Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പെട്രോള്‍ മോഷ്ടാവിനെ പിടിക്കാനിറങ്ങിയവർ ഞെട്ടി; കിട്ടിയത് കുരങ്ങനെ

Monkey addicted to petrol

മൃഗങ്ങള്‍ ലഹരിക്കടിമപ്പെടുന്നത് പുതിയ കാര്യമല്ല. പലതരത്തിലുള്ള ഇലകളും പൂവുകളും കിഴങ്ങുകളുമെല്ലാം വിവിധ ജീവികള്‍ വീണ്ടും വീണ്ടും ലഹരിക്കായി കഴിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഹരിയാനയിലെ പാനിപട്ടില്‍ ഒരു കുരങ്ങനു ലഹരി പെട്രോളാണ്. മനുഷ്യര്‍ പോലും ലഹരി വസ്തുവായി പരീക്ഷിച്ചിട്ടില്ലാത്ത പെട്രോള്‍ ബൈക്കുകളി‍ല്‍ നിന്നു മോഷ്ടിച്ചാണ് കുരങ്ങന്‍ സ്ഥിരമായി അകത്താക്കാറുള്ളത്. 

ബൈക്കുകളില്‍ നിന്നു പെട്രോള്‍ സ്ഥിരമായി മോഷണം പോയതോടെയാണ് വാഹനങ്ങളുടെ ഉടമസ്ഥര്‍ ഇക്കാര്യത്തെക്കുറിച്ചന്വേഷിച്ചത്. പെട്രോള്‍ ടാങ്കില്‍ നിന്ന് എൻജിനിലേക്കു പോകുന്ന വാല്‍വ് ഊരിയിട്ട നിലയിലാണ് എപ്പോഴും കാണപ്പെടുക. ഇതോടെ ആരോ പെട്രോള്‍ മോഷ്ടിക്കുകയാണെന്ന ധാരണയിലായിരുന്നു ബൈക്ക് ഉടമകള്‍. എന്നാല്‍ കള്ളനെ പിടിക്കാന്‍ കണ്ണിലെണ്ണയൊഴിച്ചിരുന്ന ഇവര്‍ യഥാര്‍ത്ഥ പ്രതിയെ കണ്ടപ്പോള്‍ ഞെട്ടി,

ബൈക്കുകളില്‍ നിന്നു വാല്‍വൂരി അതില്‍ നിന്നു തന്നെ നേരിട്ടു പെട്രോള്‍ കുടിക്കുന്ന കുരങ്ങനെയാണ് ഇവര്‍ കണ്ടെത്തിയത്. ആവശ്യത്തിനു കുടിച്ച ശേഷം വാല്‍വ് ഉപേക്ഷിച്ചു കുരങ്ങന്‍ പോകുന്നതോടെ പെട്രോള്‍ മുഴുവനായി ചോര്‍ന്നു പോവുകയും ചെയ്യും. ഏതായാലും ഏറെ പണിപ്പെട്ട് കുരങ്ങനെ പിടികൂടി കൂട്ടിലടച്ചപ്പോള്‍ പ്രശ്നം തീര്‍ന്നെന്നാണ് ഇവര്‍ കരുതിയത്. എന്നാല്‍ ഇതുകൊണ്ടൊന്നും പ്രശ്നത്തിനു പരിഹാരമായില്ല

ഭക്ഷമായി കൊടുത്ത പഴവും ധാന്യങ്ങളുമൊന്നും കഴിക്കാന്‍ കുരങ്ങന്‍ തയ്യാറായില്ല. കൂട്ടില്‍ കിടന്നു നിലവളിയും ബഹളവും വേറെ. ഇതോടെയാണ് ഒരാള്‍ അല്‍പം പെട്രോള്‍ കൊടുത്തത്. ഇത് ഒറ്റ വലിക്കു കുടിച്ചു തീര്‍ത്തെന്നു മാത്രമല്ല കുരങ്ങ് ഇതോടെ ശാന്തനാവുകയും ചെയ്തു. കുരങ്ങിന്റെ ഈ പെരുമാറ്റത്തിന്റെ കാരണം വ്യക്തമല്ല. കുരങ്ങനെ ചികിത്സിച്ചു ഭേദമാക്കാനാകുമെന്നാണ് കരുതുന്നെന്ന് ഇതിനെ പിന്നീട് ഏറ്റെടുക്കാനെത്തിയ വനം വകുപ്പ് ജീവനക്കാര്‍ പറഞ്ഞു.

ഇതാദ്യമായല്ല ബൈക്കിൽ നിന്നു പെട്രോള്‍ മോഷ്ടിക്കുന്ന കേസില്‍ കുരങ്ങന്‍ പിടിയിലാകുന്നത്. നേരത്തേ ആന്ധ്രാപ്രദേശിലും സമാനമായ സംഭവം റിപ്പോര്‍ട്ടു ചെയ്തിരുന്നു.

related stories