Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വെറും 9 മാസം കൊണ്ടു സിവിൽ സർവീസ് 4ാം റാങ്ക്

ALBY JOHN VARGHESE

വർഷങ്ങള്‍ നീണ്ട പഠനത്തിലും തയാറെടുപ്പിലുമുപരിയായി ഉറച്ച ലക്ഷ്യബോധമാണ് സിവിൽ സർവീസ് പരീക്ഷാ വിജയത്തിന്റെ ആധാരശിലയെന്നു ഡോ. ആൽബി ജോൺ വർഗീസ് നേടിയ 2012ൽ നേടിയ നാലാം റാങ്ക് തെളിയിക്കുന്നു. കൃത്യമായി പറഞ്ഞാൽ ഒൻപതു മാസമാണ് പ്രിലിമിനറി, മെയിൻ പരീക്ഷകളെ നേരിടാൻ ആൽബിക്കു കിട്ടിയത്. ഇതുപോലൊരു മത്സരപ്പരീക്ഷയെ സംബന്ധിച്ചിടത്തോളം വളരെ ചുരുങ്ങിയ സമയം. എന്നിട്ടും ആദ്യ അവസരത്തിൽതന്നെ വിജയം കൈപ്പിടിയിലൊതുക്കാനായത് ലക്ഷ്യബോധം ഒന്നുകൊണ്ടു മാത്രം.

ചെറിയ ക്ലാസുകളിൽ പഠിക്കുമ്പോൾ കണ്ടിരുന്ന മമ്മൂട്ടി–സുരേഷ്ഗോപി ചിത്രങ്ങളിലെ ഐഎഎസ്– ഐപിഎസ് കഥാപാത്രങ്ങളോട് ആരാധനയായിരുന്നു. എന്നെങ്കിലുമൊരിക്കൽ അവരെപ്പോലെ നിവർന്നു നിന്നു നാലു ഡയലോഗ് പറയണമെന്ന് ആ പ്രായത്തിൽ കൊതിച്ചിട്ടുണ്ട്. പിന്നീട് പഠനത്തിന്റെ തിരക്കിൽ സ്വപ്നങ്ങളെല്ലാം മനസ്സിന്റെ തിരശീലയ്ക്കു പിന്നിലേക്കു പോയി. 

ഹൈസ്കൂൾ ക്ലാസിലേക്ക് എത്തിയതോടെ ഭാവി പഠനവും കരിയർ പ്രതീക്ഷകളും ഒന്നോ രണ്ടോ ലക്ഷ്യങ്ങളിൽ കേന്ദ്രീകൃതമായി. അതിന്റെ തുടർച്ചയായിരുന്നു മെരിറ്റിലുള്ള മെഡിസിൻ പഠനവും ഹൗസ് സർജന്‍സിയും. 

ഹൗസ് സർജന്‍സിക്കിടെയാണ് വളരെ അടുത്ത് പരിചയമുള്ള ഒന്നു രണ്ട് ഡോക്ടർമാർക്ക് സിവിൽ സർവീസ് കിട്ടുന്നത്. എന്നെപ്പോലെ ക്വിസിലും മറ്റും വളരെ ആക്ടീവായിരുന്നു അവരും. അതോടെ മനസ്സിലെ മോഹം മറനീക്കി വീണ്ടും തളിർത്തു തുടങ്ങി. അവരെ രണ്ടു പേരെയും കണ്ടു സംസാരിക്കുകയായിരുന്നു അടുത്ത പടി. സ്നേഹത്തോടെയും കരുതലോടെയും അവർ പകർന്നു തന്ന ആത്മവിശ്വാസം എന്റെ സിവിൽ സർവീസ് സ്വപ്നങ്ങൾക്കു രൂപം നൽകി. മനസ്സിൽ ഉറപ്പിച്ചു ഇതാണെന്റെ വഴി.

ഹൗസ് സർജന്‍സിയിൽ നിന്നും ലീവെടുത്ത് ഒരു മാസം മലയാളത്തിനു പരിശീലനം നേടി.  ഒരു ഫൗണ്ടേഷൻ എന്ന നിലയിലായിരുന്നു അത്. കുറെ നല്ല നോട്സും ക്ലാസുകളും അതു വഴി കിട്ടി. 

ഹൗസ് സർജന്‍സി തീർന്നപ്പോൾ താമസം തിരുവനന്തപുരത്തേക്കു മാറ്റി. അവിടെ ചെറിയൊരു ഹോസ്പിറ്റലിൽ ജോലിയും താമസിക്കൊനൊരു വാടകവീടും.

പ്രിലിമിനറി എഴുതിക്കഴിഞ്ഞപ്പോൾ തന്നെ മനസ്സിലായി അതു കിട്ടുമെന്ന്. ജോലിയിൽ നിന്നും ലീവെടുത്ത് ആറ് മാസത്തോളം പഠനത്തിൽ മാത്രം ശ്രദ്ധിക്കുകയായിരുന്നു പിന്നീട്. സത്യം പറഞ്ഞാൽ ഈ ആറുമാസം മാത്രമായിരുന്നു എന്റെ പഠനം. ടൈംടേബിൾ ഇല്ലാതെ തോന്നുമ്പോൾ പഠിക്കുക എന്നതായിരുന്നു രീതി. വല്ലപ്പോഴും വീട്ടിൽ പോയി വന്നു, ഇടയ്ക്കിടെ സിനിമകൾ കണ്ടു, സുഹൃത്തുക്കൾക്കൊപ്പം സമയം ചെലവിട്ടു. ബോറടിക്കുമ്പോഴൊക്കെ കിടന്നുറങ്ങി. ഇടയ്ക്കൊക്കെ പരീക്ഷയ്ക്കു തയാറെടുക്കുന്ന കൂട്ടുകാർക്കൊപ്പം കംബൈൻഡ് സ്റ്റഡിയും. 

പരീക്ഷ എഴുതിയ ശേഷം നാട്ടിൽ തിരിച്ചെത്തി ഡോക്ടർ ജോലി തുടർന്നു. ഇന്റർവ്യൂവിനു മുൻപ് രണ്ടോ മൂന്നോ ആഴ്ച നീണ്ടു നിന്ന തയാറെടുപ്പുകൾ. ഏതാനും മോക്ക് ഇന്റർവ്യൂകളിൽ പങ്കെടുത്തു. അതോടെ നമ്മുടെ ആറ്റിറ്റ്യൂഡ് പോലെയാണ് ബോർഡിന്റെ സമീപനവുമെന്നു വ്യക്തമായി.  ഇന്റർവ്യൂവിനെ ഒരു സൗഹൃദസംഭാഷണമായാണ് ഞാൻ കണ്ടത്. 

തനിക്ക് ഇത് എത്തിപ്പിടിക്കാനാവാത്തതാണെന്ന മലയാളിയുടെ മനസ്സാണ് മാറേണ്ടത്. ആർക്കും കയ്യെത്തിപ്പിടിക്കാവുന്ന ദൂരമേ സിവിൽ സർവീസിലേക്കുള്ളൂ. ആ ഒരു ആത്മവിശ്വാസത്തോടെ ശ്രമിക്കുക. പരമാവധി നോക്കിയിട്ടും കിട്ടിയില്ലെങ്കിൽ ഇതു വേണ്ടെന്നു വയ്ക്കുക, വേറെ മികച്ചതു നോക്കുക. സിവിൽ സർവീസ് സ്വപ്നം ജീവിതത്തിന്റെ അവസാനമായി കാണാതിരിക്കുക.

അനുഭവങ്ങൾ, നിരീക്ഷണങ്ങള്‍
∙സിവിൽ സർവീസ് പരീക്ഷ ജയിച്ചവരുമായി സംസാരിക്കുക. ആത്മവിശ്വാസം വളർത്താൻ ഇതുപകരിക്കും. അവർ അടുത്തു പരിചയമുള്ളവരായാൽ കൂടുതൽ നല്ലത്. 

∙ക്വിസ് പോലുള്ള ആക്ടിവിറ്റികളിൽ സജീവമായി പങ്കെടുക്കുകയും സാമൂഹിക വിഷയങ്ങളിൽ സ്വന്തമായ അഭിപ്രായം വളർത്തിയെടുക്കുകയും വേണം. 

∙എന്തെല്ലാം കാര്യങ്ങൾ അറിയുന്നു എന്നതല്ല, അതിനെക്കുറിച്ചുള്ള അഭിപ്രായവും അതെങ്ങനെ അവതരിപ്പിക്കുന്നുവെന്നതുമാണ് പ്രധാനം. 

∙പരീക്ഷയിൽ സമയം പ്രധാനമാണ്. വിഷയത്തിൽ ഗുണം, ദോഷം, താരതമ്യം, പ്രതിവിധി എന്നിങ്ങനെ കാര്യമാത്ര പ്രസക്തമാകണം ഉത്തരം. അല്ലാതെ ആ വിഷയത്തിൽ നമുക്ക് അറിവുള്ള എല്ലാ കാര്യങ്ങളും പങ്കുവയ്ക്കലല്ല വേണ്ടത്. 

∙ഒന്നിലധികം ആളുകൾ ഒരുമിച്ചിരുന്ന് വിഷയങ്ങൾ ചർച്ച ചെയ്ത് പഠിക്കുന്നതും പരീക്ഷയ്ക്കൊരുങ്ങുന്നതും നല്ലതാണ്. വിഷയത്തിൽ വ്യക്തമായ കാഴ്ചപ്പാട് രൂപപ്പെടുത്താൻ ഇതു സഹായിക്കും. 

∙സിവിൽ സർവീസ് പരീക്ഷകൾക്കിടെ ഒരു ഘട്ടത്തിലും നിങ്ങൾ ഒരു അസാമാന്യ ബുദ്ധിശാലിയാണോയെന്നു പരീക്ഷിക്കപ്പെടുന്നില്ല. ഫോക്കസാകുക, എഫർട്ടെടുക്കുക, ഗൈഡൻസ് നേടുക, അതാണ് വേണ്ടത്.

∙പരീക്ഷയിലും ഇന്റർവ്യൂവിലും സിവിൽ സർവീസ് കിട്ടിയവരേക്കാൾ ഇന്റർവ്യൂവരെയെത്തി പരാജയപ്പെട്ടവർക്ക് വിലയേറിയ ഉപദേശങ്ങൾ നൽകാൻ കഴിയും. തീർച്ചയായും അത്തരം അവസ്ഥകളിലൂടെ കടന്നുപോയ രണ്ടോ മൂന്നോ പേരെയെങ്കിലും നേരിൽ കണ്ട് സംസാരിക്കണം. 

∙ജീവിതത്തിൽ ഒരറിവും ചെറുതല്ല. അതൊക്കെ എവിടെ എപ്പോഴാണ് പ്രയോഗിക്കാൻ പറ്റുക എന്നറിയില്ലെന്നു മാത്രം. 

∙ഓര്‍മയുടെയും വിജ്ഞാനത്തിന്റെയും പരീക്ഷയായി തോന്നിയില്ല. മറിച്ച് അഭിപ്രായങ്ങൾ, അതു കൃത്യമായി മനസ്സിലാക്കുകയും ക്ലിയറായിട്ട് എക്സ്പ്രസ് ചെയ്യുകയുമാണു വേണ്ടത്.

∙ഏതെങ്കിലുമൊരു കരിയറിൽ ഭാവി ഉറപ്പിച്ച ശേഷം ശ്രമിക്കുന്നതു കൂടുതൽ നല്ലത്. തിരിച്ചു പോകാൻ നല്ലൊരു കരിയർ ഉണ്ടെന്നത് വലിയൊരളവിൽ ആശ്വാസം നൽകും. 

∙ഇന്റർവ്യൂവിനെ ഒരു അറിവു പരീക്ഷയായി കാണാതെ സൗഹൃദസംഭാഷണം മാത്രമായി കാണുക.

∙നമ്മൾ എന്ന പുറന്തോടിനുള്ളിൽ നിന്നും പുറത്തുകടക്കാൻ എത്ര സമയം വേണ്ടിവരും എന്നതിനെ ആശ്രയിച്ചിരിക്കും ഇന്റർവ്യൂവിന്റെ  ദൈർഘ്യം.

∙ഇംഗ്ലീഷിനോടുള്ള പേടിയും അപകർഷതാബോധവും വെടിയുക. ഇന്റർവ്യൂവിൽ നല്ല ഇംഗ്ലീഷ് തന്നെ വേണമെന്നു നിർബന്ധമില്ല. ഭാഷ ആശയവിനിമയത്തിനു മാത്രമുള്ളതാണെന്നു വിചാരിക്കുക.

∙മനോഹരവും വാചാലവുമായ ഭാഷയ്ക്കു പകരം യുക്തിഭദ്രമായി കാര്യങ്ങൾ അവതരിപ്പിക്കാനുള്ള കഴിവാണ് പ്രധാനം. വസ്തുതകൾക്കുപരിയായി വിശകലനങ്ങൾക്കാണ് സാധ്യത.

∙സിവിൽ സർവീസിൽ ഭാഗ്യവും ഒരു ഘടകമാണ്. ഇതൊന്നും ജീവിതത്തിലെ അവസാനമല്ല. ഒരുപാട് നല്ല മേഖലകൾ, അവിടെ നിങ്ങളുടെ കഴിവും കാര്യശേഷിയും പ്രയോഗിക്കാനായി കാത്തിരിക്കുന്നുണ്ടെന്നു കരുതുക.

കടപ്പാട്
സിവിൽ സർവീസ് വിജയഗാഥകൾ
മഹേഷ് ഗുപ്തൻ
മനോരമ ബുക്സ്

Order Book>>