തായ്‌ലന്‍ഡിലാണ് വീട്ടിനുള്ളില്‍ കയറിയ 17 അടി നീളമുള്ള കൂറ്റന്‍ പെരുമ്പാമ്പ് വളര്‍ത്തു പൂച്ചയെ വിഴുങ്ങിയത്. പുറത്തുപോയിരുന്ന വീട്ടമ്മ വീട്ടിലെത്തിയപ്പോഴാണ് അകത്ത് പൂച്ചയെ വിഴുങ്ങി അനങ്ങാനാവാതെ കിടക്കുന്ന പെരുമ്പാമ്പിനെ കണ്ടത്. വയറ്റിനുള്ളില്‍ അനക്കം കണ്ടതോടെ പാമ്പ് പൂച്ചയെ വിഴുങ്ങിയിട്ട് അധികം നേരമായില്ലെന്നു മനസ്സിലാക്കിയ വീട്ടമ്മ ഉടന്‍തന്നെ പൊലീസിൽ വിവരമറിയിച്ചു.
പൊലീസിനൊപ്പം ആനിമല്‍ റസ്ക്യൂ സര്‍വ്വീസുകാരും സ്ഥലത്തെത്തിയപ്പോള്‍ അര മണിക്കൂര്‍ പിന്നിട്ടിരുന്നു. തുടര്‍ന്ന് വീട്ടമ്മയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് പാമ്പ് വിഴുങ്ങിയ വളര്‍ത്തു പൂച്ചയായ ബിബോയെ പാമ്പിനെക്കൊണ്ടു തന്നെ ഛർദ്ദിപ്പിച്ചു പുറത്തെടുപ്പിച്ചു. പക്ഷേ അപ്പോഴേക്കും വൈകിപ്പോയിരുന്നു. ബിബോ പാമ്പിന്റെ വയറിനുള്ളില്‍ വച്ചുതന്നെ ജീവൻ വെടിഞ്ഞതായി ആനിമല്‍ റസ്ക്യൂ സര്‍വ്വീസുകാര്‍ അറിയിച്ചു.
സാവോവാരക് ഷാരോൺ എന്ന വീട്ടമ്മ വളര്‍ത്തുന്ന മൂന്നു പൂച്ചകളില്‍ ഒന്നായിരുന്നു ബിബോ. ഇവിടെ നിന്നും പിടികൂടിയ പാമ്പിനെ ആനിമല്‍ റസ്ക്യൂ സര്‍വ്വീസുകാര്‍ കാട്ടിലേക്കു തുറന്നുവിട്ടു. ലോകത്ത് ഏറ്റവുമധികം പെരുമ്പാമ്പുകളുള്ള സ്ഥലമാണ് തായ്‌ലന്‍ഡ്. ലോകത്തിലെ ഏറ്റവും വലിയ പെരുമ്പാമ്പുകളുള്ളതും ഇവിടെത്തന്നെയാണ്.