ജീവനറ്റ കുഞ്ഞിനെ നെഞ്ചോട് ചേർത്തു പിടിച്ചിരിക്കുന്ന അമ്മ കുരങ്ങിന്റെ നൊമ്പരപ്പെടുത്തുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ ആയിരങ്ങളെ കണ്ണീരിലാഴ്ത്തുന്നത്. രാജസ്ഥാനിലെ രത്തംഭോർ ദേശീയ പാർക്കിൽ നിന്നു പകർത്തിയതാണ് കരളലിയിക്കുന്ന ഈ ദൃശ്യങ്ങൾ. ഡൽഹി സ്വദേശിയായ അർച്ചന സിങ്ങാണ് പാർക്ക് സന്ദർശന വേളയിൽ ഈ ദൃശ്യം കണ്ടത്.
ജൂൺ മാസത്തിലാണ് അർച്ചന രത്തംഭോർ സന്ദർശിച്ചത്. കടുത്ത ഉഷ്ണക്കാറ്റ് വീശിയടിക്കുന്ന സമയമായിരുന്നു അത്. കടുത്ത ചൂട് താങ്ങാൻ പറ്റാതെയാണ് ദിവസങ്ങൾ മാത്രം പ്രായമുള്ള കുട്ടിക്കുരങ്ങ് ജീവനറ്റത്. 49 ഡിഗ്രി സെൽഷ്യസായിരുന്നു അന്നു അവിടെ രേഖപ്പെടുത്തിയ ചൂട്. രണ്ടു ദിവസം മാത്രം പ്രായമുള്ള കുട്ടിക്കുരങ്ങന്റെ മരണം കടുത്ത ചൂടു കാരണമാകാം സംഭവിച്ചതെന്നാണ് അർച്ചനയുടെ നിഗമനം.
അർച്ചന അമ്മക്കുരങ്ങിനെയും കുഞ്ഞിനെയും കാണുന്ന സമയത്ത് അതിന് ജീവനുണ്ടായിരുന്നു. രണ്ടു പേരെയും അലോസരപ്പെടുത്താതെയാണ് അർച്ചന ദൃശ്യങ്ങൾ പകർത്തിയത്. ഏകദേശം രണ്ട് മണിക്കൂറോളം അർച്ചന ഇവരെ പിന്തുടർന്നു. ഇതിനിടെയിലെപ്പോഴോ ആണ് കുഞ്ഞിന്റെ ജീവനറ്റത്. കുഞ്ഞിന്റെ ജീവനറ്റെന്നു മനസ്സിലായെങ്കിലും അതിനെ ഉപേക്ഷിക്കാൻ ആ അമ്മക്കുരങ്ങ് തയാറായിരുന്നില്ല. ജീവനറ്റ കുഞ്ഞിനെ നെഞ്ചോടു ചേർത്തു പിടിച്ചായിരുന്നു അമ്മയുടെ നടത്തം. ഇതിനിടയിൽ പലപ്പോഴും കുഞ്ഞിനെ കളിപ്പിക്കാനും പാലൂട്ടാനും ശ്രമിക്കുന്നുണ്ടായിരുന്നു. മനുഷ്യർ മാത്രമല്ല മൃഗങ്ങളും വേർപാടുകളുടെ വേദനകൾ അതേ തീവ്രതയോടെ അനുഭവിക്കുന്നവരാണെന്ന് ഈ ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. കുഞ്ഞുങ്ങളുടെ വേർപാട് മനുഷ്യർക്കായാലും മൃഗങ്ങൾക്കായാലും അത് താങ്ങാവുന്നതിലും അധികമാണ്. കണ്ണീരടക്കാനാവാതെയാണ് താൻ ഈ ദൃശ്യങ്ങൾ പകർത്തിയതെന്നും അർച്ചന വ്യക്തമാക്കി.
ജീവനറ്റ കുഞ്ഞിനെയും തൂക്കിയെടുത്ത് മരത്തിൽ കയറി ചാരിയിരുന്ന ആ അമ്മയുടെ അടുത്തേക്ക് മറ്റൊരു കുരങ്ങനുമെത്തിയിരുന്നു.ആ കുരങ്ങൻ കുഞ്ഞിന്റെ തലയിലും ശരീരത്തിലും പിടിച്ചു നോക്കി അത് ചത്തെന്നു മനസ്സിലാക്കി ആ അമ്മയുടെ ഇരു തോളിലും കൈകളും തലയും ചേർത്തു വച്ച് ആശ്വസിപ്പിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. എന്നാൽ ആ ആശ്വാസവാക്കുകളൊന്നും അമ്മയുടെ സങ്കടത്തിനു പരിഹാരമായിരുന്നില്ല. ഏറെനേരം ജീവനറ്റ കുഞ്ഞുമായി മരത്തിൽ ഇരുന്ന അമ്മ ഒടുവിൽ അതിൽ നിന്നിറങ്ങി കുഞ്ഞിനെയും ചേർത്തു പിടിച്ച് വനത്തിനുള്ളിലേക്കു തന്നെ മടങ്ങി.ഒരിക്കലും തന്റെ കുഞ്ഞിനെ ആർക്കും വിട്ടുകൊടുക്കില്ലെന്ന വാശിയോടെ.