Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കബറിൽ കിടന്നു കരയുന്ന പൂച്ച; ആരുടേയും കണ്ണു നിറഞ്ഞു പോകും ഈ കാഴ്ച കണ്ടാൽ

cat

കബറടക്കിയ മൺകൂനയിൽ മാന്തുകയും എഴുന്നേൽക്കാൻ കൂട്ടാക്കാതെ കിടന്നു കരയുകയും ചെയ്യുന്ന പൂച്ചയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു. പൂച്ചയുടെ ഈ സ്നേഹപ്രകടനം ആരുടേയും കണ്ണു നയയ്ക്കും.മലേഷ്യൽ നിന്നുള്ള സൊഫ്വാൻ എന്നയാളാണ്  സമൂഹമാധ്യമങ്ങളിലൂടെ ഈ ദൃശ്യങ്ങൾ പങ്കുവച്ചത്. ഇദ്ദേഹത്തിന്റെ മുത്തശ്ശനായ ഇസ്മായിൽ മാറ്റിന്റെ ശവസംസ്കാര ചടങ്ങുകൾക്കിടയിലേക്കാണ് ഒരു വെളുത്ത പൂച്ച കടന്നു വന്നത്. ചുറ്റും അപരിചിതരായ ആളുകൾ കൂടിനിൽക്കുന്നതൊന്നും കാര്യമാക്കാതെ പൂച്ച അസ്വാഭാവികമായി പെരുമാറാൻ തുടങ്ങി.കബറടക്കിയ സ്ഥലത്തെ മൺകൂന കൈകകൾകൊണ്ടു മാന്തി മാറ്റാനായിരുന്നു ആദ്യം ശ്രമിച്ചത്. അദ്ദേഹത്തിന്റെ മകൾ പൂച്ചയെ അവിടെ നിന്നും പിടിച്ചു മാറ്റാൻ ശ്രമിച്ചെങ്കിലും  മാറാൻ പൂച്ച തയാറായില്ല. പിടിച്ചു മാറ്റാൻ ശ്രമിച്ചപ്പോഴെല്ലാം മൺകൂനയിൽ കൂടുതൽ ചേർന്നു കിടക്കാനാണു പൂച്ച ശ്രമിച്ചത്.

പള്ളിയിൽ കബറടക്കിയ ശേഷം എല്ലാവരും പോയെങ്കിലും പൂച്ച അവിത്തന്നെ തുടർന്നു. ദിവസങ്ങൾക്കു ശേഷവും പൂച്ച അതിനു സമീപം തന്നെ അലഞ്ഞു തിരിയുന്നുണ്ടെന്നാണ് ഗ്രാമവാസികളിൽ നിന്നറിയാൻ കഴിഞ്ഞതെന്നും ബന്ധുക്കൾ പറയുന്നു. മരിച്ച ഇസ്മയിൽ പൂച്ചകളെ വളരെ ഇഷ്ടപ്പെട്ടിരുന്ന ആളായിരുന്നു. എന്നാൽ അദ്ദേഹം പൂച്ചകളെ വളർത്തിയിരുന്നില്ല. അതുകൊണ്ടുതന്നെ പൂച്ച ഏതാണെന്ന കാര്യത്തിൽ വ്യക്തതയില്ല. സാധാരണയായി ഉടമകൾ മരിക്കുമ്പോൾ നായകൾ ഇതേ രീതിയിൽ സങ്കടം പ്രകടിപ്പിക്കാറുണ്ട്. എന്നാൽ പൂച്ചകളിൽ ഇത്തരത്തിലുള്ള അസാധാരണമായ പെരുമാറ്റം ഇതുവരെ കണ്ടെത്തിയിട്ടില്ല. തികച്ചും ‘അസാധാരണമായ പെരുമാറ്റം’ എന്നാണ് പൂച്ചകളുടെ സ്വഭാവത്തേക്കുറിച്ചു ഗവേഷണം നടത്തുന്ന ലണ്ടൻ സ്വദേശിയായ അനിത കെൽസി പറയുന്നത്. 

ഏതായാലും പൂച്ചയുടെ ഈ പെരുമാറ്റം അവിടെ കൂടി നിന്നവരുടേയും കണ്ണുകളെ ഈറനണിയിച്ചു. സെപ്റ്റംബറിൽ പോസ്റ്റ് ചെയ്ത ഈ വിഡിയോ ഇതുവരെ ഒരുകോടിയിലധികം ആളുകൾ കണ്ടുകഴിഞ്ഞു. വിഡിയോ കണ്ടുകഴിഞ്ഞവരുടെയെല്ലാം മനസിൽ ഉയരുന്ന ഒരു ചോദ്യമുണ്ട്. എന്തിനാകാം എവിടെ നിന്നോ പള്ളിയിലെ കബറിടത്തിലേക്കെത്തിയ പൂച്ച ഇങ്ങനെ പെരുമാറിയത്. ഈ ചോദ്യം എല്ലാവരും ചോദിക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കുൾപ്പെടെ ഇതിനുത്തരം കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല.

related stories