Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോപ്പിയടിച്ച് നേടേണ്ടതല്ല സിവിൽ സർവീസ്

N Prasanth

കൊടിയും ലൈറ്റ് വച്ച കാറും സല്യൂട്ടും സിനിമയിലെ തീപ്പൊരി ഡയലോഗും നായകന്റെ സ്ലോമോഷൻ നടപ്പും കണ്ടു മയങ്ങി തിരഞ്ഞെടുക്കേണ്ട  കരിയറല്ല സിവിൽ സർവീസ്. കുഴപ്പക്കാരെ തടയാനാണ് എത്തിക്സ് പേപ്പർ ഉൾപ്പെടുത്തിയത്. പക്ഷേ, സമൂഹത്തിൽ പൊതുവെയുള്ള അപചയങ്ങൾ സിവിൽ സർവീസിനെയും ബാധിക്കുന്നു. പരിഹാരം, രാഷ്ട്രീയത്തെക്കുറിച്ചു പറയും പോലെ, ഉദ്ദേശ്യശുദ്ധിയുള്ള സത്യസന്ധർ മടിക്കാതെ ഈ  മേഖലയിലേക്കു വരിക എന്നതാണ്. 

മാറി.....ഒരുപാട്
കഴിഞ്ഞ നൂറ്റാണ്ടിൽ വരേണ്യവർഗത്തിന്റെ കുത്തകയായിരുന്നു സിവിൽ സർവീസ്. ഇന്നത് അടിമുടി മാറി 2007 ലെ എന്റെ ബാച്ചിൽ ഉൾപ്പെട്ട ഗോവിന്ദിന്റെ അച്ഛൻ റിക്ഷാക്കാരനായിരുന്നു. ഒന്നാം റാങ്കുകാരൻ രാജുവാകട്ടെ കറന്റും വെള്ള വും ഇല്ലാത്ത കുഗ്രാമത്തിന്റെ സന്തതി. 2009 ബാച്ചിലെ ജയ ഗണേശ് വെല്ലൂരിൽ ഹോട്ടൽ തൊഴിലാളിയായിരുന്നു. പത്രം വിറ്റ് ജീവിച്ച മധ്യപ്രദേശുകാരൻ നിരീഷ് 2013ൽ പാസായി. നിശ്ചയദാര്‍ഢ്യത്തിന്റെ എത്രയോ കഥകൾ. അങ്ങനെ നോക്കുമ്പോൾ ശരാശരി മലയാളി  ഉദ്യോഗാർഥി ആഡംബരത്തിന്റെ ദന്തഗോപുരത്തിലാണ്. യുപിഎസ് സി പരീക്ഷാ പാറ്റേൺ മാറ്റിയതു കോച്ചിങ് സെന്ററുകളുടെ ആധിപത്യത്തെ തകർത്തു. ഇന്നവ സഹപാഠികൾക്ക് ഒത്തുകൂടാനും പഠനസാമഗ്രികൾ സമാഹരിക്കാനും മാത്രമാണ് ഉപകരിക്കുന്നത്. സ്പൂൺ ഫീഡിങ്ങിലൂടെ സിവിൽ സർവീസുകാരനാക്കാം എന്ന അവകാശവാദം ശുദ്ധ തട്ടിപ്പാണ്. കഠിനാധ്വാനവും വ്യക്തമായ കാഴ്ചപ്പാടും മാത്രമാണു വേണ്ടത്. 

പണമല്ല, സംത‍ൃപ്തി
തൊണ്ണൂറുകളിലെ ഉദാരവൽക്കരണത്തിനു ശേഷം സ്വകാര്യ മേഖലയിൽ അവസരങ്ങളേറെയാണ്. കാശുണ്ടാക്കാൻ ആരും സിവിൽ സർവീസിലേക്കു വന്നു ബുദ്ധിമുട്ടേണ്ടെന്നു സാരം. അങ്ങനെ വന്നവർ മൂലം അല്ലാതെതന്നെ വേണ്ടുവോളം ചീത്തപ്പേരും ജനങ്ങൾക്ക് ഉപദ്രവവുമുണ്ട്. രാജകീയ, സുഖലോലുപമായ ജോലിയല്ല ഇത്. ‘ടെൻടുഫൈവ് ജോബ്’ എന്നു കരുതുകയേ വേണ്ട. സ്വകാര്യ കമ്പനിയിലെ മാനേജർക്കു പലപ്പോഴും സ്വന്തം  മേലുദ്യോഗസ്ഥനോടു മറുപടി പറഞ്ഞാൽ മതി. എന്നാൽ ഒരു കലക്ടർ ആരോടൊക്കെ ഉത്തരം പറയണം? മേലുദ്യോഗസ്ഥർ, മന്ത്രിമാർ, ജനപ്രതിനിധികൾ, സാധാരണക്കാർ, കീഴുദ്യോഗസ്ഥർ, മാധ്യമങ്ങൾ, കുടുംബം, സ്വന്തം മനസ്സാക്ഷി! 24 മണിക്കൂറും ജാഗ്രതയോടെ ജനങ്ങളുടെ വിളിപ്പാടകലെ നിലകൊള്ളണം. നിലപാടുകൾ പലരെയും പിണക്കിയെന്നു വരും. ‘പാരകൾ’ പ്രതീക്ഷിക്കാം. ഊണും ഉറക്കവുമില്ലാതെ ജോലി ചെയ്താലും പരിഭവങ്ങളും കുറ്റപ്പെടുത്തലുകളും കേൾക്കാം. ഇതെല്ലാമാണെങ്കിലും ജനങ്ങള്‍ക്കിടയിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും സംതൃപ്തി നൽകുന്ന കരിയർ തന്നെയാണു സിവിൽ സർവീസ്. സാധാരണക്കാരന്റെ ജീവിതത്തെ ക്രിയാത്മകമായി സ്പർശിക്കാൻ അവസരം നൽകുന്ന ജോലി. 

കള്ളം കാട്ടേണ്ട

ഇന്നേവരെ ചീത്തപ്പേരു കേൾപ്പിക്കാത്ത യുപിഎസ് സി ആണു പരീക്ഷ നടത്തുന്നത്. അതതു ജില്ലാ കലക്ടർക്കു നേരിട്ട് ഉത്തരവാദിത്തവുമുണ്ട്. ഇൻവിജിലേറ്ററിൽ ഒതുങ്ങുന്നില്ല മേൽനോട്ടം. എല്ലാ നഗരത്തിലും ചാർജ് ഓഫിസറായി മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ, മേൽനോട്ടത്തിന് അതിനു മുകളിലും ഒട്ടേറെ ഉദ്യോഗസ്ഥർ. തട്ടിപ്പു നടത്തിയാൽ പിടിക്കപ്പെടുകതന്നെ ചെയ്യും.  ഒരു കാര്യം ഓർക്കാം – ബ്ലൂടൂത്തിന്റെയോ സ്മാർട് ഫോണിന്റെയോ ഇന്ത്യ അല്ല യഥാർഥ ഇന്ത്യ. പട്ടിണിപ്പാവങ്ങള്‍ പലതും പണയപ്പെടുത്തി, സ്വപ്നങ്ങൾ പോലും കടം വാങ്ങി, പലരുടെയും ത്യാഗങ്ങളും നൊമ്പരങ്ങളുമേന്തി എഴുതുന്ന പരീക്ഷ കൂടിയാണിത്. റിക്ഷ വലിച്ചു ചോരതുപ്പുന്നവന്റെ മകനും എഴുതി പാസാവുന്ന പരീക്ഷയാണ്. അവരോടൊക്കെ മൽസരിക്കുമ്പോൾ മിനിമം സത്യസന്ധത പാലിക്കാനുള്ള സെൻസ് എങ്കിലും നമ്മൾ കാണിക്കണം. 

(ദേശീയ തലത്തിൽ നാലാം റാങ്ക് നേടിയാണു പ്രശാന്ത് നായർ സിവിൽ സർവീസിൽ എത്തിയത്. 2007 ബാച്ച് ഉദ്യോഗസ്ഥൻ)