസായെങ്കിലും ഇന്റർവ്യൂവിൽ തിളങ്ങാനായില്ല.  2011 ൽ മെയിൻസ് പാസായില്ല. ആ പരാജയത്തിൽനിന്നുള്ള പാഠങ്ങൾ ഉൾക്കൊണ്ടാണ് ഇത്തവണ തയാറെടുത്തത്. ഇന്റര്‍ വ്യൂവിലെ പോരായ്മകൾ പരിഹരിക്കാൻ മോക്ക് ഇന്റർവ്യൂക ളിൽ പങ്കെടുത്തു– ഞാൻ പറയുന്നതിൽ ക്ലാരിറ്റി ഉണ്ടായിരുന്നില്ല, പരത്തി പറയുന്നു, കോൺഫിഡന്റ് അല്ല എന്നൊക്കെയാണ് മോക്ക് ഇന്റര്‍വ്യൂ ബോര്‍ഡ് കണ്ടെത്തിയ അപാകതകൾ. അതൊക്കെ പരമാവധി പരിഹരിക്കാൻ ശ്രമിച്ചു. ഒരു പേടിയുമില്ലാതെയാണ് അവസാന തവണ ഇന്റര്‍വ്യൂവിന് പോയത്.

മിസ്സിസ്സ് അൽക്കയുടെ ബോര്‍‍ഡ് ആണ് എന്റെ ഇന്റര്‍വ്യൂ നടത്തിയത്. ഭക്ഷ്യ സുരക്ഷാബിൽ ആധാറുമായി യോജിപ്പിച്ചാൽ  ഫലപ്രദമാകുമോ? കേരളത്തിലെ യുഡിഎഫ് സർക്കാരിന്റെ നയങ്ങൾ, ആരോഗ്യവകുപ്പിന്റെ വിവിധ പദ്ധതികൾ എന്നിവയായിരുന്നു പ്രധാന ചോദ്യങ്ങൾ. കേരളത്തെ ഗോഡ്സ് ഓൺ കൺട്രി എന്നു വിശേഷിപ്പിക്കുന്നത് എന്തു കൊണ്ടാണെന്ന ചോദ്യവുമുണ്ടായി– കേരളത്തിന്റെ പ്രകൃതിയും സംസ്കാരവുമാണ് അടിസ്ഥാനമെങ്കിലും ഗോഡ്സ് ഓൺ കണ്‍ട്രി എന്നത് അടുത്ത കാലത്ത് ടൂറിസം മാർക്കറ്റ് ചെയ്യാൻ കണ്ടെത്തിയ  വാചകമാണെന്നു ഞാൻ തുറന്നു പറഞ്ഞു. അതു സത്യസന്ധമായ അഭിപ്രായമാണ്. അത് ബോർഡിനെ സ്വാധീനിച്ചിരിക്കണം.

കടപ്പാട്
സിവിൽ സർവീസ് വിജയഗാഥകൾ
മഹേഷ് ഗുപ്തൻ
മനോരമ ബുക്സ്

Order Book>>