പണിപോകുന്ന കാലം

ഇന്ത്യൻ ഐടി കമ്പനികൾ വലിയ തോതിൽ എൻജിനീയർമാരെ പിരിച്ചുവിടുന്ന വാർത്തയുടെ ഞെട്ടലിലാണല്ലോ നമ്മുടെ സിലിക്കൺ വാലികൾ.  നല്ല ജോലിയെപ്പറ്റിയുള്ള നമ്മുടെ സങ്കൽപത്തിന്റെ ഭാഗം തന്നെയാണു ജോലിസ്ഥിരത. സാധാരണ സർക്കാരിലോ പബ്ലിക് സെക്ടറിലോ എന്തിന് ടാറ്റാ പോലുള്ള പഴയ പ്രൈവറ്റ് സെക്ടറിലോ ജോലിക്ക് കയറിയാൽ റിട്ടയർ ചെയ്യുന്നതു വരെ അവിടെത്തന്നെ തുടരുകയായിരുന്നല്ലോ പതിവ്. എന്നാലിന്ന് ഇന്ത്യയിലും കാര്യങ്ങൾ മാറുകയാണ്. പുതിയ ലോകത്തെ തൊഴിൽ ജീവിതത്തിന്റെ പശ്ചാത്തലത്തിൽ ചില കാര്യങ്ങൾ പറയാം.

1. ഒരു തൊഴിൽ സ്ഥാപനത്തിൽ ജോലിക്കുചേർന്ന് അവിടെത്തന്നെ റിട്ടയറാകുന്ന അവസ്ഥ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഉണ്ടാകില്ല. 2017-ൽ നിങ്ങൾ ഏതു സ്ഥാപനത്തിൽ ജോലിക്കു കയറിയാലും അടുത്ത നാലു വർഷത്തിനിടക്ക് നിങ്ങൾ ആ സ്ഥാപനം വിട്ടു പോകാനാണു സാധ്യത. അത് നിങ്ങളുടെ താൽപര്യം കൊണ്ടോ സ്ഥാപനത്തിന്റെ ആവശ്യപ്രകാരമോ ആകാം. 

2. എത്ര ആകർഷകമാണോ സ്ഥാപനത്തിലെ വേതനവ്യവസ്ഥകൾ, അത്രയും വേഗത്തിലായിരിക്കും ജോലി പോകുന്നതും. വർഷം ഒരു കോടി രൂപ ശമ്പളത്തിൽ ജോലിക്കു കയറുന്ന പലർക്കും പിരിച്ചുവിടലിന് ഒരു ദിവസത്തെ നോട്ടിസ് പോലും കിട്ടിയെന്നു വരില്ല.  

3.  പല സ്ഥാപനങ്ങളിൽ ജോലി ചെയ്യേണ്ടിവരുമെന്നത് മോശം കാര്യമായി കാണേണ്ട. ഓരോ അഞ്ചുവർഷവും പുതിയത് എന്തെങ്കിലും ചെയ്യേണ്ടിവരും എന്ന രീതിയിൽ ഇതിനെ സമീപിച്ചാൽ,  ഓരോ കരിയറിലും വരുന്ന മാറ്റങ്ങൾ ശ്രദ്ധിച്ച് പുതുതായി എന്തെങ്കിലും പഠിക്കാൻ നമ്മൾ ശ്രമിക്കും. നിലവിലെ ജോലി ഭംഗിയായി ചെയ്യാനും അതു സഹായിക്കും.

4.തൊഴിൽ കമ്പോളത്തിനു പറ്റിയ നിലയിൽ എപ്പോഴും സ്വയം സജ്ജരായിരുന്നാൽ തൊഴിൽ നഷ്ടം അധികം പേടിപ്പിക്കില്ല. അഞ്ചു കാര്യങ്ങൾ ശ്രദ്ധിക്കണം. ഒന്ന്, നമ്മൾ ഏതു രംഗത്താണോ ജോലി ചെയ്യുന്നത് അവിടുത്തെ പുതിയ കാര്യങ്ങൾ പഠിച്ചുകൊണ്ടിരിക്കണം. 

രണ്ട്, പ്രഫഷനിൽ വ്യാപക നെറ്റ്‌വർക്ക് ഉണ്ടാക്കണം. 

മൂന്ന്, തൊഴിലന്വേഷണത്തിന് ഗുണം ചെയ്യുന്ന സോഫ്റ്റ് സ്‌കില്ലുകളിൽ മികവു പുതുക്കണം. 

നാല്, സാമ്പത്തിക സ്ഥിരത ഉണ്ടാക്കണം. 

അഞ്ച്, വ്യക്തിത്വം എന്നത് നമ്മുടെ ജോലി ആണ് എന്ന തരത്തിൽ ജോലിയെ കാണരുത്.

മറ്റൊരു തരത്തിൽ ചിന്തിച്ചാലോ..? ജോലി ചെയ്യുന്ന നമുക്ക് ഓരോരുത്തർക്കും ചില സങ്കൽപങ്ങൾ ഉണ്ടാകാം. സ്വന്തമായി എന്തെങ്കിലും പ്രസ്ഥാനം തുടങ്ങണം, സിനിമയിൽ അഭിനയിക്കണം, പുസ്തകം എഴുതണം, കൃഷി ചെയ്യണം അങ്ങനെയങ്ങനെ. പക്ഷേ ജോലിക്കിടെ അതൊക്ക പരീക്ഷിക്കാനുള്ള അവസരം കിട്ടില്ല, രാജി വച്ച് പോകാനുള്ള ധൈര്യവും ഉണ്ടാകില്ല. എന്നാൽ ജോലിയിൽ നിന്നു പിരിഞ്ഞു പോകേണ്ട ഒരു സാഹചര്യം വന്നാൽ പിന്നെ സ്വപ്നം സാർത്ഥകമാക്കാൻ മുന്നിട്ടിറങ്ങാമല്ലോ. അങ്ങനെയാണ് പലപ്പോഴും പുതിയ പ്രസ്ഥാനങ്ങൾ ഉണ്ടാവുന്നത്. 

ഗൾഫ്  മലയാളികൾ കൂട്ടമായി കേരളത്തിലെത്തുന്നതാണല്ലോ  പ്രവാസികളുടെയും സർക്കാരിന്റെയുമൊക്കെ പേടിസ്വപ്നം. എന്നാൽ  തിരിച്ചൊന്ന് ആലോചിക്കൂ. ശരിയായ ഒരു മാന്ദ്യം ഉണ്ടാകുന്നില്ല എന്നതും ഓരോ മാന്ദ്യം കഴിയുമ്പോഴും തിരിച്ചു പോകാൻ അവസരം ഉണ്ടാകുന്നു എന്നതും ആണ് യഥാർത്ഥ പ്രശ്നം. ഒരു തീവ്ര മാന്ദ്യമുണ്ടാകുകയും ഒന്നോ രണ്ടോ ലക്ഷം വിദേശ മലയാളികൾ കേരളത്തിൽ തിരിച്ചെത്തുകയും ചെയ്താൽ അത് നമ്മുടെ സമ്പദ്‌വ്യവസ്ഥയെ അതിവേഗം മുന്നോട്ട് നയിക്കും. കാരണം, തിരിച്ചു വരുന്നവർ വെറും കൈയോടെയല്ല വരുന്നത്. പുത്തൻ അറിവുകൾ, ലോകത്തെവിടെയും ബന്ധങ്ങൾ, നൂതന തൊഴിൽ സംസ്‌കാരം ഒക്കെ ഇവർ കൊണ്ടുവരും. 

തിരിച്ചുപോകാൻ പറ്റില്ലെന്നും നാട്ടിലെ ശമ്പളം തീരെ കുറവാണെന്നും മനസ്സിലാക്കിക്കഴിഞ്ഞാൽ ഇവർ ഒറ്റയ്ക്കും കൂട്ടമായും തൊഴിൽ പരിചയമനുസരിച്ച് സംരംഭങ്ങൾ തുടങ്ങും. മൂലധനത്തിന്റെ ആവശ്യം വരുമ്പോൾ മണ്ണിലും പൊന്നിലും ഫ്ലാറ്റിലും ഒക്കെ കുഴിച്ചിട്ട് ഡെഡ് മണി ആക്കിയിരിക്കുന്ന പണം പുറത്തു വരും. പത്തു കൊല്ലം കൊണ്ട് കേരളം പുതിയ പ്രസ്ഥാനങ്ങൾ തുടങ്ങുന്നവരുടെ പറുദീസ ആകും, സംശയം വേണ്ട.