ജീവിതത്തില്‍ അപ്രതീക്ഷിത ദുരന്തങ്ങള്‍ സംഭവിക്കുമ്പോള്‍ തകര്‍ന്നു പോകുന്നവരാണു നമ്മളില്‍ പലരും. അന്നേവരെ നെയ്തുകൂട്ടിയ സ്വപ്‌നങ്ങള്‍ എല്ലാം തകര്‍ന്നടിഞ്ഞു നിരാശയുടെ പടുകുഴിയിലേക്കു വീണു പോകുന്നവര്‍. എന്നാല്‍ ചിലര്‍ ഇത്തരം പ്രതികൂല സാഹചര്യങ്ങളെ നഷ്ടമായതിലും വലിയ സ്വപ്‌നങ്ങള്‍ കൈവരിക്കാനുള്ള ഊര്‍ജ്ജമാക്കി മാറ്റും. കര്‍ണ്ണാടക സംസ്ഥാനത്തെ മാണ്ഡ്യയിലെ ചെറുഗ്രാമമായ ബിട്ടെകൊപ്പലില്‍ നിന്നുള്ള പി.എസ്. ഗിരിഷയും അക്കൂട്ടത്തില്‍ പെട്ടൊരാളാണ്.
ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഒരു ഇലക്ട്രിക്ക് ഷോക്കിന്റെ രൂപത്തിലെത്തിയ ദുരന്തം കവര്‍ന്നെടുത്തതു ഗിരിഷയുടെ വലതു കൈ മാത്രമായിരുന്നില്ല. ഡോക്ടറാകണമെന്ന സ്വപ്നത്തെ കൂടിയായിരുന്നു. പക്ഷേ തളരാതെ പോരാടിയ ഗിരിഷ ഒറ്റക്കൈ കൊണ്ടു പിടിച്ചടക്കിയത് ഐഎഎസ് എന്ന ആരും കൊതിക്കുന്ന പദവിയാണ്.
മഴ പെയ്തു കിടന്ന പാടത്തു പൊട്ടി വീണിരുന്ന ഇലക്ട്രിക് കമ്പിയില്‍ നിന്നാണു 15വയസ്സുകാരന്‍ ഗിരിഷയ്ക്കു ഷോക്കേല്‍ക്കുന്നത്. ചലനം നഷ്ടപ്പെട്ട വലതു കൈ മണിക്കൂറുകള്‍ക്കുള്ളില്‍ ഡോക്ടര്‍മാര്‍ക്കു മുറിച്ചു മാറ്റേണ്ടി വന്നു. പിന്നീടു തുടരെ 20 ദിവസം കോമയില്‍. ഒന്‍പതു ശസ്ത്രക്രിയകള്‍ക്കും മാസങ്ങള്‍ നീണ്ട ചികിത്സയ്ക്കും ശേഷം ഇടതു കൈയിലെ ജീവന്റെ തുടിപ്പു തിരിച്ചെത്തി. സ്‌കൂള്‍ അധികൃതരുടെ സഹായത്തോടെ ഗിരിഷ പത്താം ക്ലാസ് പരീക്ഷ പാസ്സായി. ചികിത്സകള്‍ തുടര്‍ന്നു. പതിനൊന്നാം ക്ലാസ് പരീക്ഷയുടെ സമയമായപ്പോഴേക്കും ഇടതു കൈ കൊണ്ട് എഴുതാമെന്ന സ്ഥിതിയായി.
മെഡിസിന്‍ മോഹം ഉള്ളില്‍ കിടന്നതിനാല്‍ കഷ്ടപ്പെട്ടു പഠിച്ച് ഇടതു കൈ കൊണ്ടു കര്‍ണ്ണാടക പൊതു പ്രവേശന പരീക്ഷയെഴുതി. റിസല്‍ട്ടു വന്നപ്പോള്‍ ഉയര്‍ന്ന റാങ്ക്. വീട്ടുകാരുടെയും നാട്ടുകാരുടെയും നിറഞ്ഞ പിന്തുണ. പക്ഷേ, ഒരു ഡോക്ടറുടെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാന്‍ ഒറ്റ കൈ കൊണ്ടു തനിക്കാവില്ലെന്ന ബോധ്യം ഗിരിഷയെ പുനര്‍വിചിന്തനത്തിനു പ്രേരിപ്പിച്ചു. വീട്ടുകാരെയെല്ലാം ദുഖത്തിലാഴ്ത്തി കൊണ്ടു ഗിരിഷ തന്റെ ജീവിതത്തിന്റെ ട്രാക്ക് ചെറുതായി മാറ്റി വിട്ടു. കര്‍ണ്ണാടക ഗവണ്‍മെന്റിന്റെ അംഗപരിമിതര്‍ക്കുള്ള ഗ്രാന്റ് ഉപയോഗിച്ച് ബിഎസ്‌സി അഗ്രിക്കള്‍ച്ചര്‍ പഠിച്ചു. ഹൈദരാബാദില്‍ പോയി എംഎസ്‌സിയും ചെയ്തു.
ഒടുവില്‍ റെയില്‍വേയില്‍ ജോലിക്കു കയറി. ജോലി ചെയ്തു കൊണ്ട് തന്നെ സിവില്‍ സര്‍വീസ് പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പും തുടങ്ങി. രണ്ടാം ശ്രമത്തില്‍ ഗിരിഷയെ തേടി വിജയത്തിന്റെ വിളിയെത്തി. 394-ാം റാങ്ക്. ആന്ധ്രാ പ്രദേശ് കേഡറില്‍ ഐഎഎസ് ഉദ്യോഗസ്ഥനായി നിയമനവും ലഭിച്ചു. കഠിനാധ്വാനവും നിശ്ചയദാര്‍ഢ്യവും കൊണ്ട് എന്തും കൈവരിക്കാന്‍ ഒരു കൈ തന്നെ ധാരാളമെന്ന് തെളിയിക്കുകയാണ് ഈ ഐഎഎസ് ഉദ്യോഗസ്ഥന്‍.
Job Tips >>