ഒരു നല്ല തൊഴിൽജീവിതം ഉണ്ടാകാൻ എന്തു പഠിക്കണമെന്ന് എന്നോടിപ്പോൾ പലരും ചോദിക്കാറുണ്ട്. എന്തുപഠിച്ചാലും നല്ല തൊഴിൽ ജീവിതം ഉണ്ടാക്കാം. സാമ്പത്തികനില, കുടുംബത്തിലെ ഭദ്രത, ജീവിക്കുന്ന രാജ്യം, ഏതൊക്കെ രാജ്യത്തു ജോലിക്കുപോകാൻ അനുവാദം ഉണ്ട് ഇതൊക്കെ ആണ് ഓരോ തൊഴിൽമേഖലയേയും ആകർഷകമാക്കുന്നത്. ഫ്രാൻസിൽ ഉള്ള ഒരു കുട്ടി മുടിവെട്ടാൻ പഠിച്ചാൽതന്നെ നല്ല തൊഴിൽജീവിതം ഉണ്ടാകും, അതല്ല ഇന്തൊനീഷ്യയിലെ സ്ഥിതി.
വളർത്താം ബന്ധങ്ങൾ
നിങ്ങളുടെ തൊഴിൽ എന്തുതന്നെ ആയാലും ആ രംഗത്തു നിങ്ങളെ മുന്നോട്ടു നയിക്കാൻ പോകുന്നതു ബന്ധങ്ങളുടെ കണ്ണികളാണ് എന്നു ഞാൻ ഒരിക്കൽ പറഞ്ഞല്ലോ. പഠിക്കുന്ന സ്‌കൂളിൽനിന്നും പാഠ്യേതരമായി നടത്തുന്ന മറ്റ് പ്രവർത്തനങ്ങളിൽ നിന്നുമാണ് സാധാരണക്കാരന് സ്വന്തമായി ബന്ധങ്ങൾ ഉണ്ടാകാൻ തുടങ്ങുന്നത്. ഇവിടെയാണ് നല്ല സ്‌കൂളുകളിൽ പോകേണ്ടതിന്റെ ആവശ്യകത.
കോളജിലെ പ്രഫഷനൽ അസോസിയേഷനുകളുടെ പരിപാടികളിൽ പങ്കുചേരുക, മറ്റു കോളജുകളിൽനിന്നു വരുന്നവരുമായി പരിചയപ്പെടുക, വരുന്ന വിശിഷ്ടാതിഥികളുമായി ബന്ധം സ്ഥാപിക്കുക ഇതൊക്കെ നെറ്റ്‌വർക്കിങ്ങിനു നല്ലതാണ്.
പ്രധാനം പ്രൊഫൈൽ
ഈ തലമുറ ഏറ്റവും കൂടുതൽ നെറ്റ്‌വർക്കിങ് നടത്താൻ പോകുന്നതു സമൂഹമാധ്യമത്തിൽ ആണല്ലോ. ലിങ്ക്ഡ് ഇൻ (LinkedIn) എന്ന ശൃഖലയാണ് തൊഴിൽജീവിതത്തിന് ഏറ്റവും പറ്റിയത്. പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞാലുടൻ ഇവിടെ ഒരു പ്രൊഫൈൽ ഉണ്ടാക്കുക. ഒരു പ്രഫഷനൽ ഇമെയിൽ ഉണ്ടാക്കി തുടങ്ങുക. പേരും തീയതിയും മാസവും ചേർന്ന ഇമെയിൽ ആണ് ഏറ്റവും നല്ലത്. ഉദാ– varsha2308@gmail.com. ജനിച്ചവർഷം വേണ്ട, പ്രായം കുറവുള്ളപ്പോഴും കൂടിവരുമ്പോഴും അതു നമുക്ക് അനുകൂലമാവില്ല. പ്രൊഫൈലിൽ നിങ്ങളുടെ ചിത്രം തീർച്ചയായും ചേർക്കണം. പരമാവധി കാര്യങ്ങൾ എഴുതി ഫലിപ്പിക്കുകയും വേണം.
നമ്മുടെ സുഹൃത്തുക്കളെ ഒക്കെ കൂട്ടി ഒരു നൂറുപേരെ ആദ്യം തന്നെ സൗഹൃദ കണ്ണിയിൽ എത്തിക്കുക. പിന്നെ അധ്യാപകരെ, പ്രഫഷനൽ ആയി പരിചയപ്പെടുന്നവരെ ഒക്കെ ചേർക്കണം. ഏതെങ്കിലും MOOC (മാസീവ് ഓപ്പൺ ഓൺലൈൻ കോഴ്സ്) പ്രോഗ്രാമിനു ചേർന്നിട്ട് പരമാവധി മറ്റുനാടുകളിൽ ഉള്ളവരെ സൗഹൃദ കണ്ണികളിൽ എത്തിക്കുക. ഇങ്ങനെ ഒരു നൂറു കണ്ണികളുണ്ടാക്കാന്‍ പദ്ധതിയിടുക.
ഗുണം ചെയ്യും കണ്ണികള്‍
ലിങ്ക്ഡ്ഇന്നിൽ വരുന്ന വാർത്തകൾ ശ്രദ്ധിക്കുക, പഠനാവസരങ്ങൾ ഉപയോഗിക്കുക, ചിലപ്പോൾ എങ്കിലും പോസ്റ്റ് ചെയ്യുക, ഇതൊക്കെ പഠനകാലത്തു തന്നെ തുടങ്ങണം. പുതുതായി ആരെ പരിചയപ്പെട്ടാലും അവരുടെ ലിങ്ക്ഡ് ഇന്നും ആയി ബന്ധപ്പെടുക എന്നത് ഒരു ശീലമാക്കണം. ഡിഗ്രി കഴിയുമ്പോഴേക്കും ഒരു അഞ്ഞൂറു പേരുമായെങ്കിലും ലിങ്ക്ഡ് ഇന്നിൽ കണക്‌ഷനുണ്ടായിരിക്കണം. അതിൽ മൂന്നിലൊന്നെങ്കിലും കേരളത്തിനു പുറത്തുനിന്നാകുകയും വേണം. ഇനി ലോകത്ത് ഒട്ടേറെ സ്ഥലങ്ങളിൽ വിവിധ രംഗങ്ങളിൽ ഉള്ളവരും ആയി ഒരു സൗഹൃദ കണ്ണി വേണമെങ്കിൽ എന്റെ ലിങ്ക്ഡ് ഇൻ പ്രൊഫൈലും ആയി കണക്റ്റ് ചെയ്യുക. മനോരമയിൽ കണ്ടിട്ട് അയച്ചതാണെന്നു പറഞ്ഞാൽ മതി, ഞാൻ കണക്ട് ചെയ്യാം. നിങ്ങൾ പുതുതായി ആരെയെങ്കിലും കണക്ടു ചെയ്യാൻ നോക്കുമ്പോൾ നിങ്ങളുടെ ഇപ്പോഴത്തെ സുഹൃത്തുക്കൾ ആരൊക്കെയാണെന്ന് അവർ ശ്രദ്ധിക്കും. അവിടെയാണ് ഇതൊക്കെ ഗുണം ചെയ്യുന്നത്. എന്റെ പ്രൊഫൈൽ– https://www.linkedin.com/in/muraleethummarukudy/ ആണ്.
സൂക്ഷിച്ചാല്‍ കൊള്ളാം
കുട്ടികൾ കൂടുതൽ ശ്രദ്ധ കൊടുക്കുന്നതും ബന്ധം സ്ഥാപിക്കുന്നതും ഫെയ്സ്ബുക് പ്രൊഫൈൽ വഴിയാണ്. പ്രൊഫൈൽ ചിത്രം മുതൽ എന്തു പറയുന്നു, എന്തു ലൈക് ചെയ്യുന്നു, എന്തു ഷെയർ ചെയ്യുന്നു എന്നതെല്ലാം നിങ്ങളെപ്പറ്റി നിങ്ങൾ പുറത്തുപറയാൻ ആഗ്രഹിക്കാത്ത പലതും പറയുന്നുണ്ട്. പുതുതായി ഒരാളെ റിക്രൂട് ചെയ്യുന്നതിനു മുൻപ് അവരുടെ ഫെയ്സ്‌ബുക് പ്രൊഫൈൽ ചെക്ക് ചെയ്യുന്നത് ഇപ്പോള്‍ സാധാരണമാണ്. വെറും അറുപത്തിയേഴ് ലൈക്കിൽനിന്നും ഷെയറിൽനിന്നും സ്വഭാവവും രാഷ്ട്രീയവുമൊക്കെ കണ്ടുപിടിക്കുന്ന അൽഗോരിതം ഇപ്പോൾ ലഭ്യമാണ്. ആളുകളുടെ ഫെയ്സ്ബുക് പെരുമാറ്റത്തെപ്പറ്റി ഒട്ടേറെ തത്വങ്ങളുമുണ്ട്. അതൊക്കെ ശരിയോ തെറ്റോ എന്നതു പ്രസക്തമല്ല. അങ്ങനെയാണ് തൊഴിൽദാതാക്കൾ നമ്മളെ കാണുന്നത് എന്നു മനസ്സിലാക്കണം.
Read More: Career Guidance By Muralee Thummarukudy