ആരെയും വെറുപ്പിക്കേണ്ട, ആരെയും മണിയടിക്കേണ്ട, നല്ല സഹപ്രവര്‍ത്തകനാകാന്‍ 10 മാർഗങ്ങള്‍
ശ്ശോ.. ഇന്നും ഓഫീസില്‍ പോകണമല്ലോ എന്ന് പ്രാകി കൊണ്ടാണോ ഓരോ ദിവസവും നിങ്ങള്‍ ഉറക്കമുണരുന്നത് ? ഓഫീസ് അവധി ദിവസങ്ങള്‍ക്കു വേണ്ടി നിങ്ങള്‍ പ്രതീക്ഷയോടെ കാത്തിരിക്കാറുണ്ടോ? ഓഫീസിലുള്ള ആരെയെങ്കിലും പുറത്തു വച്ചു കണ്ടാല്‍ കാണാത്ത മട്ടില്‍ നടന്നു നീങ്ങാന്‍ നിങ്ങള്‍ ശ്രമിക്കാറുണ്ടോ ? ഉണ്ടെന്നാണ് നിങ്ങളുടെ
ശ്ശോ.. ഇന്നും ഓഫീസില്‍ പോകണമല്ലോ എന്ന് പ്രാകി കൊണ്ടാണോ ഓരോ ദിവസവും നിങ്ങള്‍ ഉറക്കമുണരുന്നത് ? ഓഫീസ് അവധി ദിവസങ്ങള്‍ക്കു വേണ്ടി നിങ്ങള്‍ പ്രതീക്ഷയോടെ കാത്തിരിക്കാറുണ്ടോ? ഓഫീസിലുള്ള ആരെയെങ്കിലും പുറത്തു വച്ചു കണ്ടാല്‍ കാണാത്ത മട്ടില്‍ നടന്നു നീങ്ങാന്‍ നിങ്ങള്‍ ശ്രമിക്കാറുണ്ടോ ? ഉണ്ടെന്നാണ് നിങ്ങളുടെ
ശ്ശോ.. ഇന്നും ഓഫീസില്‍ പോകണമല്ലോ എന്ന് പ്രാകി കൊണ്ടാണോ ഓരോ ദിവസവും നിങ്ങള്‍ ഉറക്കമുണരുന്നത് ? ഓഫീസ് അവധി ദിവസങ്ങള്‍ക്കു വേണ്ടി നിങ്ങള്‍ പ്രതീക്ഷയോടെ കാത്തിരിക്കാറുണ്ടോ? ഓഫീസിലുള്ള ആരെയെങ്കിലും പുറത്തു വച്ചു കണ്ടാല്‍ കാണാത്ത മട്ടില്‍ നടന്നു നീങ്ങാന്‍ നിങ്ങള്‍ ശ്രമിക്കാറുണ്ടോ ? ഉണ്ടെന്നാണ് നിങ്ങളുടെ
ശ്ശോ.. ഇന്നും ഓഫീസില്‍ പോകണമല്ലോ എന്ന് പ്രാകി കൊണ്ടാണോ ഓരോ ദിവസവും നിങ്ങള്‍ ഉറക്കമുണരുന്നത് ? ഓഫീസ് അവധി ദിവസങ്ങള്‍ക്കു വേണ്ടി നിങ്ങള്‍ പ്രതീക്ഷയോടെ കാത്തിരിക്കാറുണ്ടോ? ഓഫീസിലുള്ള ആരെയെങ്കിലും പുറത്തു വച്ചു കണ്ടാല്‍ കാണാത്ത മട്ടില്‍ നടന്നു നീങ്ങാന്‍ നിങ്ങള്‍ ശ്രമിക്കാറുണ്ടോ ? ഉണ്ടെന്നാണ് നിങ്ങളുടെ ഉത്തരമെങ്കില്‍ ജോലി സ്ഥലത്തെ നിങ്ങളുടെ ബന്ധങ്ങളെ പറ്റി ഒരു പുനര്‍വിചിന്തനം നടത്താന്‍ സമയമായി എന്നു കരുതാം.
ദിവസത്തിന്റെ ഏറിയ പങ്കും ജീവിതത്തിന്റെ ആരോഗ്യമുള്ള കാലഘട്ടവുമെല്ലാം ഓഫീസില്‍ ചെലവിടുന്നവരാണ് ഭൂരിപക്ഷം മനുഷ്യരും. വീടിനേക്കാൾ കൂടുതല്‍ സമയം ഇവിടെ ചെലവിടുന്നതിനാല്‍ തന്നെ വീട്ടുകാരേക്കാൾ കൂടുതല്‍ കാണുകയും ഇടപെടുകയും ചെയ്യേണ്ടത് ഓഫീസില്‍ ഉള്ളവരുമായിട്ടായിരിക്കാം. ഇങ്ങനെയുള്ള ഒരിടത്തേക്ക് എന്നും രാവിലെ ഉത്സാഹത്തോടെ എഴുന്നേറ്റു വരാന്‍ നിങ്ങള്‍ക്കു കഴിയണമെങ്കില്‍ ഓഫീസില്‍ നല്ല സൗഹൃദങ്ങളും തൊഴില്‍ ബന്ധങ്ങളും നിങ്ങള്‍ക്ക് ആവശ്യമാണ്. എല്ലാവരും ഇഷ്ടപ്പെടുന്ന ഒരു സഹപ്രവര്‍ത്തകനായിരിക്കുക എന്നതു ചില്ലറ കാര്യമല്ല. അതിനു ബോധപൂര്‍വമായ ശ്രമങ്ങള്‍ ഓരോ വ്യക്തിയുടെ ഭാഗത്തു നിന്നും ഉണ്ടായിരിക്കേണ്ടതാണ്.
എല്ലാവരും ഇഷ്ടപ്പെടുന്ന സഹപ്രവര്‍ത്തകന്‍ എന്നു പറയുമ്പോള്‍ എല്ലാവരുടെയും അടുത്ത സുഹൃത്ത് എന്ന അര്‍ത്ഥമില്ല. സഹകരിച്ച് പ്രവര്‍ത്തിക്കുന്നയാള്‍ എന്നാണു സഹപ്രവര്‍ത്തകന്റെ അര്‍ത്ഥം. സഹകരണം എന്ന വാക്ക് തന്നെയാണ് ഇതില്‍ പ്രധാനം. ആത്മസൗഹൃദം ഉണ്ടാക്കാന്‍ പറ്റിയില്ലെങ്കിലും ഓഫീസിലുള്ള എല്ലാവരോടും തൊഴില്‍പരമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ കഴിയും വിധമുള്ള പോസിറ്റീവ് പ്രഫഷണലിസം വളര്‍ത്തിയെടുക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. അതിനു വേണ്ടി ചെയ്യേണ്ട കാര്യങ്ങള്‍:
1. സൗമ്യമായ പെരുമാറ്റം
കൊടുത്താല്‍ കൊല്ലത്തും കിട്ടുമെന്നു കേട്ടിട്ടില്ലേ. തൊഴിലിടത്തിന്റെ കാര്യത്തിലും ഇതു ശരിയാണ്. നിങ്ങളുടെ ഓഫീസില്‍ നിങ്ങള്‍ക്ക് ചുറ്റുമുള്ളവരിലേക്ക് നിങ്ങള്‍ പടര്‍ത്തുന്നതു പുഞ്ചിരിയാണെങ്കില്‍ തിരികെ നിങ്ങളെ തേടിയും നറുപുഞ്ചിരിയെത്തും. മറിച്ചു മുഖം വീര്‍പ്പിച്ചു പല്ലു കടിച്ച് മുഷ്ടി ചുരുട്ടിയാണ് ഓഫീസില്‍ പെരുമാറുന്നതെങ്കില്‍ തിരിച്ചും അതിലും മികച്ചതായി ഒന്നും പ്രതീക്ഷിക്കേണ്ട.
തുറന്ന മനസ്സോടെ മുഖത്ത് നല്ലൊരു ചിരിയും കണ്ണില്‍ തിളക്കവുമായി മറ്റുള്ളവരിലേക്ക് ഇറങ്ങിച്ചെല്ലുക. മറ്റുള്ളവരുടെ കുറവുകള്‍ കാണാതെ നന്മകള്‍ കാണുക. കനിവുള്ളവനാകുക. ആര്‍ക്കും നിങ്ങളുടെ മനസു വായിച്ച് അതിനനുസരിച്ച് പെരുമാറാന്‍ സാധിക്കില്ല എന്നു മനസ്സിലാക്കുക. അതു കൊണ്ട് തന്നെ ചുറ്റുമുള്ളവരോട് പരമാവധി ആശയവിനിമയം നടത്തി തെറ്റിദ്ധാരണകള്‍ അകറ്റുക. അനുകൂലമായ സാഹചര്യങ്ങളില്‍ മാത്രമല്ല, കാര്യങ്ങള്‍ പ്രതികൂലമാകുമ്പോഴും നിങ്ങളുടെ സൗമ്യഭാവം കൈവിടാതെ സൂക്ഷിക്കണം.
2. മേലുദ്യോഗസ്ഥരോടു ബഹുമാനമാകാം
എല്ലാ മേലുദ്യോഗസ്ഥരും ഒരേ പോലെയാവണമെന്നില്ല. പലരും തന്റെ ടീമിനെ കൊണ്ട് ജോലി ചെയ്യിക്കാന്‍ പലവിധ വഴികളാകാം തേടുന്നത്. ചിലര്‍ തോളത്ത് കയ്യിട്ടു നിന്ന് ജോലി ചെയ്‌തെന്നിരിക്കാം. ചിലര്‍ ചട്ടങ്ങള്‍ പാലിക്കാന്‍ വാശി കാണിക്കുന്നവരാകാം. അവരെങ്ങനെ ആയിരുന്നാലും മേലധികാരി നിങ്ങളെ നയിക്കുന്ന ആളാണെന്ന ഓര്‍മ്മ വേണം. ചിലപ്പോള്‍ അവരുടെ നിങ്ങളോടുള്ള പെരുമാറ്റം അസഹനീയമാകാം, പക്ഷേ അവരെ കുറിച്ച് സഹപ്രവര്‍ത്തകരോടു മോശമായി സംസാരിക്കാതിരിക്കണം. എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ മേലധികാരിയോട് നേരിട്ട് അവ സംസാരിച്ച് പരിഹരിക്കാന്‍ ശ്രമിക്കണം. നിങ്ങള്‍ എന്നെങ്കിലും നയിക്കാന്‍ ആഗ്രഹിക്കുന്നു എങ്കില്‍ ആദ്യം പിന്തുടരാന്‍ പഠിക്കണം എന്ന ആപ്തവാക്യം ഓര്‍മ്മിക്കുക.
3. അഭിനന്ദനങ്ങള്‍ വാരിക്കോരി
നല്ല വാക്ക് കേള്‍ക്കാന്‍ ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. സഹപ്രവര്‍ത്തകന് എന്തെങ്കിലും നേട്ടമുണ്ടാകുമ്പോള്‍ അതില്‍ അസൂയപ്പെടുന്നതിനു പകരം മനസു തുറന്ന് അവരെ അഭിനന്ദിക്കാന്‍ ശീലിക്കുക. ഇത് അവരുമായുള്ള നിങ്ങളുടെ കെമിസ്ട്രി വര്‍ദ്ധിപ്പിക്കും.
4. മത്സരം ആരോഗ്യകരമാകട്ടെ
തൊഴിലിടങ്ങളിലെ മത്സരം ജോലി മെച്ചപ്പെടുത്തുന്ന തരത്തില്‍ ആരോഗ്യകരമായിരിക്കാന്‍ ശ്രദ്ധിക്കണം. വ്യക്തിപരമായ കരിയര്‍ വളര്‍ച്ചയെ കുറിച്ച് ചിന്തിക്കുമ്പോഴും ഓഫീസിലുള്ളവര്‍ ഒരു ടീമായി ആ സ്ഥാപനത്തിന്റെ അഭിവൃദ്ധിക്കായി പണിയെടുക്കുന്നവരാണെന്ന കാര്യം മറക്കരുത്. കുടുംബാംഗങ്ങള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ സഹായഹസ്തം നീട്ടുന്ന പോലെ തന്നെ സഹപ്രവര്‍ത്തകര്‍ക്കൊപ്പവും അവരുടെ പ്രതിസന്ധി ഘട്ടങ്ങളില്‍ കൂടെയുണ്ടാകണം.
5. ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാം
സഹപ്രവര്‍ത്തകരോട് ഓഫീസ് ജോലികള്‍ക്കപ്പുറത്തെ സൗഹൃദം സൃഷ്ടിക്കുന്നതിന് ഏറ്റവും പറ്റിയ മാര്‍ഗ്ഗമാണ് ഒരുമിച്ചിരുന്നു ഭക്ഷണം പങ്കുവച്ച് കഴിക്കുക എന്നത്. ഉച്ചയ്ക്ക് ഒരുമിച്ചൊരു ലഞ്ചോ, ആഘോഷവേളകളില്‍ ഒരേ പായ്ക്കറ്റില്‍ നിന്ന് പങ്കിട്ടെടുക്കുന്ന പിസയോ ഒക്കെ സൗഹൃദത്തിന്റെ നല്ല നിമിഷങ്ങളെ ഓഫീസില്‍ സമ്മാനിക്കുന്നതാണ്. ബര്‍ത്ത്‌ഡേയും മറ്റും ഒരുമിച്ചൊരു കേക്ക് മുറിച്ച് ആഘോഷിക്കുമ്പോള്‍ ഇല്ലാതാകുന്നത് നമുക്കിടയില്‍ നാം തീര്‍ക്കുന്ന ഈഗോയുടെ മതിലുകളാണെന്നതാണ് സത്യം.
6. ചിരി പടര്‍ത്താം
ആരെയും നോവിക്കാത്ത നിര്‍ദ്ദോഷമായ തമാശകള്‍ ഓഫീസ് അന്തരീക്ഷത്തിന്റെ പിരുമുറുക്കം കുറയ്ക്കാന്‍ സഹായിക്കും. നല്ലൊരു തമാശയ്ക്കു ദേഷ്യപ്പെട്ടിരിക്കുന്ന ഒരു സഹപ്രവര്‍ത്തകനെ പോലും ചിലപ്പോള്‍ സന്തോഷവാനാക്കാന്‍ പറ്റിയെന്നിരിക്കും.
7. ഗോസിപ്പുകളില്‍ നിന്ന് അകന്നു നില്‍ക്കുക
മറ്റുള്ളവരെ കുറിച്ച് അവരുടെ അസാന്നിധ്യത്തില്‍ പറയുന്ന കുറ്റമെല്ലാം ഗോസിപ്പിന്റെ വകുപ്പില്‍ പെടും. ഗോസിപ്പ് സംഭാഷണങ്ങളില്‍ ഏര്‍പ്പെടുന്നതു കൊണ്ട് താത്ക്കാലികമായ സന്തോഷം മാത്രമേ ഏതൊരാള്‍ക്കും ലഭിക്കുകയുള്ളൂ. എന്നാല്‍ ഇവ ഓഫീസ് സൗഹൃദങ്ങളിലുണ്ടാക്കുന്ന വിള്ളലുകള്‍ ചിലപ്പോള്‍ അതിഭയങ്കരമായിരിക്കാം.
8. സഹപ്രവര്‍ത്തകന്റെ സ്വകാര്യതയെ മാനിക്കുക
എല്ലാവരും എപ്പോഴും എല്ലാം പങ്കുവയ്ക്കാന്‍ ആഗ്രഹിച്ചെന്നു വരില്ല. പ്രത്യേകിച്ചും ബന്ധങ്ങളെയും മറ്റും സംബന്ധിക്കുന്ന തികച്ചും വ്യക്തിഗതമായ കാര്യങ്ങള്‍. സഹപ്രവര്‍ത്തകന്‍ പങ്കുവയ്ക്കാന്‍ ആഗ്രഹിക്കാത്ത കാര്യങ്ങള്‍ ചികഞ്ഞറിയാന്‍ ശ്രമിക്കുന്നതും അതിനെ പറ്റി കുത്തി കുത്തി ചോദിക്കുന്നതും മാന്യമായ നടപടിയല്ല.
9. ഉത്തരവാദിത്തങ്ങളും പരാജയങ്ങളും പങ്കുവയ്ക്കുക
ഒരു ജയമുണ്ടാകുമ്പോള്‍ അതിന് അവകാശികള്‍ പലരുണ്ടാകും. പക്ഷേ, ഒരു തിരിച്ചടി നേരിടുമ്പോള്‍ മറ്റുള്ളവരുടെ തലയില്‍ പഴിചാരാന്‍ ശ്രമിക്കുന്നതു പലരുടെയും സ്വഭാവമാണ്. ഓഫീസ് ഇടങ്ങളില്‍ ഈ മനോഭാവം നിങ്ങളിലുള്ള മറ്റുള്ളവരുടെ വിശ്വാസം നഷ്ടപ്പെടുത്തും. ഒരു ടീമിന്റെ ഭാഗമായി നിന്ന് ജോലി ചെയ്യുമ്പോള്‍ ആ ടീമിനുണ്ടാകുന്ന പരാജയത്തിന് എല്ലാവരും ഉത്തരവാദികളാണെന്ന് മറക്കരുത്. പരാജയത്തിന്റെ ഉത്തരവാദിത്തം കൂടി ഏറ്റെടുത്ത് പരാജയങ്ങളില്‍ നിന്ന് പാഠം പഠിക്കാന്‍ കൂട്ടായ ചിന്തയില്‍ മുഴുകുന്നവരാണ് യഥാര്‍ത്ഥ ടീം പ്ലേയര്‍.
10. ജോലിയെ പറ്റി യാഥാര്‍ത്ഥ്യബോധം
ചിലരുണ്ട്. എന്തു ജോലിയും ചാടിക്കയറി ഏറ്റെടുക്കും. പക്ഷേ, ഒന്നും സമയത്തിന് തീര്‍ക്കില്ല. പല സ്ഥാപനങ്ങളും ഡെഡ്‌ലൈനുകളിലാണ് ഓടുന്നതെന്നതിനാല്‍ ഇത്തരത്തിലുള്ള മനോഭാവം ജോലിസ്ഥലത്ത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. നിങ്ങള്‍ക്ക് ഏറ്റെടുക്കാവുന്ന ജോലിയെ പറ്റി യാഥാര്‍ത്ഥ്യബോധം ഉണ്ടാകുന്നത് മറ്റുള്ളവര്‍ക്ക് പിന്നീട് നിങ്ങളെ കുറിച്ച് നിരാശ തോന്നാതിരിക്കാന്‍ സഹായിക്കും. ഏതെങ്കിലും ജോലിയുടെ ഡെഡ്‌ലൈന്‍ സംബന്ധിച്ച് നിങ്ങള്‍ പിന്നിലാണെങ്കില്‍ ടീം അംഗങ്ങളെ അതിനെ പറ്റി അറിയിക്കാനും ശ്രമിക്കണം.